ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രതിരോധരംഗത്തെ അഴിമതി ഒരു പ്രധാന പ്രചാരണ വിഷയമായി മാറുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ആയുധങ്ങളും മറ്റ് പ്രതിരോധ സാമഗ്രികളും വാങ്ങുന്നതിനുള്ള കരാറുകൾ സജീവമാക്കി കേന്ദ്ര സർക്കാർ. ഇന്നലെ (ഫെബ്രുവരി 12) യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തോക്ക് നിർമാണ കമ്പനി സിഗ് സോയറിൽ നിന്ന് 7.62x51mm റൈഫിളുകൾ വാങ്ങാനുള്ള കരാറിൽ ഒപ്പിട്ടു. ഇന്നലെത്തന്നെയാണ് 111 ഹെലിക്കോപ്റ്ററുകൾ വാങ്ങാനായി തൽപരരായ കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചുള്ള ഉത്തരവ് പ്രതിരോധ മന്ത്രാലയത്തിൽ നിന്നും ഇറങ്ങിയത്.
റാഫേൽ അഴിമതി സംബന്ധിച്ച് പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പ്രതിരോധത്തിലാക്കിയ സന്ദർഭത്തിലാണ് ഈ നീക്കം. ദി ഹിന്ദു പത്രത്തിൽ മുതിർന്ന മാധ്യമപ്രവർത്തകനായ എൻ റാം ശേഖരിച്ച വിവരങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങൾ റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടിട്ടുണ്ടെന്ന് സുവ്യക്തമായിട്ടുണ്ട്. ദേശീയതാ വിഷയങ്ങൾ ഉന്നയിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ പ്രതിരോധ ആയുധ ഇടപാടിലെ അഴിമതി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിക്ക് വലിയ പരിമിതികളുണ്ടാക്കും. ഈ പ്രശ്നത്തെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം ഇപ്പോൾ നടത്തി വരുന്നത്.
സിഗ് സോയറുമായുള്ള തോക്ക് ഇടപാട് 647 കോടി രൂപയുടേതാണ്. 72,400 റൈഫിളുകളാണ് ഇതുവഴി ഇന്ത്യക്ക് ലഭിക്കുക. ഒരു വർഷത്തിനുള്ളിൽ ഡെലിവറി പൂർത്തിയാക്കുമെന്നാണ് കരാറിലെ ഉറപ്പ്. അതായത് അടുത്ത സർക്കാരിന്റെ തുടക്കകാലത്തു തന്നെ ഈ തോക്കുകൾ രാജ്യത്തെത്തും. നിലവിൽ ഉപയോഗിക്കുന്ന 5.56mm ഇന്ത്യൻ സ്മാള്‍ ആംസ് സിസ്റ്റം റൈഫിളുകള്‍ക്ക് പരമായാണ് ഇവ എത്തുക. താരതമ്യേന വലിപ്പവും ഭാരവും കുറഞ്ഞതും യുദ്ധമേഖലകളിലെ പരുക്കൻ ഉപയോഗത്തിന് യോജിച്ചവയുമാണ് പുതിയ റൈഫിളുകൾ. ആധുനിക സാങ്കേതികതയിലുള്ള നിർമിതിയും ഒരു മെച്ചമാണ്. കാർഗിൽ യുദ്ധം കഴിഞ്ഞ് വർഷങ്ങളേറെ കഴിഞ്ഞിട്ടും യുദ്ധസാമഗ്രികൾ ഇന്നും പഴയവ തന്നെയാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ ഈയടുത്തകാലത്ത് വന്നിരുന്നു. മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷവും ഇതിൽ കാര്യമായ മാറ്റമൊന്നുമുണ്ടായില്ലെന്ന വിമർശനവും നിലനിൽക്കുന്നുണ്ട്.
ഒരു യുഎഇ കമ്പനിയിൽ നിന്നും 93,895 ഓട്ടോമാറ്റിക് റൈഫിളുകൾ വാങ്ങാനുള്ള പരിപാടിയും തകൃതിയായിത്തന്നെ നടക്കുന്നുണ്ട്. ഇതും തെരഞ്ഞെടുപ്പിനു മുമ്പായി കരാറിലെങ്കിലും എത്തിക്കാന്‍ സർക്കാർ ശ്രമിച്ചേക്കും. അതിവേഗത്തിൽ ലഭ്യമാക്കാനുള്ള [ast-track procurement (FTP)] നടപടികളാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്.
