UPDATES

ട്രെന്‍ഡിങ്ങ്

പിണറായിയുടെ കീഴില്‍ കേരളം വലിയൊരു പോലീസ് സ്റ്റേഷന്‍

വിയോജിപ്പുകളെ മുഴുവൻ ഭയപ്പെടുത്താൻ കേരളത്തെ കരിനിയമ സംസ്ഥാനമാക്കി സംഘപരിവാരത്തെ പോലും നാണിപ്പിക്കുന്നു

                       

എഴുത്തുകാരന്‍ കമല്‍ സി ചവറയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചാര്‍ത്തിയതിന് പിന്നാലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ നദീയെ യുഎ പി എ ചുമത്തി ജയിലില്‍ അടച്ചിരിക്കുന്നു. എതിര്‍ ശബ്ദങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പോലീസിനെ കയറൂരി വിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് നയത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ആര്‍ എം പി നേതാവ് കെ കെ രമ. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം;

പൌരാവകാശങ്ങളും, മൗലിക മനുഷ്യാവകാശങ്ങളും എല്ലാ ജനാധിപത്യ മര്യാദകളും റദ്ദാക്കപ്പെട്ട ഒരു വലിയ പോലീസ് സ്റ്റേഷനായി കേരളം മാറിക്കഴിഞ്ഞെന്ന് ഭയപ്പെടാവുന്ന ഭീതിദമായ വാർത്തകളുടെ പ്രവാഹമാണ് ചുറ്റിലും.

കഴിഞ്ഞ ദിവസം പോളി ജീവനക്കാരൻ രജീഷ്, അതിന് മുമ്പ് എംഎൻ രാവുണ്ണി, നിലമ്പൂരിൽ അജിതയും കുപ്പു ദേവരാജും, അതിനും മുമ്പ് മട്ടാഞ്ചേരിയിൽ സനീഷും ഷാമിലയും, ഇന്നലെ കോഴിക്കോട് കമൽ സി ചവറ, ഷഫീക്ക് സുബൈദ ഹക്കിം, സുദീപ്, ഇന്ന് മെഡിക്കൽ കോളജ് പരിസരത്ത് നദി… വികസിതമായ മാനവിക ജനാധിപത്യ ബോധ്യങ്ങളെയാകെ കാറ്റിൽ പറത്തി പോലീസ് നിസ്സഹായരായ മനുഷ്യർക്ക് നേരെ ഒരു മറയുമില്ലാത്ത കടന്നാക്രമണം തുടരുകയാണ്.

ഭരണകൂടത്തോടുള്ള ഭിന്നാഭിപ്രായങ്ങൾക്കും വ്യവസ്ഥയോടുള്ള വിമതത്വങ്ങൾക്കും നേരെ വിവേകരഹിതവും നീതിരഹിതവുമായ യുഎപിഎ കരിനിയമാക്രമണമാണ് പിണറായി വിജയൻറെ പോലീസ് നടത്തി കൊണ്ടിരിക്കുന്നത്.

വിചാരണയും വിധിയും വധശിക്ഷയും വരെ നേരിട്ട് നടപ്പാക്കുന്ന നീതിയുടെ കൊലയറയായി കേരളത്തിലെ പോലീസ് സ്റ്റേഷനുകളും ലോക്കപ്പ് മുറികളും മാറിക്കഴിഞ്ഞതിനെതിരെ വലിയ ജനകീയ പ്രതിഷേധമുയരുന്നതിനിടയിലാണ് കേരളത്തിൻറെ ജനാധിപത്യ മനഃസാക്ഷിയെ നടുക്കിക്കൊണ്ട് നിലമ്പൂരിലെ വ്യാജഏറ്റുമുട്ടൽ കൊല അരങ്ങേറിയത്. ഓടിരക്ഷപ്പെടാൻ പോലും കഴിയാത്ത വിധം രോഗപീഢയിൽ അവശരായി കിടക്കുന്ന രണ്ടുപേരെ കേരളപോലീസ് തണ്ടർബോൾട്ട് വിഭാഗം പിടികൂടി ഏകപക്ഷീയമായി വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ഉറപ്പാക്കാവുന്നിടത്തേക്കാണ് പോലീസ് തന്നെ പുറത്തുവിട്ട വിവരങ്ങളും പോസ്റ്റ്മോർട്ടം വിശദാംശങ്ങളും വിരൽ ചൂണ്ടുന്നത്. ആ കൊല കേരള പോലീസിന് അഭിമാനമെന്ന് ഡിജിപിയും പോലീസിൻറെ മനോവീര്യസിദ്ധാന്തവുമായി മുഖ്യമന്ത്രിയും നേരിട്ടുതന്നെ രംഗത്ത് വന്നത് തീർച്ചയായും ആ കൊലയിലുള്ള ഭരണകൂട ഉത്തരവാദിത്തത്തിൻറെ തന്നെ സാക്ഷ്യമാണ്.

