UPDATES

ഇന്ത്യ

അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിസഭയിലേക്ക്

കണ്ണന്താനം ഉള്‍പ്പെടെ ഒന്‍പത് പുതിയ മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം

                       

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് ഈ സര്‍ക്കാരില്‍ കേരളത്തിന് ആദ്യ പ്രതിനിധിയെ ലഭിച്ചത്. കണ്ണന്താനം ഉള്‍പ്പെടെ ഒന്‍പത് പുതിയ മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. നാളെ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

ബീഹാര്‍ ലോകസഭാ എംപി അശ്വനി കുമാര്‍ ചൗബെ, ഉത്തര്‍പ്രദേശ് രാജ്യസഭാ എംപി ശിവ പ്രതാപ് ശുക്ല, മധ്യപ്രദശ് ലോക സഭാ എംപി വീരേന്ദ്രകുമാര്‍, കര്‍ണാടക ലോകസഭാ എംപി അനന്ത്കുമാര്‍ ഹെഗ്‌ഡേ, ബീഹാര്‍ ലോകസഭാ എംപി രാജ്കുമാര്‍ സിംഗ്, രാജസ്ഥാന്‍ ലോകസഭയില്‍ നിന്ന് ഗജേന്ദ്രസിംഗ് ശെഖാവത്ത്, ഉത്തര്‍ പ്രദേശ്-ലോകസഭയില്‍ നിന്ന് സത്യപാല്‍ സിംഗ്, ഹര്‍ഷദീപ് സിംഗ് പൂരി എന്നിവരാണ്് കണ്ണന്താനത്തെ കൂടാതെ നാളെ കേന്ദ്ര മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന് വിവരം.

കണ്ണന്താനവും ഹര്‍മീത് പൂരിയും ഒഴിച്ച് ബാക്കിയെല്ലാവരും നിലവില്‍ എംപിമാരാണ്. പാര്‍ലമെന്റ് അംഗത്വമില്ലാതെ കേന്ദ്രമന്ത്രിയായാല്‍ ആറ് മാസത്തിനുള്ളില്‍ രാജ്യസഭയിലോ ലോകസഭയിലോ അംഗത്വം നേടണമെന്നാണ് ചട്ടം. ആരെയൊക്കെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് അമിത് ഷാ മോദിയെ കാണാനെത്തിയത്.

നിലവിലെ മന്ത്രിമാരുടെ വകുപ്പുമാറ്റവും ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി സഹമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, സഞ്ജയ് കുമാര്‍ ബല്യന്‍, ഭഗന്‍ സിങ് കുലസ്‌തെ, മഹേന്ദ്രനാഥ് പാണ്ഡെ എന്നിവര്‍ രാജിവച്ചിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