April 20, 2025 |
Share on

‘ഇത് ക്രിക്കറ്റാണ്, വിശ്വസിക്കുക, കൂടെ വിജയമുണ്ടാകും.. എന്നും മനസിലുണ്ടായിരുന്നു ഈ വാക്കുകൾ’

ക്രിക്കറ്റ് കളിച്ചും പരാജയപ്പെട്ടും ഒക്കെയാണ് ഉള്ളിൽ ആത്മവിശ്വാസം വളരുന്നത്

കേരളം ഒരിക്കലും മറക്കാത്ത രഞ്ജി ട്രോഫി മത്സരമായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് ​ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്നത്. 74 വർഷത്തെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി കേരളം ഫൈനലിൽ കടന്ന നിമിഷം. ഗുജറാത്തിനെ 455 റണ്‍സില്‍ എറിഞ്ഞിട്ട് നിര്‍ണായകമായ രണ്ടു റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് കേരളം നേടിയപ്പോൾ, വിജയത്തിൽ പ്രധാന പങ്കാളിയായത് തലശ്ശേരിക്കാരൻ സൽമാൻ നിസാറാണ്. തന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും രഞ്ജി ട്രോഫിയെക്കുറിച്ചും ബാറ്റ്സ്മാനും പാർട്ട് ടൈം സ്പിന്നറുമായ സൽമാൻ നിസാർ അഴിമുഖത്തോട് സംസാരിക്കുന്നു.

പ്രിയപ്പെട്ടതായി മാറിയ ക്രിക്കറ്റ്

ഗള്ളി ക്രിക്കറ്റ് തന്നെയാണ് എന്റെ കരിയറിന്റെ തുടക്കമായി ഞാൻ കാണുന്നത്. സഹോദരനാണ് ചെറുപ്പം മുതൽ തന്നെ ക്രിക്കറ്റിനെ വളരെ കാര്യമായി എടുത്തിരുന്നത്. ഞാൻ ആദ്യം കളിച്ചതും ഇഷ്ടപ്പെട്ടതും ടെന്നീസ് ആയിരുന്നു . ചേട്ടന്റെയൊപ്പം കളിക്കാനും കോച്ചിങ്ങ് ക്ലാസുകളിലും സ്ഥിരമായി ഞാനും പോകാറുണ്ടായിരുന്നു. തലശ്ശേരിയിലെ സെന്റ്. ജോസഫ് സ്കൂളിലാണ് ഞാൻ പഠിച്ചത്. അവിടെ നിന്നും സ്കൂൾ ക്രിക്കറ്റ് ടീമിൽ കളിക്കണമെന്ന് ആ​ഗ്രഹം തോന്നിയാണ് മത്സരങ്ങളിൽ പങ്കാളിയായത്. അങ്ങനെയാണ് ക്രിക്കറ്റുമായി ബന്ധം വളരുന്നത്. പിന്നീട് എൻ്റെ പ്രൊഫഷനായി തന്നെ ക്രിക്കറ്റ് മാറുകയായിരുന്നു.

കഴിഞ്ഞ വർഷം ഓസ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ എ ​ടീ​മി​ന്റെ ഫീ​ൽ​ഡി​ങ് പ​രി​ശീ​ല​ക​നാ​യി തിരഞ്ഞെടുക്കപ്പെട്ട ഒ.​വി. മ​സ​ർ മൊ​യ്തു ആയിരുന്നു ആ സമയത്ത് ഞങ്ങളുടെ കോച്ച്. ആറാം ക്ലാസുവരെ ക്രിക്കറ്റ് കോച്ചിങ്ങും വീടും സ്കൂളുമായി മുന്നോട്ട് പോയി. കൊച്ചിയിലെ എസ്. എച്ച് സ്കൂളിലാണ് ഏഴാം ക്ലാസ് മുതലുള്ള പഠനം നടത്തിയത്. അവിടെ അന്ന് ക്രിക്കറ്റ് അക്കാഡമി ആരംഭിച്ച വർഷമായിരുന്നു. അതിൽ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പിന്നീടുള്ള ഒൻപത് വർഷം അവിടെയായിരുന്നു. ക്രിക്കറ്റിനെ കൂടുതൽ അടുത്തറിഞ്ഞ് നിരവധി മാച്ചുകൾ കളിക്കാൻ എനിക്ക് അവസരം ലഭിച്ചത് അവിടെ നിന്നാണ്. കൊച്ചിയിൽ ക്രിക്കറ്റ് ടൂർണമെന്റിനായി അന്ന് വലിയ മത്സരവേദികളുണ്ടായിരുന്നു. പിന്നീട് അണ്ടർ 14, അണ്ടർ 16, അൺർ 19 തലങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കാനും ലീഡ് ചെയ്യാനും സാധിച്ചു.