തുടർന്ന് യുവമോർച്ചയുടെ എതിർപ്പുണ്ടെന്ന പേര് പറഞ്ഞ് മൃതദേഹത്തിൻറെ പൊതുദർശനം നിരോധിച്ച് കൊല്ലപ്പെട്ടവരെ അവസാനമായി ഒരു നോക്കുകാണാനുള്ള ഉറ്റവരുടെയും ബന്ധുക്കളുടെയും പ്രാഥമിക അവകാശങ്ങൾ പോലും നിഷേധിച്ച ആഭ്യന്തര വകുപ്പ് നമ്മുടെ ജനാധിപത്യ ഭരണക്രമത്തെ ആകെ തന്നെയാണ് അപമാനിച്ചത്. കൊല്ലപ്പെട്ടയാളുടെ സഹോദരനെ ശ്മശാനത്തിൽ മൃതദേഹത്തിന് മുന്നിൽ വെച്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ കോളറിന് കുത്തിപ്പിടിക്കാൻ ഒരു അസിസ്റ്റൻറ് പോലീസ് കമ്മീഷണർക്ക് ധൈര്യം വന്നത് തീർച്ചയായും ആ ചെയ്തികൾക്കാകെ ആഭ്യന്തരമന്ത്രിയുടെ പിന്തുണയുണ്ടെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെയാണ്.

കൊല്ലപ്പെട്ടവരുടെ മൃതദേഹം മാന്യമായി സംസ്കരിക്കാൻ ശ്രമിച്ചവരെയാകെ നിർലജ്ജം കരിനിയമങ്ങൾ ചുമത്തി വേട്ടയാടുകയാണ് ഇപ്പോൾ പിണറായി വിജയൻറെ പോലീസ്. എംഎൻ രാവുണ്ണിയെ പോലുള്ള വയോധികരായ കമ്യൂണിസ്റ്റുകളെ പോലും UAPA ചുമത്തി തുറുങ്കിലടച്ചിരിക്കുന്നു പിണറായി വിജയൻ. UAPA ചുമത്താനുള്ള കാരണങ്ങളുണ്ടെന്ന് കാട്ടി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരൻ രജീഷ് കൊല്ലക്കണ്ടിയെ സർവ്വീസിൽ നിന്നും സസ്പെൻറ് ചെയ്തിരിക്കുന്നു. ചലച്ചിത്രമേളയിൽ ദേശീയഗാനാലാപന വേളയിൽ എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ച് നിരവധി സിനിമാസ്വാദകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നു.

ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിൻറെ വസതിയിലേക്ക് പ്രകോപനപരമായി മാർച്ച് നടത്തി തെരുവിൽ ദേശീയഗാനത്തെ അവഹേളിച്ച യുവമോർച്ച നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന റവല്യൂഷണറി യൂത്തിൻറെ പരാതി ചവറ്റുകൊട്ടയിലെറിഞ്ഞ പോലീസ് നോവലിൽ , ദേശീയഗാനത്തെ അപമാനിച്ചെന്ന യുവമോർച്ചയുടെ പരാതിയിൽ എഴുത്തുകാരനായ കമൽ സി ചവറയെ ഡോക്ടറെ കാണാൻ പോയിടത്തു നിന്ന് ഇന്നലെ പിടിച്ചു കൊണ്ടുപോകുന്നു. രോഗിയായ അദ്ദേഹം സ്റ്റേഷനിൽ തളർന്നു വീണപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടവരെ കൂടി കയ്യേറ്റം ചെയ്ത് കേസ് ചുമത്തുന്നു പോലീസ്. ആശുപത്രിയിലുള്ള കമൽ സി ചവറയെ സന്ദർശിക്കാനെത്തിയ നദിയെ ഇന്ന് കസ്റ്റഡിയിലെടുത്ത് യുഎപിഎ ചുമത്തിയിരിക്കുന്നു.

വിയോജിപ്പുകളെ മുഴുവൻ ഭയപ്പെടുത്താൻ കേരളത്തെ കരിനിയമ സംസ്ഥാനമാക്കി സംഘപരിവാരത്തെ പോലും നാണിപ്പിക്കുകയാണ് പിണറായി വിജയൻ.

തീർച്ചയായും കേരളത്തിൻറെ സ്വതന്ത്ര ജനാധിപത്യ പൗരജീവിതത്തിന് മീതെ പോലീസ് സ്വേച്ഛാധിപത്യത്തിൻറെ ഇരുൾ പരക്കുന്നത് ഓരോ ജനാധിപത്യ വിശ്വാസിയും അത്യന്തം ഗൗരവത്തോടെ കാണേണ്ടതുണ്ട്.

നിരപരാധികളുടെ ചോരകുടിച്ചും നീതിയുടെ കഴുത്തു ഞെരിച്ചും പോലീസിൻറെ മനോവീര്യമേറ്റാനൊരുങ്ങുന്ന ഫാസിസ്റ്റ് മനോനിലയുള്ള ഭരണാധികാരികളെ പിടിച്ചു കെട്ടാൻ ജനാധിപത്യ ശക്തികളാകെ ഒരുമിച്ച് രംഗത്ത് വരേണ്ട സമയമാണിത്.

ഭരണകൂടം നിങ്ങളുടെ നാവറുക്കും മുമ്പ് നീതിയെ കൊന്നുതിന്നുന്ന ഫാസിസ്റ്റ് ഭരണാധികാരിക്കെതിരെ ഉറക്കെയുറക്കെ വിയോജിക്കുക.

[fb_pe url=”https://www.facebook.com/kkrema/posts/1286516771408077″ bottom=”30″]

Share on

മറ്റുവാര്‍ത്തകള്‍