June 13, 2026 |
Share on

‘വിസി നിയമനം നടക്കുന്നത് നിയപരമായി; ​ഗവർണറുടെ അരിശത്തിന് കാരണം ആർഎസ്എസ് അജണ്ട നടപ്പിലാവാത്തത്’

നിയമാനുസൃതമായ ഭാ​ഗങ്ങൾ വ്യാഖ്യാനിച്ച് അധികാരം സംസ്ഥാന സർക്കാരിന് നൽകുകയായിരുന്നു സുപ്രീം കോടതി ചെയ്യേണ്ടിയിരുന്നത്

ഓരോ ദിവസം കഴിയുന്തോറും ​ഗവർണർ – സർക്കാർ പോര് വീണ്ടും ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. സർവകലാശാലകളിൽ വിസിയെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനാണെന്നിരിക്കെ, കേരളത്തിലെ സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനപ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ​ഗവർണർ രാജേന്ദ്ര അർലേക്കർ സുപ്രീം കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്ക്‌ നൽകിയ അധികാരം നീക്കണമെന്നും സെർച്ച്‌ കമ്മിറ്റികളിൽ യുജിസി പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നുമുള്ള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ആവശ്യം സുപ്രീംകോടതി നിരാകരിക്കുകയായിരുന്നു. വിഷയത്തിൽ എന്തുകൊണ്ടാണ് ഇപ്പോഴും തർക്കം തുടരുന്നത്?

സുപ്രീം കോടതി നിർദേശിച്ച പ്രക്രിയയിലൂടെ നിയമപരമായാണ് സർവകലാശാലകളിൽ ഇപ്പോൾ വിസി നിയമനം നടക്കുന്നതെന്നും ​ഗവർണർ ആ​ഗ്രഹിച്ച ആർഎസ്എസ് അജണ്ട നടപ്പിലാവാത്തതാണ് ഇപ്പോഴും തർക്കം തുടരുന്നതിന് കാരണമെന്നും സ്വതന്ത്ര ​ഗവേഷകനായ ​ഗോപകുമാർ മുകുന്ദൻ അഴിമുഖത്തോട് പ്രതികരിച്ചു.

‘സംസ്ഥാന നിയമസഭ പാസാക്കിയ നിയമമനുസരിച്ച് സർവകലാശാലകളിലെ ചാൻസലർ പദവി ​ഗവർണർക്കാണ്. ചാൻസലർ എന്ന നിലയിൽ തനിക്ക് അധികാരമുണ്ടെന്നാണ് ​ഗവർണർ പറയുന്നത്. ഭരണഘടനാപരമായി കേരളത്തിലെ സർവകലാശാലകളുടെ കാര്യങ്ങളിൽ ഇടപെടാൻ ​ഗവർണർക്ക് യാതൊരു അവകാശവുമില്ല.

​ഗവർണറെ ചാൻസലറാക്കിയത് സംസ്ഥാന നിയമസഭയാണ്. നിയമസഭ ഈ നിയങ്ങളിൽ പലതിലും പിന്നീട് ഭേ​ദ​ഗതി വരുത്തിയിട്ടുണ്ട്. എന്നാൽ ഭേ​ദ​ഗതി വരുത്തിയ നിയമങ്ങൾ ഒപ്പിടാതെ ​ഗവർണർ എന്നുള്ള അധികാരം ഉപയോ​ഗിച്ച് പിടിച്ചുവെക്കുകയാണ് ചെയ്തത്. അതേസമയം, നേരത്തേയുണ്ടായിരുന്ന നിയമം അനുസരിച്ച് ചാൻസലർ എന്ന പദവി ഉപയോ​ഗിച്ച് സംസ്ഥാന സർക്കാരിനെ തന്നെ അപ്രസക്തമാക്കാൻ ശ്രമിക്കുന്നു.

സ്ഥിരം വിസി നിയമനവുമായി ബന്ധപ്പെട്ട് ഒരു സർച്ച് കമ്മിറ്റി രൂപീകരിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനപ്രക്രിയയിൽ തർക്കം നിലനിൽക്കുകയാണ്. ആ തർക്കം നിലനിൽക്കെ ഇവിടെ താൽക്കാലിക വിസിമാരെ നിയമിച്ച് മുന്നോട്ട് പോവുകയായിരുന്നു. താൽക്കാലിക വിസിമാരെ നിയമിക്കാനുള്ള അധികാരം നിയമപ്രകാരം സംസ്ഥാന സർക്കാരിനാണെന്ന് ഹൈക്കോടതിയുടെ സിം​ഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും വിധിച്ചു. അങ്ങനെയാണ് താൽക്കാലിക വിസിയെ നിയമിക്കാനും സർക്കാരിന് അവകാശമില്ലെന്ന് വാദിച്ച് ​ഗവർണർ സുപ്രീം കോടതിയെ സമീപിച്ചത്.

