March 25, 2025 |

സ്മൃതിയില്‍ നിന്ന് മൃതിയിലേയ്ക്കുള്ള പാതയിലെ വഴിപോക്കര്‍

ഈ ചിത്രം നമ്മുടെ കാലത്തെ പ്രധാനപ്പെട്ട ഒരു ചലച്ചിത്ര രചനയായി മാറുന്നു

സ്മൃതിയില്‍ നിന്ന് സ എന്ന അക്ഷരവും ചന്ദ്രക്കലയും നഷ്ടപ്പെടുമ്പോള്‍ മൃതി എന്ന വാക്കുത്ഭവിക്കുന്നതില്‍ അത്ഭുതമില്ല എന്ന് കഴിഞ്ഞ ദിവസം മലയാളത്തിന്റെ പ്രിയ കഥാകാരനായ സുഭാഷ് ചന്ദ്രന്‍ പറഞ്ഞിരുന്നു. വലിയ എഴുത്തുകാരനും സംസ്‌കാരിക കേരളത്തിന്റെ വാമൊഴിചരിത്രകാരനും അധ്യാപകനുമെല്ലാം ആയിരുന്ന പ്രൊഫ.സി.ആര്‍ ഓമനക്കുട്ടന്റെ ഒന്നാം ഓര്‍മ്മ ദിവസം നടന്ന ചടങ്ങിലായിരുന്നു സുഭാഷ് ചന്ദ്രന്‍ ഇത് പറഞ്ഞത്. ഓര്‍മ്മയില്ലാതാവുക എന്നത് മരണത്തിലേയ്ക്കുള്ള സഞ്ചാരമാണ് എന്നുള്ള സുഭാഷിന്റെ വാക്കുകള്‍ ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ബാഹുല്‍ രമേഷ് രചനയും ഛായാഗ്രഹണവും നിര്‍വ്വഹിച്ച ‘കിഷ്‌കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിടയില്‍ പലവട്ടം ഓര്‍ത്തു.

സ്വന്തം ഭാര്യയുടെ മരണം മറന്ന് പോയിരുന്ന, ഒരോ തവണ അതറിയുമ്പോഴും ആദ്യമായി വാര്‍ത്ത അറിയുന്ന അതേ കാഠിന്യത്തില്‍ ഹൃദയം ചീന്തിക്കരഞ്ഞിരുന്ന ബന്ധുവിനെ കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞതോര്‍ത്തു. സ്വന്തം രചനയിലുള്ള ഗാനം റേഡിയോയില്‍ കേട്ടിട്ട്, ‘എത്ര നല്ല പാട്ട്, ആരാണാവോ എഴുതിയത്’ എന്ന് അത്ഭുതപ്പെട്ട മലയാളത്തിലെ ഏറ്റവും വലിയ പാട്ടെഴുത്തുകാരന്റെ അവസാന നാളുകളെ കുറിച്ച് ഒരു ബന്ധു പറഞ്ഞതോര്‍മ്മവന്നു. കത്തിക്കാളിയിരുന്ന പ്രസംഗവേദികളില്‍ പരിചിത വാക്കുകളെ മറന്ന് സര്‍വ്വതും മറക്കുന്നിടത്തേയ്ക്ക് വീണുപോയ പവനന്‍ എന്ന മഹാനായ എഴുത്തുകാരനെ കുറിച്ച് ഭാര്യ പാര്‍വ്വതി പവനന്‍ എഴുതിയിരുന്നത് ഓര്‍മ്മ വന്നു. മാര്‍ക്കേസിനേയും ബുനുവലിനേയും ഓര്‍മ്മ വന്നു. ഹെന്നിങ് മാന്‍കെല്‍ എന്ന സ്വീഡിഷ് എഴുത്തുകാരന്റെ ഇന്‍സ്പെക്ടര്‍ കര്‍ട്ട് വലാന്‍ഡര്‍ നോവല്‍ സീരീസ് ഓര്‍മ്മ വന്നു.

