ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പിന്‍ ഓള്‍ റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമൊത്ത് മാധ്യമങ്ങളെ അഭിമുഖീകരിക്കുമ്പോഴായിരുന്നു, അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അശ്വിന്‍ ഇന്ത്യയ്ക്കായി ഇറങ്ങിയിരുന്നു. എന്നാല്‍ ബ്രിസ്‌ബെയ്‌നില്‍ അവസാനിച്ച മൂന്നാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജയാണ് സ്പിന്‍ വിഭാഗത്തില്‍ കളിച്ചത്. ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയവരില്‍ രണ്ടാം സ്ഥാനക്കാരനാണ് അശ്വിന്‍. 106 മത്സരങ്ങളില്‍ നിന്നായി 537 വിക്കറ്റുകള്‍. 619 വിക്കറ്റുകളുമായി സാക്ഷാല്‍ അനില്‍ കുംബ്ലെ മാത്രമാണ് അശ്വിന് മുന്നില്‍.
വിരമിക്കല്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അശ്വിന്റെ വാക്കുകള്‍
ഈ പ്രസ് കോണ്‍ഫറന്‍സില്‍, രോഹിതിനൊപ്പം ഇരിക്കുമ്പോള്‍, ഒരു നിര്‍ഭാഗ്യവാനെപ്പോലെയാണ് സ്വയമെനിക്ക് തോന്നുന്നത്. ഞാന്‍ നിങ്ങളുടെ അധികം സമയം അപഹകരിക്കില്ല, ഈ വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ അന്താരാഷ്ട്ര കരിയറിലെ എന്റെ അവസാന വര്‍ഷം ആയിരിക്കും. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ പൂര്‍ണമായി ഞാന്‍ ഒന്നും അവസാനിപ്പിക്കുന്നില്ല, ആഭ്യന്തരതലത്തിലും ക്ലബ് തലത്തിലും എന്റെ കഴിവുകള്‍ പ്രകടിപ്പിക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇതെന്റെ അവസാന ദിനമാണ്. രോഹിത് അടക്കമുള്ള എന്റെ ടീമംഗങ്ങളുമൊത്തുള്ള നിരവധി രസകരമായ നിമിഷങ്ങളും ഒത്തിരി ഓര്‍മകളും എനിക്കുണ്ട്. അക്കൂട്ടത്തില്‍ ചിലരെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് ടീമില്‍ നിന്നും ഞങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ട്. ഡ്രസ്സിംഗ് റൂമില്‍ ബാക്കിയാകുന്ന ഓള്‍ഡ് ഗ്യാങ്ങിലെ അവസാന ബഞ്ചുകാരാണ് ഞങ്ങള്‍. ഇന്നേ ദിവസം അതേ ഡ്രംസ്സിംഗ് റൂമിലെ എന്റെയും അവസാന ദിനമാണ്. ഒരുപാട് പേരോട് ഈയവസരത്തില്‍ നന്ദി പറയാനുണ്ട്, എന്നാല്‍ ആദ്യം ബിസിസിഐയോടും എന്റെ ടീം അംഗങ്ങളോടും ആ കടമ ചെയ്തില്ലെങ്കില്‍ അതെന്റെ വലിയ വീഴ്ച്ചയായിരിക്കും. എന്റെ പരിശീലകര്‍ ഉള്‍പ്പെടെ ചിലരുടെ പേരുകള്‍ എടുത്തു പറയേണ്ടതുണ്ട്. രോഹിത്, വിരാട്, അജിങ്ക്യ, പൂജാര; ഇവരാണ് ബാറ്റര്‍മാരുടെ ചുറ്റും നിന്ന് കഴിഞ്ഞ കാലങ്ങളിലായി വളരെയേറെ ക്യാച്ചുകള്‍ കൈകളിലാക്കി എന്റെ വിക്കറ്റിന്റെ നമ്പറുകള്‍ കൂട്ടി തന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി ഞങ്ങളുടെ ശക്തരായ എതിരാളികളായ ഓസ്‌ട്രേലിയന്‍ ടീമിനോടും എനിക്ക് നന്ദി പറയേണ്ടതുണ്ട്. ഞാനും ടീമും അവരുമായുള്ള കളികള്‍ ഏറെ ആസ്വദിച്ചിട്ടുണ്ട്. ഞാന്‍ ഒരുപാട് സംസാരിച്ചതായി തോന്നുന്നു, എനിക്ക് ചോദ്യങ്ങള്‍ നേരിടാന്‍ ഇപ്പോള്‍ സാധ്യമല്ല, ശരിക്കും വൈകാരികമായ നിമിഷങ്ങളാണിത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ എനിക്കിപ്പോള്‍ കഴിയുകയില്ല. മാധ്യമപ്രവര്‍ത്തകരെന്ന നിലയില്‍ നിങ്ങളുടെ ജോലി ചെയ്യുന്നതിലും, ചില സമയങ്ങളില്‍ നല്ല കാര്യങ്ങളും ചില സമയങ്ങളില്‍ മോശം കാര്യങ്ങള്‍ എഴുതിയതിനും ഒരിക്കല്‍ കൂടി നന്ദി പറയുന്നു. കഴിഞ്ഞ കൊല്ലങ്ങളിലെല്ലാം നമ്മള്‍ നിലനിര്‍ത്തിയ ഈ സ്‌നേഹബന്ധം, ഇതേ രീതിയില്‍ മറ്റ് ക്രിക്കറ്റ് കളിക്കാരുമായും നിങ്ങള്‍ നിലനിര്‍ത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരു കളിക്കാരന്‍ എന്ന നിലയില്‍ മാത്രമാണ് ഞാന്‍ ക്രിക്കറ്റിനോട് വിട പറയുന്നത്, ഈ കളിയുമായുള്ള ബന്ധം ഞാനൊരിക്കലും ഉപേക്ഷിക്കുന്നില്ല, ഇതാണ് എനിക്ക് എല്ലാം തന്നത്.’ Legendary indian cricketer Ravichandran Ashwin retirement announcement from International cricket
Content Summary; Legendary indian cricketer Ravichandran Ashwin retirement announcement from International cricket