Also read: ‘സർവകലാശാലകളിലെ സർക്കാരിന്റെ അധികാരം ​ഗവർണർ ​അം​ഗീകരിക്കണം, സ്ഥിരം വിസിമാരില്ലാത്തതിന് കാരണം ചാൻസലറുടെ യുക്തിയില്ലാത്ത വാശിയെന്ന് അഡ്വ. സി ഷുക്കൂർ

താൽക്കാലിക വിസിയെ നിയമിക്കാൻ സംസ്ഥാന സർക്കാരിനാണ് അധികാരമെങ്കിൽ നിയമാനുസൃതമായ ഭാ​ഗങ്ങൾ വ്യാഖ്യാനിച്ച് അത് നൽകുകയായിരുന്നു സുപ്രീം കോടതി ചെയ്യേണ്ടിയിരുന്നത്. പകരം ഈ വിഷയം അവിടെ നിൽക്കട്ടെ സ്ഥിരം നിയമനം നടത്താമെന്നും അതിന് വേണ്ടിയൊരു പാനൽ രൂപീകരിക്കാമെന്ന് പറയുകയുമാണ് ചെയ്തത്. അതിൽ ഒരു ജഡ്ജി ചെയർമാനായിട്ടും സംസ്ഥാന സർക്കാരിൻ്റെ രണ്ട് പ്രതിനിധികളും ​ഗവർണറുടെ രണ്ട് പ്രതിനിധികളും ഉൾപ്പെടുത്തി ഒരു സെർച്ച് കമ്മിറ്റിയുണ്ടാക്കുന്നു.

യുജിസി മാനദണ്ഡ പ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പാണ് വിസി സ്ഥാനത്തേക്കുള്ള ആപ്ലിക്കേഷനുകൾ ക്ഷണിക്കേണ്ടത്. യുജിസി നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളിലുള്ളിൽ നിൽക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ. അതിൽ നിന്നും കുറച്ച് പേരെ പട്ടികപ്പെടുത്തണം. എന്നിട്ട് ആൽഫബെറ്റിക് ഓർഡറിൽ അത് സംസ്ഥാന മുഖ്യമന്ത്രിക്ക് നൽകണം. മുഖ്യമന്ത്രി അതിൽ നിന്നും അർഹതയുള്ളയാളെ തീരുമാനിച്ച് ചാൻസലർക്ക് അയക്കണം. അവരെ ചാൻസലർ നിയമിക്കണം. ഇതാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്ന രീതി. ഇതിലൂടെ ഏകപക്ഷീയമായി നിയമനം നടത്താനുള്ള ​ഗവർണറുടെ ഇല്ലാതാക്കിയിട്ടുണ്ട്.

നിയമപരമായി ആളുകളെ നിയമിക്കുന്നതിനെതിരെയല്ല ​ഗവർണർ സംസാരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. എന്നിട്ടും ​ഗവർണർ തർക്കിക്കുന്നത് ഏകപക്ഷീയമായി ആർഎസ്എസിൻ്റെ അജണ്ട നടപ്പാക്കുന്നതിന് വേണ്ടിയാണ്. അതിന് വേണ്ടിയാണ് ​ഗവർണർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

വിഷയം അടിയന്തിരമായി പരി​ഗണിക്കേണ്ടതില്ലെന്നും സെലക്ഷൻ പ്രക്രിയ ഇപ്പോൾ നടക്കട്ടേയെന്നുമാണ് സുപ്രീം കോടതി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ബം​ഗാളിലും ഇതേ സമീപനമാണ് സ്വീകരിച്ചതെന്നാണ് ഞാൻ മനസിലാക്കുന്നത്. ഭരണഘടനായി വ്യക്തതയുള്ള കാര്യം അപ്പോൾ തന്നെ തീർപ്പാക്കുകയാണ് നല്ലത്’, ഗോപകുമാർ മുകുന്ദൻ അഴിമുഖത്തോട് പറഞ്ഞു.

റിട്ട. ജസ്റ്റിസ്‌ സുധാൻഷു ധൂലിയയുടെ നേതൃത്വത്തിൽ കോടതി രൂപീകരിച്ച സമിതിയുടെ  റിപ്പോർട്ട്‌ വരും മുൻപ് ആവശ്യങ്ങൾ പരിഗണിക്കണമെന്നായിരുന്നു ഗവർണറുടെ വാദം.

Content Summary: governor Vs state in vice chancellor issue; ‘The appointment of the VC is being done legally; the reason for the Governor’s anger is the RSS agenda not being implemented’

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×