July 09, 2025 |
Share on

ഇന്ത്യ-പാക് സംഘര്‍ഷം അമേരിക്കയുടെ പ്രശ്‌നമല്ല, നേരിട്ട് ഇടപെടില്ലെന്ന് വ്യക്തമാക്കി ജെ ഡി വാന്‍സ്‌

ആണവസംഘര്‍ഷം ഉണ്ടാകരുതെന്നാണ് ആഗ്രഹം

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. ആണവായുധങ്ങളുള്ള രണ്ട് അയല്‍രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിക്കുമെങ്കിലും നിലവിലെ സംഘര്‍ഷം അടിസ്ഥാനപരമായി അമേരിക്കയെ ബാധിക്കുന്നതല്ലെന്നും ജെഡി വാന്‍സ് പറഞ്ഞു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് യുഎസ് നിലപാട് വ്യക്തമാക്കിയത്.

‘പ്രശ്‌നങ്ങള്‍ വളരെ വേഗത്തില്‍ പരിഹരിക്കണമെന്ന് നിര്‍ദേശിക്കാന്‍ മാത്രമേ അമേരിക്കയ്ക്ക് കഴിയൂ. അമേരിക്കയുമായി യാതൊരു ബന്ധവുമില്ലാത്ത യുദ്ധത്തില്‍ ഇടപെടാന്‍ പോകില്ല. ആണവശക്തികള്‍ തമ്മില്‍ പോരാടിയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതത്തില്‍ ഞങ്ങള്‍ ആശങ്കാകുലരാണെന്നും’ വാന്‍സ് കൂട്ടിച്ചേര്‍ത്തു.

‘ഇരുപക്ഷത്തോടും ആയുധം താഴെവയ്ക്കാന്‍ നിര്‍ബന്ധിക്കാന്‍ യുഎസിന് കഴിയില്ല. അതിനാല്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ മധ്യസ്ഥ ശ്രമങ്ങള്‍ തുടരും. ഇരുരാജ്യങ്ങളിലെയും സംഘര്‍ഷം വിശാലമായ പ്രാദേശിക യുദ്ധത്തിലേക്കോ നീങ്ങില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആണവസംഘര്‍ഷം ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്നും’ വാന്‍സ് വ്യക്തമാക്കി. ഭീകരര്‍ക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെയാണ് വാന്‍സിന്റെ പ്രതികരണം.

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ സാധിക്കുന്നത് ചെയ്യുമെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ‘പാകിസ്ഥാനും ഇന്ത്യയുമായും തനിക്ക് ബന്ധമുണ്ട്. എത്രയും വേഗം ഇരുരാജ്യങ്ങളും പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്രമണവും പ്രത്യാക്രമണവും തുടരുകയാണെന്നും എന്തെങ്കിലും സഹായം ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതിന് തയ്യാറാണ്’ എന്നുമാണ് ട്രംപ് പറഞ്ഞത്.

കൂടാതെ ഇന്ത്യപാക്കിസ്ഥാന്‍ സംഘര്‍ഷത്തെ ‘നാണക്കേട്’ എന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞദിവസം വിശേഷിപ്പിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പൂര്‍ത്തിയായി മിനിറ്റുകള്‍ക്കുള്ളിലായിരുന്നു ട്രംപിന്റെ പ്രതികരണം. ‘എന്തോ നടക്കാന്‍ പോകുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നാണ് തോന്നുന്നത്. ഇന്ത്യയും പാക്കിസ്ഥാനും പതിറ്റാണ്ടുകളായി പോരടിക്കുകയാണ്. ഇതുടനെ അവസാനിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറയുകയുണ്ടായി.

അതേസമയം, സംഘര്‍ഷത്തിന് പിന്നാലെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായും സംസാരിച്ചിരുന്നു. ഇരുരാജ്യങ്ങളും മധ്യസ്ഥതയില്‍ എത്തി ആക്രമണങ്ങളില്‍ നിന്നും പിന്തിരിയണമെന്നാണ് മാര്‍കോ ആവശ്യപ്പെട്ടത്.

കൂടാതെ ഭീകര ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പാക് പ്രധാനമന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ രൂബിയോ ആവശ്യപ്പെട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ജയശങ്കറുമായുള്ള ഫോണ്‍ സംഭാഷണത്തില്‍, ഇന്ത്യയുടെ ഭീകരവിരുദ്ധ ശ്രമങ്ങള്‍ക്ക് അമേരിക്കന്‍ പിന്തുണ ഉണ്ടാകുമെന്ന് റൂബിയോ ആവര്‍ത്തിച്ചു.jd vance us will not intervence in india-pak conflict 

Content Summary: jd vance us will not intervence in india-pak conflict

Leave a Reply

Your email address will not be published. Required fields are marked *

×