അരനൂറ്റാണ്ടു കാലത്തെ മലയാള സിനിമാ രംഗത്തെ തന്റെ സിനിമാ വാരികകളിലൂടെ വിശകലനം ചെയ്ത പത്രപ്രവര്‍ത്തകനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മധു വൈപ്പന.
മലയാള സിനിമയിലെ ഏറ്റവും വലിയ ഹീറോയെ ‘സീറോ’ യെന്നു വിളിച്ചു. ദൈവിക കഴിവുകള്‍ വെച്ച് പരിപ്പുവട പക്കവട പാട്ടുകള്‍ പാടുന്നുണ്ടല്ലോ എന്ന് മികച്ച ഗായകനോട് വെട്ടി തുറന്ന് ചോദിച്ചു. അമ്മയുടെ പ്രസിഡന്റിനെ മണ്ടനെന്ന് വിശേഷിപ്പിച്ച്, സംഘടനകള്‍ക്ക് മാനഹാനിയില്ലെന്ന് വാദിച്ചു. ചലച്ചിത്രലോകത്തെ ദുഷ്പ്രവണകള്‍ക്കെതിരെ നിരന്തരം കലഹിച്ച മധു വൈപ്പന പലപ്പോഴും തന്റെ വാരികകളിലൂടെ പലപ്പോഴായി ഉന്നയിച്ച മലയാള സിനിമാ ലോകത്തെ ദുഷ്പ്രവണതകളുടെ പരിഷ്‌ക്കരിച്ച പതിപ്പാണ് ഇപ്പോള്‍ വിവാദമായ ഹേമ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പലതും.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള രണ്ട് സിനിമാ വാരികളുടെ എഡിറ്റായിരുന്നു മധു വൈപ്പന.
തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമം പഠിച്ചിറങ്ങിയ മധു വൈപ്പന വാദിച്ചത് കോടതിയിലായിരുന്നില്ല. പകരം മലയാള ചലചിത്ര മേഖലയിലെ അനാരോഗ്യ മത്സരങ്ങളേയും ദുഷ്പ്രവണകള്‍ക്കെതിരേയും തന്റെ പത്രപ്രവര്‍ത്തനത്തിലൂടെ എതിര്‍ വാദങ്ങളുമായി സിനിമാരംഗത്ത് നിലയുറപ്പിച്ചു.
മലയാള സിനിമയിലെ താരാധിപത്യത്തിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയ സിനിമാ പത്രപ്രവര്‍ത്തകനായിരുന്നു മധുവൈപ്പന. താന്‍ എഡിറ്റായ സിനിമാ വാരികകളിലൂടെ മേക്കപ്പില്ലാത്ത സത്യങ്ങള്‍ അയാള്‍ പുറത്ത് കൊണ്ടുവന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തെ മലയാള സിനിമയുടെ ഈറ്റില്ലമായ മദ്രാസിലെ കോടമ്പാക്കത്തിരുന്ന് അയാള്‍ താരങ്ങളേയും സിനിമാരംഗത്തെ നേരും നെറികേടും വിചാരണ ചെയ്തു.
