കഴിഞ്ഞവര്‍ഷം അവസാനമായിരുന്നു ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് വ്യാപകമായ റെയ്ഡ് കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നത്. അന്ന് അതിനെ നിശിതമായി വിമര്‍ശിക്കുകയും മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം എന്ന് ഉറക്കെ പറഞ്ഞവരാണ് കേരളത്തിലെ ഭരണാധികാരികള്‍. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ ഭയക്കുന്ന നിലപാട് തന്നെയാണ് പലപ്പോഴും കേരളവും സ്വീകരിച്ചിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പി.എസ്.സി യില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഐഡിയും പാസ് വേഡും ചോര്‍ത്തി വില്‍പനയ്ക്ക് വച്ചുവെന്ന മാധ്യമം പത്രത്തിന്റെ വാര്‍ത്തയ്‌ക്കെതിരെയുള്ള കേരള പോലീസിന്റെ പ്രത്യേക വിഭാഗമായ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ നടപടികള്‍.journalism cannot be silenced by intimidation
2023 ജൂലൈ 22 നായിരുന്നു മാധ്യമം തിരുവനന്തപുരം ബ്യൂറോയിലെ സ്റ്റാഫ് ലേഖകനായ അനിരു അശോകന്റെ പേരില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ വ്യാജ വാര്‍ത്തയാണെന്ന വാദവുമായി പി.എസ്.സി രംഗത്ത് വന്നെങ്കിലും ഔദ്യോഗിക രേഖകള്‍ സഹിതം പത്രസ്ഥാപനം വാര്‍ത്ത നല്‍കിയതോടെ പി.എസ്.സിയുടെ വാദങ്ങള്‍ പൊളിയുകയായിരുന്നു. വാര്‍ത്തയുടെ ഗൗരവം മനസ്സിലാക്കി നടപടി എടുക്കേണ്ടവര്‍ അനിരു അശോകനെ വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കില്ലെന്ന് അനിരു പറഞ്ഞതോടെ 48 മണിക്കൂറിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാക്കണമെന്ന വിചിത്ര നിലപാടാണ് സ്വീകരിച്ചത്. സംഭവത്തില്‍ അന്വേഷണം നേരിടുന്ന മാധ്യമപ്രവര്‍ത്തകന്‍ അനിരു അശോകന്‍ അഴിമുഖത്തോട് പ്രതികരിച്ചു.
“ഫോണ്‍ ഹാജരാക്കാന്‍ 48 മണിക്കൂര്‍ സമയമായിരുന്നു ക്രൈംബ്രാഞ്ച് അനുവദിച്ചത്. എന്നാല്‍ കേസില്‍ വാദിയായ എന്റെ ഫോണ്‍ ഹാജരാക്കില്ലെന്ന് തന്നെയാണ് രണ്ടര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പറഞ്ഞത്. ഫോണ്‍ ഹാജരാക്കില്ലെന്ന് കാണിച്ച് ക്രൈംബ്രാഞ്ചിന് മറുപടി നല്‍കിയിട്ടുണ്ട്. ക്രിസ്മസ് അവധി തീരുന്നമുറയ്ക്ക് നിയമപരമായി കോടതിയെ സമീപിക്കുമെന്നും അനിരു വ്യക്തമാക്കി. കഴിഞ്ഞ എട്ട് വര്‍ഷമായി പി.എസ്.സി യുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന ആളാണ് ഞാന്‍. അതുകൊണ്ടുതന്നെ തന്റെയും പത്രത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനായിരുന്നു ഡിജിപിയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പുറത്തുവിട്ടത്. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് വാര്‍ത്ത സംബന്ധിച്ചല്ല. എനിക്ക് എങ്ങനെയാണ് ഈ വാര്‍ത്ത ലഭിച്ചതെന്നും ആരാണ് നല്‍കിയതെന്നുമാണ്. വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കുന്നത് സംബന്ധിച്ച് രണ്ടര മണിക്കൂറാണ് എന്റെ മൊഴി എടുത്തത്. ഉറവിടം വെളിപ്പെടുത്തിയാല്‍ കേസ് തീരുമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിലപാട്. രണ്ടര മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലിലും ഉറവിടം വ്യക്തമാക്കാത്തതിനെ തുടര്‍ന്നാണ് എന്റെ മൊബൈല്‍ ഫോണ്‍ രണ്ട് ദിവസത്തിനകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നതെന്നും” അനിരു അശോകന്‍ അഴിമുഖത്തോട് പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് നേരെയുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വ്യാപകമായി പോലീസ് കാര്യാലയങ്ങളിലേക്ക് മാര്‍ച്ച് നടത്തി. മാധ്യമസ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും എതിരെയുള്ള നടപടി ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാര്‍ച്ച്.
“കോളിളക്കം സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ക്ക് ആധാരമായ രേഖകള്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നത് സ്വാഭാവികമാണെന്നും ജനപക്ഷത്ത് നിന്ന് വാര്‍ത്ത ചെയ്യുകയെന്നത് മാധ്യമ ധര്‍മമാണെന്നും കെയുഡബ്യുജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റജി അഴിമുഖത്തോട് പറഞ്ഞു. പോലീസ് നടപടികളിലൂടെ മാധ്യമങ്ങളെ തടയാന്‍ ശ്രമിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് ഭൂഷണമല്ല. ചുറ്റും നടക്കുന്ന തെറ്റായ പ്രവണതകള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള പൗരന്റെ അവകാശങ്ങള്‍ക്ക് വിലങ്ങിടാനാണ് ഇതുവഴി പോലീസ് ശ്രമിക്കുന്നതെന്നും” റജി കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുക മാധ്യമധര്‍മത്തിന് എതിരാണ്. അതിന് പുറമെയാണ് ഉറവിടം വെളിപ്പെടുത്തിയില്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കണമെന്ന നടപടി. 2023 നവംബര്‍ 23 നാണ് മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നത് സ്വകാരതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീംകോടതി പ്രസ്താവന നടത്തിയത്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് കേരള പോലീസ് മാധ്യമപ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണ്‍ 48 മണിക്കൂറിനുള്ളില്‍ ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന വിചിത്രമായ നോട്ടീസ് അയച്ചത്.journalism cannot be silenced by intimidation
Content Summary: journalism cannot be silenced by intimidation
aniru ashokan kerala news journalism latest news kuwj kerala crime branch