UPDATES

ഇനി പെരുമഴക്കാലമോ? മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിനെ കുറിച്ച് കാലാവസ്ഥ വിദഗ്ധര്‍

ഏത് നിമിഷവും മണ്‍സൂണ്‍ കേരളത്തിലേക്കെത്താം

                       

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ജാഗ്രതാ നിര്‍ദേശം വന്നിരിക്കുന്നത്. അതി തീവ്രമഴ ഗുരുതര പ്രത്യാഘാതങ്ങള്‍ വരുത്തുമെന്നും മിന്നല്‍ പ്രളയം, മലവെള്ളപ്പാച്ചില്‍ സാധ്യതകള്‍ തള്ളികളയാന്‍ ആവില്ലെന്നുമായിരുന്നു ആ പോസ്റ്റ്. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആശങ്ക പരത്തുന്ന സന്ദേശം തന്നെയായിരുന്നു അത്. നിലവില്‍ ഇരട്ട ന്യൂനമര്‍ദ്ദം രൂപപ്പെട്ടതും ചക്രവാത ചുഴിയുമാണ് കനത്ത മഴയ്ക്ക് വഴിവച്ചിരിക്കുന്നത്. 28ാം തിയ്യതി വരെ ഈ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പും പറയുന്നതും.

സ്വഭാവത്തില്‍ മാറ്റം, ഒറ്റ പെയ്ത്തില്‍ വെള്ളത്തിലാക്കും

മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് ജാഗ്രതയായി മാത്രം കാണേണ്ട കാര്യമാണെന്നാണ് കാലാവസ്ഥ വിദഗ്ധന്‍ രാജീവന്‍ അഴിമുഖത്തോട് പറഞ്ഞത്. ഇപ്പോള്‍ ലഭിക്കുന്നത് പ്രീ മണ്‍സൂണ്‍ മഴയാണ്. വേനല്‍ മഴയുടെ അവസാന കാലത്താണ് ഇത് ലഭിക്കാറ്. എന്നാല്‍ കേരളത്തിലെ മഴയുടെ സ്വഭാവത്തില്‍ മാറ്റം വന്നിട്ട് കുറേക്കാലമായെന്നും അതിന്റെ ഫലമാണ് ഇപ്പോള്‍ അതിതീവ്ര മഴ ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു. മൂന്നും നാലും ദിവസം മഴ പെയ്യാതെ ഇരിക്കുകയും പെട്ടെന്ന് മണിക്കൂറുകള്‍ കൊണ്ട് അത്രയും ദിവസം പെയ്യേണ്ട മഴ ഒരുമിച്ച് കിട്ടുകയും ചെയ്യുന്ന പ്രവണതയാണത്. അതിന്റെ തീവ്രത കൂടുമ്പോഴാണ് മിന്നല്‍ പ്രളയം സംഭവിക്കുന്നത്. ഇതിന്റെ ഭീകരത വ്യക്തമായ ഒരു കാലം 2018 ആയിരുന്നു. 1990ലും 21ലും ഒക്കെ ഇതേ അവസ്ഥയുണ്ടായിട്ടുണ്ട്. മേഘ വിസ്‌ഫോടനവും മിന്നല്‍ പ്രളയവുമൊന്നും പ്രവചിക്കാനാവില്ല. എപ്പോള്‍ എവിടെ വേണമെങ്കിലും സംഭവിക്കാം. ഇതിനൊപ്പമാണ് ഇത്തവണ കാലവര്‍ഷം പതിവുള്ളതിനേക്കാള്‍ കൂടുതലായി ലഭിക്കുമെന്ന റിപ്പോര്‍ട്ട് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നടക്കം ലഭിച്ചിരിക്കുന്നത്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ് കരുതല്‍ സന്ദേശം മാത്രമാണ്. അമിതമായി മഴ പെയ്യുന്ന സാഹചര്യം കണ്ടാല്‍ ജാഗ്രത പാലിക്കണമെന്നാണ് അത് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കാലവര്‍ഷം എത്തിയതായി ഇതുവരെ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടുമില്ല. കാലവര്‍ഷം കൂടുതല്‍ ആയിരിക്കുമെന്ന് പറയുമ്പോള്‍ അത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ലഭിക്കുന്ന മഴയുടെ മൊത്തത്തിലുള്ള തോതിനെയാണ് സൂചിപ്പിക്കുന്നതെന്നും രാജീവന്‍ ചൂണ്ടികാണിച്ചു.

റിമാല്‍ ചുഴലിക്കാറ്റിന്റെ ആഘാതം?

ബംഗാള്‍ ഉള്‍കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘റിമാല്‍’ ചുഴലിക്കാറ്റ് രൂപമെടുത്തിട്ടുണ്ട്. എന്നാല്‍ റിമാലിന്റെ ദിശ ബംഗ്ലാദേശ് ഭാഗത്തേക്ക് മാറിക്കഴിഞ്ഞു. നോര്‍ത്തേണ്‍ ബേ ഓഫ് ബംഗാളിലേക്കാണ് അത് നീങ്ങുന്നത്. അതിനാല്‍ കേരളത്തെ ബാധിക്കില്ലെന്നും രാജീവന്‍ പറഞ്ഞു. ഈ ന്യൂനമര്‍ദ്ദത്തിന്റെ കൂടെ ഫലമായാണ് കേരളത്തില്‍ ശക്തമായ മഴ പെയ്യുന്നത്.
ഇതിന്റെ ശക്തി കുറയുന്നതിനനുസരിച്ച് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മഴയ്ക്ക് അല്‍പം ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മറ്റ് കാലാവസ്ഥാ വിദഗ്ധരും പറയുന്നു. മണ്‍സൂണ്‍ ഇതിനകം ആന്‍ഡമാന്‍ കടലിലും ശ്രീലങ്കക്ക് വടക്കുഭാഗത്തുവരെയും എത്തിച്ചേര്‍ന്നിട്ടുമുണ്ടെന്ന് അവര്‍ ചൂണ്ടികാണിക്കുന്നു. വരുന്ന ആഴ്ചയില്‍ ഏത് നിമിഷവും മണ്‍സൂണ്‍ കേരളത്തിലേക്കെത്താം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് ഇന്ന് കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള തീരദേശ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കും. വടക്കന്‍ കേരളത്തില്‍ കിഴക്കന്‍ മലയോര മേഖലകളില്‍ മഴയുടെ ശക്തി കുറയാനാണ് സാധ്യത. അറബിക്കടല്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണിത്. ശനിയാഴ്ചയും കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമായി തുടരും. ഞായറാഴ്ച മിക്കപ്രദേശങ്ങളിലും മഴക്ക് കുറവുണ്ടാകും. മഴയുടെ ശക്തി കുറയുകയോ വെയില്‍ തെളിയുകയോ ചെയ്യുമെന്നാണ് നിരീക്ഷിക്കുന്നത്. അതേസമയം, ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമുള്ള ന്യൂനമര്‍ദങ്ങളെ തുടര്‍ന്ന് കടലില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ്. അതിനാല്‍ കേരള തീരത്തുനിന്നുള്ള മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

 

English Summary; Kerala on alert as it braces for more rain, Chief Minister urges precaution

Share on

മറ്റുവാര്‍ത്തകള്‍