UPDATES

ട്രെന്‍ഡിങ്ങ്

ഗൗരി ലങ്കേഷ് കൊലപാതകം പ്രതികളില്‍ നാല് പേര്‍ക്കു കൂടി ജാമ്യം, എന്തായിരുന്നു അവരുടെ പങ്ക്

ഗൗരിയുടെ ഏഴാം ചരമവാര്‍ഷികത്തിന്റെ തലേന്നാണ് നാല് പേര്‍ കൂടി ജാമ്യം നേടിയത്‌

                       

പ്രമുഖ മാധ്യമപ്രവര്‍ത്തകയും ഹിന്ദുത്വവാദത്തിന്റെ ശക്തയായ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ഇന്ന്(2024 സെപ്തംബര്‍ 5) ഏഴ് വര്‍ഷം തികയുന്നു. ഏഴാം ചരമവാര്‍ഷികത്തിന് ഒരു ദിവസം മുമ്പാണ്, അതായത് സെപ്തംബര്‍ 4 ന്- ഗൗരിയുടെ ഘാതകന്മാരില്‍ നാല് പേര്‍ക്കു കൂടി ജാമ്യം അനുവദിക്കപ്പെട്ടത്. തങ്ങള്‍ കല്ല് പാകുന്ന ‘ ഹിന്ദു രാഷ്ട്ര’ത്തിന് ഭീഷണിയാകുമെന്ന കണ്ടാണ് മതഭീകരര്‍ ഗൗരിയെ വെടിവച്ചു കൊല്ലുന്നത്. ഭരത് കുറാനെ, സുജിത് കുമാര്‍, സുധാന്‍വ ഗോണ്ടേല്‍ക്കര്‍, ശ്രീകാന്ത് ജഗന്നാഥ് എന്നിവരെയായിരുന്നു കൊലപാതക കേസില്‍ അറസ്റ്റ് ചെയ്തത്. നാല് പേര്‍ക്കും കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്. 2017 സെപ്തംബര്‍ അഞ്ചിനായിരുന്നു രാജ്യത്തെ നടുക്കിയ കൊലപാതകം.

സുജിത് കുമാര്‍, സുധാന്‍വ ഗോണ്ടേല്‍ക്കര്‍, ശ്രീകാന്ത് ജഗന്നാഥ് എന്നിവര്‍ ജൂലൈ 31 നും ഭരത് കുറാനെ ഓഗസ്റ്റ് ഒന്നിനുമായിരുന്നു ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

ജാമ്യത്തില്‍ ഇറങ്ങിയവരുടെ മേലുള്ള കുറ്റങ്ങള്‍

ഭരത് കുറാനെ: അപരനാമങ്ങള്‍; ടൊമാറ്റര്‍, അങ്കിള്‍. കൊലപാതകം നടത്തിയവരെ കൊണ്ടു വന്ന വാഹനം ഓടിച്ചിരുന്നത് ഭരത് കുറാനെയായിരുന്നു. കൂടാതെ, കൊലപാതക സംഘത്തിന് ഗൂഡാലോചന നടത്തിനായി ബെല്‍ഗാവിയില്‍ വാടകയ്ക്ക് താമസസ്ഥലം ഒരുക്കുന്നതും, ഗൗരിയെ കൊല്ലുന്നതിന്റെ പരിശീലനം നടത്താന്‍ ബെല്‍ഗാവിയില്‍ സ്ഥലം കണ്ടെത്തിയും ഇയാളായിരുന്നു. ഗോവിന്ദ് പന്‍സാര കൊലപാതക കേസിലും നലസോപാര ആയുധ കേസിലും ഇയാള്‍ പ്രതിയാണ്.

സുജിത് കുമാര്‍: അപരനാമം പ്രവീണ്‍. ഇയാള്‍ മോഷ്ടിച്ച മോട്ടോര്‍ സൈക്കിളില്‍ ആയിരുന്നു ഗൗരിയുടെ കൊലപാതകികള്‍ എത്തിയത്. കെ എസ് ഭഗവാന്‍ കൊലപാകത്തിന്റെ ഗൂഡാലോചനയിലും ഇയാള്‍ പ്രതിയാണ്.

