July 04, 2026 |
Dr. Haseeb Cheerathadayan
Dr. Haseeb Cheerathadayan
Share on

പശ്ചിമേഷ്യയിലെ ആണവ ഭീതി

ഒരു ആകസ്മിക ആണവയുദ്ധത്തിന്റെ സാദ്ധ്യതകള്‍ തള്ളിക്കളയാവുന്നതല്ല

1983 സെപ്റ്റംബറിലെ ഒരു തണുത്ത വെളുപ്പാന്‍ കാലം. മോസ്‌കോയുടെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കുറിലോവ് എന്ന ചെറു ഗ്രാമത്തിലെ, സോവിയറ്റ് മിലിറ്ററി ബങ്കര്‍ -സെപ്രഖോവ് 15 ലെ ഡ്യൂട്ടി ഓഫീസര്‍ ലെഫ്റ്റന്റ്‌റ് കേണല്‍ സ്റ്റാനിസ്ലാവ് പെട്രോവിന് തന്റെ മുന്നിലെ ഉപകരണത്തില്‍ ഒരു അടിയന്തര സന്ദേശം വന്നു. മോസ്‌കോയെ ലക്ഷ്യമാക്കി അമേരിക്ക, മിസൈലുകള്‍ തൊടുത്തു വിട്ടിരിക്കുന്നു. ‘ഒക്കോ’ എന്ന കോഡ് ്ഭാഷയിലറിയപ്പെട്ട സോവിയറ്റ് വ്യോമ മുന്നറിയിപ്പ് – പ്രതിരോധ സംവിധാനങ്ങളുടെ കമാന്‍ഡ് സെന്ററിലിരുന്നു, പെട്രോവിന് ചെയ്യാനുണ്ടായിരുന്ന അടുത്ത ചുമതല, പ്രതിരോധത്തിന്റെ ഭാഗമായി ന്യൂക്ലിയര്‍ മിസൈലുകള്‍ വിക്ഷേപിക്കുക എന്നതായിരുന്നു. അതാണ് പ്രോട്ടോകോള്‍. തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ കയറിയ സൗത്ത് കൊറിയന്‍ യാത്രാ വിമാനം, സോവിയറ്റ് യൂണിയന്‍ വെടിവച്ചിട്ടതിന് ഏതാനും ദിനങ്ങള്‍ക്ക് ശേഷം ശീതയുദ്ധത്തിന്റെ സംഘര്‍ഷങ്ങള്‍ പരകോടിയില്‍ നില്‍ക്കുമ്പോഴാണ് പെട്രോവിന് ഈ സന്ദേശം ലഭിക്കുന്നത്. എന്നിരുന്നാലും പെട്രോവ് തന്റെ സമനില കൈവിടാതെ, സോവിയറ്റ് മിലിറ്ററി പ്രോട്ടോകോളിന് വിരുദ്ധമായി, ന്യൂക്ലിയര്‍ മിസൈലുകള്‍ തൊടുത്തുവിടുന്നതില്‍ ക്ഷമ കാണിക്കുന്നു. തനിക്ക് കിട്ടിയസന്ദേശത്തെ സാധൂകരിക്കാന്‍ എടുത്ത സമയം കൊണ്ട്, ആ സന്ദേശം സാറ്റലൈറ്റിന് പിണഞ്ഞ അബദ്ധമാണെന്ന് മനസിലാക്കുന്നു. പെട്രോവിന്റെ സംയമനം ലോകത്തെ രക്ഷിച്ചത് ഒരു പരിപൂര്‍ണ്ണ ആണവ യുദ്ധത്തില്‍ നിന്നായിരുന്നു. പെട്രോവ് ആ ബട്ടണില്‍ വിരലമര്‍ത്തിയിരുന്നു എങ്കില്‍ അമേരിക്കന്‍ നഗരങ്ങളില്‍ ആണവ മിസൈലുകള്‍ പതിച്ചേനെ. പകരമായി, തിരിച്ച്- അമേരിക്കന്‍ ആണവ മിസൈലുകള്‍ റഷ്യന്‍ നഗരങ്ങളിലും. ലോകത്തിന്റെ ഭൂരിഭാഗവും, തലമുറകളോളം നശിച്ചുപോയേനെ. പ്രതിരോധ സംവിധാനങ്ങളുടെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയാല്‍ സംഭവിക്കാവുന്ന കെടുതികള്‍ ചിന്തിക്കാവുന്നതല്ല. ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷവും, അതിനോടനുബന്ധിച്ചുള്ള- മിസൈല്‍, മിസൈല്‍ -പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയുടെ ഉപയോഗവും പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു.

