ഇന്ന് വലന്റൈന്‍ ദിനം പ്രമാണിച്ച് പഴയൊരു പ്രണയകഥ പറയാം. ഗ്രീക്ക് പുരാണത്തില്‍ നിന്ന്.
പല കഥകളിലുമെന്നപോലെ, സ്ത്രീതല്പരനായ സ്യൂസ് എന്ന ദേവരാജന്‍ തന്നെയാണ് കഥയ്ക്ക് തുടക്കമിടുന്നത്. സന്തോഷവതിയും സുന്ദരിയുമായ രാജകുമാരിയായിരുന്നു അയോ. സ്യൂസ് അവളില്‍ അനുരക്തയായതു മുതല്‍ അവളുടെ കഷ്ടകാലവും തുടങ്ങി. ആരുമറിയാതെയായിരുന്നു സ്യൂസും അയോയും പ്രണയനിമിഷങ്ങള്‍ പങ്കുവെച്ചത്. പക്ഷെ, സ്യൂസിന്റെ പത്‌നി ഹീറ സംശയാലുവായിരുന്നു. അസൂയയാല്‍ അവര്‍ സ്യൂസിനെ വിടാതെ പിന്തുടര്‍ന്നു. എന്നാല്‍, സ്യൂസാകട്ടെ ഒരു സൂത്രക്കാരനും. ഹീറയുടെ കണ്ണുകളെ വെട്ടിക്കാന്‍ ദേവനാഥന്‍ അനവധി കൗശലങ്ങള്‍ പ്രയോഗിച്ചു. അങ്ങനെയാണൊരിക്കല്‍ വലിയൊരു മേഘത്തെ സൃഷ്ടിച്ചത്. അപൂര്‍വ്വമാം വിധം കട്ടിയുള്ള ആ മേഘം സ്യൂസിനേയും അയോയേയും പൊതിഞ്ഞുനിന്നു. പക്ഷെ, ഹീറയല്ലേ ആള്‍. അവരതിലൊന്നും വീണില്ല. തന്റെ പ്രത്യേകമായ ദിവ്യശക്തിയുപയോഗിച്ച് ഹീറ മേഘത്തെ തിരിച്ചുവിളിച്ചു. താന്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ അതാ അടുത്ത സൂത്രം. അത്തരം കാര്യങ്ങളില്‍ മഹാവിരുതനായിരുന്നു ദേവനാഥന്‍.
മേഘമൊഴിഞ്ഞു തെളിഞ്ഞപ്പോള്‍ അയോയെ കാണാനില്ല. പകരം സ്യൂസിന്റെ കൈവശം കാണാന്‍ നല്ല ചേലുള്ള ഒരു പശു! സ്യൂസ് അയോയെ അതിനകം ഒരു പശുവാക്കി മാറ്റിയതായിരുന്നു. എന്നിട്ടു ഹീറയോടു പറഞ്ഞു ആ പശു ഭൂമിയില്‍നിന്നു ജനിച്ചതാണെന്ന്. പക്ഷെ, ഹീറയുണ്ടോ അതു വിശ്വസിക്കുന്നു. ഹീറ യാതൊരു ഭാവഭേദവും കാണിക്കാതെ തന്റെ ഭര്‍ത്താവിനോട് ആ പശുവിനെ തനിക്കു തരണമെന്നു ആവശ്യപ്പെട്ടു. സ്യൂസ് അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിപ്പോയ നിമിഷമായിരുന്നു അത്. ഒടുവില്‍ മനസ്സില്ലാമനസ്സോടെ പശുവിനെ ഹീറയുടെ കൈകളില്‍ എല്‍പ്പിക്കേണ്ടിയും വന്നു. ഹീറയ്ക്ക് അയോയെ എന്തുചെയ്യണമെന്ന കൃത്യമായ ധാരണയുണ്ടായിരുന്നു. അയോ എന്നും പശുവായിത്തന്നെയിരിക്കാനുള്ള സൂത്രം അവര്‍ മെനഞ്ഞു. സ്യൂസ് അടുത്തു ചെല്ലാത്തിടത്തോളം അയോ പശുവായിത്തന്നെ തുടരുമെന്നവര്‍ക്കറിയാം. അതൊന്നുറപ്പിക്കാനായി ആര്‍ഗോസ് എന്ന രാക്ഷസനെയാണ് ഹീറ അതിനുവേണ്ടി