November 14, 2024 |

ഡോക്ടര്‍മാര്‍ ജനറിക് പേര് മാത്രം നിര്‍ദ്ദേശിച്ചാല്‍ മതിയെന്ന തീരുമാനം; നേട്ടം കടക്കാര്‍ക്കും മരുന്ന് കമ്പനികള്‍ക്കും

ഇവിടെ ബ്രാന്‍ഡ് തിരഞ്ഞെടുക്കാനുള്ള ഒരു സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോള്‍ 50 രൂപക്ക് കിട്ടേണ്ട മരുന്നിനു 150 രൂപ കൊടുക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായേക്കാം

കിച്ചുവിന് 6 വയസ്സാണ്, വിഷുവിന് കിച്ചുവിന്റെ വീട്ടില്‍ പായസം വയ്‌ക്കണം. അമ്മ കിച്ചുവിനോട് പറഞ്ഞു ‘മോനെ നീ അപ്പുറത്തെ കടയില്‍ പോയി 6 പാക്കറ്റ് മില്‍മ പാല്‍ വാങ്ങി കൊണ്ട് വന്നേ.. അവിടെ ഇല്ലെങ്കില്‍ ആ ജംഗ്ഷനിലെ കട വരെ ഒന്ന് പോയി നോക്കൂ.’ ഇവിടെ കിച്ചുവിന്റെ അമ്മയുടെ പോലെ തന്നെയാണ് നമ്മുടെ ഡോക്ടര്‍മാരുടെ മരുന്ന് ചീട്ട്. മരുന്ന് ഏത് കമ്പനിയുടെ വേണം എന്ന് കൃത്യമായി തന്നെ പറയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വരുത്താന്‍ പോകുന്ന മാറ്റം ആകട്ടെ, ഡോക്ടര്‍ പാല്‍ എന്ന് എഴുതി കൊടുത്താല്‍ മതി എന്നാണ്. മെഡിക്കല്‍ ഷോപ്പുകാര്‍ തീരുമാനിക്കട്ടെ പാല്‍, മില്‍മ വേണോ, അതോ കൗമ വേണോ എന്ന്!

നമ്മുടെ ജനറല്‍ സ്റ്റോറിലെ ചേട്ടനെ പോലെ തന്നെ ആണ് മെഡിക്കല്‍ സ്റ്റോറിലെ ചേട്ടനും. പുള്ളിക്ക് നല്ല ലാഭം കിട്ടിയാല്‍ മതി. എന്നാല്‍ ക്വാളിറ്റിയില്‍ കിച്ചുവിന്റെ അമ്മയുടെ പോലെ ഡോക്ടര്‍ക്ക് മാത്രമേ ശ്രദ്ധ കാണൂ. മരുന്ന് തിരഞ്ഞെടുക്കലിന്റെ കാര്യം ആയതുകൊണ്ട് 6 വയസുകാരന്റെ വിവേകം പോലും ഇവിടെ സാധാരണക്കാരന് ഉണ്ടാകാന്‍ സാധ്യത ഇല്ല. അതുകൊണ്ട് തന്നെ ഇടനിലക്കാരന്‍ പറ്റിക്കുമെന്ന് ഉറപ്പ്. ഒരു രോഗി ഡോക്ടറെ കാണാന്‍ വരുമ്പോള്‍ ഡോക്ടര്‍മാര്‍ രോഗിയുടെ രോഗാവസ്ഥയും സാമ്പത്തിക അവസ്ഥയും ശ്രദ്ധിക്കും. അതിനനുസരിച്ചാണ് പലപ്പോഴും മരുന്നുകളും, ബ്രാന്‍ഡുകളും തിരഞ്ഞെടുക്കുന്നത്.