middle east war

പൗരാണിക നാഗരികതകളുടെ കളിത്തൊട്ടിലെന്നറിയപ്പെടുന്ന പശ്ചിമേഷ്യ വിശ്വാസങ്ങളുടെ, ആശയവൈവിധ്യങ്ങളുടെ, സംസ്‌കാരങ്ങളുടെ ഒത്തുചേരലിന് ചരിത്രാതീത കാലം മുതല്‍ക്കേ സാക്ഷ്യംവഹിച്ച ഈ മണ്ണ്, അതിന്റെ ഭൂമിശാസ്ത്രപരമായ അനുഗ്രഹങ്ങളാല്‍ എന്നും സംഘര്‍ഷങ്ങളുടെ വിളനിലം കൂടിയായിരുന്നു. എണ്ണയും പ്രകൃതി വാതകവും, കാര്‍ഷികവിഭവങ്ങളും ധാതുക്കളും ഈ മണ്ണിനെ, പോരിന്റെ പ്രഹേളികയാക്കി എന്നും നിലനിര്‍ത്തി. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം, ഈ മണ്ണില്‍ ആണവ വിസ്‌ഫോടനത്തിന്റെ, ആണവ ആക്രമണങ്ങളുടെ, കരുതിക്കൂട്ടിയോ അല്ലാതെയോ സംഭവിക്കാവുന്ന ആണവ അപകടങ്ങളുടെ ഭീതിയിലെത്തിച്ചിരിക്കുന്നു. ഇറാനോ ഇസ്രയേലോ തങ്ങളുടെ ആണവ ശേഷിയെക്കുറിച്ചോ, ഉപയോഗത്തെക്കുറിച്ചോ കൃത്യവും വ്യക്തവുമായ പ്രഖ്യാപിത നിലപാടുകളെടുക്കാത്തത് ഈ പ്രശ്‌നത്തെ സങ്കീര്‍ണമാക്കുന്നു. അമേരിക്കയുടെ അത്യാധുനിക ബി 2 സ്റ്റെല്‍ത് ബോംബറുകള്‍, ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍ എന്ന പേരില്‍ ഇറാന്റെ ആണവ സംവിധാനങ്ങളില്‍ നടത്തിയ ബോംബാക്രമണം, അത്യന്തം അപകടകരവും, പശ്ചിമേഷ്യയിലെ ആണവ സുരക്ഷയും സന്തുലിതവും കൂടുതല്‍ അനിശ്ചിതത്വത്തിലാക്കുന്നതുമാണ്.

ഇസ്രയേലിന്റെ ആണവ പദ്ധതി 1940-കളുടെ അവസാനത്തില്‍, രാഷ്ട്രം സ്ഥാപിതമായ ഉടനെ തുടങ്ങിയതാണ്. 1950-കളില്‍, ഫ്രാന്‍സിന്റെ സഹായത്തോടെ, ഇസ്രയേല്‍ ‘ഡിമോന’യില്‍ ഒരു രഹസ്യആണവ റിയാക്ടര്‍ നിര്‍മ്മിച്ചു. 1960-കളോടെ, ഇസ്രയേല്‍ ആണവായുധ ശേഷി കൈവരിച്ചതായി പൊതുവെ വിശ്വസിക്കപ്പെടുന്നു. ആണവായുധങ്ങളുടെ വിഷയത്തില്‍ ഇസ്രയേല്‍ തുടരുന്നത് ‘deliberate ambiguity’ എന്ന നയമാണ്. അഥവാ ‘കരുതിക്കൂട്ടിയുള്ള അവ്യക്തത’. തങ്ങളുടെ കൈവശം ആണവായുധം ഉണ്ടെന്നോ ഇല്ലെന്നോ തങ്ങള്‍ പറയാന്‍ തയ്യാറല്ല എന്നതാണീ നയത്തിന്റെ അടിസ്ഥാനം. എന്നിരുന്നാലും ഇസ്രയേല്‍ ആണവായുധശക്തി ആണെന്നതാണ് അന്താരാഷ്ട്ര തലത്തിലുള്ള കണക്കുകൂട്ടല്‍. യുഎന്നിലെ സ്ഥിര മെമ്പര്‍മാരെയൊഴികെ, ആണവായുധങ്ങള്‍ കൈവശം വെക്കുന്നതില്‍ നിന്നും തടയുന്ന നോണ്‍ പ്രോലിഫെറേഷന്‍ ട്രീറ്റിയില്‍ ഇസ്രയേല്‍ ഒപ്പ് വച്ചിട്ടില്ല. അസന്തുലിതമായ രാഷ്ട്രീയസാഹചര്യങ്ങളില്‍ നിലനിന്നു കൊണ്ട്, ഒരു പ്രദേശത്തെ സുരക്ഷാ പ്രശ്‌നങ്ങളെ കണക്കിലെടുക്കാതെ, എല്ലാ രാജ്യങ്ങളും ഐക്യകണ്‌ഠേന ഭാഗഭാക്കാവാതെ അത്തരത്തിലൊരു കരാറില്‍ തങ്ങള്‍ ഒപ്പിടില്ല എന്ന് ഇസ്രയേല്‍ പറയുന്ന ന്യായത്തെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. ഇതേ കാരണം തന്നെയാണ് ഇന്ത്യയും ഈ കരാറില്‍ ഒപ്പിടാതിരിക്കാനുള്ള കാരണം. തങ്ങളുടെ കൈവശം അണുവായുധം ഉണ്ടോ ഇല്ലയോ എന്ന് തങ്ങള്‍ പറയില്ല എന്ന് പറയുമ്പോഴും, പശ്ചിമേഷ്യയില്‍ ഒരിക്കലും ആദ്യമായി ആണവായുധം ഉപയോഗിക്കുന്നത് തങ്ങളാവില്ല എന്ന് ഇസ്രയേല്‍ പറയുന്നു. പക്ഷെ, പല സന്ദര്‍ഭങ്ങളിലായി ഇസ്രയേല്‍ പ്രതിനിധികള്‍ തങ്ങളുടെ വാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് പുറത്തുവിടുന്ന അണുവായുധ ഭീഷണി ലോകം ഉത്കണ്ഠയോടെ നോക്കിക്കണ്ടിട്ടുണ്ട്. 2023 ഇല്‍ ഇസ്രയേല്‍ ഹെറിറ്റേജ് മിനിസ്റ്റര്‍ അമിഹായി ഏലിയാഹുവിന്റെ പ്രസ്താവന ഇതിനുദാഹരണമാണ്..

