(സിലോണ്‍ റേഡിയോയിലൂടെയും മറ്റും ഹിന്ദി പാട്ടുകള്‍ കേട്ടുതുടങ്ങിയ ഹൈദ്രോസ് കോയ കഴിഞ്ഞ അമ്പതു വര്‍ഷമായി മുഹമ്മദ് റാഫി എന്ന അനുഗൃഹീത ഗായകനെയും അദ്ദേഹത്തിന്റെ പാട്ടുകളെയും പ്രണയിച്ചുകൊണ്ടേയിരിക്കുന്നു. റേഡിയോ കോയക്ക എന്നു കോഴിക്കോടുകാര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന ഈ റാഫി ആരാധകന്റെ കഥയുടെ ആദ്യ ഭാഗം ഇവിടെ വായിക്കാം- റാഫിയുടെ പാട്ട് കേട്ടു കേട്ട് റേഡിയോ മെക്കാനിക്കായ ‘റേഡിയോ കോയക്ക’യുടെ കഥ)
കല്ലായി എഫ്എം; വേണമെങ്കില്‍ കോയക്കയെ ഇങ്ങനെയും വിളിക്കാം. റേഡിയോ കോയക്ക എന്ന റാഫി ആരാധകന്‍റെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ വിനീഷ് മില്ലെനിയം എന്ന യുവസംവിധായകന് മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല. സിലോണ്‍ റേഡിയോയുടെ ആരാധകന്‍റെ കല്ലായി എഫ്എം.
കോഴിക്കോടിന്റെ സംഗീത പാരമ്പര്യവും ഹിന്ദുസ്ഥാനി സംഗീതത്തെ അഗാധമായി സ്നേഹിക്കുന്ന കോഴിക്കോട്ടുകാരുടെ ജീവിതവും മുഹമ്മദ് റാഫിയുടെ ആരാധകനായ റേഡിയോ കോയക്കയുടെ ജീവിതത്തിലൂടെ പറയുകയാണ് ഈ സിനിമയില്‍. സിനിമയുടെ ഷൂട്ടിംഗ് കല്ലായിലും പരിസരങ്ങളിലുമായി പൂര്‍ത്തിയായി കഴിഞ്ഞു. കോയക്കയുടെ വേഷം അവതരിപ്പിക്കുന്നത് നടന്‍ ശ്രീനിവാസനാണ്. മുഹമ്മദ് റാഫിയുടെ മകന്‍ ഷാഹിദ് ഇതില്‍ മുഹമ്മദ് റാഫിയായി എത്തുന്നുണ്ട് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
മുഹമ്മദ് റാഫി കോഴിക്കോട് വന്നപ്പോള്‍ റാഫിയെ നേരിട്ടു കാണാന്‍ ലാത്തിച്ചാര്‍ജ്ജിനിടയില്‍ ഓടിക്കയറിയ രംഗമൊക്കെ സിനിമയില്‍ ഉണ്ടെന്ന് കോയക്ക ആവേശത്തോടെ പറഞ്ഞു. സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ നടന്‍ ശ്രീനിവാസന്‍ വീട്ടില്‍ വന്നിരുന്നു. മുഹമ്മദ് റാഫിയായി അഭിനയിക്കാന്‍ സാക്ഷാല്‍ മുഹമ്മദ് റാഫിയുടെ മകന്‍ ഷാഹിദ് കോഴിക്കോട് വന്നപ്പോള്‍ ശ്രീനിവാസന്‍ തന്നെ പരിചയപ്പെടുത്തിയതും അപ്പോള്‍ റാഫിയുടെ മകന്‍ കെട്ടിപ്പിടിച്ചതും കോയക്ക അഭിമാനത്തോടെ പറഞ്ഞു. ‘ശ്രീനിവാസന്‍ ഇവിടെ വന്നിരുന്നു. നമുക്ക് ഇഷ്ടപ്പെട്ട ഒരു നടന്‍ നമ്മുടെ വീട്ടില്‍ വന്നിരിക്കുകാന്ന് വച്ചാല്‍. