ഒരു കാലത്ത് ഭൂമിയിലെ സ്വര്‍ഗവും പിന്നീട് പല കാലങ്ങളില്‍ നരകവുമായി മാറിയ ഈ പ്രദേശത്ത് അധിവസിക്കുന്നവര്‍ ഹിന്ദുവോ മുസ്ലീമോ ഇന്ത്യക്കാരോ പാക്കിസ്ഥാനികളോ അല്ല. അവര്‍ കശ്മീരികളായിരുന്നു
1950 -ല്‍ ആണ് കശ്മീര്‍ വിഭജനം എന്ന ആശയം ആദ്യമായി ഉയര്‍ന്നുവന്നത്. ഇന്ത്യാ വിഭജനത്തിനു ശേഷം അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭയാണ് ഇത്തരമൊരു നിര്‍ദേശം ഇരുരാജ്യങ്ങള്‍ക്കും മുന്നില്‍ വച്ചത്. ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്ത ഓസ്ട്രേലിയന്‍ നിയമജ്ഞനായ ഓവന്‍ ഡിക്സണ്‍ 1950 സെപ്റ്റംബറിലെ റിപ്പോര്‍ട്ടില്‍ ഒരു ഉപാധി നിര്‍ദ്ദേശിച്ചു. ഈ റിപ്പോട്ടിലെ പ്രധാന നിര്‍ദേശമായിരുന്നു ജമ്മു കശ്മീര്‍ വിഭജനം. എന്നാല്‍, ഐക്യരാഷ്ട്ര സഭാ പ്രതിനിധിയുടെ നിര്‍ദേശം ഇന്ത്യ തള്ളി. ലഡാക്കിനെ ഇന്ത്യയിലേക്കും വടക്കന്‍ പ്രദേശങ്ങളിലേക്കും പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍ പാകിസ്ഥാനിലേക്കും കൂട്ടിചേര്‍ക്കാനും ജമ്മുവിനെ രണ്ടായി വിഭജിക്കാനും കശ്മീര്‍ താഴ്വരയില്‍ ഒരു ഹിതപരിശോധനക്കും ഉള്ള നിര്‍ദേശംങ്ങളായിരുന്നു അദ്ദേഹം മുന്നോട്ട് വെച്ചത്.
കശ്മീര്‍ തെരഞ്ഞെടുപ്പും എന്‍ഡിഎ സര്‍ക്കാരും-ഭാഗം 1
ജമ്മുവില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. കശ്മീരിലാണ് മുസ്ലീങ്ങള്‍ ഭൂരിപക്ഷമായുള്ളത്. ഒരു കാലത്ത് ഭൂമിയിലെ സ്വര്‍ഗവും പിന്നീട് പല കാലങ്ങളില്‍ നരകവുമായി മാറിയ ഈ പ്രദേശത്ത് അധിവസിക്കുന്നവര്‍ ഹിന്ദുവോ മുസ്ലീമോ ഇന്ത്യക്കാരോ പാക്കിസ്ഥാനികളോ അല്ല. അവര്‍ കശ്മീരികളായിരുന്നു. ഹിന്ദു മുസ്ലീം സിക്ക് ബുദ്ധമതക്കാരെല്ലാമുള്ള മത നിരപേക്ഷമായ കൂട്ടുജീവിതത്തിന്റെ പേരാണ് കശ്മീര്‍. കശ്മീരിയാത്ത് എന്ന് അത് വിളിക്കപ്പെട്ടു. ശൈവവിശ്വാസത്തിന്റെയും, സൂഫി ഇസ്ലാമിന്റെയും, ബുദ്ധിസത്തിന്റെയും ഒരു മിശ്ര സംസ്‌കാരം ഉള്ള നാടായിരുന്നു കശ്മീര്‍. മൗര്യ കുശാന രാജവംശങ്ങളുടെ ഭരണം മുതല്‍ പ്രാദേശിക ഇസ്ലാമിക ഭരണം വരെ, പില്‍ക്കാലത്തു 16 ആം നൂറ്റാണ്ടോടെ മുഗള്‍ ഭരണവും കശ്മീര്‍ കണ്ടു.
മുഗള്‍ സാമ്രാജ്യത്തകര്‍ച്ചക്കൊപ്പം സിഖ് രാജാവ് രഞ്ജിത്ത് സിംഗിന്റെ കൈവശം വന്നുചേര്‍ന്ന കശ്മീരിനെ, 1846 ലെ ആദ്യ ഇംഗ്ലീഷ്-സിഖ് യുദ്ധത്തിനൊടുവില്‍ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിക്കു കൈമാറ്റം ചെയ്തു. ലാഹോറില്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ബിയാസ് നദിക്കും സിന്ധു നദിക്കും ഇടയിലുള്ള പ്രദേശങ്ങളാണ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൈമാറിയത്. ഇതില്‍ കശ്മീരും ഉള്‍പ്പെട്ടിരുന്നു.
