June 16, 2026 |
Share on

ഹോര്‍മുസ് കടന്ന് ‘ദിശ’; സമാധാന പ്രഖ്യാപനത്തിനു പിന്നാലെ കടലിടുക്ക് കടന്ന് ആദ്യ ഇന്ത്യന്‍ കപ്പല്‍

സമാധാന പ്രഖ്യാപനം വന്നെങ്കിലും ആഗോള ഷിപ്പിംഗ് മേഖല ഇപ്പോഴും അതീവ ജാഗ്രതയിലാണ്

യു.എസും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വിജയകരമായി കടന്ന് ഇന്ത്യന്‍ എല്‍.എന്‍.ജി ടാങ്കറായ ‘ദിശ’. പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് കടുത്ത സുരക്ഷാഭീഷണി നിലനിന്നിരുന്ന ഈ കടല്‍പ്പാതയിലൂടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ കടന്നുപോകുന്ന ആദ്യ ഇന്ത്യന്‍ ചരക്കുകപ്പലാണിത്. പൊതുമേഖലാ സ്ഥാപനമായ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ് സി ഐ) നിയന്ത്രിക്കുന്ന ഈ കപ്പല്‍ ഇന്ത്യയിലെ ഏറ്റവും വലിയ എല്‍.എന്‍.ജി ഇറക്കുമതിക്കാരായ പെട്രോണറ്റ് എല്‍.എന്‍.ജിക്കായുള്ള ഖത്തരി ഇന്ധനവുമായാണ് വരുന്നത്. വരും ദിവസങ്ങളില്‍ ഒപ്പുവെക്കാനിരിക്കുന്ന സമാധാന കരാറിന്റെ പ്രഖ്യാപനത്തിന് ശേഷം ഈ കടലിടുക്ക് മുറിച്ചുകടക്കുന്ന ലോകത്തിലെ തന്നെ ആദ്യ കപ്പലും ‘ദിശ’യാണ്.

കഴിഞ്ഞ മൂന്ന് മാസമായി പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന മാള്‍ട്ടാ പതാക ഘടിപ്പിച്ച ‘ദിശ’, തങ്ങളുടെ ലൊക്കേഷന്‍ വ്യക്തമാക്കുന്ന ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (എ ഐ എസ്) ട്രാന്‍സ്‌പോണ്ടര്‍ ഓണ്‍ ചെയ്തുകൊണ്ട് പൂര്‍ണ്ണ സുതാര്യതയോടെയാണ് ഹോര്‍മുസ് കടലിടുക്ക് മറികടന്നത്. സമീപകാലത്ത് ഈ വഴി കടന്നുപോയ ഒട്ടുമിക്ക കപ്പലുകളും ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ തങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ മറച്ചുവെച്ച് യാത്ര ചെയ്തിരുന്നിടത്താണ് ഈ മാറ്റം. കപ്പല്‍ നിലവില്‍ സുരക്ഷിതമായി പാത പിന്നിട്ടതായും 62,370 മെട്രിക് ടണ്‍ എല്‍.എന്‍.ജി കാര്‍ഗോയുമായി ജൂണ്‍ 18-ഓടെ ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തുമെന്നും ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടര്‍ ഓപേഷ് കുമാര്‍ ശര്‍മ്മ സ്ഥിരീകരിച്ചു.

സമാധാന പ്രഖ്യാപനം വന്നെങ്കിലും ആഗോള ഷിപ്പിംഗ് മേഖല ഇപ്പോഴും അതീവ ജാഗ്രതയിലാണ്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം ഇതുവരെ പൂര്‍ണ്ണതോതില്‍ പുനരാരംഭിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് മാസത്തെ കയ്‌പ്പേറിയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഈ സമാധാന കരാര്‍ എത്രത്തോളം സുസ്ഥിരമായിരിക്കുമെന്ന് നിരീക്ഷിച്ച ശേഷമേ ഗതാഗതം പഴയപടിയാകൂ എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനായി ഇനിയും ആഴ്ചകള്‍ എടുത്തേക്കാം. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് ഇന്ത്യന്‍ കപ്പലുകളെ സുരക്ഷിതമായ സാഹചര്യം ഉറപ്പാകുന്ന മുറയ്ക്ക് നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ‘ദിശ’ പുറത്തുകടന്നതോടെ ഇനി 13 ഇന്ത്യന്‍ കപ്പലുകളാണ് പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ അവശേഷിക്കുന്നത്.