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നുവുമൊക്കെ എത്ര കണ്ടാലും ഞാന്‍ പിന്നേയും കാണും. എന്നെക്കുറിച്ചു വരുന്ന സിനിമയില്‍ ഞാന്‍ പണ്ട് റാഫിസാബിനെ കാണാന്‍ ലാത്തിച്ചാര്‍ജ്ജിനിടെ ഓടിക്കയറിയ രംഗമൊക്കെയുണ്ട്. മെഡിക്കല്‍ കോളേജിനടുത്ത ഗ്രൗണ്ടില്‍ അന്നത്തെ സ്റ്റേജെല്ലാം ഉണ്ടാക്കിയാണ് ചിത്രീകരിച്ചത്. അന്നത്തെ പോലീസുകാരെ ഉണ്ടാക്കി. കടല കപ്പലണ്ടിക്കാരെ ഉണ്ടാക്കി. ഗീതാ സൗണ്ടില്‍ നിന്നും അന്ന് റഫീ സാര്‍ പാടിയ മൈക്ക് കിട്ടി. ആംപ്ലിഫയര്‍ കിട്ടി. ശ്രീനിവാസന്റെ ഭാര്യയായിട്ട് അഭിനയിക്കുന്നത് കൃഷ്ണപ്രഭയെന്ന നടിയാണ്. മകളായിട്ട് അഭിനയിക്കുന്നത് നടന്‍ രതീഷിന്റെ മകളാണ്. സംവിധായകന്‍റെ ഭാഗ്യം കൊണ്ട് സിനിമ എങ്ങാനും വിജയിച്ചാലോ’. കോയക്ക ചിരിച്ചുകൊണ്ട് പറയുന്നു.
കോഴിക്കോട് ആകാശവാണി എഫ്എമ്മില്‍ പഴയ ഹിന്ദി സിനിമ ഗാനങ്ങളെ കുറിച്ചുള്ള ‘ദില്‍സെ ദില്‍ തക്’ എന്ന സംഗീത പരിപാടിയില്‍ പലതവണ പാട്ടുകള്‍ അവതരിപ്പിച്ചിട്ടുണ്ട് കോയക്ക. ‘റേഡിയോ സ്റ്റേഷനിലെ അനൗണ്‍സര്‍ പ്രീത വഴിയാണ് അവിടെയെല്ലാരെയും പരിചയപ്പെട്ടത്. പ്രീത ഇവിടെ പാട്ടുകച്ചേരി കേള്‍ക്കാന്‍ വരാറുണ്ട്. എന്നെ ഉയര്‍ത്താന്‍ ഏറ്റവും വലിയ പങ്കുവഹിച്ചയാളാണ് പ്രീത. പാട്ടുകളൊക്കെ ഞാന്‍ പോയി സി ഡിയില്‍ എടുത്തുകൊടുക്കണം. ചില പാട്ടുകള്‍ ഞാന്‍ പറഞ്ഞുകൊടുക്കും. കുറേ നെറ്റില്‍ കിട്ടും. ഞാന്‍ സിനിമയും പാട്ടും പറഞ്ഞുകൊടുത്താല്‍ അവര്‍ നെറ്റില്‍ നിന്നെടുത്തോളും. ദൂരദര്‍ശനില്‍ പണ്ടൊരു ഇന്റര്‍വ്യൂ എടുത്തു. അത് രണ്ടു മൂന്ന് കൊല്ലം തുടര്‍ച്ചയായിട്ട് അവര് കാണിച്ചു. അങ്ങനെ കുറെ ആള്‍ക്കാരെ പരിചയപ്പെടാന്‍ പറ്റി.