അമൃത്സര്‍ കരാര്‍ കശ്മീര്‍ ചരിത്രത്തില്‍ ഏറെ പ്രാധാന്യം ഉള്ള ഒന്നാണ് 1846- ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉണ്ടാക്കിയ ഈ കരാര്‍ പ്രകാരം സിന്ധു നദിയുടെ കിഴക്കും, റബിയുടെ പടിഞ്ഞാറുമുള്ള ചമ്പ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍, ലാഹോള്‍ പ്രദേശം മാത്രം ഒഴിവാക്കിക്കൊണ്ട്, ജമ്മുവിലെ മഹാരാജാവ്, ഗുലാബ് സിങ്ങിന് കൈമാറി. ഇതായിരുന്നു ജമ്മു കശ്മീരിലെ അവസാനത്തെ രാജവംശമായ ഡോഗ്ര രാജവംശത്തിന്റെ തുടക്കം. 1857 ഇല്‍ മഹാരാജ ഗുലാബ് സിങ് മരിച്ചപ്പോള്‍ മകന്‍ മഹാരാജാ രണ്‍ബീര്‍ സിംഗ് അവിടെ രാജാവായി. 1885 ഇല്‍ മഹാരാജാ രണ്‍ബീര്‍ സിങ് മരിച്ചു. മകന്‍ മഹാരാജാ പ്രതാപ് സിങ് കിരീടാവകാശിയായി. 1925 ഇല്‍ അദ്ദേഹത്തിന്റെ മകന്‍ മഹാരാജ ഹരി സിങ് കിരീടാവകാശിയായി. അദ്ദേഹമാണ് കശ്മീരിലെ അവസാനത്തെ രാജാവ്. കശ്മീര്‍ രാജവംശത്തെ ബ്രിട്ടീഷ് ഭരണകൂടം രാജകീയ പദവിയില്‍ തന്നെ പരിഗണിച്ചിരുന്നു. ബ്രിട്ടീഷ് രാജിന് കീഴില്‍ അവര്‍ വിശേഷിക്കപ്പെട്ടത് ‘ഭരിക്കാന്‍ പിറന്ന വംശം ‘ എന്നായിരുന്നു. 1934 ഇല്‍ പ്രജാസഭ എന്ന പേരില്‍ ജമ്മു കശ്മീരിന് ഒരു ജനപ്രതിനിധി സഭ രൂപീകരിച്ചുകൊണ്ട് മഹാരാജ ഹരി സിങ് ഉത്തരവിറക്കി. അപ്പോഴും പരമാധികാരി രാജാവ് തന്നെയായിരുന്നു.
19 – ആം നൂറ്റാണ്ടിനു ശേഷം ഉള്ള കശ്മീര്‍ ചരിത്രത്തില്‍ ഷെയ്ഖ് അബ്ദുല്ലക്ക് നിര്‍ണായക സ്വാധീനം ഉണ്ട് 1930 കളില്‍ ഫത്തേ കടല്‍ എന്ന വായനശാല കേന്ദ്രമാക്കി വിദ്യാസമ്പന്നരായ മുസ്ലിം യുവാക്കളുടെ ഒരു സംഘടന രൂപം കൊണ്ടു. ആ സംഘടനയുടെ നേതാവ് ആയി ഉയര്‍ന്നു വന്ന നേതാവ് ആയിരുന്നു ഷേഖ് മുഹമ്മദ് അബ്ദുല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട രാഷ്ട്രീയ സംഘടനയാണ് ആള്‍ ജമ്മു ആന്റ് കാശ്മീര്‍ മുസ്ലിം കോണ്‍ഫറന്‍സ്. ആദ്യം മുസ്ലിം മതസ്വഭാവമുണ്ടായിരുന്ന ഈ സംഘടനയെ മതനിരപേക്ഷമാക്കി മാറ്റിയതും അബ്ദുല്ല തന്നെ ആണ്. നാഷണല്‍ കോണ്‍ഫറന്‍സ് എന്ന പേരില്‍ പുതിയൊരു സംഘടനാ അങ്ങനെ അബ്ദുല്ലയുടെ നേതൃത്വത്തില്‍ രൂപം കൊണ്ടു.
രാജാവിന്റെ അടിച്ചമര്‍ത്തലിനെ അതിജീവിച്ച സംഘടനയും അബ്ദുള്ളയും പ്രാദേശിക തെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയും ഷേഖ് അബ്ദുല്ലയ്ക്കായിരുന്നു. കശ്മീരി തന്നെയായ പണ്ഡിറ്റ് നെഹ്രുവിന്റെ അടുത്ത സുഹൃത്തായി അബ്ദുല്ല. പ്രേം നാഥ് ബസാസിന്റെ നേതൃത്വത്തില്‍ കശ്മീരി പണ്ഡിറ്റുകളുടെ ഒരു വിഭാഗം അബ്ദുള്ളയ്‌ക്കൊപ്പം അണി നിരന്നു.
