February 19, 2025 |
എ സജീവന്‍
എ സജീവന്‍
Share on

സി.പി.എമ്മിന്റെ സ്വയംകൃതാനര്‍ത്ഥം

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എന്നത് അങ്ങേയറ്റം ഉത്തരവാദിത്വത്തോടെ പ്രവൃത്തിക്കേണ്ട പദവിയാണ്

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം 20 ല്‍ 19 സീറ്റും നല്‍കി വിജയിപ്പിച്ചത് യു.ഡി.എഫിനെയായിരുന്നു. എല്‍.ഡി.എഫിന് ഒരേയൊരു സീറ്റ് മാത്രം.
2024 ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഒരു സീറ്റ് കുറഞ്ഞ് 18 ആയി. ആ സീറ്റ് പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫിനായില്ല. അതു ബി.ജെ.പി കൊണ്ടുപോയി. എല്‍.ഡി.എഫിന്റെ കണക്കില്‍ അപ്പോഴും ഒരു സീറ്റ് മാത്രം. പക്ഷേ, അത് 2019 ല്‍ കിട്ടിയ ആലപ്പുഴയായിരുന്നില്ല, 2019 ല്‍ കൈവിട്ടുപോയ ആലത്തൂരായിരുന്നു. ആ ആലത്തൂരിനെ മുന്‍നിര്‍ത്തി വേണം വിജയരാഘവാദി പ്രഭൃതികള്‍ നടത്തിക്കൊണ്ടിരിക്കുന്ന സി.പി.എം സ്വയംകൃതാനര്‍ത്ഥത്തെ വ്യാഖ്യാനിക്കാന്‍. leaders defending cpm

2019 ല്‍ രാഹുല്‍ ഫാക്ടറും ശബരിമല പ്രശ്‌നവുമാണ് യു.ഡി.എഫിനെ തുണച്ചത് എന്നാണ് പൊതുവിലയിരുത്തല്‍. 2024 ലും അതേ രാഹുല്‍ ഫാക്ടര്‍ ഉണ്ടായതുകൊണ്ടാണല്ലോ ആലപ്പുഴ പോലും പിടിച്ചെടുത്ത് 18 സീറ്റ് നേടാന്‍ യു.ഡി.എഫിന് കഴിഞ്ഞത്. ഇത്രയും ശക്തമായ രാഹുല്‍ ഫാക്ടര്‍ ഉണ്ടായിട്ടും എന്തുകൊണ്ട് 2019 ല്‍ പിടിച്ചെടുത്ത ആലത്തൂര്‍ യു.ഡി.എഫിന് നഷ്ടപ്പെട്ടു എന്നതൊരു ചോദ്യമല്ലേ?

2019 ല്‍ ജയിച്ച രമ്യ ഹരിദാസ് തന്നെയാണ് ആലത്തൂരില്‍ 2024 ലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായത്. 2019 ല്‍ ആലത്തൂരുകാര്‍ക്ക് രമ്യ പുതുമുഖമായിരുന്നെങ്കില്‍ 2024 ല്‍ ഏറെ പരിചിതയായ സിറ്റിങ് എം.പിയായിരുന്നു. 2019 ല്‍ അവരുടെ ഭൂരിപക്ഷം 1,58,968 ആയിരുന്നു. ഇത്രയും വന്‍ഭൂരിപക്ഷമുണ്ടായിട്ടും 20,211 വോട്ടിന് രമ്യ 2024 ല്‍ പരാജയപ്പെട്ടു. എന്തുകൊണ്ട്? ആലത്തൂര്‍ എല്‍.ഡി.എഫ് കോട്ടയാണ് എന്നതു തന്നെ പ്രധാന കാരണം. രണ്ടാമത്തെ കാരണം ഏത് യു.ഡി.എഫ് സുനാമിയിലും ആലത്തൂരിനെ ഉറപ്പിച്ചുനിര്‍ത്താന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് ഇത്തവണ സി.പി.എം നിര്‍ത്തിയത് എന്നതു തന്നെ.

