April 20, 2025 |

‘സുബ്രത റോയിയെ വീഴ്ത്തിയ ദാവീദ്’; നിയമത്തിന്റെ വെളുപ്പും കറുപ്പും കളങ്ങില്‍ നില്‍ക്കുന്ന കെ എം എബ്രഹാം

ഒരിക്കല്‍ എബ്രഹാമിന് ക്ലിന്‍ ചിറ്റ് തരപ്പെട്ട കേസിലാണ് ഇനി സിബിഐ അന്വേഷണം നടക്കാന്‍ പോകുന്നത്‌

സംസ്ഥാനത്തെ തലമുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ കെ എം എബ്രഹാം അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആരോപണവിധേയനായി സിബിഐ അന്വേഷണം നേരിടേണ്ടി വരുമ്പോള്‍, കൗതുകകരമായൊരു ഭൂതകാല വാര്‍ത്ത കൂടി പങ്കുവയ്‌ക്കേണ്ടതുണ്ട്. ആ വാര്‍ത്തയില്‍ നായകനായിരുന്നു കണ്ടത്തില്‍ മാത്യു എബ്രാഹാം, വില്ലന്‍ ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനും.

ആദ്യം, കെ എം എബ്രഹാമിനെതിരായ കേസും അതിലെ നിര്‍ണായക വഴിത്തിരിവും എന്താണെന്ന് അറിയാം;

കെ എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് സിബിഐയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേരള ഹൈക്കോടതി. ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിലും, തുടര്‍ന്ന് വിജിലന്‍സ് നടത്തിയ ത്വരിത അന്വേഷണത്തിലും ‘ ക്ലീന്‍ ചിറ്റ്’ കിട്ടിയ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു എബ്രഹാം. കേരളത്തിന്റെ മുന്‍ ചീഫ ്‌സെക്രട്ടറി, നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൂടാതെ കിഫ്ബി സിഇഒ എന്നീ പദവികളില്‍ തുടരുന്നൊരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍.

2015 മേയിലാണ് കെ എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി ഉണ്ടാകുന്നത്. ആ സമയത്ത് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തസ്തികയിലായിരുന്നു എബ്രഹാം. പൊതു പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് എബ്രഹാമിനെതിരേ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കും, വിജിലന്‍സിലും പരാതി കൊടുക്കുന്നത്. ആസ്തിബാധ്യത കണക്കില്‍ ഭാര്യയുടെയും മക്കളുടെയും സ്വത്ത് വിവരം മറച്ചുവച്ചു എന്നായിരുന്നു ജോമോന്റെ ഒരു പരാതി. കൂടാതെ എബ്രഹാം അനധികൃതമായി സ്വത്ത് ഉണ്ടാക്കിയിട്ടുണ്ടെന്നും തന്റെ പരാതിയില്‍ ജോമോന്‍ ആരോപിച്ചിരുന്നു. മുംബൈയില്‍ മൂന്നു കോടിയുടെയും തിരുവനന്തപുരത്ത് ഒരു കോടിയുടെയും ഫ്‌ളാറ്റുകളും കൊല്ലത്ത് എട്ട് കോടി രൂപയോളം മൂല്യമുള്ള ഷോപ്പിംഗ് മാളും ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. സിവില്‍ സര്‍വീസ് പെരുമാറ്റ ചട്ടപ്രകാരം ഉദ്യോഗസ്ഥര്‍ ഓരോ വര്‍ഷത്തെയും സാമ്പത്തിക ആസ്തി സംബന്ധിച്ച വിവരങ്ങള്‍ ചീഫ് സെക്രട്ടറിക്ക് നല്‍കണം. എന്നാല്‍ ഈ വിവരങ്ങളില്‍ നിന്നും എബ്രഹാം ബോധപൂര്‍വം ഭാര്യയുടെയും മക്കളുടെയും സ്വത്ത് വിവരങ്ങള്‍ മറച്ചു വച്ചു. ഭാര്യയുടെയും മക്കളുടെയും പേരില്‍ വന്‍ സ്വത്തു വകകള്‍ ഉണ്ടെന്നതാണ് വിവരങ്ങള്‍ നല്‍കാതിരുന്നതിന് പിന്നിലെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നു.

ജോമോന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്നത്തെ ചീഫ് സെക്രട്ടറി എബ്രഹാമിനോട് വിശദീകരണം തേടിയിരുന്നു. നല്‍കിയ വിശദീകരണത്തില്‍, ഭാര്യ ഷേര്‍ളിയുടെ പേരില്‍ സ്വത്തൊന്നും ഇല്ലെന്നായിരുന്നു പറഞ്ഞത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഈ വിശദീകരണത്തില്‍ തൃപ്തരായെങ്കിലും പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നിശബ്ദനാകാന്‍ തയ്യാറായില്ല. പരാതിക്കാരന്‍ തിരുവനന്തപുരം വിജിലന്‍ കോടതിയെ സമീപിച്ചു. 2016 സെപ്തംബറില്‍ കോടതി വിജിലന്‍സ് പരിശോധനയ്ക്ക് ഉത്തരവിട്ടു.