അന്താരാഷ്ട്ര വിദഗ്ധര്‍, ഇസ്രയേലിന് 80 മുതല്‍ 200 വരെ ആണവ വാര്‍ഹെഡുകള്‍ ഉണ്ടെന്ന് കണക്കാക്കുന്നു. ഇസ്രയേലിന്റെ ആണവ വിന്യാസ സംവിധാനങ്ങളില്‍ ജെറിക്കോ-3 ബാലിസ്റ്റിക് മിസൈലുകള്‍, F-15, F-16 വിമാനങ്ങള്‍, ഡോള്‍ഫിന്‍-ക്ലാസ് അന്തര്‍വാഹിനികള്‍എന്നിവ ഉള്‍പ്പെടുന്നു. ഇത് ഇസ്രയേലിന് കര- വ്യോമ- നാവിക തലങ്ങളിലുള്ള ആണവ ശക്തി അഥവാ ‘ന്യൂക്ലിയര്‍ട്രയാഡ്’ (land, air, sea) ശേഷി നല്‍കുന്നു. ഇതിനര്‍ത്ഥം ഇസ്രായേലിന് ‘ second strike capability’ ഉണ്ടെന്നുള്ളതാണ്. അതായത്, തങ്ങള്‍ക്ക് നേരെയുള്ള ഒരു ആണവ ആക്രമണത്തിന് ശേഷവും തിരിച്ചൊരു ആണവപ്രഹരത്തിനുള്ള ശേഷി ഇസ്രയേലിനുണ്ട്.

ഇതിന് പുറമെ ‘begin doctrine’ എന്ന നയവും ഇസ്രയേല്‍ പിന്തുടരുന്നു. begine doctrine ന്റെ അടിസ്ഥാനത്തില്‍, ഇസ്രയേല്‍ പറഞ്ഞുവയ്ക്കുന്നതെന്തെന്നാല്‍, വെപ്പണ്‍സ് ഓഫ് മാസ്സ് ഡിസ്ട്രക്ഷന്‍ അഥവാ WMD, കൈവശം വയ്ക്കാനോ, അവ ഉപയോഗിക്കാനോ എന്ന് മാത്രമല്ല, തങ്ങളുടെ ശത്രു രാജ്യങ്ങള്‍ക്ക് അവ നേടാനുള്ള കഴിവിനെയും ശ്രമത്തെയും, ചെറുത്തു തോല്‍പിക്കാന്‍ തങ്ങള്‍ പ്രതിരോധ നടപടികള്‍ അഥവാ PREVENTIVE STRIKES നടത്തുമെന്നുള്ളതാണ്. ഇത് പശ്ചിമേഷ്യയിലെ ശത്രുരാജ്യങ്ങള്‍ ആണവായുധ ശേഷി കൈവരിക്കുന്നത് തടയാന്‍ സൈനിക നടപടികള്‍ സ്വീകരിക്കാനുള്ള ഇസ്രയേലിന്റെ സന്നദ്ധത വ്യക്തമാക്കുന്നു. 1981-ല്‍, ഇറാഖിന്റെ ഒസിറാഖ് ആണവ റിയാക്ടറില്‍ ‘ഓപ്പറേഷന്‍ ഓപ്പറ’ എന്ന പേരില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തുകയുണ്ടായി. ഈ ആക്രമണം, മധ്യപൂര്‍വ്വത്തിലെ ആണവ പദ്ധതികള്‍ തടയാനുള്ള ഇസ്രയേലിന്റെ ആദ്യ ആക്രമണമായി മാറി. 2007-ല്‍, സിറിയയിലെ ഒരു രഹസ്യആണവ നിലയത്തിനെതിരെ ‘ഓപ്പറേഷന്‍ ഓര്‍ചാര്‍ഡ്’ എന്ന പേര് നല്‍കിയും ഇസ്രയേല്‍ ആക്രമണം നടത്തി. ഇറാന്റെ ആണവ സംവിധാനങ്ങളെ മാത്രമല്ല, ശാസ്ത്രജ്ഞരെയും ഇസ്രയേല്‍ ലക്ഷ്യം വയ്ക്കുന്നു. 2010-ല്‍, ‘സ്റ്റക്‌സ്‌നെറ്റ്’ എന്ന കമ്പ്യൂട്ടര്‍ വൈറസ്, ഇറാന്റെനാറ്റാന്‍സ് സെന്റ്രിഫ്യൂജുകളെ തകര്‍ത്തു. ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈബര്‍-യുദ്ധശേഷിയുടെ തെളിവായിരുന്നു ഈ ആക്രമണം, ഇത് ഇറാന്റെ ആണവ പദ്ധതിയെ വര്‍ഷങ്ങളോളം വൈകിപ്പിച്ചു. 2024-ലും 2025-ലും, ഇറാന്റെ നാറ്റാന്‍സ്, ഫോര്‍ഡോ സൗകര്യങ്ങളില്‍ സൈബര്‍ തടസ്സങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2020-ല്‍, ഇറാന്റെ പ്രധാന ആണവശാസ്ത്രജ്ഞന്‍ മുഹ്സിന്‍ ഫക്രിസാദെ, മോസാദിന്റെ റിമോട്ട്കണ്‍ട്രോള്‍ മെഷീന്‍ ഗണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു, ഇത് ഇറാന്റെ ആണവ സ്വപ്നങ്ങള്‍ക്ക് വലിയ തിരിച്ചടിയായതായി കണക്കാക്കുന്നു. 2025-ലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍, ഇറാന്റെ ഒമ്പത് ആണവശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായും പറയപ്പെടുന്നുണ്ട്.

