June 14, 2025 |

കേരളത്തില്‍ ചെമ്മീന്‍ വില 85 രൂപയിലെത്തി; ആമയും അമേരിക്കയും നടത്തിയ ചതിയെന്ത്?

കൊച്ചിന്‍ ഫ്രോസണ്‍ അടക്കം പൂട്ടിപോയി

മീന്‍ രുചിയില്‍ രാജാവാണ് ചെമ്മീന്‍, ഇക്കാലം വരെ സാധാരണക്കാരന്‍ മോഹ വില നല്‍കിയാണ് ചെമ്മീന്‍ വാങ്ങിയിരുന്നത്. പക്ഷെ കുറച്ച് ദിവസമായി ആശാന്റെ അവസ്ഥ വളരെ ദയനീയമാണ്. കിലോയ്ക്ക് 600 രൂപ വരെ എത്തി നിന്ന മീന്‍ രാജാവിന്റെ വില ഇപ്പോള്‍ 85 രൂപയിലേക്ക് കൂപ്പുകുത്തി. ശരിയ്ക്കും രാജാവ് ഭിക്ഷക്കാരനായ അവസ്ഥ. ഏതായാലും രാജാവ് തെരുവിലെത്തിയപ്പോള്‍ സാധാരണ ജനം ആഘോഷിക്കുകയാണ്. പ്രത്യേകിച്ച് ട്രോളിങ് കാലത്ത് മത്തി വരെയുള്ള മിനുകളുടെ വില കുത്തനെ ഉയര്‍ന്നപ്പോ, അവരുടെ തീന്‍ മേശയിലേക്ക് കിട്ടിയിരിക്കുന്നത് ചെമ്മീനെയാണല്ലോ. Prawns prices in Kerala set to drop.

ഇനി ചെമ്മീന്റെ ഈ അവസ്ഥയ്ക്ക് കാരണക്കാരന്‍ ആരാണെന്ന് നോക്കാം. കടലില്‍ തന്നെ ആ ശത്രുവുണ്ട്. കടലാമ. കടലാമയുടെ പിന്നിലുള്ളത് അമേരിക്കയുമാണ്. ഈ കൂട്ടുകെട്ടിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നത് ആവട്ടെ കേരളത്തിലെ മല്‍സ്യ തൊഴിലാളികളും കയറ്റുമതിക്കാരുമാണ്. അത് അത്ര നിസ്സാര സംഗതിയുമല്ല. ചെമ്മീന്‍ കയറ്റുമതി നിലച്ചതോടെ ആയിരങ്ങള്‍ക്കാണ് പണി നഷ്ടമായത്. കൊച്ചി, ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മത്സ്യസംസ്‌കരണ ഫാക്ടറികളില്‍ പണിയെടുക്കുന്നവര്‍ പ്രതിസന്ധിയിലാണ്. സാധാരണ സ്ത്രീതൊഴിലാളികള്‍ ജോലിചെയ്യുന്ന പീലിങ് ഷെഡ്ഡുകള്‍ വരെ അടച്ചിട്ടിരിക്കുന്നു. ചില കയറ്റുമതി സ്ഥാപനങ്ങള്‍ പോലും അടച്ചുകഴിഞ്ഞുവെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി പറയുന്നു.

കണ്ടെയ്നറുകളും കപ്പലുകളും ഈടാക്കിയിരുന്ന വാടക ഗണ്യമായി ഉയര്‍ത്തിയതാണ് ഒരു പ്രശ്‌നം. രണ്ടാമത്തെ വിഷയം അമേരിക്കയുടെ നയങ്ങളും ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യവുമാണ്. അതേസമയം, കേരളത്തില്‍ തന്നെ വലിയ ആവശ്യക്കാരുണ്ട്. അതിന് ചെമ്മീന്‍ ശേഖരിച്ച് വിപണിയിലെത്തിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടലാണ് വേണ്ടതെന്നാണ് ബോട്ടുടമ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍ പറയുന്നത്.