ഏര്‍പ്പെടുത്തിയത്. ആര്‍ഗോസിന്റെ മുഴുവന്‍സമയ ജോലിയാകട്ടെ അയോയ്ക്ക് കാവലിരിക്കുക എന്നതും. നൂറുകണ്ണുകളായിരുന്നു ആര്‍ഗോസിന്. ഉറങ്ങുമ്പോഴും അതില്‍ പകുതിയോളം കണ്ണുകള്‍ തുറന്നിരിക്കും. അതുകൊണ്ട് ആര്‍ക്കും ആ ഭീകരനെ പറ്റിക്കാനാവില്ല. അയോ കുടുങ്ങിയെന്നു പറഞ്ഞാല്‍ മതിയല്ലോ. പാവം ഒരു ഗോശരീരത്തിനുള്ളില്‍ വിങ്ങിപ്പൊട്ടി കഴിച്ചുകൂട്ടി. അവരെ രക്ഷിക്കാനായി ആരുമില്ലായിരുന്നു. ഹീറയെ പേടിച്ച് സ്യൂസ് ആ ഭാഗത്തേക്കു പോയതുമില്ല. എങ്കിലും തന്റെ കാമുകിയെ ഓര്‍ത്ത് ദേവനാഥന്‍ വിഷമിക്കാതിരുന്നില്ല. പക്ഷെ, നേരിട്ടിടപെട്ടിട്ടൊന്നും അദ്ദേഹത്തിനൊന്നും ചെയ്യാനാവുമായിരുന്നില്ല. ഹീറയുടെ കര്‍ശനനിലപാട് സ്യൂസിനെ ചങ്ങലയ്ക്കിട്ടതുപോലെയായിരുന്നു.
അങ്ങനെയാണ് സ്യൂസ് മറ്റൊരു വഴി കണ്ടുപിടിച്ചത്. തന്റെ മറ്റൊരു മകന്‍ ഹെര്‍മീസിനെ അതിനു കൂട്ടുപിടിച്ചു. സ്യൂസിന് മായ എന്നൊരു സുന്ദരിയിലുണ്ടായ പുത്രനാണ് ഹെര്‍മീസ്. നശ്വരലോകത്തേക്കുള്ള സന്ദേശങ്ങള്‍ സ്യൂസ് കൈമാറുന്നത് ഹെര്‍മീസിലൂടെയാണ്. ആളാണെങ്കില്‍ മഹാസൂത്രക്കാരനും ചടുലതയില്‍ മുമ്പനും. അത്തരമൊരാളെത്തന്നെയായിരുന്നു സ്യൂസിനു വേണ്ടിയിരുന്നത്. ഹീറയറിയാതെ അയോയെ മോചിപ്പിക്കാന്‍ പറ്റിയ ആള്‍ ഹെര്‍മീസ് തന്നെ. അങ്ങനെ വേഷം മാറി ഹെര്‍മീസ് അയോയെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന പാളയത്തിലെത്തി. ആര്‍ഗോസുമായി ചങ്ങാത്തംകൂടി. കുശലം പറഞ്ഞവിടെത്തന്നെ കഴിയുകയും ചെയ്തു. ആര്‍ഗോസിനു കഥകള്‍ പറഞ്ഞുകൊടുക്കുക, പാട്ടുകള്‍ പാടിക്കൊടുക്കുക എന്നതൊക്കെയായി ഹെര്‍മീസിന്റെ പണി. ആര്‍ഗോസിനെ ബോറടിപ്പിച്ചും കഥകളാല്‍ വിവശനാക്കിയും പാട്ടുകളാല്‍ മയക്കിയും നിദ്രയിലാഴ്ത്തുക എന്നതായിരുന്നു ഹെര്‍മീസിന്റെ ലക്ഷ്യം. അതത്ര എളുപ്പമുള്ള ജോലിയൊന്നുമായിരുന്നില്ല. എത്ര ഗാഢനിദ്രയിലും ആര്‍ഗോസിന്റെ കണ്ണുകളില്‍ ചിലതെങ്കിലും അടയാന്‍ വിസമ്മതിച്ചു. എന്നാല്‍ ഹെര്‍മീസും നിശ്ചയിച്ചുറപ്പിച്ചു തന്നെയായിരുന്നു കാലം കഴിച്ചത്. ക്ഷമയോടെയുള്ള കാത്തിരുപ്പ്. ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഒടുവില്‍ പ്രതീക്ഷിച്ചിരിക്കാത്ത നേരത്തായിരുന്നു ഹെര്‍മീസിനൊരു അവസരം വീണുകിട്ടിയത്. ഒരൊറ്റ നിമിഷം. ആര്‍ഗോസ് പൂര്‍ണ്ണമായും ഉറക്കത്തിലേക്കു വഴുതിവീണു. ആ ശതനയനങ്ങളെല്ലാം ഒന്നൊഴിയാതെ മയങ്ങിയടഞ്ഞു. അതുമാത്രം മതിയായിരുന്നു ഹെര്‍മീസിന്. അസുലഭസന്ദര്‍ഭം ഒട്ടും പാഴാക്കാതെ ആ രക്ഷസനിദ്രയുടെ ആഴങ്ങളില്‍വെച്ച് ഹെര്‍മീസ് ആര്‍ഗോസിനെ കൊന്നുകളഞ്ഞു. അയോയെ മോചിതയുമാക്കി. ആര്‍ഗോസിന്റെ മരണത്തില്‍ ദു:ഖിതയായ ഹീറ ആ ഭീമാകാരന്റെ നയനങ്ങളെ തന്റെ പ്രിയപ്പെട്ട പക്ഷിയുടെ ദേഹത്തു തുന്നിപ്പിടിപ്പിച്ചുവെന്നും കഥകള്‍ പറയുന്നു. അങ്ങനെയാണത്രെ മയിലുകള്‍ക്ക് ഇത്ര മനോഹരമായ പീലിക്കണ്ണുകള്‍ ലഭിച്ചത്.
ആര്‍ഗോസിന്റെ ബന്ധനത്തില്‍നിന്നും രക്ഷപ്പെട്ട അയോ ചെന്നെത്തിയത് കോക്കസസ് പര്‍വ്വതപരിസരത്തായിരുന്നു. ചൂളംവിളിക്കുന്ന ശീതക്കാറ്റിലും, മഞ്ഞുപൊതിഞ്ഞ ഗിരിശിഖരങ്ങളിലും അയോ ഉഴറിനടന്നു. അപ്പോഴാണ് ദീനമായ ശബ്ദത്തില്‍ തന്റെ പേര് ആരോ വിളിക്കുന്നതായി അയോയ്ക്ക് തോന്നിയത്. ഒരിക്കലല്ല, പല തവണ. അയോ ശബ്ദത്തിന്റെ ഉറവിടം തേടി ഉയരങ്ങള്‍ താണ്ടി. ഒടുവില്‍, എല്‍ബ്രസ് എന്ന കൊടുമുടിത്തുമ്പില്‍ ചങ്ങലയ്ക്കിട്ടു കിടക്കുന്ന ഒരാളെ കണ്ടെത്തി. അതു മറ്റാരുമായിരുന്നില്ല. പ്രൊമിത്യൂസ് എന്ന അഗ്‌നിദേവന്‍. മാനവസംസ്‌കാരത്തിന്റെ സ്രഷ്ടാവെന്നു വിളിക്കപ്പെടുന്ന മഹാപുരുഷന്‍. മനുഷ്യര്‍ക്ക് തീയുടെ രഹസ്യം കൊണ്ടുകൊടുത്തതിന്റെ പേരില്‍ സ്യൂസിനാല്‍ ശിക്ഷിക്കപ്പെട്ട ഹതഭാഗ്യന്‍. ഇതിനെല്ലാം പുറമെ എല്ലാ പകലും അയെറ്റോസ് എന്ന പരുന്തിനാല്‍ കൊത്തിപ്പറയ്ക്കാന്‍ വിധിക്കപ്പെട്ടവനും. സ്യൂസിന്റെ കളിത്തോഴനായ അയെറ്റോസ് പറിച്ചെടുക്കുന്ന പ്രൊമിത്യൂസിന്റെ കരള്‍ രാത്രികാലങ്ങളില്‍ വീണ്ടും വളര്‍ന്നുവരുമായിരുന്നു. പക്ഷെ, പിറ്റേ ദിവസം അയെറ്റോസ് വീണ്ടുമതിനെ ഭക്ഷണമാക്കും. ഇതു കാലാകാലങ്ങളായി ഇടതടവില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. തന്റെ അവശതയിലാണ്ടു കിടന്നുകൊണ്ട് പ്രൊമിത്യൂസ് അയോയെ വിളിച്ചതിനു കാരണമുണ്ടായിരുന്നു. ഏതെങ്കിലുമൊരു കാലത്ത് തന്റെ മോചനത്തിനു കാരണം അയോ ആയിരിക്കുമെന്ന് പ്രൊമിത്യൂസിനറിയാമായിരുന്നു എന്നതുതന്നെ.
