UPDATES

ട്രെന്‍ഡിങ്ങ്

പേപ്പര്‍ ചോര്‍ച്ച കേസ് പ്രതിയുടെ വീട്ടിലും ഭോലെ ബാബയുടെ സത്‌സംഗ്‌

രാജസ്ഥാന്‍ പൊലീസാണ് ഈ വിവരം പുറത്തു വിട്ടത്

                       

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 121 പേരുടെ മരണത്തിന് ഇടയാക്കിയ സത് സംഗത്തിലെ മുഖ്യപ്രഭാഷകനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഭോലെ ബാബ എന്ന സൂരജ് പാല്‍ സിംഗിന് പരീക്ഷ ക്രമക്കേട് കേസിലെ മുഖ്യപ്രതിയുമായും ബന്ധം. രാജസ്ഥാന്‍ പൊലീസാണ് ഈ വിവരം പുറത്തു വിട്ടത്. 2020 ല്‍ നടന്ന രാജസ്ഥാന്‍ ജൂനിയര്‍ എഞ്ചിനീയര്‍ എക്‌സാം(ജെഇഎന്‍) പ്രവേശന പരീക്ഷയിലെ പേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യപ്രതിയായ ഹര്‍ഷവര്‍ദ്ധന്‍ മീണയുടെ വീട്ടില്‍ ബാബ താമസിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ എത്തിയ സമയത്ത് ദൗസയിലുള്ള മീണയുടെ വീട്ടിലാണ് ബാബ തങ്ങിയിരുന്നത്. പൊലീസ് മീണയുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തുന്നതിന് മുമ്പായി ബാബ ഇവിടെ നിന്നും രക്ഷപ്പെട്ടു പോവുകയായിരുന്നു. എന്നാല്‍ ഭോലെ ബാബയ്ക്ക് പരീക്ഷ തട്ടിപ്പുമായി ബന്ധമില്ലെന്നും രാജസ്ഥാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എഡിജിപി വി കെ സിംഗ് പറയുന്നു. Bhole baba Hathras stampede

ഹര്‍ഷവര്‍ദ്ധന്‍ മീണയുടെ വസതിയിലും ഭോലെ ബാബ സത്‌സംഗ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മീണയുടെ വസതിക്കു മുന്നില്‍ സത്‌സംഗത്തിന്റെ ഭാഗമായുള്ള ബാബയുടെ പോസ്റ്ററുകളും ബാനറുകളും ഇപ്പോഴും ഉണ്ടെന്നും രാജസ്ഥാന്‍ പൊലീസ് പറയുന്നു. ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കണ്ടപ്പോഴാണ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ ഭോലെ ബാബയെ തിരിച്ചറിഞ്ഞത്.

വിവിധ മത്സര പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കി കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 500 ഓളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഹര്‍ഷവര്‍ദ്ധന്‍ മീണ ജോലി തരപ്പെടുത്തിക്കൊടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ 20 പേര്‍ മീണയുടെ സ്വന്തം കുടുംബത്തില്‍ നിന്നു തന്നെയായിരുന്നു. ബിനാമി പേരുകളില്‍ ജയ്പൂര്‍, ദൗസ, മഹ്‌വാ എന്നിവിടങ്ങളില്‍ മീണ അഞ്ചു കോടിയോളം രൂപ വിലവരുന്ന ഭൂമി വാങ്ങിക്കൂട്ടിയിരുന്നു. ഇതെല്ലാം പൊലീസ് കണ്ടുകെട്ടി. 2024 ഫെബ്രുവരിയിലാണ് ഹര്‍ഷവര്‍ദ്ധന്‍ മീണയെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് അറസ്റ്റ് ചെയ്യുന്നത്.

ഹത്രാസ് ദുരന്തത്തിന് പിന്നാലെ ഭോലെ ബാബ ഒളിവില്‍ പോയിരിക്കുകയാണ്. സംഭവത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ ബാബയുടെ പേര് ഇല്ലായിരുന്നു. വിമര്‍ശനം ശക്തമായതോടെയാണ് ബാബയുടെ പേരും ഉള്‍പ്പെടുത്തുമെന്നും കര്‍ശന നടപടി അയാള്‍ക്കെതിരേ ഉണ്ടാകുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉറപ്പ് പറഞ്ഞത്. 2000-ല്‍ ഒരു 16 കാരിയുടെ മൃതദേഹം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭോലെ ബാബയെന്ന സൂരജ് പാല്‍ സിംഗിനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരിച്ചവരെ പുനര്‍ജീവിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് അവകാശപ്പെട്ടായിരുന്നു സിംഗും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്ന് കുടുംബത്തിന്റെ എതിര്‍പ്പ് മറി കടന്ന്, അന്ത്യകര്‍മങ്ങള്‍ തടഞ്ഞ് മൃതദേഹം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. സ്ഥലത്തെത്തിയ പൊലീസിനു നേരെയും സിംഗും കൂട്ടാളികളും അക്രമം കാണിച്ചു. ഈ സംഭവത്തില്‍ സിംഗ്, അയാളുടെ ഭാര്യ എന്നിവരടക്കം ആറു പേര്‍ക്കെതിരേ കേസ് എടുത്തുവെങ്കിലും പിന്നീടത് ക്ലോസ് ചെയ്തു.

ഉത്തര്‍പ്രദേശിലെ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്ന സിംഗ്, ആ ജോലി ഉപേക്ഷിച്ചാണ് ആത്മീയതയിലേക്ക് മാറിയത്. സ്വയം പ്രഖ്യാപിത ദൈവമായി മാറിയ ഇയാള്‍ തനിക്ക് അമാനുഷിക ശക്തിയുണ്ടെന്നാണ് അനുയായികളെ വിശ്വസിപ്പിച്ചിരുന്നത്. മരിച്ചവരെ ജീവിപ്പിക്കാനും എല്ലാ രോഗങ്ങളും മാറ്റാനും ഏത് ആഗ്രഹങ്ങളും സാധിപ്പിക്കാനും ദുരാത്മക്കളെ ഒഴിപ്പിക്കാനുമൊക്കെ ബാബയ്ക്ക് കഴിയുമെന്ന് അനുയായികളും വിശ്വസിച്ചിരുന്നു. സ്ത്രീകളും സാധാരണക്കാരുമായിരുന്നു ഇയാളുടെ ഭക്തരില്‍ ഭൂരിഭാഗവും.

ചൊവ്വാഴ്ച്ച ഹത്രാസില്‍ നടന്ന സത്‌സംഗത്തില്‍ പ്രഭാഷണം നടത്തി മടങ്ങിയ ബാബയുടെ വാഹനം പോയ പാതയിലെ പൊടിയും മണ്ണും ശേഖരിക്കാന്‍ ഭക്തര്‍ നടത്തിയ തിക്കും തിരക്കുമാണ് വന്‍ ദുരന്തത്തിന് കാരണമായത്. ബാബയുടെ കാലടിയിലെ മണ്ണ് ദേഹത്തും നെറ്റിയിലും പുരട്ടിയാല്‍ എല്ലാ രോഗങ്ങളും മാറുമെന്നാണു ഭക്തരുടെ വിശ്വാസം.  hathras stampede main preacher bhole baba connection with paper leak kingpin, says rajasthan police

Content Summary; hathras stampede main preacher bhole baba connection with paper leak kingpin, says rajasthan police

Share on

മറ്റുവാര്‍ത്തകള്‍