July 11, 2026 |
Share on

ഫോട്ടോയ്ക്ക് കെഞ്ചിയെന്ന് ട്രംപ്, നുണ പറയരുതെന്ന് മെലോണി

ജി7 ഉച്ചകോടിയിലെ ഈ ഫോട്ടോ വിവാദം യുഎസ്-ഇറ്റലി ബന്ധത്തെ തന്നെ വഷളാക്കിയിരിക്കുകയാണ്‌

അമേരിക്കന്‍ പ്രസിഡന്റിനൊപ്പം ഫോട്ടോയെടുക്കാന്‍ താന്‍ കെഞ്ചിയെന്നത് വലിയൊരു നുണ മാത്രമാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി. ഫ്രാന്‍സിലെ ഏവിയാനില്‍ നടന്ന ജി-7 ഉച്ചകോടിക്കിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ കെഞ്ചിയെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ഇതിനെതിരേ കടുത്ത പ്രതികരണവുമായി മെലോണി രംഗത്ത് വന്നിരിക്കുകയാണ്. ട്രംപ് പറഞ്ഞ കഥ പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കിയ മെലോണി, താനും ഇറ്റലിയും ആരുടെയും മുന്നില്‍ യാചിക്കാറില്ലെന്ന് തുറന്നടിച്ചു. യു.എസ്-ഇസ്രയേല്‍ സഖ്യം ഇറാനില്‍ നടത്തുന്ന യുദ്ധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇരു നേതാക്കളും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ജി-7 ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഇരുവരും ബന്ധം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

ഇറ്റാലിയന്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കായ ‘ലാ7’ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ഡൊണാള്‍ഡ് ട്രംപ് മെലോണിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ‘ഞാന്‍ അവളോട് സംസാരിച്ചതില്‍ അവള്‍ക്ക് സന്തോഷം കാണും. എനിക്ക് സംസാരിക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. എന്റെ കൂടെ ഒരു ഫോട്ടോ എടുക്കാന്‍ അവള്‍ കെഞ്ചുകയായിരുന്നു. അത്രയധികം അവള്‍ക്ക് ആ ഫോട്ടോ വേണമായിരുന്നു. ഞാന്‍ അതിന് തയ്യാറാകില്ലായിരുന്നു, പക്ഷേ അവളോട് പാവം തോന്നിയിട്ടാണ് ഫോട്ടോ എടുത്തത്,’ എന്നായിരുന്നു ട്രംപിന്റെ പരിഹാസം.

ട്രംപിന്റെ ഈ പരാമര്‍ശം ഇറ്റലിയില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനാണ് തിരികൊളുത്തിയിരിക്കുന്നത്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഇറ്റലിയിലെ ഭരണ-പ്രതിപക്ഷ നേതാക്കള്‍ മെലോണിക്ക് പിന്തുണയുമായി രംഗത്തെത്തി. ട്രംപിന്റെ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി അന്റോണിയോ താജാനി അടുത്ത ആഴ്ച നടത്താനിരുന്ന തന്റെ ഔദ്യോഗിക അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി. ട്രംപിന്റെ വാക്കുകള്‍ ജോര്‍ജിയ മെലോണിയെ മാത്രമല്ല, ഇറ്റലിയെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

പ്രതിഷേധം ശക്തമായതോടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ മെലോണി നേരിട്ട് മറുപടി നല്‍കി. ‘ചില കാര്യങ്ങള്‍ക്ക് ഉടനടി മറുപടി നല്‍കേണ്ടതുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ പൂര്‍ണ്ണമായും വ്യാജമാണ്. സത്യത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. യു.എസ് പ്രസിഡന്റ് എന്തുകൊണ്ടാണ് തന്റെ സഖ്യകക്ഷികളോട് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് മനസ്സിലാകുന്നില്ല. ഇത് ആദ്യത്തെ സംഭവമല്ല. പാശ്ചാത്യ രാജ്യങ്ങളുടെ ശത്രുക്കള്‍ക്കെതിരെ കാണിക്കാത്ത ഈ ആവേശം സ്വന്തം സഖ്യകക്ഷികളോട് ട്രംപ് കാണിക്കുന്നത് നിര്‍ഭാഗ്യകരമാണ്,’ മെലോണി പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ഏക യൂറോപ്യന്‍ നേതാവായിരുന്നു ജോര്‍ജിയ മെലോണി. തീവ്ര ദേശീയതാ നിലപാടുകളില്‍ ഒരേ ചിന്താഗതി പുലര്‍ത്തിയിരുന്ന ഇരുവരും തമ്മില്‍ മികച്ച ബന്ധമാണ് നിലനിന്നിരുന്നത്. എന്നാല്‍, ഇറാനിലെ യു.എസ്-ഇസ്രയേല്‍ യുദ്ധത്തെ ഇറ്റലി പിന്തുണയ്ക്കാന്‍ വിസമ്മതിച്ചതോടെയാണ് ഈ സൗഹൃദത്തില്‍ വിള്ളല്‍ വീണത്. ഇതിന് പിന്നാലെ, യുദ്ധത്തെ അപലപിച്ച ലിയോ മാര്‍പ്പാപ്പയെ ട്രംപ് വ്യക്തിപരമായി ആക്രമിച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായി തകര്‍ന്നു.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ പെരുമാറ്റം അന്താരാഷ്ട്ര തലത്തില്‍ യു.എസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചതായി ഇറ്റാലിയന്‍ ഭരണകൂടം വിലയിരുത്തുന്നു. ട്രംപ് ബോധപൂര്‍വ്വമാണോ അതോ അദ്ദേഹത്തിന്റെ അപ്രാപ്തി കൊണ്ടാണോ എന്ന് അറിയില്ല, അമേരിക്കയും യൂറോപ്പും തമ്മിലുള്ള ചരിത്രപരമായ ബന്ധം അദ്ദേഹം തകര്‍ക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അണ്ടര്‍സെക്രട്ടറി ജോവന്‍ബാറ്റിസ്റ്റ ഫാസോളാരി കുറ്റപ്പെടുത്തി. ട്രംപിന്റെ അനുചിതമായ പെരുമാറ്റം കാരണം യൂറോപ്യന്‍ ഭൂഖണ്ഡത്തിലുടനീളം അമേരിക്ക ഒറ്റപ്പെടുകയാണെന്നും ഇത് യൂറോപ്പിനേക്കാള്‍ കൂടുതല്‍ അമേരിക്കയ്ക്കാണ് ദോഷം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം ഇത്തരത്തില്‍ പരസ്യമായി അപമാനിക്കപ്പെടാന്‍ അര്‍ഹമല്ലെന്ന് മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ കക്ഷിയായ ഫൈവ് സ്റ്റാര്‍ മൂവ്മെന്റിന്റെ നേതാവുമായ ജുസെപ്പെ കോണ്ടെയും പ്രതികരിച്ചു.

Content Summary; Italian PM Giorgia Meloni slams US President Donald Trump for inventing a story about her ‘begging’ for a photo at G7, triggering a diplomatic row.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×