ഓരോ 15 സെക്കന്റിലും ഒരു കുഞ്ഞു വീതം ജനിക്കുന്ന തരത്തില്‍ ജനസംഖ്യ വര്‍ദ്ധനവ് നേരിടുകയാണ് രാജ്യം
‘തീവ്രവാദവും ജനപ്പെരുപ്പവുമാണ് എന്റെ നാട് നേരിടുന്ന രണ്ട് വലിയ പ്രതിസന്ധികള്‍’ ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദുല്‍ ഫതഹ് അല്‍ സിസി ഇതു പറഞ്ഞിട്ട് അധികനാളുകളായില്ല. ഓരോ 15 സെക്കന്റിലും ഒരു കുഞ്ഞു വീതം ജനിക്കുന്ന തരത്തില്‍ അപകടകരമായി ജനസംഖ്യ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഈജിപ്റ്റില്‍ കുടുംബാസൂത്രണം മാത്രം മതിയാകുമോ എന്ന ആശങ്കയിലാണ് വിദഗ്ദര്‍. ‘നമ്മുക്ക് രണ്ട് മതി’ എന്നതാണ് ഈജിപ്റ്റിലെ കുടുംബാസൂത്രണ മുദ്രാവാക്യം. കാര്യങ്ങള്‍ അവിടെക്കൊണ്ടൊന്നും നിക്കാത്ത തരത്തില്‍ സങ്കീര്‍ണ്ണമാണ് രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ.
വളരെ കുറഞ്ഞ നിരക്കില്‍ ഗര്‍ഭ നിരോധന ഉറകളും ചികിത്സകളും മരുന്നുകളും ലഭ്യമാകുന്ന രാജ്യമാണ് ഈജിപ്റ്റ്. ഈ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങളും ധാരണക്കുറവും നിലനില്‍ക്കുന്നതിനാല്‍ ഇതൊന്നും ലഭ്യമായിട്ടും യാതൊരു ഫലവുമില്ല എന്ന നിലയ്ക്കാണ് കാര്യങ്ങള്‍. ഒരു ഈജിപ്ഷ്യന്‍ പൗണ്ടിന് എട്ട് കോണ്ടങ്ങള്‍ ലഭിക്കും. ഇതിന്റെ ഉപയോഗക്രമങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ഡോക്ടറുമാരും ആരോഗ്യപ്രവര്‍ത്തകരും സദാ സന്നദ്ധരുമാണ്. രാജ്യത്തിലെ സാധാരണക്കാര്‍ക്കിടയില്‍ പരസ്യങ്ങള്‍ വഴിയും പോസ്റ്ററുകള്‍ വഴിയും വ്യാപകമായ ബോധവത്കരണപ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്. എന്നിരിക്കിലും ഈ ആശയങ്ങള്‍ സ്വീകരിച്ചു തുടങ്ങാനും പ്രവര്‍ത്തികമാക്കും ജനങ്ങള്‍ കാണിക്കുന്ന വിമുഖത സന്നദ്ധപ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്നുണ്ട്.
മുതിര്‍ന്നവര്‍ക്കിടയില്‍ മാത്രമല്ല, കുട്ടികള്‍ക്കിടയിലും ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടന്നുവരികയാണ്. ലൈംഗിക കാര്യങ്ങളോടുള്ള മൊത്തത്തിലുള്ള മനോഭാവം മാറാന്‍ കുട്ടികളില്‍നിന്നു തന്നെ തുടങ്ങേണ്ടതുണ്ട്. ഗുണനിലവാരമുള്ള ലൈംഗിക വിദ്യാഭ്യാസം നാടിന്റെ അടിസ്ഥാന ആവിശ്യം എന്ന നിലയ്ക്ക് തന്നെ പരിഗണിക്കപ്പെടും എന്നാണ് ഉത്തരവാദിത്വപ്പെട്ടവര്‍ ചിന്തിക്കുന്നത്.
സാധാരണക്കാരായ ഈജിപ്തുകാരെ സംബന്ധിച്ച പുതുതായി പിറക്കുന്ന ഓരോ കുഞ്ഞും നാളെ കുടുംബത്തിന് താങ്ങും തണലുമാകേണ്ട ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ട് കൂടിയാണ്. രണ്ടാമത്തെ കുട്ടിയ്ക്ക് ശേഷം സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന ധനസഹായം നിര്‍ത്തലാക്കുമെന്ന് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈജിപ്റ്റില്‍ ഇപ്പോള്‍ 104 മില്യണ്‍ ജങ്ങളുണ്ട്. അതില്‍ 94.8 മില്യണ്‍ ആളുകളും രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ സ്ഥിരമായി താമസിക്കുന്നവരാണ്. ജനസംഖ്യയുടെ കാര്യത്തില്‍ ഈജിപ്ത് ലോകത്തില്‍ പതിമൂന്നാം സ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കുടിവെള്ളത്തിന്റെ ലഭ്യതയുടെ കാര്യത്തില്‍ മുന്‍പേ തന്നെ പ്രതിസന്ധിയിലായ ഈ രാജ്യത്തെ ജനപ്പെരുപ്പം കൂടുതല്‍ ദുര്‍ഘടാവസ്ഥയിലേക്ക് തള്ളിനീക്കിയേക്കാമെന്ന് ലോകം ആശങ്കപ്പെടുന്നുണ്ട്. ഗര്‍ഭഛിദ്രം പോലുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ കൂടി പുനരാലോചിക്കാനും ചര്‍ച്ചകളുണ്ടാകുന്നുണ്ട്.