middle east war

ഇസ്രയേലിന്റെ ആണവ പദ്ധതിയും ഇറാന്റെ ആണവ പദ്ധതിയും ഒരു തരത്തില്‍ പരംപൂരകങ്ങളാണെന്ന് പറയാവുന്നതാണ്. ഇരുപക്ഷവും പശ്ചിമേഷ്യയിലെ ആണവമേല്‌കോയ്മയ്ക്കായി ശ്രമിക്കുന്നു. ആണവായുധരൂപീകരണത്തിന്റെ ഏത് ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു എന്നതൊഴിച്ചാല്‍, അതിസങ്കീര്‍ണമായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ഒരു ഭൂപ്രദേശത്തിലെ, മതാടിസ്ഥാനത്തിലുള്ള രണ്ട് രാജ്യങ്ങളുടെ കൈവശമുള്ള ആണവായുധങ്ങള്‍ ആ പ്രദേശത്തിനും, ലോകത്തിനാകെയും ഭീഷണി തന്നെയാണ്.

ഇറാന്റെ ആണവ പദ്ധതി, 1950 കളില്‍ ആരംഭിച്ചതാണ്. 1957-ല്‍, ഷാ മുഹമ്മദ് റെസാ പഹ്ലവിയുടെ ഭരണകാലത്ത്, ഇറാന്‍ യുഎസുമായി ആണവ സഹകരണ കരാര്‍ ഒപ്പുവെച്ചു. ഇതനുസരിച്ച് തെഹ്റാനില്‍ ഒരു ഗവേഷണ റിയാക്ടര്‍ സ്ഥാപിക്കുകയും യുറേനിയം സമ്പുഷ്ടീകരണ സാങ്കേതികവിദ്യയില്‍ അമേരിക്ക, ഇറാന് പരിശീലനം നല്‍കുകയും ചെയ്തു. 1970 കളുടെ തുടക്കത്തില്‍ ആണവപദ്ധതികള്‍ കൂടുതല്‍ വികസിപ്പിക്കപ്പെട്ടെങ്കിലും, 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം, മന്ദഗതിയിലാവുകയും, ഇറാന്റെ ആണവ പദ്ധതിക്ക് പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് 1980-കളില്‍, ഇറാന്‍-ഇറാഖ് യുദ്ധകാലത്താണ് രഹസ്യമായി ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികള്‍ പുനരാരംഭിച്ചതെന്ന് പറയപ്പെടുന്നു. 1990 കളില്‍ ന്യൂക്ലിയര്‍ ഫ്യുവല്‍ സൈക്കിളും, സെന്‍ട്രിഫ്യൂജുകളും വികസിപ്പിച്ചെടുത്ത ഇറാന്‍, യുറേനിയം സമ്പുഷ്ടീകരണ സംവിധാനങ്ങള്‍ നതാന്‍സ്, അരക്, ഫോര്‍ദോ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്നു. 2003 ല്‍, ഇറാന്‍ തങ്ങളുടെ ആണവായുധ പദ്ധതി ഉപേക്ഷിച്ചതായും, സമാധാനാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ആണവപദ്ധതികള്‍ മാത്രമേ തങ്ങള്‍ നടത്തുന്നുള്ളൂ എന്നും പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍, പിന്നീടിങ്ങോട്ട് ഇറാന്‍ ദശകങ്ങളായി തന്റെ ആണവ പരിപാടി വികസിപ്പിച്ച് വരികയാണ്. ഔദ്യോഗികമായി, ഇറാന്‍ പറയുന്നത് ഈ പദ്ധതി ഊര്‍ജ്ജോത്പാദനത്തിനും ശാസ്ത്രീയ ഗവേഷണത്തിനും വേണ്ടിയാണെന്നാണ്. എന്നാല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സും, ഇസ്രയേലും, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഇറാന്‍ ആണവായുധ നിര്‍മ്മാണത്തിനുള്ള ശ്രമമാണെന്ന് ആരോപിക്കുന്നു. 2015-ലെ ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (JCPOA) ആണവ കരാര്‍, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം 3.67%-ല്‍ പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ 2018-ല്‍ യുഎസ് ഈ കരാറില്‍ നിന്ന് പിന്മാറിയ സ്ഥിതിഗതികള്‍ വഷളാക്കി. 2021-ല്‍, ജോ ബൈഡന്‍ ഭരണകൂടം JCPOA പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, ഇറാന്റെ പുതിയ ആവശ്യങ്ങളും ഇസ്രയേലിന്റെ എതിര്‍പ്പും ചര്‍ച്ചകളെ സങ്കീര്‍ണമാക്കി. 2025-ലെ സ്ഥിതിഗതികള്‍ പ്രകാരം, JCPOAയുടെ പുനരുജ്ജീവനം അനിശ്ചിതത്വത്തിലാണ്.

