July 09, 2026 |
Share on

മണ്‍മറഞ്ഞു പോയ കേരളത്തിലേക്കുള്ള ചരിത്രപാത സ്‌പൈസ് റൂട്ട് വീണ്ടും തുറക്കുന്നു

ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങള്‍ ഏഷ്യന്‍ ഭൂഖണ്ഡങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് എത്തിക്കുന്നതിനുള്ള സമുദ്ര പാതയാണ് സ്‌പൈസ് റൂട്ട്

മണ്‍മറഞ്ഞു പോയ കേരളത്തിലേക്കുള്ള ചരിത്രപാത സ്‌പൈസ് റൂട്ട് (സുഗന്ധവ്യഞ്ജനപാത) വീണ്ടും തുറക്കുകയാണ്. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യാപാര-സാംസ്‌കാരിക വിനിമയത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പാത പുനരുദ്ധരിക്കുന്നതിനുള്ള നടപടികളില്‍ ഐക്യരാഷ്ട്ര സഭയുമുണ്ട്. മുസിരിസ് പൈതൃക പദ്ധതിയുടെ തുടര്‍ച്ചയായ സ്‌പൈസ് റൂട്ടിന് ഡച്ച് എംബസിയും സഹായ സഹകരണങ്ങള്‍ നല്‍കുന്നുണ്ട്.

ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങള്‍ ഏഷ്യന്‍ ഭൂഖണ്ഡങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് എളുപ്പമാര്‍ഗ്ഗം എത്തിക്കുന്നതിനുള്ള സമുദ്ര പാതയാണ് സ്‌പൈസ് റൂട്ട്. മുസിരിസായിരുന്നു സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന വ്യപാര കേന്ദ്രം. ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്ന മുസിരിസ് കൊടുങ്ങല്ലൂരിനോട് ചേര്‍ന്നുള്ള സ്ഥലമാണെന്ന് കരുതപ്പെടുന്നു.

ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെ വിദേശ രാജ്യങ്ങളുമായിട്ടുള്ള വ്യാപാരത്തിന് 7000 വര്‍ഷങ്ങളുടെ ചരിത്രം അവകാശപ്പെടാനുണ്ട്.കേരളത്തിലെ മലബാര്‍ തീരം സുഗന്ധവ്യഞ്ജന വ്യാപാരത്തിന് ലോകം മുഴുവനും പേരു കേട്ട സ്ഥലമായിരുന്നു. ദക്ഷിണ-ഏഷ്യയിലെ പ്രമുഖവാണിജ്യകേന്ദ്രമായിരുന്ന മുസിരിസിന് ഈജിപ്റ്റ്, ഗ്രീക്ക്, ഫിനീഷ്യ തുടങ്ങിയ പ്രമുഖ വാണിജ്യ നഗരങ്ങളുമായെല്ലാം വ്യാപാര ഇടപാടുകളുണ്ടായിരുന്നു. കയറ്റുമതി ചെയ്യപ്പെട്ടവയില്‍ സുഗന്ധവ്യഞ്ജനങ്ങളില്‍ കുരുമുളകും ഏലവുമായിരുന്നു കൂടുതല്‍ കച്ചവടം നടന്നത്.

അഞ്ചാം നൂറ്റാണ്ടില്‍ റോമന്‍ തുറമുഖങ്ങളുടെ പ്രതാപം നഷ്ടപ്പെട്ടത്തോടെയാണ് മുസിരിസ് ലോകത്തിലെ പ്രധാന വ്യാപാരകേന്ദ്രമാകുന്നത്. 4ാംം നൂറ്റാണ്ടില്‍ പെരിയാറിലെ പ്രളയത്തില്‍ മുസിരിസ് നാമാവശേഷമായി എന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. ഇന്ന് ആഗോള സുഗന്ധവ്യഞ്ജന ഉത്പാദനത്തിന്റെ 70% ഇന്ത്യയിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പദനം നടക്കുന്നത് കേരളത്തിലുമാണ്.

സ്‌പൈസ് റൂട്ടുമായി ബന്ധപ്പെട്ട രാജ്യങ്ങളുടെ വാണിജ്യ പൈതൃകത്തെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര സെമിനാര്‍ മെയ് മാസത്തില്‍ നടത്താന്‍ ഡച്ച് അംബാസിഡറും കേരള മുഖ്യമന്ത്രിയും ധാരണയിലെത്തിയിട്ടുണ്ട്. സ്‌പൈസ് റൂട്ടും കേരള വിനോദ സഞ്ചാര മേഖലയും തമ്മില്‍ ബന്ധിക്കാനുള്ള ഒരു ആശയവും സര്‍ക്കാര്‍ തലത്തില്‍ വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×