രഞ്ജി ട്രോഫി നൽകിയ ആത്മവിശ്വാസം

16ാം വയസിലാണ് രഞ്ജി ട്രോഫിയിൽ ആദ്യമായി കളിച്ചത്. എന്റെ സ്വന്തം നാടായ തലശ്ശേരിയിൽ നിന്ന് തന്നെ അതിന് അരങ്ങേറ്റം കുറിച്ചു എന്നത് വലിയ സന്തോഷമായിരുന്നു. പിന്നീട് തൊട്ടടുത്ത വർഷങ്ങളിൽ തന്നെ ടി 20, വിജയ് ഹസാരെ മത്സരങ്ങൾ കളിക്കാൻ സാധിച്ചു. എന്നും എപ്പോഴും എനിക്ക് പ്രോത്സാഹനമായി കുടുംബം ഉണ്ടായിരുന്നു. ക്രിക്കറ്റ് തിരഞ്ഞെടുത്ത് മുന്നോട്ട് പോകുമ്പോൾ എനിക്കുണ്ടായിരുന്ന ആത്മവിശ്വാസം തന്നെയാണ് അവർക്കുമുണ്ടായിരുന്നത്. ക്രിക്കറ്റ് കളിച്ചും പരാജയപ്പെട്ടും ഒക്കെയാണ് നമ്മളുടെയുള്ളിൽ ആത്മവിശ്വാസം വളരുന്നത്. കേരളത്തിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം കൂടി ഞങ്ങൾക്കുണ്ട് എന്ന തോന്നലും ഉണ്ടാകുന്നത് അങ്ങനെയാണ്.

രഞ്ജി ട്രോഫി മത്സരങ്ങൾ എന്നും എനിക്ക് പ്രിയപ്പെട്ട ഓർമകളാണ് സമ്മാനിച്ചിട്ടുള്ളത്. അവസാനമായി പറഞ്ഞാൽ ജമ്മുവുമായി നടന്ന മത്സരമാണ് എപ്പോഴും ഓർക്കുന്നത്. പരിശീലകനായാലും സഹകളിക്കാരായാലും എപ്പോഴും ഞങ്ങൾക്ക് പ്രാത്സാഹനവും ആത്മവിശ്വാസവും നൽകികൊണ്ടിരിക്കുമായിരുന്നു. ‘ഇത് ക്രിക്കറ്റാണ്, ഇതിൽ വിശ്വസിക്കുക, നിങ്ങളുടെ കൂടെ വിജയമുണ്ടാകുമെന്ന്’ കോച്ച് എപ്പോഴും പറയുമായിരുന്നു. ജമ്മുവിനെതിരെ കളിക്കുമ്പോൾ അപ്പുറത്ത് ബേസിലേട്ടൻ ഉണ്ടായിരുന്നു. മികച്ച ഒരു ബാറ്ററാണ് ബേസിൽ തമ്പി. അതും എനിക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു.

രഞ്ജി ട്രോഫി ഫൈനൽ കളിക്കുന്നുവെന്ന ചിന്ത ഉണ്ടായിരുന്നില്ല. ​ഗ്രൗണ്ടിലിറങ്ങുന്നതിന് തൊട്ട് മുൻപാണ് ശരിക്കും അതിന്റെയൊരു ഫീൽ ഉണ്ടായത്. തലേ ദിവസമെല്ലാം ആകാംഷയും പേടിയും ഉണ്ടായിരുന്നു. എന്നാൽ മത്സരം ആരംഭിച്ച് കഴിഞ്ഞപ്പോൾ എന്നത്തെയും പോലെ രഞ്ജി ട്രോഫി കളിക്കുന്നുവെന്ന് തന്നെയാണ് തോന്നിയത്. ഒരു പക്ഷേ നല്ലൊരു ടീം മാനേജ്മെന്റ് ഉള്ളത് കൊണ്ടാകണം ഞങ്ങൾക്ക് സമ്മർദ്ദമില്ലാതെ കളിക്കാൻ കഴിഞ്ഞത്. പാർട്ട് ടൈം സ്പിന്നറാണ് ഞാൻ. ഓൾ റൗണ്ടറായി നിൽക്കാൻ ഒരു പക്ഷേ ഇനി കഴിയുമോയെന്ന് അറിയില്ല. ബാറ്റ്സ്മാൻ ആയി നല്ല മത്സരങ്ങൾ കളിക്കണമെന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്.