പതിറ്റാണ്ടുകളായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര പരിശോധനകള്‍ക്ക് വിധേയമായിട്ടുള്ളതാണ് ഇറാന്റെ ആണവ സംവിധാനങ്ങള്‍. ഇറാന്‍, തങ്ങളുടെ ആണവപദ്ധതി സമാധാനപരമാണെന്ന് അവകാശപ്പെടുമ്പോള്‍, ഇപ്പോഴുള്ള 60% യുറേനിയം സമ്പുഷ്ടീകരണത്തില്‍ നിന്നും, ആണവായുധ നിര്‍മാണത്തിന് ആവശ്യമായ 90% എന്ന നിലയിലേക്ക് എത്താന്‍ ഒരു ചെറിയ സാങ്കേതിക ഘട്ടം മാത്രമേ ആവശ്യമുള്ളൂ എന്ന വസ്തുത നിലനില്‍ക്കുന്നു. നിലവില്‍, ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിച്ചതായും, ഇത് ആണവായുധ നിര്‍മ്മാണത്തിന്ആവശ്യമായ തലത്തിലേക്ക് അടുക്കുന്നതായും അന്താരാഷ്ട്രആണവോര്‍ജ ഏജന്‍സി (IAEA) റിപ്പോര്‍ട്ട് ചെയ്യുന്നു. നാറ്റാന്‍സ്, ഫോര്‍ഡോ എന്നിവിടങ്ങളില്‍ ഉന്നതശേഷിയുള്ള സെന്‍ട്രിഫ്യൂജുകള്‍ ഇറാന്‍ വിന്യസിച്ചിട്ടുണ്ട്. 2023-നും 2024-നും ഇടയില്‍, ഇറാന്‍ 5,000-ലധികം IR-6, IR-8 തുടങ്ങിയ നൂതന സെന്‍ട്രിഫ്യൂജുകള്‍ സ്ഥാപിച്ചതായി IAEA റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ആണവായുധ നിര്‍മ്മാണത്തിന് ആവശ്യമായ സമയം (breakout time) ഗണ്യമായി കുറയ്ക്കുന്നു.

ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ ആണവഭീഷണിയുടെ മറ്റൊരു ഘടകമാണ്. 2,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഷഹാബ്-3, സെജില്‍-2 തുടങ്ങിയ മിസൈലുകള്‍ ഇറാന്‍ വികസിപ്പിച്ചിട്ടുണ്ട്. 2024-ല്‍, ഇറാന്‍ പുതിയ ഹൈപ്പര്‍സോണിക് മിസൈലുകള്‍പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, ഇവ ആണവപോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളവയാണ്. ഇസ്രായേല്‍പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇറാന്‍’രഹസ്യമായി ആണവായുധം വികസിപ്പിക്കുന്നു’ എന്ന്ആരോപിക്കുമ്പോള്‍ യുഎസ് ഇന്റലിജന്‍സ്, ഇറാന്‍ 2003-ല്‍ആണവായുധ പദ്ധതി നിര്‍ത്തിവച്ചതായിവിലയിരുത്തുന്നുമുണ്ട്. ഒരേ പക്ഷത്തുള്ളവര്‍ക്കു തന്നെപലപ്പോഴും അഭിപ്രായ സമന്വയങ്ങളില്ലാതെ പോകുന്നതായികാണാം. അനിശ്ചിതത്വങ്ങളുടെ നീണ്ട നിരയാണ് ഈവിഷയത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ളത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേലിന്റെ ‘ഓപ്പറേഷന്റൈസിംഗ് ലയണ്‍’ എന്ന പേര് നല്‍കിയ വ്യോമാക്രമണം, ഇറാന്റെ നാറ്റാന്‍സ്, അറാക്, ഇസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ടതിനെ തുടര്‍ന്ന് ഇറാന്‍, ഇസ്രായേലിലെ സോറോക ആശുപത്രി, തെല്‍ അവീവ്, ഡിമോനയിലെ സൈനിക താവളം എന്നിവയ്ക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പ്രത്യാക്രമണം നടത്തുകയുണ്ടായി. ഇറാന്‍ ഒരു ആണവായുധം വികസിപ്പിക്കുന്നതിന്റെ അടുത്താണെന്നും, ഇത് ഇസ്രയേലിന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്നും, ഈആക്രമണം, ഇറാന്റെ ആണവ പദ്ധതിയെ തടയാനുള്ള മുന്‍കരുതല്‍ നടപടിയാണെന്നും ഇസ്രയേല്‍ പറയുന്നു. ഇസ്രയേലിന്റെ ജൂണ്‍ 13-ലെ ആക്രമണങ്ങള്‍, ഇറാന്റെ ആണവ പദ്ധതിയെ ഗണ്യമായി തടസ്സപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (IAEA) യുടെ റിപ്പോര്‍ട്ട് പ്രകാരം, ഇറാന്റെ ആണവ പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമത്തില്‍, ഇസ്രയേല്‍, രണ്ട് സെന്‍ട്രിഫ്യൂജ് നിര്‍മ്മാണ കേന്ദ്രങ്ങള്‍, തെഹ്‌റാനിലെ ഒരു ആണവ ഗവേഷണ കേന്ദ്രം, കറാജിലെ ഒരു വര്‍ക്‌ഷോപ്പ് തുടങ്ങി വളരെ അപകടകരമായ രീതിയില്‍ ആണവസംവിധാനങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും, IAEAഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി, ഫോര്‍ഡോയില്‍ കാര്യമായ കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോര്‍ഡോ ഗവേഷണകേന്ദ്രത്തിലെ 60% യുറേനിയം സമ്പുഷ്ടീകരണം നാലോളം ആണവ പോര്‍മുനകള്‍ ഭാവിയില്‍ നിര്‍മ്മിക്കാന്‍ പ്രാപ്തമാണെന്ന് കണക്കാക്കപ്പെടുന്നു.