സുധാന്‍വ ഗോണ്ടേല്‍ക്കര്‍: അപരനാമം പാണ്ഡ്യേജി: ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത് സുധാന്‍വയായിരുന്നു.

ശ്രീകാന്ത് ജഗന്നാഥ്: അപരനാമം പ്രാജി. ഗൂഡാലോചനയില്‍ പങ്കാളി.

മോഹന്‍ നായക്; താമസ സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തു.

അമിത് ദെഗ്വേക്കര്‍: അപരനാമം- പ്രദീപ് മഹാജന്‍. സനാസന്‍ സന്‍സ്ത വഴിയുള്ള സാമ്പത്തിക സഹായം എത്തിക്കല്‍. ഗോവിന്ദ് പന്‍സാരെ വധത്തിലും കെ എസ് ഭഗവാന്‍ വധത്തിലെ ഗൂഡാലോചനയിലും പങ്ക്.

കെ ടി നവീന്‍ കുമാര്‍: ഗൂഡാലോചനയില്‍ പങ്ക്. കെ എസ് ഭഗവാന്‍ കൊലപാകത്തിനു പിന്നിലെ ഗൂഡാലോചനയിലും പങ്ക്.

എച്ച് എല്‍ സുരേഷ്: അപരനാമം- ടീച്ചര്‍. ഗൗരിയുടെ മേല്‍വിലാസം കണ്ടെത്തി. കൊലപാതകികള്‍ക്ക് സ്വന്തം വീട്ടില്‍ ഉള്‍പ്പെടെ താമസ സൗകര്യം ഏര്‍പ്പെടുത്തി. തെളിവുകള്‍ നശിപ്പിച്ചു.

കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ വേറെ നാല് പ്രതികളും ജാമ്യം നേടിയിരുന്നു. മോഹന്‍ നായക് ആണ് ആദ്യം പുറത്തിറങ്ങിയത്. 2023 ഡിസംബറിലാണ് കര്‍ണാടക ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി നിരാകരിച്ചു. മോഹന്‍ നായിക്ക് മറ്റ് 17 പേരുമായി ഗൂഢാലോചന നടത്തിയിരുന്നുവെന്നും, ഈ ക്രിമിനല്‍ സംഘം ഗൗരിയെ ഉള്‍പ്പെടെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. വിചാരണയുമായി സഹകരിക്കണമെന്ന് നായിക്കിനു നിര്‍ദേശം നല്‍കി കൊണ്ട് കോടതി ജാമ്യം അനുവദിച്ചു. നായിക്കിന് പിന്നാലെ അമിത് ദെഗ്വേക്കര്‍, കെ ടി നവീന്‍ കുമാര്‍, എച്ച് എല്‍ സുരേഷ് എന്നിവരും ഹൈക്കോടതിയില്‍ നിന്ന്(ജൂലൈ 16) ജാമ്യം നേടി.

വ്യാജ വാര്‍ത്തകളുടെ കാലത്തെ ഒരു ജേര്‍ണലിസ്റ്റും, ഒരു കൊലപാതകവും, പൂര്‍ത്തികരിക്കാത്ത ഒരന്വേഷണത്തിനായുള്ള ഉദ്യമവും