ഇന്ന് ബിജെപി നേതാവായ തോമസ് ജേക്കബ് ഐപിഎസ് ആയിരുന്നു അന്ന് വിജിലന്‍സ് ഡയറക്ടര്‍. വിജിലന്‍സ് എബ്രാഹാമിന്റെ വീട്ടില്‍ പരിശോധന നടത്തി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ പരിശോധന നടത്തിയത് വലിയ വാര്‍ത്തയായി. ഐഎഎസ്-ഐപിഎസ് കാര്‍ക്കിടയിലെ ചേരിപ്പോരിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. എന്നാല്‍ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ വിജിലന്‍സും കെ എം എബ്രഹാമിന് ക്ലീന്‍ ചിറ്റ് നല്‍കി. ജോമോന്റെ പരാതിയില്‍ കഴമ്പില്ലെന്നും കേസ് എഴുതി തള്ളണമെന്നുമായിരുന്നു വിജിലന്‍സിന്റെ വാദം. കോടതി അത് അംഗീകരിക്കുകയും ചെയ്തു.

അവിടെയും നിര്‍ത്താതെ, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ 2018 ല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി സമീപിച്ചു. ഇപ്പോള്‍ ഹൈക്കോടതി നടത്തിയിരിക്കുന്ന നിരീക്ഷണങ്ങള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെയും അന്നത്തെ വിജിലന്‍സിനെയും ആരോപണവിധേയമാക്കിയുള്ളതാണ്. എബ്രഹാമിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് കോടതി പറയുന്നത്. പരാതിക്ക്് അടിസ്ഥാനമായ പ്രാഥമിക തെളിവുകളുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ട കേസാണ് സിബിഐയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇപ്പോള്‍ കുറ്റാരോപിതനായി നില്‍ക്കുന്ന കെ എം എബ്രഹാം എന്ന കണ്ടത്തില്‍ മാത്യു എബ്രഹാമിന്റെ പേര് ഒരിക്കല്‍ ഇന്ത്യ മുഴുവന്‍ ആശ്ചര്യത്തോടെ പറഞ്ഞിരുന്നു. ഗോലിയാത്തിനെ വീഴ്ത്തിയെ ദാവീദ് എന്ന പോല്‍!

ആ കഥ ഇങ്ങനെയാണ്;

subrata roy

സുബ്രത റോയ്‌

സഹാറ ഗ്രൂപ്പിന്റെ സുബ്രത റോയിയായിരുന്നു ഈ കഥയിലെ വില്ലന്‍. എബ്രഹാം ആ സമയത്ത് മുംബൈയില്‍ സെബി ഉദ്യോഗസ്ഥനായി ജോലി നോക്കുന്നു. രണ്ടായിരം രൂപയുടെ മൂലധനത്തില്‍ ആരംഭിച്ചൊരു പ്രസ്ഥാന രണ്ട് ലക്ഷം കോടിയോളം ആസ്തിയുള്ളതാക്കി മാറ്റിയ സുബ്രത റോയി. ഒമ്പത് കോടി നിക്ഷേപകരും ഉപഭോക്തക്കളും, 259,900 കോടി അറ്റാദായം, അയ്യായിരം സംരഭങ്ങള്‍, 30,970 ഏക്കര്‍ ഭൂമി; സഹാറയുടെ ആസ്തിയും ശക്തിയും ആരെയും ഞെട്ടിക്കുന്നതായിരുന്നു. സ്വന്തമായി വിമാന കമ്പനി മുതല്‍, ഫോര്‍മുല വണ്ണിലും ഐപിഎല്ലിലും സ്വന്തം ടീമുകള്‍ വരെ. എല്ലാം സ്വന്തമാക്കിയ, എന്തും സ്വന്തമാക്കാന്‍ കഴിവുള്ളവനായിരുന്നു റോയി.

ഇന്ത്യയിലെ ദരിദ്രനാരായണന്മാര്‍ക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കി നിക്ഷേപക വഴിയിലേക്ക് ആനയിച്ച റോയി, പക്ഷേ അതിലൂടെ നടത്തിയിരുന്നത് വന്‍തട്ടിപ്പുകളായിരുന്നു. അതിന്റെ വിവരങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെയാണ് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ എന്ന സെബി റോയിയുടെ പിന്നാലെ കൂടിയത്. മൂന്നു വ്യക്തികളില്‍ നിന്നായി നിയമവിരുദ്ധ നിക്ഷേപം വഴി 24,000 കോടി രൂപ വാങ്ങിയെന്നതായിരുന്നു റോയിക്കെതിരേ സെബിയെടുത്ത കേസ്. ശക്തമായ രാഷ്ട്രീയ പിന്തുണ ഉണ്ടായിട്ടുപോലും റോയി പിടികൂടാന്‍ സെബിക്ക് കഴിഞ്ഞത് എബ്രഹാമിന്റെ കരുത്തിലായിരുന്നു. റോയിക്കെതിരേ എബ്രഹാം പുറത്തു കൊണ്ടുവന്ന തെളിവുകള്‍ ശക്തമായിരുന്നു. സെക്യൂരിറ്റീസ് അപ്പലേറ്റ്റ്റ് ട്രിബ്യൂണലിനോ സുപ്രിം കോടതിക്കോ പോലും തള്ളിക്കളയാന്‍ പറ്റാത്ത വിധം ശക്തമായ തെളിവുകള്‍.