ഒരിക്കലും തകര്‍ക്കാനാവാത്ത അഡമനൈറ്റ് ശിലകളാല്‍ തീര്‍ത്ത ചങ്ങലയിലായിരുന്നു പ്രൊമിത്യൂസിനെ ബന്ധിച്ചിരുന്നത്. ഈ അഡമനൈറ്റ് ശിലയില്‍ നിന്നാവണം അഡമന്റ് എന്ന ഇംഗ്ലീഷ് വാക്കിന്റെ ഉത്ഭവം. പ്രൊമിത്യൂസും അയോയും തമ്മില്‍ സംസാരിച്ചു. ഇരുവരും തുല്യദു:ഖിതര്‍. ദേവന്മാരുടെ ക്രൂരശിക്ഷകളില്‍ കുടുങ്ങിപ്പോയവര്‍. അവര്‍ പരസ്പരം കദനകഥകള്‍ കൈമാറി. ആ അടുപ്പം അവര്‍ക്കു പ്രത്യാശ പകര്‍ന്നു എന്നതാണ് സത്യം. എല്ലാം അതിജീവിക്കാനുള്ള തീപ്പൊരി ഇരുവരിലുമുണ്ടായിരുന്നു. മാത്രമല്ല, ഇരുവരുടേയും ഭാവിയിലെ മോചനത്തിന്റെ നാന്ദിയും അവര്‍ക്കു പരസ്പരം കാണാനായി. അതാണവരെ അടുപ്പിച്ചതും.
പ്രൊമിത്യൂസ് അയോയോടു പറഞ്ഞു: ”നീ തെക്കന്‍ കടലുകളിലേക്കു പോകണം. അവയെല്ലാം നിന്റെ പേരിലറിയപ്പെടും. ഒടുവില്‍ കടല്‍ കടന്ന് ഈജിപ്തിലെത്തണം അവിടെവെച്ച്, നിനക്ക് മനുഷ്യരൂപം തിരിച്ചുകിട്ടും. നിനക്കൊരു കുഞ്ഞും ജനിക്കും. തുടര്‍ന്നുള്ള സന്തതിപരമ്പരയിലൊരാള്‍ ഇവിടെ വന്നെന്നെ മോചിപ്പിക്കും. ഇപ്പോള്‍ നീ പോകൂ. നിനക്കുവേണ്ടി മാത്രമല്ല, എനിക്കുകൂടി വേണ്ടി. എങ്കിലും നീ സൂക്ഷിക്കണം.
ഹീറയുടെ കണ്ണുകള്‍ നിന്നെ പിന്തുടരാതിരിക്കില്ല”.
