ബുദ്ധമഠങ്ങളെയും, അവിടുത്തെ ലാമാമാരെയും ആചാരങ്ങളെയും കുറിച്ചൊക്കെ മലയാളികൾക്ക് പറഞ്ഞു തന്നത് തൈപ്പറമ്പില്‍ അശോകനും അരശുമ്മൂട്ടില്‍ അപ്പുക്കുട്ടനുമൊക്കെയാണ്, അങ്ങനെ പറഞ്ഞാലും തെറ്റില്ല. ബുദ്ധമത സംസ്കാരത്തിന്റെ പരിചയപ്പെടുത്തൽ മാത്രമായിരുന്നു അന്ന് ‘യോദ്ധാ’ നടത്തിയത്. ബുദ്ധമഠത്തിൽ റിംബോച്ചെ ആയി വാഴിക്കാൻ പോകുന്ന ഒരു കുട്ടിയെ ബലി കഴിച്ച് അജയ്യത കൈവരിക്കാൻ ആഗ്രഹിക്കുന്ന ദുർമന്ത്രവാദിനിയും കാവലാളുകളും, കുട്ടിയെ ജീവൻ പോലും നോക്കാതെ കാക്കാനിറങ്ങിയ നായകനെയുമാണ് ‘യോദ്ധ’ ആവിഷ്കരിച്ചതെങ്കിൽ, യഥാർഥ ജീവിതത്തിലും അധിനിവേശത്തോട് പൊരുതി വാഴുന്ന ലാമകളെ നമുക്ക് കാണാനാകും.
ചൈനയുടെ ടിബറ്റന്‍ അധിനിവേശത്തോടെ അറുപതുകൊല്ലം മുന്‍പാണ് ദലൈലാമ തന്റെ അനുയായികളുമായി ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നത്. ലോകത്തിലെല്ലായിടത്തുമുള്ള ടിബറ്റൻ ബുദ്ധവംശജർക്ക് ആത്മീയമായും, ലൗകികമായും നേതൃത്വം നൽകുന്ന വ്യക്തിയെയാണ് ദലൈലാമ എന്നു വിളിക്കുന്നത്. നിലവിലുള്ള പതിനാലാം ലാമയ്ക്ക് ജൂലൈ 5 ന് 90 വയസ്സ് തികയും. അഭയാര്‍ഥിയായിക്കഴിയുന്ന ദലൈലാമയുടെ പുനരവതാരം എവിടെ എങ്ങനെയെന്നാണ് ലോകം ഉറ്റുനോക്കുന്നത്, പ്രേത്യകിച്ച് ചൈന.
ദലൈലാമ എന്ന പദം മംഗോള്‍, ടിബറ്റന്‍ എന്നീ ഭാഷകളിലെ സാഗരം, സന്ന്യാസി എന്നിങ്ങനെ രണ്ടു വാക്കുകള്‍ ചേര്‍ത്തുണ്ടാക്കിയതാണ്. ഇങ്ങനെ അഗാധപാണ്ഡിത്യമുള്ള സന്ന്യാസിവര്യന്‍ എന്ന അര്‍ഥമാണ് ദലൈലാമ എന്ന പദത്തിനുള്ളത്. ഇത് ആദ്യം ഉപയോഗിച്ചത് 1578-ല്‍ സോനം ഗ്യാട്‌സോവിന് ഈ പദവിനല്‍കി ബഹുമാനിച്ച മംഗോള്‍ പടത്തലവനായ അല്‍ട്ടാന്‍ ഖാന്‍ ആണ്. സോനം ഗ്യാട്സോ സ്വയം താന്‍ മൂന്നാം ദലൈലാമയാണെന്നു പ്രഖ്യാപിച്ചപ്പോള്‍ അതിനുമുന്‍പുള്ള രണ്ട് അവതാരങ്ങള്‍ ഒന്നും രണ്ടും ദലൈലാമമാരായി ചരിത്രത്തില്‍ സ്ഥാനംനേടി. പതിനാറാം നൂറ്റാണ്ടിലാണ് ദലൈലാമയുടെ വാഴ്ച ആരംഭിക്കുന്നത്.
പുനർജ്ജനിക്കുന്ന പിൻഗാമികൾ
ദലൈലാമ മരണചക്രത്തിൽ നിന്നും ഒഴിവാക്കപ്പെട്ട് പുനർജനിക്കുന്നു എന്നാണ് ടിബറ്റൻ പാരമ്പര്യം വിശ്വസിക്കുന്നത്. അവലോകിതേശ്വരന്‍ എന്ന ബോധിസത്വന്റെ പുനരവതാരമായിട്ടാണ് ടിബറ്റന്‍ ജനത ദലൈലാമയെ കാണുന്നത്. ടിബറ്റൻ ബുദ്ധമതക്കാരുടെ ആത്മീയ നേതാവായ ദലൈലാമയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നത്, ദശലക്ഷക്കണക്കിന് അനുയായികൾക്ക് മാത്രമല്ല, തന്ത്രപരമായ കാരണങ്ങളാൽ ചൈന, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങൾക്കും വലിയ താൽപ്പര്യമുള്ള കാര്യമാണ്.