21,738 കോടി രൂപയുടെ മറ്റൊരു പ്രതിരോധ ഇടപാടിനുള്ള ഒരുക്കം കൂടി കേന്ദ്ര സര്‍ക്കാർ നടത്തുന്നുണ്ട്. 111 പടക്കോപ്റ്ററുകൾ വാങ്ങാനുള്ള ഒരു കരാറിനായി തൽപരരായ കമ്പനികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട് കേന്ദ്രം. ലോക്ക്ഹീഡ് മാർട്ടിൻ, എയർബസ് ഹെലികോപ്റ്റേഴ്സ്, ബെൽ ഹെലികോപ്റ്റേഴ്സ് എന്നീ വിദേശ കമ്പനികൾ ഈ കരാറിനു വേണ്ടി അപേക്ഷ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യൻ കമ്പനികളായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, മഹീന്ദ്ര ഡിഫൻസ്, അദാനി ഡിഫൻസ്, എൽആൻഡ്ടി, ഭാരത് ഫോർജ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ എന്നീ ഇന്ത്യൻ കമ്പനികളും താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്താനിടയുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും കമ്പനികള്‍ സംയുക്തമായി കോപ്റ്ററുകൾ നിർമിക്കുന്ന വിധത്തിലായിരിക്കും കരാർ. 60% ഭാഗങ്ങളും ഇന്ത്യയിൽ നിർമിക്കണം.
സോവിയറ്റ് കാലത്തെ ഹെലിക്കോപ്റ്ററുകളാണ് നിലവിൽ നേവിയുടെ പക്കലുള്ളവയിൽ അധികവും. ഫ്രാൻസിൽ രൂപകൽപ്പന ചെയ്ത ചേതക് പടക്കോപ്റ്ററുകളാണ് മറ്റൊന്ന്. ചേതക്കിനെ പുതുക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം. ദീർഘകാലമായി ഉയരുന്ന ആവശ്യമാണെങ്കിലും തെരഞ്ഞെടുപ്പിനോടടുപ്പിച്ചാണ് ഇതിനുള്ള ശ്രമം സർക്കാർ തുടങ്ങി വെച്ചിരിക്കുന്നത്.
അതിർത്തിയിൽ ചൈന സൃഷ്ടിക്കുന്ന പ്രകോപനങ്ങളും മറ്റും ഭീഷണിയായി നിലനിൽക്കുമ്പോൾ ഇന്ത്യൻ പട്ടാളം പഴയ കാലത്തെ ആയുധങ്ങള്‍ വെച്ചിരിക്കുന്നത് ആത്മവിശ്വാസത്തിനും വീര്യത്തിനും ഉണ്ടാക്കുന്ന ഇടിവിനെക്കുറിച്ച് ഏറെ നാളായി ചർച്ചകൾ നടന്നു വരുന്നതാണ്. ചൈന പ്രതിരോധ ആയുധങ്ങളുടെ കാര്യത്തിൽ ഇന്ത്യയെക്കാൾ ഏറെ മുമ്പിലാണ്. തദ്ദേശീയമായ സാങ്കേതിക ശേഷിയുടെ കാര്യത്തിലും ചൈന മുന്നിൽത്തന്നെയാണുള്ളത്. മേക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികൾ നടപ്പാക്കിയെങ്കിലും അത് ആയുധനിർമാണം അടക്കമുള്ള മേഖലകളിൽ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിച്ചിരുന്നില്ല.
2019 പൊതുതെരഞ്ഞെടുപ്പിൽ ചർച്ചയാകാൻ പോകുന്ന കാര്യങ്ങളാണ് ഇവയെല്ലാം. പ്രതിരോധ ഇടപാടുകളും രാജ്യത്തിന്റെ സൈന്യത്തിന്റെ ആയുധശേഷിയില്ലായ്മയുമെല്ലാം ചർച്ച ചെയ്യപ്പെടുകയും ശക്തിയായി ഉന്നയിക്കപ്പെടുകയും ചെയ്യും. ഈ ഘട്ടങ്ങളിൽ ബിജെപിക്ക് പിടിച്ചു നിൽക്കാൻ ഈ പുതിയ കരാറുകൾ സഹായകമായേക്കും. പുതിയ ആയുധങ്ങൾ വാങ്ങാൻ കരാറിലേർപ്പെടുന്ന വാർത്തയ്ക്ക് പരമാവധി പ്രചാരണം നൽകാൻ ബിജെപി ശ്രമിക്കുന്നുണ്ട്. ബിജെപിയോട് അനുബാവം പുലര്‍ത്തുന്ന ചില മുഖ്യധാരാ ദേശീയ മാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് ഈ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്.