June 18, 2025 |

ചരിത്രമെഴുതാൻ ശുഭാംശു ശുക്ല; ബഹിരാകാശത്തേക്ക് പറന്നുയരുക കെന്നഡി ലോഞ്ച് കോംപ്ലക്സിൽ നിന്ന്

നീൽ ആംസ്ട്രോങ് അപ്പോളോ 11 ദൗത്യത്തിനായി പറന്നുയർന്ന് ചരിത്രം സൃഷ്ടിച്ച അതേ ലോഞ്ചാണ് കെന്നഡി ലോഞ്ച് കോംപ്ലക്സിലെ ലോഞ്ച് 39എ

രാകേഷ് ശർമയ്ക്ക് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്താൻ തയ്യാറെടുക്കുന്ന ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയിൽ താമസം നേരിട്ടേക്കുമെന്ന റിപ്പോർട്ട് ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. ഇത് നിരാശയുണ്ടാക്കുന്ന വാർത്തയാണെങ്കിലും മറ്റൊരു ചരിത്ര നിമിഷത്തിനാവും കെന്നഡി ലോഞ്ച് കോംപ്ലക്സിലെ ലോഞ്ച് 39എ സാ​ക്ഷ്യം വഹിക്കുന്നത്. 1969 ജൂലൈ 16ന് നീൽ ആംസ്ട്രോങ് അപ്പോളോ 11 ദൗത്യത്തിനായി പറന്നുയർന്ന് ചരിത്രം സൃഷ്ടിച്ച അതേ ലോഞ്ചാണ് കെന്നഡി ലോഞ്ച് കോംപ്ലക്സിലെ ലോഞ്ച് 39എ. ഇവിടെ നിന്നാണ് ശുഭാംശു ശുക്ല പറന്നുയരുന്നത്.

ചന്ദ്രനിൽ കാലുകുത്തിയേക്കില്ലെന്നും പകരം, ഭ്രമണപഥത്തിലെ അന്താരാഷ്ട്ര ബഹിരാകാശ ലബോറട്ടറിയിലേക്കായിരിക്കും ശുഭാംശുവിന്റെ യാത്രയെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ശുഭാംശു ശുക്ലയുടെ ബഹികാരാശ യാത്ര നിലവിൽ 2025 ജൂൺ 28 ഞായറാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6.41ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. ബഹിരാകാശ ദൗത്യം കൈകാര്യം ചെയ്യുന്ന ഹൂസ്റ്റൺ ആസ്ഥാനമായുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്പേസ് ആണ് ഇക്കാര്യം അറിയിക്കുന്നത്. ബഹിരാകാശ യാത്രയ്ക്ക് മുന്നോട്ടിയായി നാസ നടത്തിയ യാത്ര അവലോകനത്തിന് ശേഷമാണ് ദൗത്യം മാറ്റുന്ന വിവരം അറിയിക്കുന്നത്. ഷെഡ്യൂളിൽ വന്ന പുതിയ ക്രമീകരണങ്ങൾ ദൗത്യത്തിനുള്ള തയ്യാറെടുപ്പുകൾക്കായി കൂടുതൽ സമയം നൽകിയേക്കുമെന്നാണ് വിലയിരുത്തൽ. മനുഷ്യരെ വഹിച്ചു കൊണ്ടുള്ള ദൗത്യങ്ങൾക്ക് കൃത്യമായ തയ്യാറെടുപ്പുകൾ നടത്താൻ സാധിച്ചിട്ടില്ലെങ്കിൽ വീഴ്ചകൾ സംഭവിച്ചേക്കാനും ദൗത്യം പൂർത്തിയാവാതിരിക്കാനും സാധ്യതകളേറെയാണ്. 2025 മെയ് 29 ഇന്ത്യൻ സമയം രാത്രി 10.30യ്ക്ക് ആണ് മുമ്പ് ദൗത്യത്തിന്റെ സമയം തീരുമാനിച്ചിരുന്നത്. എന്നാൽ അവലോകനത്തിന് ശേഷം പിന്നീട് സമയം മാറ്റുകയായിരുന്നു.

ശുഭാംശു ഉൾപ്പെട്ട ആക്സിയം 4 ദൗത്യം സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാ​ഗൺ പേടകത്തിലാവും ബഹിരാകാശ നിലയത്തിലേക്ക് പോവുക. ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിർന്ന ആസ്രോനട്ട് പെ​ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹം​ഗറിയിൽ നിന്നുള്ള ടിമോർ കാപു എന്നിവരാണ് ആക്സിയം 4 ദൗത്യത്തിലെ മറ്റു അം​ഗങ്ങൾ. 14 ദിവസത്തോലം ഇവർ ബഹിരാകാശ നിലയത്തിൽ തങ്ങി വിവിധ പരീക്ഷണങ്ങൾ നടത്തും. രാകേഷ് ശർമയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഭാരതീയൻ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യക്കാരന്‍ ആദ്യമായി പോകുന്നു എന്ന പ്രത്യേകതയും ശുഭാംശു ശുക്ലയുടെ ആക്‌സിയം 4 യാത്രയ്ക്കുണ്ട്.

ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട നാലംഗ വ്യോമസേനാ സംഘത്തിലെ ഒരാളാണ് ഉത്തർപ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ല. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ എന്നിവരാണ് ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍. നാസയും, അമേരിക്കൻ സ്വകാര്യ കമ്പനികളായ ആക്സിയം സ്പേസും സ്പേസ് എക്സും ആയി സഹകരിച്ചാണ് ഇസ്രൊ ശുഭാംശുവിനെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായാണ് ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.

ബഹിരാകാശ രംഗത്തെ ഇന്ത്യ-അമേരിക്ക സഹകരണത്തിന്‍റെ ഭാഗമായാണ് ആക്സിയം 4ല്‍ ശുഭാംശു ശുക്ലയ്‌ക്ക് അവസരം ലഭിക്കുന്നത്. 1984ല്‍ സഞ്ചരിച്ച രാകേഷ് ശര്‍മ്മയാണ് ഇതുവരെ ബഹിരാകാശത്ത് എത്തിയ ഏക ഇന്ത്യന്‍. സോവിയറ്റ് യൂണിയന്‍റെ സോയൂസ് ടി-11 പേടകത്തിലായിരുന്നു രാകേഷ് ശര്‍മ്മയുടെ ബഹിരാകാശ യാത്ര. രണ്ടാഴ്ച നീളുന്ന സ്പേസ് സ്റ്റേഷൻ വാസത്തിനിടയിൽ നിരവധി പരീക്ഷണങ്ങൾ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും, ഇന്ത്യയിലെ പുതിയ തലമുറയ്ക്ക് ദൗത്യം പ്രചോദനമാകുമെന്നും ശുഭാംശു ശുക്ല മുമ്പ് വ്യക്തമാക്കിയിരുന്നു.

content summary: Indian astronaut Shubhanshu Shukla will launch into space from the same launch complex used by Neil Armstrong.

Leave a Reply

Your email address will not be published. Required fields are marked *

×