ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റീസ് യശ്വന്ത് വര്‍മയെ ഇംപീച്ച്‌മെന്റിന് വിധേയനാക്കുമെന്ന് വിവരം. സുപ്രിം കോടതി ആഭ്യന്തര അന്വേഷണ സമിതി ജ. വര്‍മയ്‌ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ വര്‍ഷം മാര്‍ച്ച് 14 നാണ് ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ തീപിടുത്തമുണ്ടായ സമയത്ത് അവിടെ നിന്ന് കറന്‍സി നോട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം ഉയരുന്നത്. ഇതില്‍ വാസ്തവമുണ്ടെന്നാണ് സുപ്രിം കോടതി രൂപീകരിച്ച മൂന്നംഗ സമിതി മെയ് 3 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഷീല്‍ നീഗം, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി എസ് സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി അനു ശിവറാം എന്നിവരടങ്ങുന്ന പാനലാണ്, ജ. വര്‍മയ്ക്കെതിരായ പരാതിയില്‍ വസ്തുതയുണ്ടെന്ന കണ്ടെത്തലോടെ തങ്ങളുടെ റിപ്പോര്‍ട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റീസിന് സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ട് സ്വീകരിച്ച അന്നത്തെ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജഡ്ജിക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിക്കണമെന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനുവിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്.
മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്സഭാ സ്പീക്കറിനും അയച്ചിട്ടുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇംപീച്ച്‌മെന്റിന് സുപ്രിം കോടതി ചീഫ് ജസ്റ്റീസ് തന്നെ ശുപാര്‍ശ ചെയ്യുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ അതിനായി പ്രമേയം കൊണ്ടുവരേണ്ടതുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സംസാരിച്ച ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കണമെങ്കില്‍, അലോക്‌സഭയില്‍ കുറഞ്ഞത് 100 അംഗങ്ങളുടെയും രാജ്യസഭയില്‍ കുറഞ്ഞത് 50 അംഗങ്ങളുടെയും പിന്തുണ ആവശ്യമാണ്. വരുന്ന ശീതകാല സമ്മേളനത്തില്‍ തന്നെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കും, പ്രമേയം പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണ്ടതിനാല്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും വിവരമുണ്ട്. ഇക്കാര്യത്തിനായി രാജ്യസഭ ചെയര്‍മാന്‍ ജയ്ദീപ് ധന്‍കറും ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയും പ്രതിപക്ഷ നേതാക്കളുമായി ഉടന്‍ തന്നെ സംസാരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ജൂലൈ മൂന്നാമത്തെ ആഴ്ച്ചയിലായിരിക്കും പാര്‍ലമെന്റിന്റെ ഈ വര്‍ഷത്തെ ശൈത്യകാല സമ്മേളനം ആരംഭിക്കുക.
ഭരണഘടനാ കോടതിയിലെ ഒരു ജഡ്ജിയെ രണ്ട് കാരണങ്ങളാല്‍ മാത്രമേ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ കഴിയൂ എന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. ഒന്ന് സ്ഥാനത്തിന്റെ ‘ദുരുപയോഗം’, രണ്ട് സ്ഥാനത്ത് ഇരിക്കാനുള്ള ‘കഴിവില്ലായ്മ’. ഇവ തെളിയിക്കപ്പെട്ടാല്‍ പുറത്താക്കാം. നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം 1968 ലെ ജഡ്ജിസ് എന്‍ക്വയറി ആക്ടില്‍ പ്രതിപാദിച്ചിരിക്കുന്നതാണ്. പാര്‍ലമെന്റിന്റെ ഏതെങ്കിലും സഭയില്‍ ഇംപീച്ച്മെന്റിനുള്ള പ്രമേയം അംഗീകരിച്ചുകഴിഞ്ഞാല്‍, സ്പീക്കര്‍/ചെയര്‍മാന്‍ ഒരു മൂന്നംഗ അന്വേഷണ സമിതി രൂപീകരിക്കണം. ഇന്ത്യയുടെ ചീഫ് ജസ്റ്റിസോ സുപ്രീം കോടതി ജഡ്ജിയോ ആയിരിക്കും കമ്മിറ്റിയുടെ തലവന്‍. ഏതെങ്കിലും ഹൈക്കോടതിയിലെ ഒരു ചീഫ് ജസ്റ്റിസും, സ്പീക്കറോ രാജ്യസഭ ചെയര്‍മാനോ നിര്‍ദേശിക്കുന്ന ഒരു നിയമവിദഗ്ധനും കമ്മിറ്റിയിലുണ്ടാകും. കമ്മിറ്റി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അത് അവതരിപ്പിച്ച സഭ അംഗീകരിക്കുകയും ജഡ്ജിയെ നീക്കം ചെയ്തതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യും.
സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജിക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസാകണമെങ്കില്‍, ലോക്സഭയിലും രാജ്യസഭയിലും ‘ഹാജരായി വോട്ട് ചെയ്യുന്ന’ അംഗങ്ങളില്‍ മൂന്നില്‍ രണ്ട് പേരുടെ പിന്തുണ കിട്ടണം. കൂടാതെ അനുകൂല വോട്ടുകളുടെ എണ്ണം ഓരോ സഭയിലെയും ‘മൊത്തം അംഗങ്ങളുടെ’ 50% ല്‍ കൂടുതലായിരിക്കണം. പാര്‍ലമെന്റ് ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കുകയാണെങ്കില്‍ പിന്നീട് രാഷ്ട്രപതി അത് അംഗീകരിച്ച് ഒപ്പ് വയ്ക്കും.
ആരോപണ വിധേയനായ ജ. യശ്വന്ത് വര്‍മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അതിന് വിസമ്മതിച്ചതോടെയാണ് ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് പോകുന്നതെന്നാണ് വിവരം. പണം കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് മാര്‍ച്ച് 20 ന് ജ. വര്‍മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും സ്ഥലം മാറ്റിയിരുന്നു. ഏപ്രില്‍ 5 ന് അലഹബാദ് ഹൈക്കോടതിയില്‍ ജഡ്ജിയായി ജ. വര്‍മ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും അദ്ദേഹത്തിന് ഔദ്യോഗിക ഉത്തരവാദിത്തം നല്‍കിയിട്ടില്ല ഇതുവരെ. Government to Move Impeachment Motion Against Justice Yashwant Varma Over Cash at Residence Case
Content Summary; Government to Move Impeachment Motion Against Justice Yashwant Varma Over Cash at Residence Case
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.