ഞാനൊരു പാട്ടുകാരനല്ല. എനിക്ക് പാടാനറിയില്ല. ഏത് പാട്ടാണ് ഏത് സിനിമയാണ് എന്ന് അറിയാം. സംഗീതം നല്കിയത് ആരാണെന്നും പറയാന്‍ കഴിയും. സ്‌കൂളില്‍ വച്ച് പാട്ടുപാടിയിട്ടുണ്ട്. ഒരു തബല അതില്‍ തോലിടുമ്പോള്‍ അതില്‍ നിന്നും കിട്ടുന്ന നാദം പോലെ സംഗീതം നമ്മുടെ ഉള്ളില്‍ നിന്നും വരുന്നതാണ്. ഞാന്‍ എത്ര നിന്ന് തൊള്ളകീറിയാലും ഒരു കിഷോര്‍കുമാറോ റാഫിയോ ആകാന്‍ കഴിയില്ല. വിടി മുരളി പറഞ്ഞതുപോലെ നമ്മള്‍ ശ്രോതാവാണ്. റേഡിയോയില്‍ കൂടി പാട്ട് കേട്ടിരുന്ന കാലഘട്ടം കഴിഞ്ഞു. എല്ലാ ഭാഷയിലും സംഗീതമുണ്ട്. പിള്ളേരെ തൊട്ടിലിലിട്ട് ആട്ടുമ്പോള്‍ സംഗീതം അവിടുന്ന് വരുന്നുണ്ട്. രോഗത്തിന് ചികിത്സയായും സംഗീതം വരുന്നുണ്ട്. ഒരു ഡോ. മെഹ്ബൂര്‍ രാജും ഞാനും ഏഷ്യാനെറ്റിനുവേണ്ടി ഒരു എപ്പിസോഡ് ചെയ്തായിരുന്നു. പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീക്ക് നല്ല പാട്ടുകള്‍ വച്ചുകൊടുത്താല്‍ ഈസി പ്രസവമുണ്ടാകും. ഈയിടെയും ഒരു മാനസികരോഗാശുപത്രിയിലെ അന്തേവാസികള്‍ക്ക് വേണ്ടി പാട്ടുകച്ചേരിക്ക് പോയി. മാനസികപ്രശ്‌നമുള്ളവരൊക്കെ പാടാനുള്ള ആഗ്രഹം കൊണ്ട് പാടുന്നുണ്ട്. അത് കണ്ട് സങ്കടം കൊണ്ട് കരഞ്ഞുപോയി ഞാന്‍.
1950-60 ലൊക്കെ ആശുപത്രികളില്‍ റേഡിയോ ഉണ്ട്. വൈകുന്നേരമായാല്‍ ഈ സിലോണ്‍ ഒക്കെ വച്ചുകൊടുക്കും. പാട്ടിങ്ങനെ കേട്ടാല്‍ രോഗത്തിന് ഒരു ശാന്തി കിട്ടും. ഏക് രംഗ് ഏക് ഗീത്. മേരി പസന്ത് കുച്ച് ഗീത് എന്നിങ്ങനെ സിലോണ്‍ റേഡിയോയില്‍ ഓരോ പ്രോഗ്രാമുകളുണ്ടായിരുന്നു. ബുധനാഴ്ച എട്ട് മുതല്‍ ഒമ്പത് വരെ ബിനാ കാ ഗീത് മാലയാണ്. അന്നത്തെ പുതിയ സിനിമപാട്ടുകള്‍… അത് കേള്‍ക്കാന്‍ വേണ്ടി അന്നൊക്കെ ഹോട്ടലിന് മുന്നില്‍ റേഡിയോ ഉണ്ടാവും. ആ റേഡിയോയ്ക്ക് അമ്പത് രൂപ ലൈസന്‍സാണ്. ബോംബയില്‍ പുതിയ പാട്ട് റിലീസ് ആവുമ്പോള്‍ അത് സിലോണിലേക്ക് അയച്ചുകൊടുക്കും. സിലോണ്‍ സ്റ്റേഷന്‍ ഡയറക്ടര്‍ പ്ലെയിനില്‍ മദ്രാസില്‍ വന്നാണ് തമിഴ് പാട്ടുകള്‍ കളക്ട് ചെയ്തിരുന്നത്. ഇപ്പോള്‍ ആ സ്റ്റുഡിയോ എല്ലാം തകര്‍ന്നു.
കല്ലായില്‍ ഒരു ഹോട്ടലില്‍ റേഡിയോ ഉണ്ടായിരുന്നു. ഇന്ത്യ റിപ്പബ്ലിക്കായ ദിവസമാണ് ആ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തത്. അന്ന് തൊട്ട് റേഡിയോ അവിടെയുണ്ട്. 1200 രൂപയില്‍ കൂടുതല്‍ അന്ന് വിലയുണ്ട്. ആ വിലയ്ക്ക് പത്ത് സെന്റ് സ്ഥലം കിട്ടും അന്ന്. ഒരു പവന് നാല്‍പ്പത്തിയഞ്ച് രൂപയേയുള്ളു. ഇന്ന് ഒരു സെന്റ് സ്ഥലം കൊടുത്തിട്ട് നമുക്ക് നാല് മാരുതി വാങ്ങാം. അന്ന് ഒരു സ്‌കൂട്ടര്‍ ലാബ്രട്ടാ വാങ്ങാന്‍ 3600 രൂപയാണ്. ആറു കൊല്ലം കാത്തുനില്‍ക്കണം. ആ സമയത്താണ് മുഹമ്മദ് റാഫിയുടെ സിനിമ വരുന്നത്. അമ്പത് പൈസയാണ് സിനിമയ്ക്ക്. മാറ്റിനിക്ക് നാലണ. ഇന്നിപ്പോള്‍ ഒരു സിനിമ കണ്ടിട്ട് മടങ്ങിവരണമെങ്കില്‍ 250 രൂപ വേണം. ഇസ്ലാം സംഗീതത്തിന് എതിരാണ്. അത് കൂടിക്കൂടി വരികയെന്നല്ലാതെ ഒരിക്കലും കുറയില്ല.’