ഇസ്രയേലിന്റെ ആക്രമണങ്ങള്‍, ഇറാന്റെ ആണവശേഷിയെ വൈകിപ്പിക്കാന്‍ ലക്ഷ്യമിടുമ്പോള്‍, ഇറാന്റെ ഷാഹിദ് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും, ഇസ്രയേലിന്റെ Iron Dome നെ ഭേദിച്ച് നാശനഷ്ടങ്ങളുണ്ടാക്കുന്നു. എന്നാല്‍, ഈ ആക്രമണങ്ങള്‍, ഇറാനെ കൂടുതല്‍ ആക്രമണോത്സുകമാക്കുകയോ, ആണവ പദ്ധതി ഭൂഗര്‍ഭത്തിലേക്ക് മാറ്റാന്‍ കാരണമാവുകയോ ചെയ്യാം. യുണൈറ്റഡ് നേഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍, ഇറാന്റെ ആണവ പരിപാടിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, യുഎസ്, റഷ്യ, ചൈന എന്നിവ തമ്മിലുള്ള ഭിന്നതകള്‍ ഫലപ്രദമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് തടസ്സമാകുന്നു. IAEA, ഇറാന്റെ ആണവ സൗകര്യങ്ങളില്‍ പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും, 2023 മുതല്‍, ഇറാന്‍ IAEA-യുടെ ചില നിരീക്ഷണങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് ഇറാന്റെ സുതാര്യതയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍, JCPOAയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഇറാന്റെ മിസൈല്‍ പദ്ധതിയും മേഖലയിലെ മറ്റു ശക്തികളുടെ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാന്‍ പുതിയ കരാറുകള്‍ ആവശ്യമാണെന്ന് വാദിക്കുന്നു. റഷ്യയും ചൈനയും ഇറാന് ഭാഗിക പിന്തുണ നല്‍കുന്നത്, അന്താരാഷ്ട്ര നയതന്ത്ര ശ്രമങ്ങളെ സങ്കീര്‍ണമാക്കുന്നു.

ഈ സംഘര്‍ഷം പശ്ചിമേഷ്യയിലെ ദീര്‍ഘ വ്യാപകമായ അസ്ഥിരതയ്ക്ക് കാരണമായേക്കാം. ഏതെങ്കിലും ഒരു രാജ്യം ആണവായുധം പ്രയോഗിച്ചാല്‍, അത് ഈ മേഖലയില്‍ വിനാശകരമായ യുദ്ധത്തിന് കാരണമാകുമെന്ന് മാത്രമല്ല, ഇരു രാജ്യങ്ങളുടെയും ആണവവത്കരണത്തിനുള്ള മത്സരം, സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ മറ്റ് രാജ്യങ്ങളെ സ്വന്തം ആണവ പരിപാടികള്‍ വികസിപ്പിക്കാന്‍ പ്രേരിപ്പിച്ചേക്കാം, ഇത് പശ്ചിമേഷ്യയില്‍ ഒരു ‘ആണവ മത്സര’ (nuclear arms race) ത്തിന് വഴിയൊരുക്കും. ഈ ആണവമത്സരം ആഗോള സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോടൊപ്പം വാണിജ്യ സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടികളുണ്ടാക്കും. മാത്രമല്ല അത്തരമൊരു അണ്വായുധോപയോഗം റഷ്യ, ചൈന, യുഎസ് തുടങ്ങിയ വന്‍ശക്തികളെ ഈ സംഘര്‍ഷത്തിലേക്ക് നേരിട്ട് ഇടപെടുന്ന രീതിയില്‍ വലിച്ചിഴച്ചേക്കാം.