ആകസ്മികതകളുടെ തുടര്‍ച്ചയാണ് ജീവിതം. കഴിഞ്ഞ ദിവസങ്ങളില്‍ കേരളമേറ്റവുധികം ചര്‍ച്ച ചെയ്തത് ശ്രുതിയെ കുറിച്ചായിരുന്നു. വയനാട്ടിലെ ചൂരല്‍ മലയില്‍ സര്‍വ്വതും ഒലിച്ച് പോയ രാത്രിയില്‍ അച്ഛനേയും അമ്മയേയും അനുജത്തിയേയും അപ്പൂപ്പനേയും അമ്മൂമ്മയേയും പിന്നേയും കുറേ ബന്ധുക്കളേയും നഷ്ടപ്പെട്ട ശ്രുതിയെ കുറിച്ച്. ശ്രൂതിക്ക് കൈതാങ്ങായി കൂട്ടുകാരന്‍ ജെന്‍സന്‍ എത്തിയപ്പോള്‍ നമ്മളും ആശ്വസിച്ചു. എന്നാല്‍ കൈവിടാതെ നിന്ന ശ്രുതിയുടെ കൂട്ടുകാരന്‍ മറ്റൊരു അപകടത്തില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഇല്ലാതാകുമ്പോള്‍ ആകസ്മികതകളെ കഠിനമായ വിധിയുടെ ഇരുട്ട് വന്ന് മൂടുന്നത് പോലെ നമുക്ക് തോന്നും. എങ്ങനെയാണ് ചില മനുഷ്യര്‍ക്ക് നിയോഗങ്ങളും ആകസ്മിതകളും തുടര്‍ച്ചയായി താങ്ങാനാവുക? എന്ത് തരം വിധിയാണ് സ്മൃതിയെ വന്ന് പൊതിയുന്നത്? എത്രയെത്ര മുറിവുകള്‍ വേണം ഒരാള്‍ക്ക് മനുഷ്യനായി തീരുവാന്‍? പഴയ നിയമത്തില്‍ ഇയ്യോബ് വിലപിക്കുന്നുണ്ട്: ”വ്യര്‍ത്ഥ മാസങ്ങള്‍ എനിക്ക് അവകാശമായി വന്നു, കഷ്ടരാത്രികള്‍ എനിക്ക ഓഹരിയായി തീര്‍ന്നു.’ (7:3)എന്ന്.

തിരുനെല്ലിയിലാണ് ‘കിഷ്‌കിന്ധാ കാണ്ഡ’ത്തിലെ കഥ നടക്കുന്നത്. മൃതിയെ സ്മൃതി കൊണ്ട് നേരിടുന്നതിലാണ് തിരുനെല്ലിയുടെ പ്രശസ്തി. മരിച്ച് പോയ മനുഷ്യരെ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ സ്മരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇടം. മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും ശാന്തി ലഭിക്കുന്ന ഇടം. ഓര്‍മ്മകളും മറവിയും സന്ധിക്കുന്ന, കാടും നാടും പരസ്പരം ചേര്‍ന്നിരിക്കുന്ന തിരുനെല്ലിയില്‍ നിന്ന് ഏഴ് വയസുള്ള ഒരു കുഞ്ഞിനെ കാണാതായിട്ടുള്ളത് ഈ ചിത്രത്തിന്റെ കഥയുടെ അടിത്തറയാണ്. പിന്നീട് ഒരു തോക്കും കാണാതായിട്ടുണ്ട്. കാണാതായ സീതയെ അന്വേഷിക്കുന്നതിന് സുഗ്രീവനും ഹനുമാനും അംഗദനും അടങ്ങുന്ന ഒരു വാനരപ്പട രാമന്റേയും ലക്ഷ്മണന്റേയും കൂടെ സന്ധിയുണ്ടാക്കുന്നതാണ് രാമായണത്തിലെ കിഷ്‌കിന്ധാ കാണ്ഡത്തിലെ ഇതിവൃത്തം. ചതിയും ബാലിയുടെ കൊലപാതകവുമുണ്ട് ഇതില്‍. ഇവിടുത്തെ ഏഴുവയസുകാരന്‍ സീതയെ പോലെ അപഹരിക്കപ്പെട്ടവാനാണോ? ജീവിതത്തില്‍ നിന്ന്, പ്രിയപ്പെട്ടവരില്‍ നിന്ന്? പറമ്പിലും പരിസരങ്ങളിലും നിറയെ ഉള്ള വാനരന്മാര്‍ക്ക് ഈ കിഷ്‌കിന്ധാ കാണ്ഡത്തിലെ അന്വേഷണങ്ങളില്‍ എന്ത് പങ്കാണുള്ളത്?