ഇവിടെ ബ്രാന്‍ഡ് തിരഞ്ഞെടുക്കാനുള്ള ഒരു സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോള്‍ 50 രൂപക്ക് കിട്ടേണ്ട മരുന്നിനു 150 രൂപ കൊടുക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായേക്കാം! ഇനിയിപ്പോള്‍ മോശം മരുന്ന് എടുത്ത് കൊടുത്ത മെഡിക്കല്‍ ഷോപ്പുകാരന്‍ ഒരിക്കലും അസുഖം മാറിയില്ലെങ്കില്‍ പഴി കേള്‍ക്കേണ്ടിയും വരില്ലലോ. മരുന്നുകള്‍ ന്യായമായ വിലക്ക് ലഭ്യമാകേണ്ടത് ഒരു മൗലിക അവകാശമായാണ് ഞങ്ങള്‍ ഡോക്ടര്‍മാര്‍ കരുതുന്നത്. പല മരുന്നുകളും (നോണ്‍ ബ്രാന്‍ഡഡ്) മെഡിക്കല്‍ സ്റ്റോറുകാര്‍ക്ക് ലഭിക്കുന്നത് എംആര്‍പിയിലും 50 ശതമാനത്തില്‍ താഴെയാണ്. അതുകൊണ്ട് തന്നെ ഇത്തരം ഒരു നീക്കം ഉണ്ടായാല്‍ ആരോഗ്യമേഖലക്ക് അത് വലിയ ദോഷം ചെയ്യുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ എലിയെ പേടിച്ച് ഇല്ലം ചുടാനുള്ള ഈ തീരുമാനത്തില്‍ നിന്ന് കേന്ദ്ര ഗവണ്മെന്റ് പിന്മാറണം.

വാല്‍കഷ്ണം: കുറച്ച് കാലം മുന്‍പ് മലപ്പുറം ജില്ലയിലെ ഒരു ആശുപത്രിയില്‍ നൈറ്റ് ഡ്യൂട്ടിക്കിടെ ഏകദേശം 11 മണിയോട് കൂടെ ഒരു ചെറുപ്പക്കാരന്‍ വന്നു. നെഞ്ചെരിച്ചലും ശര്‍ദ്ദിയുമാണ്. എന്താണ് കഴിച്ചതെന്ന് ചോദിച്ചപ്പൊള്‍ പുള്ളിയുടെ അമ്മയാണ് മറുപടി പറഞത്. തൊടിയിലെ കൂണ്‍ പറിച്ച് കറിവെച്ചു കൊടുത്തതാണ്. അപ്പോള്‍ തന്നെ കണ്ടെത്തി (Diagnosis) ഇത് മഷ്റൂം ഇന്‍ഡ്യൂസഡ് ഗ്യാസ്‌ട്രൈറ്റിസ് ആവും സംഭവം എന്ന്. പക്ഷെ ചില കൂണുകള്‍ ന്യൂറോളജിക്കല്‍ മാനിഫെസ്റ്റേഷന്‍ കൂടി ഉണ്ടാക്കാന്‍ ഇടയുള്ളതിനാല്‍ പുള്ളിയുടെ കോണ്‍ഷ്യസ് ലെവല്‍ അളക്കാന്‍ വേണ്ടി പുള്ളിയേ വെറുതെ ഒന്ന് പരിചയപ്പെട്ടു. കക്ഷി ഒരു മരുന്ന് കമ്പനി മുതലാളിയാണ് അങ്ങ് പൂനെയില്‍. ഇന്‍ജക്ഷന്‍സ് കൊടുത്തു അസുഖം മാറി വീട്ടിലേക്ക് കഴിക്കാന്‍ മരുന്ന് എഴുതി വിടുമ്പോള്‍ പറഞ്ഞു. ‘ഈ മരുന്ന് തന്നെ കഴിച്ചാല്‍മതി ട്ടോ.. വീട്ടിലെ മരുന്ന് കഴിക്കണ്ട’. ഉടനെ തന്നെ മറുപടിയും കിട്ടി. ‘ഹേ ഇതെന്നെ കഴിക്കൂ…’ ‘കമ്പനിയുടെ പേരെന്തെന്നാ പറഞ്ഞത്?’ ഞാന്‍ ചുമ്മാ ചോദിച്ചു. അതിനു ഞാന്‍ പേരുപറഞ്ഞില്ലല്ലോ എന്നും പറഞ്ഞ് ചിരിച്ച് കൊണ്ട് പുള്ളി സ്‌കൂട്ടായി.

ഡോ. അഖില്‍ എം ആര്‍

ഡോ. അഖില്‍ എം ആര്‍

പെരിന്തല്‍മ്മണ്ണ എം ഇ എസ് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍

More Posts

Advertisement