July 17, 2025 |
Share on

സബിയയ്ക്ക് ‘രക്ഷിതാക്കളായി’ സിയയും സഹദും; ട്രാന്‍സ്‌ഫോബിക്കുകളോട് പോരടിച്ച് നേടിയ വിജയം

ഇത് ഒരു നിയമമായി കൊണ്ടുവരണമെന്ന് നിർബന്ധമുണ്ടായിരുന്നു

ട്രാൻസ്ജെൻഡർ ദമ്പതിമാരുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ ഇനി മുതൽ അച്ഛൻ, അമ്മ എന്നതിന് പകരം രക്ഷിതാക്കൾ മതിയെന്ന ചരിത്ര വിധിയാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പ്രസ്താവിച്ചത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സമൂഹത്തിന്റെ പരമ്പരാ​ഗത ചിന്തകൾ മാറണമെന്ന് ആ​ഗ്രഹിക്കുന്ന ട്രാൻസ് സമൂഹത്തിന് നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. ഇന്ത്യയിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ രക്ഷിതാക്കളായ സിയ പവലും സഹദും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

രണ്ട് പേർക്ക് മാത്രമായി സർട്ടിഫിക്കറ്റ് തരാമെന്ന നയം വേണ്ടെന്നും ഇത് ഒരു നിയമമായി കൊണ്ടുവരണമെന്ന് നിർബന്ധമുണ്ടായിരുന്നുവെന്നും ഹർജിക്കാരിലൊരാളായ സിയ പവൽ അഴിമുഖത്തോട് പ്രതികരിച്ചു. ട്രാൻസ്ഫോബിക് ആശയങ്ങൾ കൊണ്ടുനടക്കുന്ന കോഴിക്കോട് കോർപ്പറേഷനിലെ ഉദ്യോ​ഗസ്ഥന്റെ വാദങ്ങളെ മറികടന്ന് നേടിയ വിജയം ട്രാൻസ് കമ്മ്യൂണിറ്റിയുടെ വിജയമാണെന്നും സിയ കൂട്ടിച്ചേർത്തു.

‘സബിയ ജനിച്ചതിന് ശേഷം ജനനസർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന സമയത്ത് അമ്മയുടെ പേരിന്റെ സ്ഥാനത്ത് എന്റെ പേരും അച്ഛന്റെ പേരിന്റെ സ്ഥാനത്ത് സഹദിന്റെ പേരും നൽകാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ഇത് പിന്നീട് പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ കുഞ്ഞിന്റെ അമ്മയുടെ പേരിന്റെ സ്ഥാനത്ത് സഹദിന്റെ പേരും അച്ഛന്റെ പേരിന്റെ സ്ഥാനത്ത് എന്റെ പേരും കൊടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ സൂപ്രണ്ട് പറഞ്ഞു. ബ്രായ്ക്കറ്റിനുള്ളിൽ ട്രാൻസ് വ്യക്തി എന്ന് കൂടി ഉൾപ്പെടുത്താനും നിർദേശിച്ചിരുന്നു. അങ്ങനെയാണ് ജനനസർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിരുന്നത്. ആ സർട്ടിഫിക്കറ്റ് കോഴിക്കോട് കോർപ്പറേഷൻ ഇഷ്യൂ ചെയ്ത് തന്നിരുന്നു. എന്നാൽ ഞങ്ങൾ അത് കൈപ്പറ്റിയിരുന്നില്ല.

കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ് ഞങ്ങളുടെ താൽപര്യത്തിനനുസരിച്ചല്ലാതെ വന്നതിനാൽ ഇതിൽ കേസുമായി മുന്നോട്ട് പോകുമെന്ന് അന്ന് തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ഹൈക്കോടതിയിലേക്ക് എത്തുന്നത്. അവസാനം ഞങ്ങൾക്ക് അനുകൂലമായി കേസിൽ വിധി വരുകയും ചെയ്തു. ഞങ്ങൾ ആ​ഗ്രഹിച്ച വിധി തന്നെയാണ് വന്നിരിക്കുന്നത്,’ സിയ പറഞ്ഞു.

സിയയും സഹദും

തങ്ങൾക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും കോർപ്പറേഷൻ ഉദ്യാ​ഗസ്ഥന്റെ തെറ്റായ മനോഭാവത്തെക്കുറിച്ചും സിയ അഴിമുഖത്തോട് സംസാരിക്കുമ്പോൾ പറഞ്ഞു.

‘തുടക്കം മുതൽ തന്നെ കോഴിക്കോട് കോർപ്പറേഷന്റെ ഭാ​ഗത്ത് നിന്ന് വലിയ രീതിയിലുള്ള എതിർപ്പാണ് ലഭിച്ചിരുന്നത്. കോർപ്പറേഷനിലെ ഉദ്യോ​ഗസ്ഥൻ ഒരു ട്രാൻസ്ഫോബിക് വ്യക്തിയാണെന്നാണ് ഞാൻ മനസിലാക്കുന്നത്. കേസ് ഇത്രയും നീണ്ട് പോകാനുള്ള കാരണവും അയാൾ തന്നെയാണ്. കേസ് വിളിക്കുമ്പോൾ കൃത്യമായി ഹാജരാകാതിരിക്കുകയും വ്യക്തമല്ലാത്ത ന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കുകയും ഒക്കെ ചെയ്തിരുന്നു. കേസിൽ ഞങ്ങൾ പരാജയപ്പെടണമെന്ന് അയാൾ ആ​ഗ്രഹിച്ചിരുന്നു. അതേസമയം, എല്ലാ പ്രതിസന്ധിയെയും മറികടന്ന് ഞങ്ങൾ ഈ കേസ് ജയിച്ചിരിക്കുകയാണ്.