പ്രൊമിത്യൂസ് പറഞ്ഞതു കൃത്യമായിരുന്നു. ഹീറ അയോയെ കണ്ടെത്തി. ഒരു ഭ്രാന്തനീച്ചയെയാണ് ഇപ്രാവശ്യം അയോയെ ശിക്ഷിക്കാനായി ഹീറ പറഞ്ഞയച്ചത്. ആ ഷഡ്പദം അസഹ്യമാംവിധം മൂളിക്കൊണ്ട് അയോയെ ചുറ്റിനടന്നു. ആരുടേയും മനോനില തെറ്റിക്കാന്‍ പോന്നതായിരുന്നു ആ ഈച്ചയുടെ വിഭ്രമസഞ്ചാരം. ഒഴിയാബാധപോലെ അത് അയോയെ പിന്തുടര്‍ന്നപ്പോള്‍, ബുദ്ധിഭ്രമത്തിന്റെ അഗാധകയങ്ങളിലേക്കു പലതവണയാണ് അവള്‍ തെന്നിവീണത്. എങ്കിലും പ്രൊമിത്യൂസിന്റെ വാക്കുകള്‍ എപ്പോഴുമവള്‍ക്കു തുണയായിനിന്നു. തന്റെ ജീവിതത്തിനു ദിശാബോധം പകരാന്‍ ആ ഓര്‍മ്മയ്ക്കു കഴിഞ്ഞതൊന്നുകൊണ്ടു മാത്രമാണ് ഭ്രാന്തനീച്ചയുടെ മാനസികാക്രമണത്തില്‍ നിന്ന് അയോയ്ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞത്.
കോക്കസസില്‍ നിന്നിറങ്ങിയ അയോ കരിങ്കടല്‍ വഴി ഇക്കാണുന്ന കടലിടുക്കിലൂടെ തെക്കന്‍ കടലിലേക്കു പാഞ്ഞു. ലോകം നഷ്ടപ്പെട്ടവണ്ണം അലമുറയിട്ടു അയോയ്ക്ക് അക്കാര്യമൊന്നും ഓര്‍മ്മയില്‍നിന്നില്ല. ഈ കടലിടുക്കിലൂടെ ആര്‍ത്തലച്ചുപൊയ ഗോരൂപിയെ ലോകം ശ്രദ്ധിച്ചു. ആ കാഴ്ചകണ്ട പൗരാണികര്‍ അവളുടെ ഓര്‍മ്മയ്ക്കായി ഈ കടലിടുക്കിനെ അങ്ങനെത്തന്നെ പേരും വിളിച്ചു. പശുവിന്റെ കടലിടുക്ക് എന്ന്. അതാണ് ഇന്ന് ഏഷ്യയേയും യുറോപ്പിനേയും വേര്‍തിരിക്കുന്ന ബോസ്‌ഫൊറസ്.
അയോ തെക്കന്‍ കടലിലെത്തി. മുന്നോട്ടുള്ള ദിശയറിയാതെ അവള്‍ കുഴങ്ങിനിന്നു. അവളുടെ കണ്ണീര്‍ കലര്‍ന്നതുകൊണ്ടാവണം ആ കടലിന്റെ നിറം കടുംനീലയായിമാറിയിരുന്നു. ഇന്നും അഡ്രിയാറ്റിക്കിനു തെക്കുള്ള ഉള്‍ക്കടലിനു അഗാധനീലിമയാണ്. ഒരിക്കല്‍ അതിലൂടെ കപ്പലില്‍ സഞ്ചരിച്ചപ്പോള്‍ എനിക്കതു ബോധ്യപ്പെടുകയും ചെയ്തതാണ്. ഇന്നു നാം ആ കടലിനെ അയോയുടെ പേരിട്ടുവിളിക്കുന്നു. അയോണിയന്‍ സമുദ്രം എന്ന്. താമസിയാതെ അയോയുടെ പേര് ആ കടലിന്റെ കരയില്‍ താമസിച്ചിരുന്നവര്‍ക്കും പകര്‍ന്നു. അവര്‍ അയോണിയരായി. അങ്ങനെയാണ് ഗ്രീക്കുകാരെ കിഴക്കുള്ളവര്‍ യവനര്‍ എന്നു വിളിച്ചുതുടങ്ങിയത്.