പതിനാറു വര്‍ഷം മുന്‍പ് തുടങ്ങിയ സംഗീത പരിപാടിയും ഒത്തുകൂടലും കോയക്കയുടെ വീട്ടില്‍ ഇപ്പോഴും തുടരുന്നുണ്ട്. ഇപ്പോള്‍ മാസത്തില്‍ മിക്ക ഞായറാഴ്ചകളിലും കോയക്കയുടെ വീട്ടില്‍ മെഫ്ഹില്‍ നടക്കുന്നുണ്ട്. വീട്ടുകാരി കോഴിക്കോടിന്റെ ആതിഥ്യ മര്യാദയുമായി നിറഞ്ഞ സ്നേഹത്തോടെ എല്ലാറ്റിനും മുന്‍പിലുണ്ട്. പാട്ടിന്‍റെ ഇടവേളകളില്‍ സുലൈമാനിയും നല്ല ഭക്ഷണവും ഒക്കെ ഒരുക്കി അവര്‍ കോയക്കയുടെ സംഗീതപ്രേമത്തിന് എല്ലാ സൌകര്യവും ചെയ്തു കൊടുക്കുന്നു. ‘സുഹൃത്തുക്കള്‍ കൂടിയിങ്ങനെ പാടാന്‍ തുടങ്ങിയപ്പോഴാണ് ആദ്യമായിട്ട് ഈ കൂട്ടായ്മ തുടങ്ങുന്നത്. ഹാര്‍മോണിയും തബലയൊക്കെ ഉണ്ടാവും. ആദ്യം നാലഞ്ച് ആള്‍ക്കാര്‍ മാത്രമേ ഞായറാഴ്ച ഉണ്ടായിരുന്നുള്ളൂ. അങ്ങനെ അത് വലുതായി വലുതായി പാട്ടുപാടാനും പാട്ടുകേള്‍ക്കാനുമൊക്കെ ആള് വരാന്‍ തുടങ്ങി. ആരെങ്കിലും വന്നാല്‍ പാട്ട് കേള്‍പ്പിക്കുക. എപ്പോഴും പാട്ടുകേള്‍ക്കാന്‍ എനിക്കിഷ്ടമാണ്. ഇപ്പോ മാസത്തില്‍ മിക്കവാറും ഞായറാഴ്ചകളില്‍ മെഫ്ഹില്‍ ഉണ്ട്. മെഹ്ഫില്‍ ഒരു അഞ്ചഞ്ചരയാകുമ്പോള്‍ തുടങ്ങും. ഒരു ഒമ്പതര പത്ത് മണിവരെ തുടരും. പത്തുമുപ്പതാളുണ്ടാകും. വരുന്നവരെല്ലാം നല്ല സപ്പോര്‍ട്ടുള്ള ആളുകളാണ്. നല്ലൊരു സ്‌നേഹക്കൂട്ടായ്മയാണത്. പഴയ പാട്ടുകളുടെ കൂട്ടുകാര്‍ എന്ന അര്‍ത്ഥത്തില്‍ ‘പുരാനി ഗീത് സാഥിയോം’ എന്നാണ് പേരിട്ടിരിക്കുന്നത്. കുടുംബത്തിന്റെ പിന്തുണയില്ലാതെ ഒന്നും നടക്കില്ല. ഭാര്യയുടെ മുഖഭാവം ഒന്നു മാറിയാല്‍ ആള്‍ക്കാര്‍ പാട്ടു കേള്‍ക്കാന്‍ വരില്ല.
