July 09, 2025 |
Share on

ഇന്ത്യ – താലിബാൻ ബന്ധം ദൃഢമാകുമ്പോൾ പാകിസ്ഥാന് പഷ്തൂൺ ആശങ്കയാകുമോ?

കഴിഞ്ഞ 18 മാസത്തിനിടെ 900000ത്തിലധികം അഫ്ഗാൻ അഭയാർത്ഥികളെ പാകിസ്ഥാൻ പുറത്താക്കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ താലിബാനുമായുള്ള സൗഹൃദം ദൃഢപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. രണ്ടാം താലിബാൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജനുവരിയിലാണ് ഇന്ത്യ അഫ്​ഗാനുമായി മന്ത്രിതല ചർച്ച നടത്തിയത്. തുടർന്ന് കഴിഞ്ഞാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും താലിബാൻ സർക്കാർ പ്രതിനിധിയും അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായ ആമിർ ഖാൻ മുത്തഖിയുമായി ഫോൺ സംഭാഷണവും നടത്തിയിരുന്നു. ഇന്ത്യ – അഫ്​ഗാനിസ്ഥാൻ ബന്ധത്തിലുണ്ടാകുന്ന വളർച്ച പാകിസ്ഥാന് അസ്വസ്ഥതയുണ്ടാക്കാൻ കാരണമായേക്കാമെന്ന് ദി വയറിന്റെ റിപ്പോർട്ടിൽ പറയുന്നു.

പാകിസ്ഥാന്റെ പടിഞ്ഞാറൻ അതിർത്തിയിലുള്ള പഷ്തൂൺ ജനതയ്ക്ക് പ്രത്യേക മാതൃരാജ്യം സംബന്ധിച്ച ദീർഘകാലമായ ആവശ്യം വീണ്ടും ശക്തമാവുകയും സംഘർഷത്തിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയും അഫ്​ഗാനുമായുള്ള ബന്ധത്തിന് വിള്ളൽ വീഴ്ത്താൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നു. എന്നാൽ അഫ്​ഗാനിസ്ഥാനിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്ന പാകിസ്ഥാന്റെ വാദം അഫ്​ഗാൻ നിരസിക്കുകയായിരുന്നു. പാകിസ്ഥാന്റെ അവകാശവാദം ‌‌‌നിഷേധിച്ചതിന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ താലിബാൻ ഉദ്യോഗസ്ഥൻ അമീർ ഖാൻ മുത്താഖിയോട് നന്ദി പറഞ്ഞതായാണ് ലഭിക്കുന്ന വിവരം.

പാകിസ്ഥാൻ നടത്തിയ പഹൽ​ഗാം ഭീകരാക്രമണത്തെയും മുത്താഖി അപലപിച്ചിരുന്നു. അക്രമകാരികളെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് ഇന്ത്യയും താലിബാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തി. അതേസമയം, പാകിസ്ഥാനും താലിബാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയാണ് ചെയ്തത്. താലിബാൻ വിദേശനയത്തിലുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തെ ശക്തമാക്കാൻ ശ്രമിക്കുകയാണ്. പാകിസ്ഥാനുമായി പങ്കിടുന്ന അതിർത്തിയിലുള്ള പാകിസ്ഥാന്റെ ആധിപത്യത്തെ എതിർക്കുകയും ചെയ്യുന്നു. പാകിസ്ഥാനെതിരെ പോരാടുന്ന ഒരു തീവ്രവാദ ഗ്രൂപ്പായ തെഹ്രീക് -ഇ-താലിബാനെ (TTP) പിന്തുണയ്ക്കുകയും ചെയ്യുന്നു.

കഴിഞ്ഞ 18 മാസത്തിനിടെ 900000ത്തിലധികം അഫ്ഗാൻ അഭയാർത്ഥികളെ പാകിസ്ഥാൻ പുറത്താക്കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. അതിർത്തിയിൽ വെച്ച് പാകിസ്ഥാൻ സുരക്ഷ സേന തങ്ങളുടെ പണം കൊള്ളയടിച്ചുവെന്നും കഠിനമായ സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങിയതെന്നും അഭയാർത്ഥികൾ പറഞ്ഞിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പാകിസ്ഥാൻ – അഫ്​ഗാനിസ്ഥാൻ ബന്ധത്തിൽ ഏറ്റവും പ്രശ്നമായി നിലനിൽക്കുന്നത് പഷ്തൂൺ ആണ്. അഫ്ഗാനിസ്ഥാൻ-പാക് അതിർത്തിയുടെ ഇരുവശങ്ങളിലായി താമസിക്കുന്ന ഇവർ ഒരു പ്രധാന വംശീയ വിഭാഗമാണ്. പാകിസ്ഥാനിൽ പഷ്തൂൺ വിഭാഗങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ള ബലൂച്, ഖൈബർ പഖ്തൂൺവ മേഖലകൾ കൂട്ടിച്ചേർത്ത് പഷ്തൂണിസ്ഥാൻ ഉണ്ടാക്കണമെന്നാണ് താലിബാന്റെ ആവശ്യം. എന്നാൽ പഷ്തൂണിസ്ഥാൻ എന്ന ആശയം പാകിസ്ഥാന്റെ പ്രാദേശിക ഐക്യത്തിന് ഭീഷണിയാണെന്നാണ് രാജ്യം വാദിക്കുന്നത്. 1893ൽ ബ്രിട്ടീഷ് ഭരണകാലത്ത് വരച്ച ഡ്യൂറണ്ട് രേഖ ഒരു അഫ്ഗാൻ സർക്കാരും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഈ വിഷയം കാബൂളിനും ഇസ്ലാമാബാദിനും ഇടയിൽ വളരെക്കാലമായി സംഘർഷത്തിന് കാരണമായിട്ടുണ്ട്.

അതേസമയം, താലിബാനുമായുള്ള ഇന്ത്യയുടെ കൂടിക്കാഴ്ച രു രാഷ്ട്രീയ സമീപനം കൂടിയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിലവിലെ ബന്ധം ദൃഢമാക്കുന്നതിലൂടെ ഇന്ത്യയ്ക്ക് കാബൂളിൽ പാകിസ്ഥാനെക്കാൾ സ്വാധീനം ചെലുത്താൻ സാധിക്കും. പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമുള്ള വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാനും ഇത് സഹായിക്കുന്നു.

Content Summary: India-Taliban ties strengthen; will Pakistan worry about Pashtuns?

Leave a Reply

Your email address will not be published. Required fields are marked *

×