വിധി അനുകൂലമായി വന്നപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ഇത് എന്റെയും സഹദിന്റെ അനുഭവം മാത്രമല്ല, ട്രാൻസ് സമൂഹം നേരിടുന്ന വെല്ലുവിളികളിൽ ഒന്നു മാത്രമാണിത്. നമ്മുടെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ പോരാടിയത്. ‍ഞങ്ങൾക്ക് മാത്രം ലഭിക്കേണ്ട ഒരു സർട്ടിഫിക്കറ്റ് എന്ന രീതിയിലല്ല. ഭാവിയിൽ ഞങ്ങളെ പോലുള്ളവർക്ക് അഭിമാനത്തോടെ അവരുടെ താൽപര്യത്തിന് അനുസരിച്ച് തങ്ങളുടെ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റ് കൈപ്പറ്റാൻ കഴിയണം.

നമുക്ക് മാത്രമായി സർട്ടിഫിക്കറ്റ് തരാമെന്ന് കോർപ്പറേഷൻ പറഞ്ഞപ്പോഴും ഇത് ഒരു നിയമമായി കൊണ്ടുവരണമെന്നാണ് ഞങ്ങൾ പറഞ്ഞത്. നമ്മുടെ സമൂഹത്തിൽ തീർച്ചയായും മാറ്റം സംഭവിച്ചിട്ടുണ്ട്, അല്ലെങ്കിൽ മാറി കൊണ്ടിരിക്കുകയാണ്. മുഴുവനായി മാറ്റം സംഭവിക്കുമോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. സംഭവിക്കട്ടേ എന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. മാറ്റങ്ങൾ അനിവാര്യമാണല്ലോ? അഭിഭാഷകയായ പത്മ ലക്ഷ്മിയുടെ പിന്തുണ തന്നെയാണ് ഞങ്ങളെ ഈ വിജയത്തിലേക്കെത്തിച്ചത്. കേസ് നടത്തുന്നതിന് വേണ്ടി ഞങ്ങളുടെ കൈയ്യിൽ നിന്ന് ഫീസ് പോലും പത്മ വാങ്ങിയിരുന്നില്ല. ആവശ്യം അറിയിച്ചപ്പോൾ തന്നെ പൂർണ പിന്തുണ നൽകികൊണ്ട് ഒപ്പം നിൽക്കുകയായിരുന്നു. ട്രാൻസ് കമ്മ്യൂണിറ്റിക്ക് വേണ്ടിയാണ് പത്മ മാഡം വാദിച്ച് ജയിച്ചത്. കേസിന്റെ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ ഒന്നും അറിഞ്ഞിട്ടില്ലായെന്ന് വേണം പറയാൻ. നിരവധി പേർ ഞങ്ങളെ നിലവിൽ വന്നിരിക്കുന്ന ചരിത്ര വിധിയിലേക്കെത്താൻ സഹായിച്ചിരുന്നു. ഈ നേട്ടം ഞങ്ങളുടെ കുഞ്ഞിനും അഭിമാനിക്കാവുന്നതാണ്.

ഒരിക്കലും വിശ്വാസം കൈവിടാതിരിക്കുക. ഉറച്ച തീരുമാനത്തോടെ മുന്നോട്ട് തന്നെ പോവുക. പല തിരിച്ചടികളും നമുക്ക് സമൂഹത്തിൽ നിന്നും നേരിടേണ്ടി വരും. എന്നാൽ എല്ലാം നഷ്ടപ്പെട്ടുവെന്ന് ഓർത്ത് തളർന്നിരുന്നാൽ അവിടെ ഇരുന്ന് പോകും. ഇത് എനിക്ക് ട്രാൻസ് കമ്മ്യൂണ്റ്റിയോട് മാത്രമല്ല പറയാനുള്ളത്. വിജയം നേടണമെങ്കിൽ നമ്മൾ തന്നെ ഇറങ്ങി തിരിക്കണം’, സിയ പവൽ അഴിമുഖത്തോട് പറഞ്ഞു.

2023 ഫെബ്രുവരിയിലാണ് സിയക്കും സഹദിനും കുഞ്ഞ് ജനിച്ചത്. ട്രാൻസ് വ്യക്തിയായ സഹദാണ് കുഞ്ഞിന് ജന്മം നൽകിയത്. 2023 ൽ തന്നെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ രക്ഷിതാക്കൾ എന്ന് ചേർക്കണമെന്ന ആവശ്യവുമായി ദമ്പതികൾ നിയമപോരാട്ടം ആരംഭിച്ചിരുന്നു.India’s first transgender couple ziya paval and sahad won legal battle

Content Summary: kerala’s first transgender couple ziya paval and sahad won legal battle

ഫിർദൗസി ഇ. ആർ

ഫിർദൗസി ഇ. ആർ

സബ് എഡിറ്റർ

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×