മാര്‍ച്ച് ആദ്യവാരം മുതല്‍ ഇതുവരെ 10 ഇന്ത്യന്‍ കപ്പലുകള്‍ മാത്രമാണ് ഈ പാത കടന്നിട്ടുള്ളത്. ഏപ്രില്‍ 18-ന് രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തതോടെയാണ് ഇന്ത്യന്‍ കപ്പലുകളുടെ സര്‍വീസ് പൂര്‍ണ്ണമായും നിലച്ചത്. അന്ന് ‘ദേശ് ഗരിമ’ എന്ന കപ്പല്‍ മാത്രമാണ് ഭാഗ്യത്തിന് രക്ഷപ്പെട്ടത്. ഇതിനുപിന്നാലെ മാര്‍ച്ചില്‍ അമേരിക്ക ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതും ഏപ്രില്‍ 18-ന് ഇറാന്‍ കടലിടുക്ക് അടച്ചതും മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. അതിനുശേഷം ഇന്ത്യക്കായി എല്‍.പി.ജി, ക്രൂഡ് ഓയില്‍ എന്നിവയുമായി വന്ന ചില വിദേശ കപ്പലുകള്‍ പാത മുറിച്ചുകടന്നെങ്കിലും ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ക്കൊന്നും അനുമതി ഉണ്ടായിരുന്നില്ല. യുദ്ധത്തിനിടയില്‍ യു.എ.ഇയിലെ ഫുജൈറ തുറമുഖത്തിന് നേരെ ആക്രമണമുണ്ടായപ്പോള്‍ അവിടെയുണ്ടായിരുന്ന രണ്ട് ഇന്ത്യന്‍ ടാങ്കറുകള്‍ ഹോര്‍മുസ് കടക്കാതെ ഒമാന്‍ ഉള്‍ക്കടല്‍ വഴി നേരത്തെ രക്ഷപ്പെട്ടിരുന്നു.

ഭാരതത്തെ സംബന്ധിച്ച് ഹോര്‍മുസ് കടലിടുക്ക് അത്യന്തം നിര്‍ണ്ണായകമാണ്. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 40 ശതമാനവും എല്‍.എന്‍.ജിയുടെ 60 ശതമാനവും എല്‍.പി.ജി ഇറക്കുമതിയുടെ 90 ശതമാനവും പശ്ചിമേഷ്യയില്‍ നിന്ന് ഈ ഇടുങ്ങിയ കടല്‍പ്പാത വഴിയാണ് വരുന്നത്. അതുകൊണ്ടുതന്നെയാണ് പ്രതിസന്ധി ഘട്ടത്തിലും എല്‍.പി.ജി ടാങ്കറുകളുടെ സുരക്ഷിതമായ നീക്കത്തിന് ഇന്ത്യ മുന്‍ഗണന നല്‍കിയത്. ഫെബ്രുവരി 28-ന് പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതുമുതല്‍ ആഗോള വ്യാപാരത്തെയും ഊര്‍ജ്ജ വിതരണത്തെയും തടസ്സപ്പെടുത്താന്‍ ഇറാന്‍ ആയുധമാക്കിയത് ഈ കടലിടുക്കിലെ നിയന്ത്രണങ്ങളായിരുന്നു. ഇത് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരാനും ലോകമെമ്പാടും ഇന്ധന ക്ഷാമത്തിനും കാരണമായിരുന്നു. നിലവിലെ സമാധാന കരാറോടെ ഈ പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് രാജ്യാന്തര വിപണി.

Content Summary; Indian LNG tanker ‘Disha’ becomes the first merchant vessel to cross the Strait of Hormuz following the US-Iran peace deal announcement

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×