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെ ഭാഗമായ അമോല്‍ കാലെയാണ് ഗൗരിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്നോട്ടു വയ്ക്കുന്നത്. കൊലപാതക പദ്ധതി തയ്യാറാക്കിയ കാലേ അത് നടപ്പാക്കാനായി 18 അംഗ സംഘത്തെയും രൂപീകരിച്ചു. വിജയപുര ജില്ലയിലെ സിന്ദഗി സ്വദേശിയായ പരശുറാം വാഗ്മോറയാണ് ഗൗരിയെ കൊലപ്പെടുത്തിയ വെടിയുതിര്‍ത്തത്. ഗണേഷ് മിസ്‌കിന്‍ ഓടിച്ച മോട്ടോര്‍ സൈക്കിളിന്റെ പിന്നിലിരുന്നാണ് പരശുറാം ഗൗരിയുടെ വീടിന് മുന്നിലെത്തുന്നത്. ഗേറ്റിന് മുന്നില്‍ വച്ചാണ് ഗൗരിക്ക് വെടിയേല്‍ക്കുന്നത്.

ഗൗരിയുടെ കൊലപാതകം ആസൂത്രണം ചെയത് നടപ്പിലാക്കിയവരെന്ന് കണ്ടെത്തിയ 18 അംഗ സംഘത്തില്‍, അമോല്‍ കാലെ, പരശുറാം വാഗ്‌മോറെ, ഗണേഷ് മിസ്‌കിന്‍ എന്നിവരായിരുന്നു പ്രധാന കുറ്റവാളികള്‍. ബാക്കി 15 പേര്‍ക്കും ഓരോരോ ചുമതലകള്‍ നല്‍കിയിട്ടുണ്ടായിരുന്നു. അന്വേഷണ സംഘം പറയുന്നത്, 18 പേരും സംഘടിത ക്രിമിനല്‍ സിന്‍ഡിക്കേറ്റിന്റെ ഭാഗമായിരുന്നുവെന്നാണ്. സനാതന്‍ സന്‍സ്ത നേതാവ് വിനോദ് തവാഡെയുടെ നേതൃത്വത്തില്‍ 2010 മുതല്‍ ഇവര്‍ തങ്ങളുടെ ലക്ഷ്യത്തിന് വേണ്ടിയുള്ള ആസൂത്രണം തുടങ്ങിയിരുന്നു. സന്‍സ്തയുടെ മറ്റൊരു പ്രമുഖനായ ശശികാന്ത് റാണെയും(ഇയാള്‍ 2018 ല്‍ മരിച്ചു) നിര്‍ദേശങ്ങള്‍ നല്‍കുകയും അമിത് ദേഗ്വേകര്‍ വഴി സാമ്പത്തിക സഹായം എത്തിച്ചു നല്‍കുകയും ചെയ്തിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

18 പേരും സനാതന്‍ സന്‍സ്തയുടെയും ഹിന്ദു ജാഗരണ്‍ സമിതിയുടെയും നിലവിലെ അംഗങ്ങളോ മുന്‍പ് ഉണ്ടായിരുന്നവരോ ആയിരുന്നു. ‘ ക്ഷാത്ര ധര്‍മ സാധന’ എന്ന പുസ്തകത്തിന്റെ സ്വാധീനം ഇവരിലെല്ലാവരിലും തന്നെയുണ്ടായിരുന്നു. സമൂഹത്തിലെ ദുര്‍ജനങ്ങളെ(ഹിന്ദു വിരുദ്ധരെ) കണ്ടെത്തി ഇല്ലായ്മ ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണവര്‍ കരുതിയിരുന്നത്. ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന സമാന ചിന്താഗതിക്കാരായ അവര്‍, അത് ഭീകരതയിലൂടെ നേടിയെടുക്കാന്‍ നിയമം ലംഘിച്ച് ഒത്തുകൂടി, അവര്‍ രഹസ്യവും പേരിടാത്തതുമായ ഒരു സംഘടിത ക്രൈം സിന്‍ഡിക്കേറ്റും സ്ഥാപിച്ചു’ എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഈ സംഘടിത ക്രിമിനല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും പ്രൊഫഷണല്‍ രീതിയിലായിരുന്നു. കുറെ വര്‍ഷങ്ങളായി എല്ലാവരും പരസ്പരം കാണുകയും ആശയവിനിമയം നടത്തുകയുമൊക്കെ ചെയ്തിരുന്നുവെങ്കിലും തമ്മില്‍ തമ്മില്‍ അവര്‍ക്ക് ശരിക്കുള്ള പേര് പോലും അറിയില്ലായിരുന്നു. പലര്‍ക്കും രണ്ടോ മൂന്നോ വ്യാജ പേരുകള്‍ വരെയുണ്ടായിരുന്നു. ഇവര്‍ ഒരേ നമ്പറില്‍ നിന്ന് കോണ്‍ടാക്റ്റ് ചെയ്തിരുന്നില്ല. പലപ്പോഴും പബ്ലിക് ടെലിഫോണ്‍ ബൂത്തുകളാണ് ഉപയോഗിച്ചിരുന്നത്. ഒരിക്കല്‍ ഉപയോഗിച്ച സിം കാര്‍ഡ് നശിപ്പിച്ചു കളയും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെങ്കിലും സ്മാര്‍ട്ട് ഫോണ്‍ പൂര്‍ണമായി ഒഴിവാക്കി. തങ്ങളുടെ ഇരകളുടെ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പലതരം കോഡുകളായിരുന്നു ഉപയോഗിച്ചിരുന്നത്.