ഒരു ആണവ അപകടമോ ആണവ വിസ്‌ഫോടനമോ പശ്ചിമേഷ്യയിലെ ജലസ്രോതസ്സുകള്‍, കൃഷി, ജനസംഖ്യ എന്നിവ ദീര്‍ഘകാലം മലിനമാക്കാന്‍ ശേഷിയുള്ളതാണ്. ചെര്‍ണോബില്‍ (1986), ഫുക്കുഷിമ (2011) ദുരന്തങ്ങള്‍പോലെ, ഈ മേഖലയിലെ പരിസ്ഥിതി വ്യവസ്ഥ തകരും. ലക്ഷക്കണക്കിന് പൗരന്മാര്‍, റേഡിയേഷന്‍ മൂലം രോഗബാധിതരോ അഭയാര്‍ത്ഥികളോ ആകുമ്പോള്‍, അണുവികിരണങ്ങളെ വഹിക്കുന്ന മേഘങ്ങള്‍, അന്തരീക്ഷ സഞ്ചാരത്തിലൂടെ, മധ്യേഷ്യ, യൂറോപ്പ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുക വഴി ആഗോള ആരോഗ്യ-പരിസ്ഥിതി പ്രതിസന്ധി സൃഷ്ടിക്കാം. പ്രാദേശികമാണെങ്കില്‍ പോലും ഒരു ആണവ യുദ്ധം, ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്നതോടൊപ്പം, ‘ന്യൂക്ലിയര്‍ വിന്റര്‍’ പോലുള്ള പരിസ്ഥിതി പ്രതിസന്ധികള്‍ സൃഷ്ടിക്കാം.

ഇപ്പോഴുള്ള ആക്രമണങ്ങള്‍ തന്നെ ആണവ ദുരന്തത്തില്‍അവസാനിക്കാനുള്ള എല്ലാ സാധ്യതയുമുള്ളതാണ്. നിലവില്‍ ആണവ സംവിധാനങ്ങളെ ലക്ഷ്യം വച്ച് ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഈ ആക്രമണങ്ങള്‍, ആണവസംവിധാനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ വരുത്തുന്നത് വഴി, റേഡിയോ ആക്ടീവ് ഫോള്‍ ഔട്ടിന് അഥവാ അണുവികിരണ ശേഷിയുള്ള പദാര്‍ത്ഥങ്ങള്‍ ഒരു പ്രദേശമാകെ മലിനീകരിക്കുന്നതിന് കാരണമാകുമെന്ന് IAEA മുന്നറിയിപ്പ് നല്‍കുന്നു. ഇസ്രയേലിന്റെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍, ഭൂഗര്‍ഭ ആണവ സംവിധാനങ്ങളെ തകര്‍ത്താല്‍, വരും നൂറ്റാണ്ടുകളിലേക്ക്, ഒരു വലിയ ഭൂപ്രദേശത്തെ മണ്ണും വെള്ളവും സസ്യ ജീവ ജാലങ്ങളും ആണവമലിനീകരണത്തിന് കാരണമാവും. ഇസ്രയേലിന്റെ Iron Dome, ഇറാന്റെ മിസൈലുകളെ ആണവ പോര്‍മുനകളായി തെറ്റായി വിലയിരുത്തിയാല്‍, അത് ഇസ്രയേലിന്റെ ആണവപ്രത്യാക്രമണത്തിന് കാരണമാകാം. 1983-ലെ പെട്രോവ് സംഭവം പോലെ, തെറ്റായ ഒരു മുന്നറിയിപ്പ്, ആണവയുദ്ധത്തിന് തുടക്കമിടാം. ഒരു ആകസ്മിക ആണവയുദ്ധത്തിന്റെ സാദ്ധ്യതകള്‍ തള്ളിക്കളയാവുന്നതല്ല.

മറ്റൊരു പ്രധാന പ്രശ്‌നം, ഈ സംഘര്‍ഷം, ഈ പ്രദേശത്തുള്ള ആണവ വസ്തുക്കള്‍, non state actors ന്റെ കൈകളില്‍ എത്താന്‍ ഇടയാക്കാമെന്നുള്ളതാണ്. ഇത് ‘Dirty bomb’ നിര്‍മിക്കാനായി എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ്. അണ്വായുധം നിര്‍മ്മിക്കുന്നത്ര സങ്കീര്‍ണമല്ല ഈ ‘Dirty bomb’ നിര്‍മ്മിക്കാന്‍. പ്രഹരശേഷി കുറയുമെങ്കിലും, ഒരു വലിയ പ്രദേശത്തെ ആണവ മലിനീകരണത്തിന് ഇത് കാരണമാവും. ഭീകര സംഘടനകളുടെ കൈകളില്‍ ഈ ആണവ വസ്തുക്കള്‍ എത്തിപ്പെട്ടാല്‍, ലോക സുരക്ഷയ്ക്ക് അതൊരു വലിയ ഭീഷണിയാണ് സൃഷ്ടിക്കുക. സംസ്‌കരണങ്ങളുടെ എന്നെന്നേക്കുമായുള്ള തുടച്ചുനീക്കലുകള്‍ക്ക് ആകസ്മികമായ ആണവഅപകടങ്ങള്‍ കാരണമാവും. ചെര്‍ണോബിലിലെ പ്രിപിയാത്‌നഗരം, ഇന്നൊരു പ്രേതഭൂമി പോലെ നിലനില്‍ക്കുന്നത് ലോകരാഷ്ട്രങ്ങള്‍ക്കൊരു മുന്നറിയിപ്പാണ്. ഈ രണ്ട് രാജ്യങ്ങളും ആണവ സ്വപ്നങ്ങളും പോര്‍ വിളികളുമായി മുന്നോട്ടുനീങ്ങുന്നത് പശ്ചിമേഷ്യയിലെയും ലോകമാകെയുമുള്ള ആണവ വ്യാപനത്തിനുള്ള സാദ്ധ്യതകള്‍ സൃഷ്ടിക്കുന്നതോടൊപ്പം, സാധാരണ ജനജീവിതത്തിനും, സമാധാനത്തിനും വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു.