കര്‍ണാടകയിലെ ബെല്‍ഗാമിലെ ഒരു ആസ്പത്രി മോര്‍ച്ചറിക്ക് മുന്നില്‍ കേരളത്തില്‍ നിന്നും പഞ്ചാബില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള മനുഷ്യര്‍ കാത്തു നില്‍ക്കുന്നുണ്ട്. അജ്ഞാതമെന്ന് കണക്കാക്കിയ ഒരു ചെറിയ ആണ്‍കുട്ടിയുടെ മൃതദേഹം തിരിച്ചറിയാന്‍ പല ദേശത്ത് നിന്ന് വന്നരാണ്. മകനെ നഷ്ടപ്പെട്ട വിവിധ മനുഷ്യര്‍. അക്കൂട്ടത്തില്‍ ഒരു അജയചന്ദ്രന്‍ എന്ന തിരുനെല്ലിക്കാരനുണ്ട്. ഫോറസ്റ്റ് സര്‍വ്വീസില്‍ ജോലി ചെയ്യുന്ന ഒരാള്‍. അയാള്‍ പുതുതായി വിവാഹം ചെയ്ത അപര്‍ണ എന്ന യുവതിയുണ്ട്. അജയചന്ദ്രന്റെ ആദ്യ ഭാര്യ പ്രവീണയുടെ ഓര്‍മ്മകളുണ്ട്. പ്രവീണയുടെ സഹോദരന്‍ പ്രശോഭുണ്ട്. അജയചന്ദ്രനെ വിളിക്കുമ്പോള്‍ മോര്‍ച്ചറിക്കകത്തേയ്ക്ക് അദ്ദേഹവും പ്രശോഭും കൂടി നടക്കുമ്പോള്‍ നമ്മളുടെ ഹൃദയമിടപ്പും വര്‍ദ്ധിക്കും. മോര്‍ച്ചറിയിലെ മൃതദേഹങ്ങളുടെ അടുക്കുകളില്‍ നിന്ന് ഒന്ന് വലിച്ച് തുറക്കുമ്പോള്‍ നമ്മള്‍ കാണുന്നത് അജയചന്ദ്രന്റെ മുഖം മാത്രമാണ്. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുമ്പോഴും നമുക്കറിയാം അത് ആ കുഞ്ഞിന്റെ, ചച്ചുവിന്റെ, മൃതദേഹമല്ല എന്ന്. പക്ഷേ ആശ്വാസവും കരച്ചിലും ഒരു ക്ലോഷറില്ലാത്തതിന്റെ കാഠിന്യവും നിറഞ്ഞ അജയചന്ദ്രന്റെ ആ മുഖം നമ്മളെ അസ്വസ്ഥരാക്കും. കുഞ്ഞുങ്ങളുടെ ശവപ്പെട്ടികള്‍ക്കാണ് ഏറ്റവും ഭാരമെന്ന വസ്തുത നമുക്കപ്പോള്‍ ഓര്‍മ്മവരും.