ഞായറാഴ്ചയൊക്കെ രണ്ടു മണിക്കു ശേഷം ആളിങ്ങനെ വന്നോണ്ടിരിക്കും. പതിനഞ്ച് പതിനാറ് കൊല്ലം കൊണ്ടേയിങ്ങനെയാണ്. പാട്ടുകച്ചേരി ചെറുപ്പം മുതലേയുണ്ട്. വിലപിടിച്ച സെറ്റുകളൊക്കെ ഞാന്‍ വാങ്ങിയിട്ടുണ്ട്. ബോസിന്റെ സ്പീക്കറൊക്കെ വിലപിടിച്ച സെറ്റുകളാണ്. രണ്ട് സ്പീക്കറിന് മാത്രം ഒരു ലക്ഷത്തിന് പുറത്ത് വിലയുണ്ടാകും. എംകെ മുനീര്‍ പാട്ടുകേള്‍ക്കാന്‍ വരാറുണ്ട്. പാട്ടുകേള്‍ക്കാന്‍ പലേയാളുകള്‍ വരും. പാവപ്പെട്ടവനും വലിയ വലിയ ആളുകളും വരും. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ച് ഇവിടെ വന്ന് പാട്ടുകേട്ടിട്ട് പോകുകയാണ്. ഗ്രേസിയെന്ന ഒരു എക്‌സൈസ് ഉദ്യോഗസ്ഥ ഇവിടെ വന്ന് താമസിച്ചാണ് പാട്ടുകേട്ടത്. പോകുന്ന സമയത്ത് മകളുടെ കൈയില്‍ ഒരു വള ഊരിക്കൊടുത്തിട്ടാണ് പോയത്. അതൊക്കെ വലിയ സംഭവം തന്നെയാണ് . അവര്‍ ഞങ്ങളെ കൊച്ചിയിലേക്ക് വിളിച്ചിട്ടു ഞങ്ങള്‍ പോയിരുന്നു. രണ്ടു ദിവസം അവിടെ ഗസ്റ്റ് ഹൌസില്‍ താമസിച്ചു. മുഹമ്മദ് റാഫിയുടെ പാട്ട് കേള്‍ക്കാന്‍ വേണ്ടി കോയമ്പത്തൂര്‍ അനൗണ്‍സറായ സരോജിനി ശിവലിംഗം, തമിഴില്‍ അനൗണ്‍സറായ അബ്ദുല്‍ ഹമീദ് ഒക്കെ ഇവിടെ വന്നിട്ടുണ്ട്. കഴിഞ്ഞ മാസം ഋഷിരാജ് സിംഗ് വന്നിരുന്നു. ഇവിടെ ഒരു പരിപാടിക്ക് വന്നപ്പോള്‍ എന്നെക്കുറിച്ചു കേട്ടിട്ട് ഇവിടെ വന്നതാണ്. കുറെ നേരം ഇരുന്നു മുഹമ്മദ് റാഫിയുടെ പാട്ടൊക്കെ കേട്ടിട്ടാണ് പോയത്’.
കോഴിക്കോടിന്റെ പാട്ടുകാരന്‍ എംഎസ് ബാബുരാജിന്‍റെ പാട്ടുകളുടെ ഇഷ്ടക്കാരനാണെങ്കിലും റാഫിയോടുള്ള കടുത്ത ആരാധനയൊന്നും ബാബുരാജിനോട് കോയക്കയ്ക്ക് ഉണ്ടായിരുന്നില്ല. ബാബുരാജിന്റെ വീട്ടിനടുത്താന് ബാപ്പ കോയക്കയ്ക്ക് ഒരു പച്ചക്കറിക്കട തുറന്നുകൊടുക്കുന്നത്. ‘ബാബുരാജിന്റെ ഭാര്യയുടെ ഉമ്മ പച്ചക്കറി വാങ്ങാന്‍ കടയില്‍ വരും. അപ്പോ ഞാനവരോട് ബാബുക്കയെ പറ്റിയൊക്കെ ചോദിക്കും. അവര് അറിയുന്നതൊക്കെ പറഞ്ഞു തരും. ബാബുക്ക മിക്കപ്പോഴും മദ്രാസിലായിരിക്കും. ബാബുക്ക നാട്ടിലുള്ളപ്പോള്‍ ഞാന്‍ പറ്റുകാശ് വാങ്ങാന്‍ അവരുടെ വീട്ടില്‍പോകും. ബാബുക്കയോട് പാട്ടിനെപ്പറ്റിയും സിനിമയെ പറ്റിയും ഒക്കെ ചോദിക്കുകയാണ് പ്രധാന ലക്ഷ്യം. പെരുമാറ്റത്തില്‍ വലുപ്പ ചെറുപ്പം ഒന്നും നോക്കാത്ത ആളായിരുന്നു അദ്ദേഹം. മലയാളത്തിലെ അന്നത്തെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനായിട്ടും ആ ഭാവമൊന്നും അദ്ദേഹത്തിനില്ലായിരുന്നു. എന്നും സാധാരണക്കാര്‍ക്കൊപ്പം സാധാരണക്കാരനായാണ് അദ്ദേഹം ജീവിച്ചത് മരിക്കുന്നതിന് മുമ്പ് കണ്ടപ്പോള്‍ കോളേജ് ബ്യൂട്ടി എന്ന സിനിമ ചെയ്യുന്നുണ്ടെന്നറിഞ്ഞു.