ചതിച്ചത് അമേരിക്ക-മത്സ്യത്തൊഴിലാളി ഐക്യവേദി

2019 മുതല്‍ കടലാമ സംരക്ഷണ ആവശ്യം ഉന്നയിച്ച് ഇന്ത്യയില്‍നിന്നും ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തുന്നുണ്ട്. ഇതോടെ യൂറോപ്യന്‍ യൂണിയനും, ചൈനയും ചെമ്മീന്‍ 41 ശതമാനം വിലകുറച്ചാണ് എടുക്കുന്നതെന്നും വില ഇടിവിന് കാരണം ഇതാണെന്നുമാണ് അഴിമുഖത്തോട് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്ജ് പറഞ്ഞത്. ഫെബ്രുവരിയില്‍ അമേരിക്കന്‍സംഘം കേരളം സന്ദര്‍ശിച്ചിരുന്നു. ബോട്ടുകളില്‍ ടര്‍ടില്‍ ഇറാഡിക്കേഷന്‍ ഡിവൈസ് (ടി.ഇ.ഡി.) ഘടിപ്പിച്ചാല്‍ കടലാമയെ സംരക്ഷിക്കാമെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഒരു ബോട്ടില്‍ ഈ ഉപകരണം ഘടിപ്പിക്കുന്നതിന് കുറഞ്ഞത് 25,000 രൂപ ചെലവ് വരും. ഉപകരണം ഘടിപ്പിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. എങ്കിലെ പ്രശ്‌നം പരിഹരിക്കപ്പെടുവെന്നും അദ്ദേഹം പറയുന്നു.

കൊച്ചിന്‍ ഫ്രോസണ്‍ അടക്കം പൂട്ടിപോയി 

ഇന്ത്യയില്‍ ഭൂരിപക്ഷം സ്ഥലങ്ങളിലും കടലാമ ട്രോളിങ്ങിന്റെ ഭാഗമായി പിടിക്കുന്നില്ല. കടലാമകള്‍ കേന്ദ്രീകരിക്കുന്ന ഒറീസയില്‍ അവയുടെ പ്രജനന കാലത്ത് ട്രോളിങ് നിരോധനം നടപ്പിലാക്കുന്നുണ്ട്. കേരളത്തിലെ മല്‍സ്യോല്‍പാനഘട്ടത്തില്‍ ഒരിക്കല്‍പ്പോലും കടലാമകള്‍ വലയില്‍ കയറുന്നതായി റിപ്പോര്‍ട്ടില്ല. അമേരിക്കയിലെ പ്രധാന ചെമ്മീന്‍ ഉലപാദകരുടെ സംഘടനയായ സതേണ്‍ഷ്‌റിംപ് അലയന്‍സിന്റെ സങ്കുചിത സാമ്പത്തികതാല്‍പര്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ നിരോധനം.

അമേരിക്കയിലേക്ക് ചെമ്മീന്‍ കയറ്റുമതി ചെയ്തിരുന്ന കൊച്ചിന്‍ ഫ്രോസണ്‍ പോലുള്ള ചില സ്ഥാപനങ്ങള്‍ ഈ നിരോധനത്തെ തുടര്‍ന്ന് അടച്ചുപൂട്ടി. മറ്റുപല സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ഇന്ത്യയില്‍ നിന്നും പ്രതിവര്‍ഷം കയറ്റുമതി ചെയ്യപ്പെടുന്ന 67,000 കോടി രൂപയുടെ മത്സ്യ ഉല്പ്പന്നങ്ങളില്‍ 2,000 കോടി രൂപ കടലില്‍ നിന്നും പിടിക്കുന്ന ചെമ്മീനില്‍ നിന്നാണ് ലഭിക്കുന്നത്. ചെമ്മീന്‍ ഇറക്കു രതി ചെയ്യുന്ന യൂറോപ്യന്‍ യൂനിയനും, ജപ്പാനും, ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ ചെമ്മീന്‍ 41 ശതമാനം വിലകുറച്ചാണ് എടുക്കുന്നത്.