ആസിഫ് അലിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും അജയചന്ദ്രന്‍. അച്ഛന്റെ മകനും മകന്റെ അച്ഛനുമായ അജയചന്ദ്രന്‍. സ്മൃതിയില്‍ നിന്ന് മൃതിയിലേയ്ക്ക് നീണ്ട സഞ്ചാര പാഥയില്‍ ഏറ്റവും മുറിവേല്‍ക്കുന്ന വഴിപോക്കന്‍. സ്നേഹത്താല്‍ മുറിവേറ്റവനാണ്. മനുഷ്യര്‍ക്കിടയില്‍ പെട്ടുപോയ കഥാപാത്രം. ഫോറസ്റ്റ് ഉദ്യോഗസ്ഥനും നാട്ടുകാരനുമാണ്. അപ്പു പിള്ളയുടെ മകനും ചച്ചുവിന്റെ അച്ഛനുമാണ്. അര്‍ബുദത്തിന് കീഴടങ്ങിയ പ്രവീണയുടെ ഭര്‍ത്താവാണ്. ഇപ്പോള്‍ അപര്‍ണയുടേയും. പ്രവീണയുടെ നിഴലും അപര്‍ണയുടെ പൊരുളുമുണ്ട് അയാളുടെ ജീവിതത്തില്‍. അയാള്‍ക്ക് അതിരില്ലാത്ത സ്നേഹവും കഠിനമായ വേദനയുമുണ്ട്. മരണം വരെ ഒളിപ്പിച്ച് വയ്ക്കേണ്ട രഹസ്യങ്ങളുണ്ട്. ഓര്‍മ്മകള്‍ കൈവിട്ട് പോകാന്‍ സാധ്യതയുള്ള ജീവിതത്തിന്റെ മറ്റൊരു കാലം അയാളെ തുറിച്ച് നോക്കി ഭീതിപ്പെടുത്തുന്നുണ്ട്. നെഞ്ചില്‍ കനമേറ്റുന്ന ഒരു പക്വതയിലാണ് ആസിഫ്  അജയചന്ദ്രനിലേയ്ക്ക് കൂടുമാറുന്നത്. ഭയങ്കര സ്നേഹവും സന്തോഷവും തോന്നുന്ന പ്രകടനം, മലയാളത്തിലെക്കാലത്തും ഓര്‍ത്ത് വയ്ക്കാന്‍ പോന്ന ഒന്ന്. കുഡോസ് മാന്‍!

മറവിയും മരണവും അനുഗ്രഹങ്ങളാണ്. മറവി വന്ന് മൂടുമ്പോള്‍ ഒഴിഞ്ഞ് പോകുന്നത് ഓര്‍മ്മകളിലെ കാഠിന്യങ്ങളും വേദനകളുമാണ്. പ്രശോഭ് പറയുന്നത് പോലെ അവന്റെ പ്രവീണ ചേച്ചി ഭാഗ്യവതിയാണ്, കാരണം മരണം നിങ്ങളെ ജീവിതത്തിന്റെ ദുരിതത്തില്‍ നിന്ന് മോചിപ്പിക്കുന്നു. ജീവിച്ചിരിക്കുന്ന സകലരും മുറിവേറ്റവരാണ്. ഐ.റ്റി.ജോലിയും സോഷ്യല്‍ വര്‍ക്കും വിട്ട് അജയചന്ദ്രന്റെ രണ്ടാം ഭാര്യയായി വിവാഹം രജിസ്റ്റര്‍ ചെയ്ത തിരുനെല്ലിയിലേയ്ക്ക് വരുന്ന, നഗരം തിളച്ച് മറയുന്ന ബാംഗ്ലൂരില്‍ നിന്ന് കാടിന്റെ, നിശബ്ദതയുടെ അതിര്‍ത്തി ദേശമായ ഒരു പഴയ വീട്ടിലേയ്ക്ക് വരുന്ന അപര്‍ണര്‍ക്കും മുറിവേല്‍ക്കുന്നുണ്ട്. അവധി ദിവസങ്ങളില്‍ വിനോദ സഞ്ചാരത്തിന് വന്നവളല്ല ഒരു വീടിന്റെ ഭാഗമാകാന്‍ എത്തിയവളാണ്. അവള്‍ വരുന്നതോടെയാണ് എല്ലാം മാറുന്നത്. നിശബ്ദതകളില്‍ ദീര്‍ഘനിശ്വാസങ്ങളുയരുന്നതും ഇരുട്ടില്‍ വെളിച്ചമുണ്ടാകുന്നതും നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതും ചോദ്യങ്ങളും മറുപടികളും ഉണ്ടാകുന്നതും വിസ്മൃതിലേയ്ക്കുള്ള സൗകര്യപൂര്‍വ്വമുള്ള സഞ്ചാരത്തിന് തടസങ്ങളുണ്ടാകുന്നതും. ഉത്തരങ്ങള്‍ ലഭിക്കുന്നതോടെ അവളും കിഷ്‌കിന്ധാ കാണ്ഡത്തിലെ വാനരപ്പടയിലെ ഒരാളാകും. മറ്റാര്‍ക്കോ വേണ്ടിയുള്ള യുദ്ധത്തിലെ നിശബ്ദ പങ്കാളിയാകും. അഭിനയമേതാണ് ജീവിതമേതാണ് എന്ന് പകച്ച് നില്‍ക്കും. അപര്‍ണ ബാലമുരളിയുടെ കൈവശം സുരക്ഷിതമാണ് അപര്‍ണ എന്ന കഥാപാത്രം.