അയോ മധ്യധരണ്യാഴി കടന്ന് ഈജിപ്തിലെത്തി. അതോടെ ഹീറയുടെ സ്വാധീനം അപ്രത്യക്ഷവുമായി. ഭ്രാന്തനീച്ചയ്ക്ക് ഈജിപ്തിലേക്കു കടക്കാനാവില്ലായിരുന്നുവത്രെ. അങ്ങനെ എല്ലാം കെട്ടടങ്ങി, പരിസരമെല്ലാം സുരക്ഷിതമായപ്പോള്‍ മാത്രമാണ് സ്യൂസ് അയോയെ കാണാനെത്തിയത്. താമസിച്ചില്ല, സ്യൂസിന്റെ സഹായത്താല്‍ അയോയ്ക്കു വീണ്ടും മനുഷ്യരൂപം തിരിച്ചുകിട്ടുകയും ചെയ്തു. തന്റെ കൊടുംവ്യഥകള്‍ക്കെല്ലാം കാരണം ആ പ്രണയമായിരുന്നു എന്നറിഞ്ഞിട്ടും അയോ സ്യൂസിനു വഴങ്ങി. പ്രണയസാഫല്യത്തിനായി ഇത്രയധികം മഹാദുരിതങ്ങള്‍ സഹിക്കേണ്ട പ്രണയിനികള്‍ വേറെ ഉണ്ടാവാനിടയില്ല. എന്തായാലും നല്ലകാലം പിറന്നതോടെ, ഈജിപ്ഷ്യന്‍ മരുഭൂമിയിലും നൈല്‍ത്തടങ്ങളിലും പ്രണയസുരഭിലതയിലവര്‍ ആറാടി. ഇണചേര്‍ന്നു. അവര്‍ക്കൊരു മകന്‍ ജനിക്കുകയും ചെയ്തു. പിന്നീടൊരു മകളും. എപ്പാഫസും കെരോയെസ്സയും. കെരോയെസ്സ ഈജിപ്തിലെ രാജാവ് ടെലിഗോണസിനെ വിവാഹം കഴിച്ചു. അവരുടെ പൗത്രനായിരുന്നു ഡനാഓസ്. ഡനാഒസിനു അമ്പതു പെണ്‍മക്കളായിരുന്നുവത്രെ. ഡനയീഡുകള്‍ എന്നുവിളിച്ച അവരേയുംകൊണ്ട് ഡനാഓസ് ഗ്രീസില്‍ തിരിച്ചെത്തി. വിവാഹദിവസം തങ്ങളുടെ ഭര്‍ത്താക്കന്മാരെ കൊന്നുകളയണമെന്നു ശഠിച്ചയാളായിരുന്നു ഡനാഓസ്. പക്ഷെ, ഒരേയൊരു മകള്‍ മാത്രം അതനുസരിച്ചില്ല. ഹൈപ്പര്‍മിനെസ്ട്ര എന്നായിരുന്നു അവളുടെ പേര്. ഹൈപ്പര്‍മിനെസ്ട്രയുടെ പൗത്രന്‍ ധീരനായ പെഴ്‌സ്യൂസ്. മെഡൂസയെ കീഴടക്കിയവന്‍. കാലം കഴിഞ്ഞപ്പോള്‍ പെഴ്‌സ്യൂസിന്റെ പൗത്രി ആല്‍ക്‌മെനീയുടെ പുത്രനായി അതിമാനുഷനായ ഹെര്‍ക്കുലീസും പിറന്നു. ഒടുവില്‍ പ്രൊമിത്യൂസിനെ എര്‍ബ്രസ് കൊടുമുടിയിലെ ചങ്ങലക്കെട്ടില്‍നിന്നും രക്ഷിച്ചുകൊണ്ടുവന്നതും മറ്റാരുമായിരുന്നില്ല. അയോയുടെ വംശപരമ്പരയിലെ ഇതേ ഹെര്‍ക്കുലീസ് തന്നെ. പ്രൊമിത്യൂസ് കാലാകാലങ്ങളായി കാത്തിരുന്നതും അയോയുടെ ഈ പിന്‍ഗാമിയെ ആയിരുന്നല്ലോ. പ്രവചിക്കപ്പെട്ടപോലെ അയോയും പ്രൊമിത്യൂസുമായുള്ള ബന്ധം പൂര്‍ണ്ണമാവുന്നതു അങ്ങനെയാണ്.
എങ്കിലും അയോയുടെ കഥ ഇവിടെ തീരുന്നില്ല. ഈ ആധുനികകാലത്ത് കൂടുതല്‍ പ്രക്ഷുബ്ധവും സ്‌ഫോടനാത്മകവുമായ ഒരു കഥ കൂടി പറയാനുണ്ട് അയോയെക്കുറിച്ച്. അത് അടുത്ത പ്രാവശ്യമാവട്ടെ. Io and Zeus, Greek mythology, Valentine day special
Content Summary; Io and Zeus, Greek mythology, Valentine day special