flag

2024 ലും ആലത്തൂര്‍ ചുവപ്പുകോട്ടതന്നെയായിരുന്നില്ലേ എന്ന ചോദ്യം പ്രസക്തം. അന്നു സ്ഥാനാര്‍ത്ഥിയായിരുന്ന പി.കെ ബിജു സി.പിഎമ്മിന്റെ യുവരക്തവുമായിരുന്നു. രാഹുല്‍ സുനാമിയില്‍ വീണാല്‍ത്തന്നെ അത്രയും ഭീകരമായ വീഴ്ച ബിജുവിന് സംഭവിക്കില്ലായിരുന്നു. അത് സംഭവിച്ചത് അന്നു വിജയരാഘവന്‍ നടത്തിയ അശ്ലീലപ്രസംഗം തന്നെയാണ്. വനിതാ സ്ഥാനാര്‍ത്ഥിയെ അവഹേളിക്കുന്ന തരത്തിലുള്ള ആ പ്രസംഗം ആസ്വദിക്കാന്‍ ആലത്തൂരിലെ മാന്യതയുള്ള വോട്ടര്‍മാര്‍ക്ക് കഴിയുമായിരുന്നില്ല. വിജയരാഘവനോടുള്ള അവരുടെ ഈര്‍ഷ്യ അവര്‍ ബാലറ്റില്‍ തീര്‍ത്തു. അടി കിട്ടിയത് ബിജുവിനും സി.പിഎമ്മിനും.

മൈക്കിനു മുന്നിലെത്തിയാല്‍ എന്തും വിളിച്ചു കൂവുന്ന നേതാക്കള്‍ ധാരാളമുണ്ട്. പലപ്പോഴും ജനം അത് പരിഹസിച്ചു തള്ളുകയാണ് ചെയ്യുക. വിജയരാഘവനെപ്പോലുള്ളവരുടെ ഇത്തരം വീണ്ടുവിചാരമില്ലാ പ്രതികരണങ്ങള്‍ പക്ഷേ അങ്ങനെ ചിരിച്ചുതള്ളില്ല. കാരണം, അദ്ദേഹം ഇരിക്കുന്ന സ്ഥാനം വളരെ പക്വത ആവശ്യപ്പെടുന്നതാണ്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എന്നത് അങ്ങേയറ്റം ഉത്തരവാദിത്വത്തോടെ പ്രവൃത്തിക്കേണ്ട പദവിയാണ്. ആ സ്ഥാനത്തിരിക്കുന്നയാളുടെ വാക്കും പ്രവൃത്തിയും എതിരാളികള്‍ പോലും സൂക്ഷ്മതയോടെ വിലയിരുത്തും. ഇ.എം.എസിനെയും സീതാറാം യെച്ചൂരിയെയും പോലുള്ളവര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തുന്നതിന് മുമ്പു പോലും സര്‍വാദരണീയരായിരുന്നത് അവരുടെ വാക്കിന്റെയും പ്രവൃത്തിയുടെയും മാന്യതകൊണ്ടായിരുന്നു.