അപ്പുപിള്ള എന്ന മുന്‍ പട്ടാള ഉദ്യോഗസ്ഥനാണ് ഈ സിനിമയുടെ കേന്ദ്ര കഥാപാത്രം. അധികാരത്തിനെതിരായ മനുഷ്യരുടെ പോരാട്ടം മറവിക്കെതിരായ ഓര്‍മ്മയുടെ പോരാട്ടമാണ് എന്ന് ‘ദ ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഗെറ്റിങ്’ എന്ന നോവലില്‍ മിലന്‍ കുന്ദേര പറയുന്നുണ്ട്. അപ്പുപിള്ളയുടെ ജീവിതം കൂടുതല്‍ കഠിനമാണ്. മറവിക്കെതിരേയും ഓര്‍മ്മക്കെതിരേയും അയാള്‍ യുദ്ധം ചെയ്യുന്നുണ്ട്. അതുകൊണ്ടാകും ഇടയ്ക്ക് അയാള്‍ ദുഷിച്ച ഏകാധിപതിയായും മറ്റൊരു സമയത്ത് വ്യവസ്ഥയ്ക്കെതിരെ പോരാടുന്ന പ്രക്ഷോഭകാരിയായും നില്‍ക്കുന്നത്. രോഗവും സമൂഹവും സ്നേഹരാഹിത്യവും സ്നേഹപ്രവാഹവും എല്ലാം ചേര്‍ന്ന് സങ്കീര്‍ണമാക്കിയ ഒരു മനുഷ്യജന്മം. വിസ്മൃതിയിലേയ്ക്ക് ഒരോ ചുവട്വയ്ക്കുമ്പോഴും പട്ടാളച്ചിട്ടയോടെ സ്വന്തം ജീവിതം സൃഷ്ടിച്ച ശീലങ്ങളിലൂടെ ഓര്‍മ്മകള്‍ മടങ്ങിയെത്തി അയാളെ വേട്ടയാടും. മരണത്തിലേയ്ക്ക നടക്കുമ്പോള്‍ ജീവിതം തിരിച്ച് വിളിക്കുന്നത് പോലെ. അപ്പോള്‍ അയാളുടെ ജീവിതം ഒരു നരകമായി മാറുന്നതായും ലൂസിഫറിന്റെ ക്രൂരമായ വിനോദത്തിന് ഇരയാകുന്ന ആത്മാവായി അയാള്‍ മാറുന്നതായും നമുക്ക് തോന്നും.