മക്കളുമായിട്ടും നല്ല ബന്ധമാണ്. ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ എല്ലാവരുമായിട്ടും ബന്ധമുണ്ടാകുന്ന ഒരു രാജ്യമാണ് നമ്മുടെത്. മാമുക്കോയയൊക്കെ ഇപ്പോള്‍ വല്ലാതെ അവകാശപ്പെടാറുണ്ട്. ബാബുരാജുമായിട്ട് ഒരു ബന്ധവും മാമുക്കോയക്കില്ല. ബാബുരാജിന്റെ സംഗീതവുമായിട്ട് എനിക്കു ബന്ധമില്ല. അല്‍പ്പം സാമ്പത്തിക ബന്ധം മാത്രമേയുള്ളു.’
സംഗീതപ്രേമം കാരണം കുറെ നേട്ടങ്ങളും അതുപോലെ ഏറെ ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട് കോയക്കയ്ക്ക്. ‘മൂന്നുമക്കളുണ്ട്. ഒരാള്‍ അബുദാബിയിലാണ്. മറ്റൊരാള്‍ എഞ്ചിനീയറാണ്. ഒരാള്‍ യൂസഫലിയുടെ കമ്പനിയിലാണ്. മോളെ കല്യാണം കഴിപ്പിച്ചു. അവര്‍ക്ക് പാട്ടിനോട് താത്പര്യം ഒക്കെയുണ്ട്. നമ്മള്‍ കേട്ട സുഖത്തിലൊന്നും എടുത്തുവച്ച് നോക്കുന്നില്ല. ഈ ഭ്രാന്ത് കൊണ്ട് കുറേ ബുദ്ധിമുട്ടിയിട്ടുണ്ട്. മകന്റെയും മകളുടെയും കല്യാണത്തിന് കല്യാണം അന്വേഷിച്ച് വരുന്നവരോട് നാട്ടുകാര് പറയും അവിടെ എപ്പോഴും പാട്ടും പാട്ടുകച്ചേരിയുമാണെന്ന്; ഇളയമകന്റെ കല്യാണത്തിനൊക്കെ പ്രശ്‌നമുണ്ടായിട്ടുണ്ട്. ഞായറാഴ്ചകളിലൊക്കെ വീട്ടില്‍ പാട്ടാണെന്ന് പറയുമ്പോള്‍ പഴയ ആളുകളാവുമ്പോള്‍ ഒരു കുട്ടിയെ വീട്ടിലേക്കയയ്ക്കാന്‍ മടിക്കും. ഞായറാഴ്ചകളില്‍ കല്യാണനിശ്ചയമൊക്കെ നടക്കുന്ന മാതിരി ധാരാളം ആളുണ്ടാവും. അത്രമാത്രം വണ്ടിയുണ്ടാവും ഇവിടെ.’
‘ചെറിയ ജീവിതം ജീവിച്ചാല്‍ മതി. ഭാര്യയും ഞാനും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇവിടെ ആരോട് ചോദിച്ചാലും റേഡിയോ കോയയെ അറിയാം അത്രയും മതി’ കോയക്ക പറഞ്ഞു നിര്‍ത്തി.
(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)