മുന്നറിയിപ്പ് ഇല്ലാതെ അടച്ചുപൂട്ടിയ കണ്ണൂര്‍ പട്ടാന്നൂര്‍ കെപിസി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്മെന്റ് രക്ഷിതാക്കള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി. പട്ടാന്നൂര്‍ പോലീസ് സ്റ്റേഷനില്‍ സ്‌കൂള്‍ മാനേജ്മെന്റ് അധികൃതരും രക്ഷിതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. അഴിമുഖം വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
“അഡ്മിഷന്‍ ഫീസായി കുട്ടികളില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കാമെന്ന് മാനേജ്മെന്റ് ഉറപ്പുനല്‍കിയതായി” രക്ഷിതാവ് രാജീവന്‍ അഴിമുഖത്തോട് പറഞ്ഞു. “സ്‌കൂള്‍ പൂട്ടുന്നു എന്ന് പറഞ്ഞതല്ലാതെ പിന്നീട് ഒരിക്കല്‍ പോലും സംസാരിക്കാന്‍ തയ്യാറാകാതിരുന്ന സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും ഇത്തരമൊരു സമീപനം ഒരിക്കലും പ്രതീക്ഷിച്ചില്ല. അഡ്മിഷന്‍ ഫീസ് തിരികെ കിട്ടില്ലെന്ന് തന്നെയായിരുന്നു ഞങ്ങള്‍ കരുതിയത്. കാശ് കിട്ടുന്ന കാര്യത്തില്‍ ഇത്ര വേഗം പരിഹാരമുണ്ടായതില്‍ അതിയായ സന്തോഷമുണ്ടെന്നും” രാജീവന്‍ കൂട്ടിച്ചേര്‍ത്തു.
“രക്ഷിതാക്കള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുമെന്നും മെയ് 13 നകം പണം തിരികെ നല്‍കുമെന്നുമാണ് മാനേജ്മെന്റ് ചര്‍ച്ചയില്‍ സമ്മതിച്ചിരിക്കുന്നത്. പ്രിന്‍സിപ്പാള്‍ ഒരാഴ്ച സ്ഥലത്തുണ്ടാകാത്തതിനാലാണ് പത്ത് ദിവസത്തെ സാവകാശം ചോദിച്ചിരിക്കുന്നത്. പട്ടാന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ മാനേജരും അസിസ്റ്റന്റ് മാനേജരും പ്രിന്‍സിപ്പാളുമാണ് പങ്കെടുത്തതെന്നും” രാജീവന്‍ വ്യക്തമാക്കി.
മുന്നറിയിപ്പില്ലാതെ സ്‌കൂള്‍ പൂട്ടിയത് സംബന്ധിച്ച് ഏപ്രില്‍ 29 നായിരുന്നു അഴിമുഖം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സ്‌കൂള്‍ മാനേജ്മെന്റിന്റെ നടപടിക്കെതിരെ രക്ഷിതാക്കള്‍ പട്ടാന്നൂര്‍ പോലീസിനും കണ്ണൂര്‍ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും പട്ടാന്നൂര്‍ പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.
ഇതേത്തുടര്‍ന്ന് അഴിമുഖം, കണ്ണൂര്‍ കളക്ട്രേറ്റില്‍ ബന്ധപ്പെടുകയും തലശേരി ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും പട്ടാന്നൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ക്കും അന്വേഷണത്തിനുള്ള ചുമതല നല്‍കിയിട്ടുള്ളതായി മറുപടി ലഭിക്കുകയുമുണ്ടായി.
കൂടാതെ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെ നായാട്ടുപാറ സിപിഎം ലോക്കല്‍ കമ്മിറ്റിയും രംഗത്ത് വന്നു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്‌കൂള്‍ മാനേജറുമായി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കളുമായി സംസാരിച്ച് ഒത്തുതീര്‍പ്പിലെത്താമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.
കണ്ണൂര്‍ പട്ടാന്നൂര്‍ കെപിസി ഹയര്‍സെക്കന്ററി സ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ് കെപിസി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. എല്‍കെജി മുതല്‍ ഏഴാം ക്ലാസ് വരെ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍, മധ്യവേനലവധിക്കായി പൂട്ടി മൂന്ന് ദിവസം കഴിഞ്ഞാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയതായി രക്ഷിതാക്കള്‍ക്ക് വിവരം ലഭിക്കുന്നത്.
കഴിഞ്ഞ 13 വര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച സ്‌കൂളാണ് കെപിസി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. കൂടാളി പഞ്ചായത്തിലെ നായാട്ടുപാറ, പട്ടാന്നൂര്‍, കൊളപ്പ, കൊടോളിപ്രം, മട്ടന്നൂര്‍, കൊളോളം, ആയിപ്പുഴ, കരടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്.
സ്‌കൂള്‍ പൂട്ടിയതോടെ 10 അധ്യാപകര്‍ക്കാണ് ജോലി നഷ്ടമായത്. പലരും 10 വര്‍ഷത്തിലധികമായി ഇവിടെ ജോലി ചെയ്യുന്നവരാണ്. എന്നാല്‍ യാതൊരു നഷ്ടപരിഹാരവും നല്‍കാതെയാണ് മാനേജ്മെന്റ് അധ്യാപകരെ പിരിച്ചുവിട്ടത്. നാല് മാസമായി മുടങ്ങിക്കിടന്ന ശമ്പളം കൊടുത്തതോടൊപ്പം സ്‌കൂളുമായി യാതൊരു ബന്ധമില്ലെന്നും എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയതായും മാനേജ്മെന്റ് എഴുതി വാങ്ങുകയും ചെയ്തിരുന്നു.
അതേസമയം, സ്‌കൂള്‍ അടച്ചുപൂട്ടിയതിന് കാരണമായി മാനേജ്മെന്റ് പറയുന്നത് ഒരേ കോമ്പൗണ്ടില്‍ എയ്ഡഡും അണ്‍ എയ്ഡഡുമായ രണ്ട് സ്‌കൂളുകള്‍ ഒരേ സമയം പ്രവര്‍ത്തിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവുള്ളതിനാലാണെന്നാണ്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രതികരണത്തിനായി അഴിമുഖം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. School closed without warning; KPC school management says the admission fee will be refunded
Content Summary: School closed without warning; KPC school management says the admission fee will be refunded
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.