June 04, 2026 |
Share on

ബാങ്ക് ജീവനക്കാർ സമ്മർദത്തിലോ? ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളിൽ ജീവനക്കാരുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

ജീവനക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതിൽ നിരവധി ബാങ്ക് യൂണിയനുകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്

കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ പൊതുമേഖല ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. ബാങ്കുകൾ തങ്ങളുടെ ശാഖകൾ വിപുലീകരിക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ എണ്ണത്തിൽ ക്രമാതീതമായ കുറവാണ് കാണുന്നതെന്ന് ബിസിനസ് സ്റ്റാൻഡേർഡ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ബിസിനസ് സ്റ്റാൻഡേർഡ് നടത്തിയ അന്വേഷണത്തിൽ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂക്കോ ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു. അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയിൽ ജീവനക്കാരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്.

ബാങ്ക് ഓഫ് ഇന്ത്യയിൽ 2023 ൽ 52,374 ആയിരുന്ന ജീവനക്കാരുടെ എണ്ണം 2024 സാമ്പത്തിക വർഷത്തിൽ 50,944 ആയി കുറഞ്ഞു. 2025 ൽ അത് 50,564 ആയി വീണ്ടും കുറയുകയായിരുന്നു. കാനറ ബാങ്കിൽ 2023ൽ 84,978 ആയിരുന്നത് 2025 ൽ 81,260 ആയാണ് കുറഞ്ഞത്. ബാങ്ക് ഓഫ് ബറോഡയിലും യൂക്കോ ബാങ്കിലും ഇത്തരത്തിലുള്ള കുറവ് കാണാൻ സാധിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ പി‌എസ്‌ബിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ കണക്കുകൾ പോസിറ്റീവായാണ് കാണുന്നത്. 2023 ൽ 235,858 ജീവനക്കാരുണ്ടായിരുന്നുവെങ്കിൽ 2025ൽ അത് 236,226 ആയി ഉയർന്നു.

റിപ്പോർട്ടിൽ പരാമർശിച്ച എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും ബ്രാഞ്ച് ശൃംഖലകളിൽ വർദ്ധനവുണ്ടായിട്ടും ജീവനക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതിൽ നിരവധി ബാങ്ക് യൂണിയനുകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവ് ഉപഭോക്തൃ സേവനത്തെയും ജീവനക്കാരുടെ ക്ഷേമത്തെയും ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവിധ നഗരങ്ങളിൽ ബാങ്ക് ജീവനക്കാർ പ്രതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു. രണ്ട് പേർ മാത്രം ജോലി ചെയ്യുന്ന നിരവധി ശാഖകളുണ്ടെന്നും ഇത് പരിഹരിക്കപ്പെടേണ്ട വിഷയമാണെന്നും ഒരു മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.

നിലവിൽ തുടരുന്ന ആശങ്കകൾക്കിടയിൽ ബാങ്ക് ജീവനക്കാരെ ബോധവൽക്കരിക്കാനും പൊതുസേവനം ഉറപ്പാക്കാനും കേന്ദ്ര ധനകാര്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള ബാങ്ക് ജീവനക്കാർക്കെതിരായ വാക്കാലുള്ള അധിക്ഷേപം, ശാരീരിക ആക്രമണം, അക്രമ ഭീഷണികൾ തുടങ്ങിയ റിപ്പോർട്ടുകളുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളുടെയും പശ്ചാത്തലത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ.

Content Summary: India’s public sector banks face a decline in employee numbers

Leave a Reply

Your email address will not be published. Required fields are marked *

×