June 04, 2026 |
Share on

ജെൻ സി പ്രക്ഷോഭം കനക്കുന്നു; രാജിവച്ച് നേപ്പാൾ പ്രധാനമന്ത്രി

ശർമ ഒലിയുടെ രാജി ഇന്നലെ മുതൽ പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു

ജെൻ സി പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു. യുവജനപ്രക്ഷോഭത്തിന് പിന്നാലെയാണ് രാജി. മണിക്കൂറുകൾക്ക് മുമ്പാണ് പ്രക്ഷോഭകർ അദ്ദേഹത്തിന്റെ വസതി കയ്യേറി കത്തിച്ചത്. കെ പി ശർമ ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് നീക്കം. ശർമ ഒലിയുടെ രാജി ഇന്നലെ മുതൽ പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു.

19 പ്രക്ഷോഭകരെ വെടിവച്ച് കൊന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന് ആയിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. ഇദ്ദേഹത്തിന്റെ മന്ത്രിസഭയിലെ നിരവധി മന്ത്രിമാർക്കെതിരെ കടുത്ത് അഴിമതി ആരോപണങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സർക്കാരിന് തുടരാൻ ധാർമ്മികമായ യാതൊരു അവകാശവുമില്ലെന്നും പ്രധാനമന്ത്രി രാജി വയ്ക്കണമെന്നും ആയിരുന്നു പ്രക്ഷോഭകർ ആവശ്യപ്പെട്ടത്. പ്രതിഷേധക്കാർ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സ്വകാര്യ വസതിക്ക് തീയിടുകയും സർക്കാർ കെട്ടിടങ്ങൾക്കും രാഷ്ട്രീയ നേതാക്കളുടെ വീടുകൾക്കും നേരെ ആക്രമണം നടത്തുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ രാജി പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. രാജ്യം കൂടുതൽ സംഘർഷങ്ങളിലേക്ക് നീങ്ങിയ സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ രാജിക്ക് പിന്നാലെ സൈന്യം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും റിപ്പോർട്ടുകളുണ്ട്. പലയിടങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടനാപരവും രാഷ്ട്രീയവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒലി രാജിവെച്ചത്.

വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് (ട്വിറ്റർ), യൂട്യൂബ് തുടങ്ങിയ 26 സമൂഹമാധ്യമ സൈറ്റുകൾക്ക് നേപ്പാൾ സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികളും യുവജനങ്ങളും തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. സമൂഹമാധ്യമ നിരോധനത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ 19 പേർ കൊല്ലപ്പെടുകയും 400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രി രമേശ് ലേഖക് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേരത്തെ രാജിവെച്ചിരുന്നു. മൂഹ്യമാധ്യമങ്ങളുടെ നിരോധനം മാത്രമല്ല, സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും പ്രക്ഷോഭം ശക്തമാകാൻ കാരണമായി. സർക്കാർ ഉദ്യോഗസ്ഥരും നേതാക്കളും കൈക്കൂലിയും അഴിമതിയും നടത്തുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്.

content summary: The Gen Z-led protests intensified over the social media ban, leading to the resignation of Nepal’s Prime Minister

 

 

Leave a Reply

Your email address will not be published. Required fields are marked *

×