middle east war

WMD ഉണ്ടെന്നുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച ഇറാഖിലെ അധിനിവേശം അവിടുത്തെ മനുഷ്യര്‍ക്കും നാടിനും നല്‍കിയത്, അസ്ഥിരമായ രാഷ്ട്രീയ സാമ്പത്തിക ചുറ്റുപാടും, അരക്ഷിതാവസ്ഥയും, ഭീകരവാദികള്‍ക്ക് അനായാസമായി കടന്നുകയറാനുള്ള അവസരങ്ങളുമാണ്. അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അമേരിക്കന്‍ ഇടപെടലുകള്‍ മറ്റൊരു അനുഭവമല്ല പങ്കുവയ്ക്കുന്നത്. പാശ്ചാത്യ ശക്തികള്‍ ഏകപക്ഷീയമായി ഇസ്രയേലിനോടോ, റഷ്യയും ചൈനയും ഇറാനോടോ, പിന്തുണ നല്‍കിയുള്ള മുന്നോട്ടുപോക്ക് ഈ പ്രദേശത്തെ ആണവ സംഘര്‍ഷത്തെ സങ്കീര്‍ണമാക്കാനേ ഉപകരിക്കൂ. ഇറാന്റെ ആണവ നിലയങ്ങളിലെ ബോംബാക്രമണം മൂലം ഇതുവരെ ഗള്‍ഫ് മേഖലയില്‍ ആണവ വികിരണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല എന്ന് സൗദി അറേബിയയും, ഇസ്ഫഹാനിലോ ഫോര്‍ടോയിലോ നാഥന്‍സിലോ ആണവ മലിനീകരണം ഉണ്ടായിട്ടില്ല എന്ന് ഇറാനും വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര സമൂഹം ഉടന്‍ നടപടികള്‍സ്വീകരിച്ചില്ലെങ്കില്‍, ഈ മേഖല ഒരു ആണവ യുദ്ധത്തിന്റെ വക്കിലെത്തിയേക്കാം. പശ്ചിമേഷ്യയിലെ രാജ്യങ്ങളുടെ പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമേ ഈ ഭീഷണിയെ നേരിടാന്‍ കഴിയൂ. ചേരിചേരാ നയത്തിന്റെ ചരിത്രനായകസ്ഥാനം കാഴ്ചവച്ചിട്ടുള്ള ഇന്ത്യയ്ക്കും, ഇതേ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന മറ്റു രാജ്യങ്ങള്‍ക്കും, തങ്ങളുടെ വിശ്വാസ്യത മുന്‍നിര്‍ത്തി നയതന്ത്രപരമായി ഈ സംഘര്‍ഷത്തില്‍ സമന്വയം കണ്ടെത്താനുള്ള സാദ്ധ്യതകള്‍ ഏറെയാണ്. ദീര്‍ഘകാല പരിഹാരമായി, ആഫ്രിക്കന്‍ രാജ്യങ്ങളും, മധ്യേഷ്യന്‍ രാജ്യങ്ങളും രൂപീകരിച്ച മാതൃകയില്‍, മിഡില്‍ ഈസ്റ്റിനെ ‘ആണവായുധ രഹിതമേഖല’ (Nuclear-Weapon-Free Zone) ആയി പ്രഖ്യാപിക്കാന്‍ അന്താരാഷ്ട്ര സമൂഹം ശ്രമിക്കേണ്ടതുണ്ട്. ഇത് ഈപ്രദേശത്തെ രാജ്യങ്ങളുടെ ആണവീകരണത്തെ മാത്രമല്ല, അണ്വായുധങ്ങളോ ബന്ധപ്പെട്ട വസ്തുക്കളോ ഈ പ്രദേശത്തുകൂടി കടന്നു പോകുന്നത് കൂടെ നിയന്ത്രിക്കുക വഴി കൂടുതല്‍ സുരക്ഷ മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍, ഇസ്രയേലിന്റെ ആണവശേഖരവും ഇറാന്റെ ആണവഅഭിലാഷങ്ങളും ഈ ലക്ഷ്യത്തെ സങ്കീര്‍ണമാക്കുന്നു. ഇറാനും ഇസ്രയേലും തമ്മിലുള്ള ആണവ വടംവലി, ഒരു പ്രദേശത്തെ മാത്രമല്ല, ലോകജനതയെ ഒന്നാകെ ബാധിക്കുന്ന വെല്ലുവിളിയാണെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞു, സമാധാനത്തിനും സമന്വയത്തിനുമായി പ്രവര്‍ത്തിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു. Israel-Iran war; nuclear threat in the Middle East

Content Summary: Israel-Iran war; nuclear threat in the Middle East

Dr. Haseeb Cheerathadayan

Dr. Haseeb Cheerathadayan

Alliance Medical -NHS England. Former Senior Research Fellow- Jawaharlal Nehru University, New Delhi.

More Posts

Leave a Reply

Your email address will not be published. Required fields are marked *

×