1946 ല്‍ കശ്മീരില്‍ ഹരി സിങ് രാജാവിനെതിരെ അബ്ദുള്ള ക്വിറ്റ് കശ്മീര്‍ പ്രക്ഷോഭം ആരംഭിച്ചു. അബ്ദുള്ളയെ അറസ്റ്റ് ചെയ്ത് ഒമ്പത് വര്‍ഷത്തെ തടവിനയച്ചു. അബ്ദുള്ളയുടെ അഭിഭാഷകനായി കശ്മീരിലെത്തിയ ജവഹര്‍ലാല്‍ നെഹ്രുവിനെയും രാജാവ് തടവിലാക്കി. അതോടെ രാജ്യം ഇളകിമറിഞ്ഞു. സ്വാതന്ത്ര്യലബ്ധിയുടെ ഘട്ടത്തില്‍ കശ്മീരിനെ ഇന്ത്യയില്‍ ചേര്‍ക്കാതെ സ്വതന്ത്രരാജ്യമാക്കി നിര്‍ത്താന്‍ ഹരി സിംഗ് ശ്രമിച്ചു. എന്നാല്‍ കശ്മീര്‍ കയ്യേറാന്‍ അപ്പോഴേക്കും പാകിസ്ഥാനില്‍ നിന്ന് കൂലി പട്ടാളമെത്തിയപ്പോള്‍ രാജാവിന്റെ എല്ലാ വാശിയും അതോടെ അവസാനിച്ചു. സഹായം അഭ്യര്‍ത്തിച്ചു കൊണ്ട് ജമ്മു കശ്മീര്‍ രാജാവ് ഹരി സിങ് 1947 ഒക്ടോബര്‍ 20 ന് മൗണ്ട് ബാറ്റണ് ഒരു കത്ത് അയക്കുന്നുണ്ട്, ഇതേ സമയം മഹാരാജാ ഹരി സിങ്ങിനെ സന്ദര്‍ശിച്ച മഹാത്മാ ഗാന്ധി മഹാരാജാവ് ജനമനസ്സിനെ അറിഞ്ഞേ തീരുമാനം എടുക്കാവു എന്നു പറഞ്ഞിരുന്നു. മൗണ്ട് ബാറ്റണ്‍ പ്രഭുവിനും അതേ അഭിപ്രായം തന്നെ ആയിരുന്നു.
ഇന്ത്യന്‍ സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട രാജാവ് എല്ലാ എതിര്‍പ്പും പിന്‍വലിച്ച് ഇന്ത്യയുടെ ഭാഗമായി കീഴടങ്ങി. തന്റെ മുഖ്യശത്രു ഷേക്ക് അബ്ദുള്ളയെ അടിയന്തര സര്‍ക്കാരിന്റെ തലവനാക്കി നിയമിക്കാനും ഹരി സിംഗിന് നിയോഗം ലഭിച്ചു. തുടര്‍ന്ന് നെഹ്രുവും അബ്ദുള്ളയും കാശ്മീരും ഇന്ത്യന്‍ യൂണിയനുമായുള്ള ബന്ധം ചര്‍ച്ച ചെയ്തു തീരുമാനിക്കുകയും 1952 ഒരു ഉടമ്പടി ഉണ്ടാക്കുകയും (പിന്നീട് അത് ദല്‍ഹി എഗ്രിമെന്റ് എന്നറിയപ്പെട്ടു) 1956 ലെ ഭരണഘടന ഭേദഗതി പ്രകാരം ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യഘടകമായിത്തീരുകയും ചെയ്തു. UNCIP പ്രമേയപ്രകാരമുള്ള ജനഹിത പരിശോധന നടത്തണമെന്ന് പാക്കിസ്ഥാന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും 1956 ലെ ഭരണഘടന ഭേദഗതിയും തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും കശ്മീരിലെ ജനവികാരം തെളിയിച്ചുകഴിഞ്ഞു എന്നുള്ള നിലപാടാണ് ഇന്ത്യ ഗവണ്മെന്റ് കൈകൊണ്ടത്.
1948 മാര്‍ച്ച് 5 ന് ഒരു ഇടക്കാല സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ രൂപീകരിക്കുകയും ചെയ്തു. ഉടനെ ചേരാന്‍ പോകുന്ന കശ്മീരിന്റെ ഭരണഘടനാ നിര്‍മ്മാണ സഭ തയ്യാറാക്കുന്ന ഭരണഘടന പ്രകാരമായിരിക്കും ജമ്മു കശ്മീര്‍ സംസ്ഥാനവും ഇന്ത്യന്‍ ഭരണകൂടവും തമ്മിലുള്ള ബന്ധങ്ങള്‍ എന്ന് പ്രഖ്യാപിച്ചു കൊണ്ട് ജമ്മു കശ്മീര്‍ സംസ്ഥാനം രൂപീകരിച്ചതായി യുവരാജാവ് കരണ്‍ സിങ് 1949 നവംബര്‍ 25 നു ഉത്തരവിറക്കി. 1950 ജനുവരി 26 ന് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരികയും ചെയ്തു. ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ആര്‍ട്ടിക്കിള്‍ 370 ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത ഒരു പ്രത്യേക പദവി നല്‍കി. കശ്മീര്‍ രാജാവുമായുണ്ടാക്കിയ കരാറിനെ മാനിച്ചായിരുന്നു ഇത്. Jammu Kashmir election and kashmir history part-2
Content Summary; Jammu Kashmir election and kashmir history part-2