ഒരിക്കല്‍ സംഭവിച്ച അബദ്ധം പിന്നീട് ആവര്‍ത്തിക്കാതിരിക്കുകയെന്നതാണ് സാമാന്യബോധമുള്ളവര്‍ ചെയ്യുക. സംഭവിച്ച തിരിച്ചടിയുടെ വ്യാപ്തി മനസ്സിലാക്കി ബുദ്ധിയുള്ളവര്‍ പരമാവധി ജാഗ്രത പാലിക്കും. പക്ഷേ, വിജയരാഘവന്‍ അതു ചെയ്തില്ല. തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡടച്ചു കെട്ടി സി.പി.എം സമ്മേളനം നടത്തിയതിനെതിരേ ശക്തമായ വിമര്‍ശനമുയര്‍ന്നപ്പോള്‍ അവിടത്തെ ജില്ലാ സെകട്ടറിയുള്‍പ്പെടെ തെറ്റ് ഏറ്റുപറഞ്ഞു. അതോടെ ആ വിഷയം അവിടെ അവസാനിക്കുമായിരുന്നു. എന്നാല്‍, വിജയരാഘവന്‍ തികച്ചും അനവസരത്തില്‍ മറ്റൊരിടത്ത് ആ വിഷയം അവതരിപ്പിച്ച് പാര്‍ട്ടിയെ വെട്ടിലാക്കി. നാട്ടുകാര്‍ക്ക് റോഡിലൂടെ കാറില്‍ത്തന്നെ പോകണമോ നടന്നു പോയാല്‍ പോരേ തുടങ്ങിയ വിവരക്കേടുകള്‍ വിളമ്പി. തൊട്ടു പിന്നാലെ വിജയരാഘവനുള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ലക്ഷ്വറി കാറുകളില്‍ മലര്‍ന്നു കിടന്ന് പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുള്‍പ്പെടെ ട്രോളുകള്‍ ഇറങ്ങി. വേണ്ടിയിരുന്നോ ഈ സ്വയംകൃതാനര്‍ത്ഥം?

vijayarakhavan

2019 ലും 2024 ലും രാഹുല്‍ഗാന്ധിയും ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കഗാന്ധിയും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നു മഹാഭൂരിപക്ഷത്തിനു ജയിച്ചത് യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് കൊണ്ട് മാത്രമല്ലെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം. അതിനു മുമ്പ് ഇടതുപെട്ടിയില്‍ വീണ വോട്ടുകള്‍ പോലും അവര്‍ക്കു ലഭിച്ചിട്ടുണ്ട്. സ്വാഭാവികമായും സി.പി.എം നേരത്തേ തന്നെ തള്ളിപ്പറഞ്ഞ ജമാ അത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും പ്രവര്‍ത്തകര്‍ രാഹുലിനെയും പ്രിയങ്കയെയും ജയിപ്പിക്കാന്‍ ആവേശത്തോടെ കളത്തിലിറങ്ങിയിട്ടുണ്ടാവാം. അത് എന്തിനാണ് ഇപ്പോള്‍ വിജയരാഘവന്‍ ഏറ്റുപിടിച്ചത്? എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ട് കൊണ്ടാണ് പ്രിയങ്ക പാര്‍ലമെന്റില്‍ എത്തിയതെന്നത് രാഷ്ട്രീയമറിയാത്തവര്‍ പോലും വിശ്വസിക്കുമോ? നാലരലക്ഷം വോട്ട് തങ്ങള്‍ക്ക് വയനാട് മണ്ഡലത്തില്‍ ഉണ്ടെന്ന് ജമാ അത്തെ ഇസ്ലാമിയോ എസ്.ഡി.പി.ഐയോ അവകാശപ്പെടുമോ? ജമാ അത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും നഖശിഖാന്തം എതിര്‍ക്കുന്ന ഇ.കെ സുന്നികള്‍ പോലും വിജയരാഘവന്റെ പ്രസ്താവന എത്രമാത്രം വര്‍ഗീയവിഷലിപ്തമെന്നാണ് വിലയിരുത്തിയതെന്ന് അവരുടെ മുഖപത്രമായ ‘സുപ്രഭാത’ത്തിന്റെ മുഖപ്രസംഗം വായിച്ചാല്‍ ബോധ്യപ്പെടും. ഇതില്‍ നിന്നൊക്കെ ഒരേയൊരു ഗുണപാഠമേ പഠിക്കേണ്ടതുള്ളൂ. ഇരിക്കുന്ന സ്ഥാനത്തിനൊത്ത് വാക്കും പ്രവൃത്തിയും ഉയര്‍ന്നില്ലെങ്കില്‍ സ്വയംകൃതാനര്‍ത്ഥമാകും.leaders defending cpm 

Content Summary: leaders defending cpm

cpm a vijayaraghavan pinarayi vijayan latest news kerala politics udf rahul gandhi priyanka gandhi pk biju ramya haridas 

എ സജീവന്‍

എ സജീവന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

×