December 13, 2024 |
Share on

അംഗങ്ങള്‍ രാജ്യദ്രോഹികളല്ലെന്ന് ഉറപ്പിക്കാന്‍ അസാധാരണ നിബന്ധനയേര്‍പ്പെടുത്തി ഇന്ത്യന്‍ വിമന്‍ പ്രസ് കോര്‍പ്‌സ്

മുമ്പ് രാജ്യത്തെ പല പ്രശ്‌നങ്ങളിലും സുപ്രധാനമായ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ള ഐഡബ്ല്യൂപിസിയുടെ വായ് മൂടിക്കെട്ടിയിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്

തങ്ങളുടെ അംഗങ്ങള്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നില്ലെന്ന് ഉറപ്പിക്കാന്‍ ഇന്ത്യന്‍ വിമന്‍ പ്രസ് കോര്‍പ്‌സ് (ഐ.ഡബ്ല്യൂ.പി.സി) അസാധാരണമായ സംവിധാനം നടപ്പാക്കുന്നു. ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ രാജ്യദ്രോഹപരമായ യാതൊരു പ്രസ്താവനകളുമുണ്ടാകില്ലെന്ന ഉറപ്പു വാങ്ങലാണ് ഈ പരിഷ്‌കാരം.

രാജ്യത്തെ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐ.ഡബ്ല്യൂ.പി.സി. ഇവിടുത്തെ അംഗങ്ങളായവര്‍ ഏതെങ്കിലും കൂടിയാലോചനകള്‍ക്കോ സമ്മേളനങ്ങള്‍ക്കോ വേണ്ടി ഇടം വാടകയ്‌ക്കെടുക്കുമ്പോള്‍ പൂരിപ്പിച്ച് നല്‍കേണ്ട ഫോമിലാണ് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചടങ്ങ് യാതൊരു വിധത്തിലുമുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും വേദിയായിരിക്കില്ലെന്നാണ് എഴുതി നല്‍കേണ്ടത്.

‘ദേശവിരുദ്ധമായതോ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതോ രാജ്യദ്രോഹക്കുറ്റത്തിന് കാരണമാകുന്നതോ ക്ലബ്ബിന്റെ സല്‍പേരിന് കളങ്കം വരുന്നതോ ആയ ഒന്നും സംസാരിക്കില്ല’ എന്നാണ് ഒപ്പിട്ട് നല്‍കേണ്ടത്. അതേസമയം ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഐഡബ്ല്യൂപിസിയിലെ അംഗങ്ങള്‍ ആരും തയ്യാറായിട്ടില്ല. അതേസമയം ക്ലബ്ബ് അംഗങ്ങളും ഭാരവാഹികളും ഈ നിബന്ധന ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിക്കുന്നത്.

പ്രസ് ക്ലബ്ബ് ഇന്ത്യ (പിസിഐ)യുടെ ഫോമില്‍ നിന്നുമാണ് ഈ നിബന്ധന എടുത്തതെന്നാണ് ഭാരവാഹികള്‍ തങ്ങളോട് പറഞ്ഞതെന്ന് ചില അംഗങ്ങള്‍ പറയുന്നു. അതേസമയം പ്രസ് ക്ലബ്ബില്‍ ഒരു ചടങ്ങ് സംഘടിപ്പിക്കുന്നതിന് ഇത്തരമൊരു നിബന്ധന അംഗീകരിക്കേണ്ടതില്ല. ഈ നിബന്ധന ഉടന്‍ എടുത്തു നീക്കും എന്ന് പറയുന്ന മറ്റൊരു അംഗം ഇതെങ്ങനെ ഉള്‍പ്പെട്ടുവെന്ന് അറിയില്ലെന്ന് പറയുന്നു.