ടീം സ്പിരിറ്റാണ് പ്രധാനം

മികച്ച ഫോമിലുള്ള, അനുഭവസമ്പത്തുള്ള കളിക്കാർ എന്നും ടീമിന്റെ വിജയത്തിന് നിർണായക ഘടകങ്ങളാണ്. അവരുടെ അനുഭവങ്ങൾ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കാനാണ് സഹായിക്കുക. സച്ചിൻ ബേബി, അസ്ഹറുദ്ദീൻ തുടങ്ങി നല്ല കളിക്കാർ നമുക്കുണ്ട്. മാച്ചിന്റെ സമയത്ത് ഞങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടായാൽ എന്താണ് ചെയ്യേണ്ടതെന്നും എങ്ങനെ അതിനെ കൈകാര്യം ചെയ്യണമെന്നുമെല്ലാം പറഞ്ഞ് മനസിലാക്കാൻ എന്നും അവർ ഒപ്പമുണ്ടാകും. കളിക്കാരുടെ ഇടയിൽ നടക്കുന്ന ആശയവിനിമയമാണ് വിജയത്തിന്റെ മറ്റൊരു ചുവടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ ഇടയിൽ അത് നന്നായി വർക്ക് ചെയ്യുന്നുണ്ട്.

ഒൻപത് വർഷമായി ഞാൻ രഞ്ജി ട്രോഫി കളിക്കുന്നുണ്ട്. എന്നാൽ ആദ്യമായാണ് എനിക്ക് സെഞ്ചുറി നേടാൻ കഴിഞ്ഞത്. അതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. എന്നെ ഇത്രയും വർഷം പിന്തുണച്ചത് കേരള ക്രിക്കറ്റ് അസോസിയേഷനാണ്. കൃത്യമായി ഞാൻ മാച്ചുകൾ കളിക്കാറുണ്ടായിരുന്നെങ്കിലും സെഞ്ചുറി നേടുന്നത് ഈ വർഷമാണ്. എന്നെ വിശ്വസിച്ച് ടീമിൽ എന്നെ ഉൾപ്പെടുത്തിയതിന് അവരോട് നന്ദിയുണ്ട്.

ഐപിഎൽ എന്ന വേദി

ഡൊമസ്റ്റിക് പ്ലെയേഴ്സിനെ സംബന്ധിച്ചടുത്തോളം ഐപിഎൽ ഒരു മികച്ച അവസരം തന്നെയാണ്. സെയ്ദ് മുഷ്താഖ് അലിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാത്രമേ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുള്ളൂ. നിലവിൽ ഐപിഎല്ലിൽ സച്ചിൻ ബേബി, വിഷ്ണു വിനോദ്, വിഘ്നേഷ് പൂത്തൂർ, പിന്നെ നമുക്ക് ഏറെ അഭിമാനം തരുന്ന സഞ്ജു സാംസണുണ്ട്. കേരളത്തിൽ നിന്നും ഐപിഎൽ ടീമുകളിലേക്ക് കൂടുതൽ കളിക്കാർ എത്തണമെന്ന് ആ​ഗ്രഹമുണ്ട്. വരും വർഷങ്ങളിൽ അത് സംഭവിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Content Summary: Interview with Salman Nizar, ranji trophy player
Salman Nizar ranji trophy kerala cricket 

ഫിർദൗസി ഇ. ആർ

ഫിർദൗസി ഇ. ആർ

സബ് എഡിറ്റർ

More Posts

Leave a Reply

Your email address will not be published. Required fields are marked *

×