June 18, 2025 |
Share on

ഗാസയെ വീണ്ടും കുരുതിക്കളമാക്കി ഇസ്രയേല്‍; 22 കുട്ടികളടക്കം 80 പേര്‍ കൊല്ലപ്പെട്ടതായി വിവരം

വടക്കന്‍ ഗാസയുടെ അതിര്‍ത്തിമേഖലയായ ജബലിയയിലായിരുന്നു ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്

പലസ്തീനെതിരായ യുദ്ധം വീണ്ടും രൂക്ഷമാക്കി ഇസ്രയേല്‍. ഗാസയില്‍ ബുധനാഴ്ച്ച നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 80 പേര്‍ കൊല്ലപ്പെട്ടതായി വിവരം. യഥാര്‍ത്ഥ മരണവിവരം ഇപ്പോഴും ലഭ്യമായിട്ടില്ലെങ്കിലും, കഴിഞ്ഞ ഏതാനും ആഴ്ച്ചകളില്‍ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് ബുധനാഴ്ച്ച ഇസ്രയേല്‍ നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം.

സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത് 80 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്. അതേസമയം ഗാസയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്, 50 പേരാണ് കൊല്ലപ്പെട്ടതെന്നാണ്. എന്നാല്‍ ഇവരുടെ കണക്കനുസരിച്ച് കൊല്ലപ്പെട്ടവരില്‍ 22 പേര്‍ കുട്ടികളാണ്. വടക്കന്‍ ഗാസയുടെ അതിര്‍ത്തിമേഖലയായ ജബലിയയിലായിരുന്നു ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷമുള്ള സാഹചര്യം വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. രക്തം പുരണ്ട വെളുത്ത കഫിന്‍ കൊണ്ട് പൊതിഞ്ഞ മൃതദേഹങ്ങള്‍ക്ക് സമീപം മുട്ടുകുത്തി കരയുന്ന സ്ത്രീകളും വിലാപയാത്രക്കാരുടെയുമെല്ലാം ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഇസ്രയേല്‍ ആക്രമണത്തില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ജബലിയയിലെ അല്‍-അവ്ഡ ആശുപത്രി ഡയറക്ടര്‍ മൊഹമ്മദ് സാല പറയുന്നത്, അവര്‍ ബുധനാഴ്ച്ച രാവിലെ മുതല്‍ പാതിരാത്രിവരെ വ്യോമാക്രമണത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുകയായിരുന്നുവെന്നാണ്. അക്കൂട്ടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ നാല് മാസം പ്രായമായ ഒരു കുഞ്ഞും ഉണ്ടായിരുന്നുവെന്ന് സാല പറയുന്നു. കഴിഞ്ഞ 19 മാസങ്ങളായി ഇത്തരം കാഴ്ച്ചകള്‍ കാണുകയാണെങ്കിലും ഇപ്പോഴും അവയുമായി പൊരുത്തപ്പെടാന്‍ ആര്‍ക്കും സാധിക്കുന്നില്ലെന്നാണ് ഡോക്ടര്‍ സാല പറയുന്നത്.

ഗാസയുടെ വടക്കന്‍ മേഖലയില്‍ നിന്നും ചൊവ്വാഴ്ച ഇസ്രയേലിനെതിരേ നേരെ രണ്ട് റോക്കറ്റ് ആക്രമണങ്ങള്‍ നടന്നതായി പറയുന്നുണ്ട്. ഗാസ നഗരത്തിലെ റിമാല്‍ പരിസരത്ത് ഹമാസ് സ്‌കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും അവരുടെ മറയായി ഉപയോഗിക്കുന്നുവെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഇവിടങ്ങളില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേല്‍ സൈന്യം പുതിയ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു.

ഹമാസ് കഴിഞ്ഞ ദിവസമാണ് അവരുടെ തടങ്കലില്‍ ഉണ്ടായിരുന്ന അമേരിക്കന്‍ ബന്ദി ഏഡന്‍ അലക്‌സാണ്ടറെ മോചിപ്പിച്ചത്. ഏഡന്റെ മോചനവുമായി ബന്ധപ്പെട്ട് ഇസ്രേയേല്‍ അനൗദ്യോഗിക വെടിനിര്‍ത്തല്‍ കുറച്ച് സമയത്തേക്കാണെങ്കിലും ഏര്‍പ്പെടുത്തിയിരുന്നു. ഇതൊരു നല്ല സൂചനയായി ലോകം കാണുകയും ചെയ്തു. മാത്രമല്ല, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി സന്ദര്‍ശനത്തിലാണ്. ഈ സാഹചര്യങ്ങളൊക്കെ ഒത്തു വന്നപ്പോള്‍ ഗാസയില്‍ വീണ്ടും ഔദ്യോഗിക വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നാണ് കരുതിയത്. ഇസ്രയേല്‍ ആഴ്ച്ചകളായി തുടരുന്ന സമ്പൂര്‍ണ ഉപരോധം ഗാസയെ വംശനാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുകയാണ്. സ്ഥിതി അതീവഗുരുതരമാണെന്നും ഗാസയിലെ മനുഷ്യജീവിതം അസാധ്യമായി തീരുമെന്നും ഐക്യരാഷ്ട്ര സഭയടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  മാര്‍ച്ച് ആദ്യം ഏര്‍പ്പെടുത്തിയ ഗാസയിലെ സമ്പൂര്‍ണ ഉപരോധം അവസാനിപ്പിക്കാന്‍ ഇസ്രായേലിനുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഈ ആഴ്ച ആദ്യം, ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഭക്ഷ്യസുരക്ഷാ വിദഗ്ധര്‍ പറഞ്ഞത്, ഗാസയിലെ 2.3 ദശലക്ഷം ജനങ്ങള്‍ ക്ഷാമത്തിന്റെ ഗുരുതരമായ ഭീഷണിയിലാണെന്നാണ്.

ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ ബന്ദിയെ മോചിപ്പിച്ച് യുഎസിന്റെ ഇടപെടലിലൂടെ ഇസ്രയേലിനെ അനുനയിപ്പിച്ച് ഗാസയുടെ അവസ്ഥ ചെറിയ രീതിയിലെങ്കിലും നേരെയെക്കാന്‍ ഹമാസ് നിര്‍ബന്ധിതരായത്. എന്നാല്‍ ബുധനാഴ്ച്ചത്തെ ഇസ്രയേല്‍ വ്യോമാക്രമണം തെളിയിക്കുന്നത്, കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നുവെന്നാണ്.

ഹമാസ് ഇസ്രയേലില്‍ നിന്നും തടവിലാക്കിയിരിക്കുന്ന 58 പേരെക്കൂടി മോചിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗാസ പൂര്‍ണമായി പിടിച്ചടക്കുന്ന വലിയ ആക്രമണത്തിന് മുതിരുമെന്നാണ് ഇസ്രയേല്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. അതേസമയം ബുധനാഴ്ച്ച ട്രംപ് സന്ദര്‍ശം നടത്തിയ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്.  Israeli airstrikes on Gaza kills dozens including at least 22 children, say reports

Content Summary; Israeli airstrikes on Gaza kills dozens including at least 22 children, say reports

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×