ഭാരവാഹികള്‍ക്കിടയില്‍ തന്നെ ഇതേക്കുറിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. പ്രസ് ക്ലബ്ബിന്റെ നിബന്ധനകളില്‍ നിന്നാണ് തങ്ങള്‍ ഇതെടുത്തതെന്നും പിന്നീട് അവര്‍ അത് നീക്കം ചെയ്യുകയായിരുന്നെന്നുമാണ് ഒരു ഭാരവാഹി പറഞ്ഞതെന്ന് ന്യൂസ് ലോണ്‍ട്രി.കോം പറയുന്നു. എന്നാല്‍ ഒരു ചടങ്ങില്‍ എന്ത് സംസാരിക്കണമെന്നോ സംസാരിക്കരുതെന്നോ പ്രസ് ക്ലബ്ബ് തങ്ങളുടെ അംഗങ്ങളോട് ആവശ്യപ്പെടാറില്ലെന്നതാണ് വാസ്തവം. ഈ നിബന്ധന ഉള്‍പ്പെടുത്തിയ ഫോം ഒരു കരട് രൂപമായിരുന്നെന്നും അബദ്ധത്തില്‍ അത് വിതരണം ചെയ്യുകയായിരുന്നുവെന്നുമാണ് മറ്റൊരു ഭാരവാഹി ന്യൂസ് ലോണ്‍ട്രിയോട് പ്രതികരിച്ചത്.

ഐഡബ്ല്യൂപിസിയില്‍ ദേശീയ വികാരത്തെ മാനിച്ചുള്ള ചടങ്ങുകള്‍ മാത്രമേ സംഘടിപ്പിക്കാവൂവെന്ന് ഭാരവാഹികളും അംഗങ്ങളും തമ്മില്‍ പരസ്പരം ധാരണയുണ്ടെന്ന് ഏതായാലും വ്യക്തമാണ്. ചടങ്ങുകളില്‍ ദേശവിരുദ്ധമായി യാതൊന്നും സംസാരിക്കില്ലെന്ന് മുന്‍കൂട്ടി ഉറപ്പുവാങ്ങുകയാണ് ഫോമിലെ നിബന്ധനയിലൂടെ ചെയ്യുന്നത്. അതേസമയം ദേശവിരുദ്ധം എന്ന് കണക്കാക്കപ്പെടുന്ന ഛത്തിസ്ഗഢിലെ സൈനിക ഇടപെടലിനെക്കുറിച്ചോ കാശ്മീരില്‍ ആഭ്യന്തരകലാപത്തിന്റെ പേരിലുണ്ടാകുന്ന സൈനിക വെടിവയ്പ്പുകളെക്കുറിച്ചോ സംസാരിക്കേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ഇവര്‍ എന്ത് ചെയ്യുമെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

മുമ്പ് രാജ്യത്തെ പല പ്രശ്‌നങ്ങളിലും സുപ്രധാനമായ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ള ഐഡബ്ല്യൂപിസിയുടെ വായ് മൂടിക്കെട്ടിയിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വനിതാ മാധ്യമപ്രവര്‍ത്തകരെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1994-ലാണ് ക്ലബ്ബ് ആരംഭിച്ചത്. രാജ്യത്തെ വിവിധ അച്ചടി, ദൃശ്യ, വെബ് മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന എഴുന്നൂറിലധികം മാധ്യമ പ്രവര്‍ത്തകര്‍ ഇതില്‍ അംഗങ്ങളാണ്. മീഡിയ സെന്‍സര്‍ഷിപ്പിനെ എതിര്‍ക്കുന്ന ഇവര്‍ സര്‍ക്കാരിനെ എതിര്‍ക്കുന്ന വേദിയായും പ്രവര്‍ത്തിക്കാറുണ്ട്. ഈവര്‍ഷം ജനുവരി 12നും ഛത്തീസ്ഗഢില്‍ സമാധാനവും നീതിയും നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ്ബില്‍ പ്രചരണം സംഘടിപ്പിച്ചിരുന്നു. മാവോയിസ്റ്റ് മേഖലകളില്‍ സംസ്ഥാന ഭരണകൂടങ്ങളുടെ മര്‍ദ്ദനത്തെക്കുറിച്ച് വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ വയലന്‍സ് ആന്‍ഡ് സ്‌റ്റേറ്റ് റിപ്രഷന്‍ എന്ന ചടങ്ങും ഇവിടെ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇന്ന് വരെയും പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്തിയെന്ന ആരോപണം ക്ലബ്ബിനെതിരെ വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ എന്തിനാണ് ഇത്തരമൊരു നിബന്ധന മുന്നോട്ട് വച്ചിരിക്കുന്നതെന്നതാണ് ചോദ്യം.

 

×