1935 ജൂലൈ 6 ന് ചൈനയുടെ വടക്കുപടിഞ്ഞാറായി ഇപ്പോൾ ക്വിങ്ഹായ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു കർഷക കുടുംബത്തിലാണ് പതിനാലാമത്തെ ദലൈലാമ ജനിച്ചത്. ലാമോ ധോണ്ടപ്പ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പേര്. ടിബറ്റൻ സർക്കാർ അയച്ച ഒരു തിരച്ചിൽ സംഘമാണ് മൂന്ന് വയസ് മാത്രമുള്ള ഇളയ കുട്ടി ദലൈലാമയുടെ പുനര്‍ജന്മമാണെന്ന് തിരിച്ചറിഞ്ഞത്. ടിബറ്റ് സ്വയംഭരണ പ്രദേശത്തിന്റെ തലസ്ഥാനമായ ലാസയിലെ പൊട്ടാല കൊട്ടാരത്തില്‍ നിന്നായിരുന്നു അന്വേഷണ സംഘം അവിടെ എത്തിയത്. ഒരു മുതിർന്ന സന്യാസിക്ക് ലഭിച്ച ദർശനത്തെ തുടർന്നായിരുന്നു അന്വേഷണം.
പരിചാരകന്റെ വേഷമിട്ട സംഘത്തലവനെ മൂന്ന് വയസുകാരന്‍ പേരെടുത്ത് വിളിച്ചത് അവരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചു. അന്ന് മടങ്ങിയ സംഘം പിന്നീട് തിരിച്ചെത്തിയത് ദലൈലാമയുടെ ഏതാനും സ്വകാര്യവസ്തുക്കളുമായാണ്. അവ സമാനരീതിയിലുള്ള മറ്റു വസ്തുക്കളുമായി ഇടകലര്‍ത്തി ആ കുട്ടിയുടെ മുന്നില്‍വെച്ചു. ‘ഇതെന്റേതാണ്, ഇതെന്റേതാണ്’ ദലൈലാമയുടെ വസ്തുക്കള്‍ ഓരോന്നും എടുക്കുമ്പോള്‍ അവന്‍ പറഞ്ഞു. കുട്ടി ദലൈലാമയുടെ പുനര്‍ജന്മം തന്നെയാണെന്ന് അന്വേഷകസംഘം തീര്‍ച്ചപ്പെടുത്തി. 1940 ഫെബ്രുവരിയിൽ, പൊട്ടാല കൊട്ടാരത്തിൽ നടന്ന ഒരു ചടങ്ങിൽ ലാമോ തോണ്ടപ്പ് ടിബറ്റുകാരുടെ ആത്മീയ നേതാവായി ഔദ്യോഗികമായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു.
മാവോ സെദോങ്ങിന്റെ കമ്മ്യൂണിസ്റ്റുകളുടെ ഭരണത്തിനെതിരായ പരാജയപ്പെട്ട പ്രക്ഷോഭത്തിൽ നിന്ന് പലായനം ചെയ്തതിന് ശേഷം 1959 മുതൽ ദലൈലാമ വടക്കേ ഇന്ത്യയിൽ പ്രവാസ ജീവിതം നയിച്ചുവരികയാണ്. ആധ്യാത്മിക പ്രസ്ഥാനത്തിന്റെ പുതിയ അമരക്കാരനെ, 15–ാം ദലൈലാമയെ അറിയാൻ കാത്തിരിക്കുകയാണ് ലോകം. പുതിയ ലാമയെ തങ്ങൾ പ്രഖ്യാപിക്കുമെന്നാണ് ചൈനയുടെ നിലപാട്. എന്നാൽ 2025 മാർച്ചിൽ പുറത്തിറങ്ങിയ ” വോയ്‌സ് ഫോർ ദി വോയ്‌സ്‌ലെസ് ” എന്ന തന്റെ പുസ്തകത്തിൽ, തന്റെ പിൻഗാമി ചൈനയ്ക്ക് പുറത്തായിരിക്കും ജനിക്കുക ദലൈലാമ പറയുകയുണ്ടായി. ‘സ്വതന്ത്രമായ ദേശത്തു’ നിന്നാകും പുതിയ ലാമ എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം, ഇന്ത്യയിൽ നിന്നും ഒരു പിൻഗാമി ഉണ്ടാകുമെന്ന സൂചനയും നൽകിയിരുന്നു.