ആഗോള ശ്രമങ്ങള്‍ ശക്തം

ആന്റി ഡംപിങ്ങിന്റെ പേരിലും, ക്യാച്ച് സര്‍ട്ടിഫിക്കറ്റിന്റെ പേരിലും ഭക്ഷണശുചി നിയമവുമായി ബന്ധപ്പെട്ടും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വിലയിടിക്കാനുള്ള ആഗോള ശ്രമങ്ങള്‍ ശക്തമാണ്. ഈ നീക്കങ്ങളെ ചെറുത്തുകൊണ്ട് വിപണി സംരക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉദാസീനമായ സമീപനം തുടരുകയാണ്.നിരോധനത്തിനുമുമ്പ് തന്നെ കൊച്ചിയിലെ സി.ഐ.എഫ്.ടി. എന്ന സ്ഥാപനം ട്രോള്‍വലകളില്‍ ഘടിപ്പിക്കുന്ന കടലാമ നിര്‍മാര്‍ജ്ജന സംവിധാനം (ടി.ഇ.ഡി) വിജയകരമായി വികസിപ്പിച്ചിരുന്നു. എന്നാല്‍ 2019-ല്‍ ഇന്ത്യയിലെത്തിയ അമേരിക്കന്‍ സംഘം ഇതില്‍ തൃപ്തിരേഖപ്പെടുത്തിയില്ല.

മിസ്റ്റര്‍ മലയാളി ഞാന്‍ അഹങ്കാരിയല്ല, വന്ന വഴി മറന്നിട്ടില്ല; കിലോ 100ലെത്തി-സ്വന്തം മത്തി

തുടര്‍ന്ന് അവര്‍ നിര്‍ദേശിച്ച പ്രകാരമുള്ള പല പരിഷ്‌കാരങ്ങളും സിഫ്റ്റ് നടപ്പില്‍ വരുത്തി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ അമേരിക്കന്‍ സംഘവും ഇന്ത്യയിലെ ഉദ്യോഗസ്ഥരും പുതിയ സംവിധാനം വലകളില്‍ ഘടിപ്പിച്ച് നടത്തിയ സംയുക്ത പരിശോധനയും വിജയകരമായിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ അമേരിക്കന്‍ സംഘം അമേരിക്കന്‍ കോണ്‍ഗ്രസില്‍ റിപ്പോര്‍ട്ട് ചെയ്ത് അംഗീകരിക്കുന്നതോടെയായിരിക്കും നിരോധനം പിന്‍വലിക്കുക.

വില്ലനായി വാടക

നേരത്തെ മൂന്നുലക്ഷം രൂപയായിരുന്നു അമേരിക്കയിലെ ലോസ് ആഞ്ചല്‍സിലേക്കുള്ള കപ്പല്‍ വാടക. എന്നാല്‍ ഇപ്പോഴിത് 8.5 ലക്ഷമായിട്ടാണ് വര്‍ദ്ധിപ്പിച്ചത്. യൂറോപ്പിലേക്കുള്ള കപ്പല്‍-കണ്ടെയ്‌നര്‍ നിരക്കിലും വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. രണ്ടരലക്ഷം രൂപ ഉണ്ടായിരുന്നത് ആറരലക്ഷം രൂപയിലേക്കാണ് ഉയര്‍ത്തിയത്. അമേരിക്കയിലേക്ക് ചെമ്മീന്‍ കയറ്റുമതി ചെയ്തിരുന്ന കൊച്ചിയിലെ നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്നുംമറ്റുപല സ്ഥാപനങ്ങളും സമാനമായ പ്രതിസന്ധിയിലാണെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി പറയുന്നു.

 

English Summary: Losing livelihood: Prawns prices in Kerala set to drop

Leave a Reply

Your email address will not be published. Required fields are marked *

×