സുന്ദരമായ ക്രാഫ്റ്റിങും അവധാനതയോടെയുള്ള രചനയും കയ്യൊതുക്കത്തോടെ ഒരുക്കിയിരിക്കുന്ന സീനുകളുമാണ് ‘കിഷ്‌കിന്ധാ കാണ്ഡ’ത്തെ ഈയടുത്ത് മലയാളത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ ഏറ്റവും മികച്ച സിനിമകളിലൊന്നാക്കി മാറ്റുന്നത്. രജിസ്റ്റര്‍ ചെയ്ത തോക്കുടമകള്‍ തിരഞ്ഞെടുപ്പ് കാലത്ത് തങ്ങളുടെ ആയുധങ്ങള്‍ പോലീസിന് കൈമാറണമെന്ന നിയമത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു പോലീസ് സ്റ്റേഷന്റെ അവതരണത്തില്‍ തന്നെ സിനിമ ഇലയും പടര്‍പ്പും തല്ലാതെ കഥയിലേയ്ക്ക് കടക്കുന്നു. രജിസ്റ്റര്‍ ഓഫീസിലെ രണ്ടാമത്തെ രംഗത്ത് തന്നെ അജയനേയും അപര്‍ണയേയും നമ്മള്‍ കാണും. പ്രവീണയെ കുറിച്ചറിയും. മൂന്നാമത്തേതില്‍ കിഷ്‌കിന്ധാകാണ്ഡത്തിലെ വാനര പടയേയും അപ്പുപിള്ള എന്ന മുന്‍ പട്ടാളക്കാരനേയും ചാച്ചുവിന്നെ അദൃശ്യസാന്നിധ്യത്തേയും കാണും. അതോടെ 125 മിനുട്ടുകള്‍ നീണ്ട് നില്‍ക്കുന്ന ഒരു ദൃശ്യരചനയാരംഭിക്കുകയായി. അതിഭാവുകങ്ങളോ, അതിവൈകാരികതളോ, അസാധ്യ രംഗങ്ങളോ ഒന്നുമില്ല. പ്രൊസീജ്യറല്‍ ഡ്രാമ, സ്ലോ ബേണിങ് ഡ്രാമ എന്നൊക്കെ വിളിക്കപ്പെടുന്ന തെളിച്ചമുള്ള ഒരു ചിത്രം.

ജഗദീഷിന്റെ സുമാദത്തനും അശോകന്റെ ശിവദാസനും ഷെബിന്‍ ബെന്‍സണിന്റ പ്രശോഭും നിഴല്‍കള്‍ രവിയുടെ ഡോ.അമൃത്ലാലും അടക്കം ഒരുപിടി കഥാപാത്രങ്ങളുണ്ട്. ഒരോന്നും പ്രസക്തവും സൂക്ഷ്മായി എഴുതപ്പെട്ടതും. വൃത്തിയുള്ള ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും കിഷ്‌കിന്ധാകാണ്ഡത്തിന്റെ സങ്കീര്‍ണതളെ ആവാഹിക്കുന്ന ഛായാഗ്രഹണവും എഡിറ്റിങും കൂടിയാകുമ്പോള്‍ ഈ ചിത്രം നമ്മുടെ കാലത്തെ പ്രധാനപ്പെട്ട ഒരു ചലച്ചിത്ര രചനയായി മാറുന്നു. ജീവിതമെന്ന അത്ഭുതവും മനുഷ്യരെന്ന സങ്കീര്‍ണതയും ക്രൂരമായ ദുര്‍വിധികളും ചുരുങ്ങിയ ഒരു കാലത്ത് ആടിത്തീര്‍ക്കേണ്ട നാടകങ്ങളും ചേര്‍ന്ന ഒരു കനമവശേഷിപ്പിച്ചാണ് ദിന്‍ജിത്ത് അയ്യത്താന്‍ ചിത്രം പൂര്‍ത്തീകരിക്കുന്നത്. ഒരു കലാസൃഷ്ടിയുടെ കനമാണത്.  kishkindha kaandam asif ali starring movie review by sreejith divakaran

content summary; kishkindha kaandam asif ali starring movie review by sreejith divakaran

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

×