അദ്ദേഹത്തിന്റെ പുനർജന്മത്തെ അംഗീകരിക്കാനുള്ള ഏക അധികാരം ഗാഡൻ ഫോഡ്രാങ് ട്രസ്റ്റിനാണ് നൽകിയിരിക്കുന്നത്. ആത്മീയവും മാനുഷികവുമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ദലൈലാമ സ്ഥാപിച്ച ലാഭേച്ഛയില്ലാത്ത സംഘടനയാണ് ഗാഡെൻ ഫോഡ്രാങ് ട്രസ്റ്റ്. 2011-ൽ നടത്തിയ ഒരു പ്രസംഗത്തിൽ, ഉയർന്ന പ്രബുദ്ധരായ ബുദ്ധമതക്കാർക്ക് “മരണത്തിന് മുമ്പ് ഒരു പ്രകാശനം പ്രകടിപ്പിക്കാൻ” കഴിയുമെന്ന് ദലൈലാമ പരാമർശിച്ചു. തന്റെ ജീവിതകാലത്ത് ഒരു പിൻഗാമിയെ പരിശീലിപ്പിക്കാനുള്ള സാധ്യത അദ്ദേഹം ഉയർത്തുകയാണെന്ന് ചില വിദഗ്ധർ അനുമാനിച്ചെങ്കിലും, ടിബറ്റൻ ഉദ്യോഗസ്ഥർ അത് തള്ളിയിരുന്നു.
ദലൈലാമയെ പോലെ തന്നെ ധർമ്മശാല ആസ്ഥാനമായുള്ള ടിബറ്റിന്റെ പ്രവാസി പാർലമെന്റ്, ഗേഡൻ ഫോഡ്രാങ് ട്രസ്റ്റിലെ ഉദ്യോഗസ്ഥർ 14-ാമത് ദലൈലാമയുടെ പിൻഗാമിയെ കണ്ടെത്തി അംഗീകരിക്കുന്നതുവരെ നാടുകടത്തപ്പെട്ട സർക്കാരിന് അവരുടെ പ്രവർത്തനങ്ങൾ തുടരുന്നതിനുള്ള സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ദലൈലാമ, മുതിർന്ന സന്യാസി സാംഡോങ് റിൻപോച്ചെ, ദലൈലാമയുടെ ഓഫീസിൽ ജോലി ചെയ്യുന്ന അടുത്ത സഹായികൾ എന്നിവരാണ് ഇതിലെ അംഗങ്ങൾ.
ദലൈലാമയുടെ പിൻഗാമിയെ അംഗീകരിക്കാൻ തങ്ങളുടെ നേതാക്കൾക്ക് അവകാശമുണ്ടെന്നും, ഒരു സ്വർണ്ണ കലശത്തിൽ നിന്ന് സാധ്യമായ പുനർജന്മങ്ങളുടെ പേരുകൾ എടുക്കുന്ന ഒരു തിരഞ്ഞെടുപ്പ് ചടങ്ങ് 1793 ൽ ക്വിംഗ് രാജവംശത്തിന്റെ കാലത്ത് നടന്നിരുന്നുവെന്നും ചൈന പറയുന്നു. ദലൈലാമയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്ക് ശേഷം പുനർജന്മത്തെ തിരഞ്ഞെടുക്കാൻ അംഗീകാരം നൽകണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ദലൈലാമയുടെ പിന്തുടർച്ച ചൈനീസ് നിയമങ്ങളും ചട്ടങ്ങളും മതപരമായ ആചാരങ്ങളും ചരിത്രപരമായ കൺവെൻഷനുകളും പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ഒരു പതിവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചൈനയുടെ അതിർത്തിക്കുള്ളിൽ സ്വർണ്ണ കലശം ഉപയോഗിക്കുന്നതിനും പുനർജന്മങ്ങൾ ജനിക്കുന്നതിനും അനുശാസിക്കുന്ന ദേശീയ നിയമങ്ങൾ പാലിച്ചുകൊണ്ട് ദലൈലാമയുടെ പുനർജന്മം തീരുമാനിക്കണമെന്ന് ചൈന വാദിക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ചൈനയുടെ പങ്കിനെക്കുറിച്ച് പല ടിബറ്റുകാരും സംശയാലുക്കളാണ്. മതത്തെ നിരസിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റുകാർ, ദലൈലാമയുടെ പുനർജന്മ വ്യവസ്ഥയിൽ ഇടപെടുന്നത് അനുചിതമാണ് എന്നാണ് അവരുടെ നിലപാട്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തിരഞ്ഞെടുക്കുന്ന ഒരു സ്ഥാനാർത്ഥിയെ സ്വീകരിക്കരുതെന്നും ദലൈലാമ ടിബറ്റുകാരോട് ആവശ്യപ്പെട്ടിരുന്നു. ടിബറ്റില്‍ തന്ത്രപ്രധാന സ്ഥാനങ്ങളെല്ലാം തങ്ങളോട് ആലോചിച്ച് മാത്രമേ പ്രഖ്യാപിക്കാവൂ എന്നണ് ചൈനീസ് നിലപാട്. 