2011 ജൂണ്‍ 23നു സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനും (SIREC) സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനും (SHIC) എതിരെ എബ്രഹാം പുറപ്പെടുവിച്ച ഉത്തരവാണ് സുബ്രതോ റോയിയുടെ പതനത്തിലേക്ക് നയിച്ചത്. വളരെ യാദൃശ്ചികമായാണ് എബ്രഹാം ഈ രണ്ടു കമ്പനികളുടെയും സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടത്തിയത്. ഒരു ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ ഓഹരി മൂല്യം ഉയര്‍ത്താന്‍ വേണ്ടി റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സഹാറ പ്രൈം സിറ്റി ലിമിറ്റഡ് ഡ്രാഫ്റ്റ് റെഡ് ഹേറിംഗ് പ്രോസ്പെക്ടസ് സമര്‍പ്പിച്ചപ്പോഴാണ് ഈ തെളിവുകള്‍ പുറത്തു വന്നത്. സെബിയുടെ അനുമതി ഇല്ലാതെ ‘പൂര്‍ണമായും മാറ്റാവുന്ന കടപ്പത്രങ്ങള്‍’ വഴി പൊതു ജനങ്ങളില്‍ നിന്നു വന്‍തോതില്‍ല്‍ പണം സമാഹരിക്കുന്ന ഈ രണ്ടു അസോസിയേറ്റ് കമ്പനികളുടെ മുഴുവന്‍ വിശദാംശങ്ങളും അവര്‍ ഈ അപേക്ഷയില്‍ വെളിപ്പെടുത്തിയിരുന്നു.

സഹാറ കേസില്‍ അവസാനമായി നല്‍കിയ ഉത്തരവ് എബ്രാഹാമിന്റെ ധൈര്യത്തിനും തൊഴില്‍ നൈപുണ്യത്തിനും മികച്ച സാക്ഷ്യപത്രമായിരുന്നു. കടപ്പത്രം അവരുടെ സ്വകാര്യ നടപടി മാത്രമാണെന്ന സഹാറയുടെ വാദം അവര്‍ തന്നെ നല്കിയ രേഖകളിലൂടെ വെളിപ്പെടുന്ന, ലക്ഷക്കണക്കിനു ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന തെളിവിലൂടെ വളരെ ഫലപ്രദമായി എബ്രഹാം തകര്‍ത്തു.

സഹാറയുടെ പണം അനധികൃത പണമാണെന്ന് എബ്രഹാം സംശയിക്കുകയും ഒരു പരിധി വരെ തെളിയിക്കുകയും ചെയ്തു. ബിനാമി പണമിടപാടുകള്‍ സഹാറ നിഷേധിക്കുകയായിരുന്നുവെങ്കിലും അന്നത്തെ സുപ്രിം കോടതി ബെഞ്ചിലെ രണ്ടു ജഡ്ജിമാരില്‍ ഒരാളായിരുന്ന ജെ എസ് ഖേഹര്‍ പറഞ്ഞത്, ”നിയന്ത്രണങ്ങള്‍ക്കപ്പുറം ഈ നടപടികളെല്ലാം സംശയാസ്പദവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണെന്ന് രേഖപ്പെടുത്താന്‍ ആരും നിര്‍ബന്ധിതരാകും. തീര്‍ച്ചയായും ഈ രണ്ടു കമ്പനികള്‍ ചെയ്ത രീതിയില്‍ സാമ്പത്തിക ഇടപാടുകള്‍ ഒരിയ്ക്കലും ലാഘവത്തോടെ ചെയ്യേണ്ടുന്ന ഒന്നല്ല.” എന്നായിരുന്നു.

സുബ്രത റോയിയെ വീഴ്ത്തിയതിന്റെ പ്രതികാരമാണോ എന്നറിയില്ല. സെബിയിലെ ഉദ്യോഗത്തിന്റെ പേരില്‍ എബ്രഹാം വേട്ടയാടപ്പെട്ടു. സെബി മേധാവിയായിരുന്ന സി ബി ഭാവെയ്ക്കും എബ്രഹാമിനുമെതിരേ സിബി ഐയുടെ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അഴമിതിക്കരനായ ജിഗ്നേഷ് ഷായുടെ എംസ് എക്‌സ്-എസ് എക്‌സിന് നാണയ ഊഹക്കച്ചവടത്തിന് സംശയാസ്പദമായ അനുമതി നല്‍കിയെന്നായിരുന്നു ഇരുവര്‍ക്കുമെതിരായ കേസ്.  K M Abraham, who once played a key role in bringing Subrata Roy to justice, is now facing a CBI investigation for illicit wealth accumulation

Content Summary; K M Abraham, who once played a key role in bringing Subrata Roy to justice, is now facing a CBI investigation for illicit wealth accumulation

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×