സ്കൂട്ടർ തട്ടിപ്പ് കേസിൽ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി കോൺഗ്രസ് നേതാവ് ലാലി വിൻസെന്റും സായി ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറും. അനന്തുവിനെ പരിചയപ്പെടുത്തിയത് ലാലി വിൻസെന്റ് ആണെന്നും തട്ടിപ്പ് തിരിച്ചറിഞ്ഞ് രാജി വയ്ക്കുകയായിരുന്നു എന്നുമാണ് കെ എൻ ആനന്ദകുമാർ വ്യക്തമാക്കിയത്. എന്നാൽ അനന്തുകൃഷ്ണൻ വഴിയാണ് താൻ ആനന്ദകുമാറിനെ പരിചയപ്പെട്ടത് എന്നാണ് ലാലി വിൻസെന്റിന്റെ വാദം. ആനന്ദകുമാറിനെതിരെ പരാതി നൽകുമെന്നാണ് ലാലി വിൻസെന്റ് പറയുന്നത്. എല്ലാ പാർട്ടിക്കാരും മത സാമുദായിക സംഘടനയിലുള്ളവരും തട്ടിപ്പിന്റെ ഭാഗമാണെന്ന് ലാലി വിൻസെന്റ് ആരോപിക്കുന്നു.
സിഎസ്ആർ അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിക്കുകയും ലാലി വിൻസെന്റിന്റെ അറസ്റ്റ് കോടതി തടയുകയും ചെയ്തു. ലാലി വിൻസെൻ്റ് മറ്റ് 6 പ്രതികൾക്കൊപ്പം വിവിധ വ്യക്തികളിൽ നിന്ന് പണം സ്വരൂപിച്ച ശേഷം കമ്പനികളിൽ നിന്ന് സബ്‌സിഡി വിലയിൽ വീൽചെയർ നൽകാമെന്ന് വാഗ്ദാനം നൽകിയെന്നാണ് ആക്ഷേപം. ജസ്‌റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് പുറത്തുവിട്ടത്. കണ്ണൂർ ടൗൺ സൗത്ത് പോലീസ് സ്‌റ്റേഷനിൽ ബിഎൻഎസ് 316 (2), 318 (4) വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ ചെയ്‌തെന്ന് ആരോപിച്ചാണ് ലാലി വിൻസെൻ്റിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അനന്തു കൃഷ്ണൻ മുഖ്യസൂത്രധാരനായ കേസിൽ ലാലി വിൻസെന്റ് ഏഴാം പ്രതിയാണ്. അനന്തുകൃഷ്ണന്റെ സ്ഥാപനത്തിൽ നിന്ന് താൻ 40 ലക്ഷം രൂപ കൈപ്പറ്റിയിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് പറഞ്ഞിരുന്നു. നിയമോപദേശത്തിനായാണ് പണം കൈപ്പറ്റിയത്. മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നും ലാലി വിൻസെന്റ് പറഞ്ഞിരുന്നു.
തൻ്റെ കക്ഷിയായിരുന്ന അനന്തു കൃഷ്ണനെതിരെയുള്ള ആരോപണങ്ങളുടെ പേരിൽ മാത്രമാണ് പ്രതി ചേർക്കപ്പെട്ടതെന്നാണ് സൂചന. തൻ്റെ കക്ഷിക്ക് നിയമോപദേശം നൽകിയതിന് തന്നെ തെറ്റായി ഈ കേസുകളിൽ ഉൾപ്പെടുത്തിയെന്നാണ് ഹർജിക്കാരിയുടെ വാദം.രാഷ്ട്രീയ കാരണങ്ങളാൽ തൻ്റെ പ്രതിച്ഛായ തകർക്കാനാണ് ഈ കേസിൽ തന്നെ പ്രതിയാക്കുന്നതെന്ന് ജാമ്യാപേക്ഷയിൽ ലാലി വിൻസെന്റ് വ്യക്തമാക്കി.
അനന്തു കൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷമുള്ള ചോദ്യം ചെയ്യലിൽ ആയിരിക്കും കൂടുതൽ വിവരങ്ങൾ പുറത്തുവരിക. തട്ടിയ പണം എവിടെ നിക്ഷേപിച്ചെന്ന് കണ്ടെത്തും. തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. നാല് കോടിയോളം രൂപയുള്ള അക്കൗണ്ട് മാത്രമാണ് മരവിപ്പിച്ചത്. കേസ് ഉടൻ ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. അതേ സമയം, അനന്തു കൃഷ്ണന്റെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ അടക്കം മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്. ഈ വാഹനങ്ങൾ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പൊലീസ് പറയുന്നു. അനന്തു കൃഷ്ണന്റെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
content summary: Congress leader and lawyer Laly Vincent responded on case registered against alleging her involvement in a CSR scam.
This post was last modified on February 6, 2025 6:45 pm
Leave a Comment