1995-ല്‍, ചൈനീസ് ഭരണകൂടവുമായി കൂടിയാലോചിക്കാതെ ദലൈലാമ ഒരു ആറുവയസ്സുകാരനെ 11-ാം പഞ്ചെം ലാമയായി പ്രഖ്യാപിച്ചിരുന്നു. മൂന്നുദിവസത്തിനുശേഷം കുട്ടിയെയും കുടുംബത്തെയും ചൈനീസ് അധികാരികള്‍ കുട്ടിയെ തടവിലാക്കുകയും അവരുടെ സ്വന്തം പഞ്ചന്‍ ലാമയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുടെ മകനും ടിബറ്റന്‍ ബാലനുമായ ഗ്യാല്‍സെന്‍ നോര്‍ബുവിനെയാണ് ചൈന പഞ്ചെം ലാമയായി പ്രഖ്യാപിച്ചത്. ടിബറ്റില്‍ ബുദ്ധമതത്തെ നിയന്ത്രിച്ചും ദലൈലാമയുടെ സ്വാധീനം തകര്‍ക്കാനുമുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗമാണ് പഞ്ചെം ലാമയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിലയിരുത്തുന്നത്. ടിബറ്റുകാരെ നിയന്ത്രിക്കാനും സ്വാധീനിക്കാനുമായി തങ്ങള്‍ പ്രഖ്യാപിച്ച പഞ്ചെം ലാമയെ ചൈനക്ക് ഉപയോഗിക്കാന്‍ സാധിക്കും. ഒപ്പം ദലൈലാമയുടെ പുനര്‍ജന്മം കണ്ടെത്താനുള്ള സമയം വരുമ്പോള്‍, അത് തങ്ങള്‍ക്ക് അനുകൂലമായി മാറ്റാനും ഇതുവഴി ചൈനക്ക് കഴിയും. അതിനാല്‍തന്നെ ടിബറ്റുകാര്‍ ‘പഞ്ചെം സുമ’ (തെറ്റായ പഞ്ചെം) എന്നാണ് ഗയാല്‍സെന്‍ നോര്‍ബുവിനെ വിളിക്കുന്നത്.
ഇന്ത്യയിലേക്ക്…
ലാസയില്‍നിന്ന് പുറപ്പെട്ട് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ദലൈലാമയും സംഘവും ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തുന്നത്. ഒളിച്ചും പതുങ്ങിയും സിക്കിം വഴി, ചാങ്കു തടാകത്തെ ചുറ്റി, 1959 മാര്‍ച്ച് 31-നാണ് സംഘം ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യയോടുള്ള ചൈനയുടെ ശത്രുതയ്ക്ക് മുഖ്യകാരണവും അദ്ദേഹത്തിന് അഭയംനല്‍കി എന്നതാണ്. അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്ക് ഇന്നും ചൈനയുടെ ഭീഷണിയുണ്ട്. ഇന്ന് ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം ടിബറ്റൻ ബുദ്ധമതക്കാർ താമസിക്കുന്നതായി കണക്കാക്കപ്പെടുന്നു, അവർക്ക് അവിടെ പഠിക്കാനും ജോലി ചെയ്യാനും സ്വാതന്ത്ര്യമുണ്ട്.
നിരവധി ഇന്ത്യക്കാർ അദ്ദേഹത്തെ ആദരിക്കുന്നു, കൂടാതെ ഇന്ത്യയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ചൈനയുമായി ഇന്ത്യക്ക് ഒരു പരിധിവരെ സ്വാധീനം ചെലുത്തുന്നുവെന്ന് അന്താരാഷ്ട്ര വിശകലന വിദഗ്ധർ പറയുന്നു. ആഗോള ആധിപത്യത്തിനായി ചൈനയോട് നിരന്തരം മല്ലിടുന്ന അമേരിക്കയും, ടിബറ്റുകാരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധ ആവർത്തിച്ചിട്ടുണ്ട്. ദലൈലാമയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിൽ ചൈനയെ സ്വാധീനിക്കാൻ അനുവദിക്കില്ലെന്ന് അമേരിക്ക മുമ്പ് പറഞ്ഞിരുന്നു. 2024-ൽ, മുൻ പ്രസിഡന്റ് ജോ ബൈഡൻ, കൂടുതൽ സ്വയംഭരണത്തിനായുള്ള ടിബറ്റിന്റെ ആവശ്യങ്ങളെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ചൈനയിൽ സമ്മർദ്ദം ചെലുത്തുന്ന ഒരു നിയമത്തിൽ ഒപ്പുവെച്ചിരുന്നു.
content summary: how will the Dalai Lama’s successor be chosen?