ഇന്ത്യയിലെ നുണ ഫാക്ടറികള്‍; ഗൗരി ലങ്കേഷ് എഴുതിയ അവസാന എഡിറ്റോറിയല്‍

മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ പലയിടങ്ങളിലായി, എട്ട് വര്‍ഷത്തിനുമേല്‍ 19 ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്തിരുന്നു. ശരദ് കലാസ്‌കാര്‍ എന്നയാളായിരുന്നു പിസ്റ്റള്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചത്. അമിത് ദേഗ്വേക്കര്‍, രാജേഷ് ഭംഗേര എന്നിവരും ആയുധ പരിശീലനം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ജല്‍ന, ഔറംഗബാദ്, പൂനെ, നാസിക്, കോല്‍ഹപൂര്‍ എന്നിവിടങ്ങളിലായി എട്ട് ക്യാമ്പുകളും, കര്‍ണാടകയില്‍ കുടക്, ദക്ഷിണ കന്നഡ, ബെല്‍ഗാവി, ദര്‍വാഡ് എന്നിവിടങ്ങളിലായി ഒമ്പത് ക്യാമ്പുകളും സംഘം നടത്തിയിരുന്നു. എയര്‍ പിസ്റ്റളുകളും നാടന്‍ തോക്കുകളും ഉപയോഗിച്ച് ഇവിടങ്ങളിലെല്ലാം പരിശീലനം നടത്തിയിരുന്നു.

അമോല്‍ കാലേ, പരശുറാം വാഗ്മോറെ, ഗണേഷ് മിസ്‌കിന്‍, അമിത് ബഡ്ഡി, അമിത് ദെഗ്വേക്കര്‍, ഭരത് കുറാന, സുരേഷ് എച്ച് എല്‍, രാജേഷ് ഡി, സുധാന്‍വ ഗോണ്ടേല്‍ക്കര്‍, ശരദ് കലാസ്‌കര്‍, എന്‍ മോഹന്‍ നായക്, വസുദേവ് ഭഗ്‌വന്‍ സൂര്യവംശി, സുജിത് കുമാര്‍, മനോഹര്‍ ദുണ്ഡേപ യാദവ്, വികാസ് പാട്ടില്‍, ശ്രീകാന്ത് പന്‍ഗാക്കര്‍, കെ ടി നവീന്‍, റിഷികേഷ് ദിയോദികര്‍ എന്നിവരാണ് ഗൗരി ലങ്കേഷ് വധത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രതികള്‍.  Gauri Lankesh murder case eight accused got bail

കടപ്പാട്; ദ ന്യൂസ് മിനിട്ട്

Content Summary; Gauri Lankesh murder case eight accused got bail

Share on

മറ്റുവാര്‍ത്തകള്‍