അത് മലയാള സിനിമയുടെ ആദ്യകാല ചരിത്രം കൂടിയാണ്. അവിടെ നിര്‍മ്മിച്ചിരുന്നത് വാണിജ്യസിനിമകളാണെങ്കിലും മലയാള സിനിമയുടെ വളര്‍ച്ചക്ക് പ്രധാന പങ്ക് വഹിച്ച ആ കോടമ്പാക്കം കാലം ഒഴിച്ച് നിര്‍ത്തി മലയാള സിനിമാ ചരിത്രമില്ല. അതിനെ കോടമ്പാക്കം സാഹിത്യം എന്ന് പുച്ഛത്തോടെ പരിഹസിക്കേണ്ട കാര്യവുമില്ല. ഐ. വി. ശശിയും സത്യന്‍ അന്തിക്കാടും ജോഷിയുമൊക്കെ സിനിമ എടുക്കാന്‍ പഠിച്ചത് അവിടെ നിന്നാണ്. ആ അനുഭവങ്ങളാണ് അവരെ പില്‍ക്കാലത്ത് പേരെടുത്ത സിനിമാ സംവിധായകരാക്കിയത്. മലയാളത്തിലെ ഇന്ന് അറിയപ്പെടുന്ന മുതിര്‍ന്ന നടീ നടന്മാരെല്ലാം അവിടെ നിന്ന് അഭിനയിച്ച് തുടങ്ങിയവരാണ്. മലയാള സിനിമ കേരളത്തിലേക്ക് പറിച്ച് നട്ട കാലം വരെ കോടമ്പാക്കം മലയാള സിനിമയുടെ ‘സ്റ്റുഡിയോ’ തന്നെയായിരുന്നു.
ഈ സിനിമാചരിത്രം രേഖപ്പെടുത്തിയ പത്രപ്രവര്‍ത്തകനായിരുന്നു വൈപ്പന. അയാള്‍ ആ കാലത്ത് തന്റെ പ്രസിദ്ധീകരണത്തിലൂടെ മലയാളത്തിലെ താരങ്ങളോടും സംവിധായകരോടും നിര്‍മ്മാതാക്കളോടും എറ്റുമുട്ടി. സിനിമാ താരങ്ങളെ ആകാശത്തേക്കുയര്‍ത്തുന്ന ലേഖനങ്ങളെഴുതുന്ന അക്കാലത്തെ നടപ്പ് പത്രപ്രവര്‍ത്തകരില്‍ നിന്ന് മധു വൈപ്പന വ്യത്യസ്തനാകുന്നത് അത് കൊണ്ടാണ്. അയാള്‍ താരങ്ങളെ ബഹുമാനിച്ചു, പക്ഷേ, താരാധിപത്യത്തെ തുറന്നെതിര്‍ത്തു. പ്രേംനസീറിനെ തൊട്ട് ദിലീപിനെ വരെ ചോദ്യം ചെയ്തു, വിമര്‍ശിച്ചു. തെറ്റായ സമീപനങ്ങള്‍ സ്വീകരിച്ചപ്പോള്‍ മദ്രാസിലെ ആദ്യകാല മലയാള സിനിമാ സംഘടനയായ ചലചിത്ര പരിഷത്തിനെയും കേരളത്തിലെ സംഘടനകളായ ‘അമ്മ’യേയും മാക്ടയേയും ഒരേ പോലെ തന്റെ വാരികയിലൂടെ എതിര്‍ത്ത എഡിറ്ററായിരുന്നു മധു വൈപ്പന.
പാലയിലെ പ്രശസ്തമായ വൈപ്പന കുടുംബത്തില്‍ ജനിച്ച എന്‍. മധുസൂദനന്‍ എന്ന മധു വൈപ്പന ജോലി സംബന്ധമായി കല്‍ക്കട്ടയിലെത്തിയപ്പോള്‍ 70കളുടെ തുടക്കത്തില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയത് കൊല്ലത്തെ കുങ്കുമം ഗ്രൂപ്പിന്റെ കേരള ശബ്ദം വാരികയില്‍ രാഷ്ട്രീയ ലേഖനങ്ങള്‍ എഴുതിക്കൊണ്ടായിരുന്നു. പിന്നീട് ഹോളിവുഡ് സിനിമകളെ കുറിച്ച് എഴുതാന്‍ ആരംഭിച്ചു.
1970 കളുടെ തുടക്കം, കൊല്ലത്തില്‍ മുപ്പത് നാല്‍പ്പതു ചിത്രങ്ങള്‍ മാത്രം പുറത്തു വരുന്ന മലയാളത്തില്‍ അന്ന് ചലച്ചിത്ര പ്രസിദ്ധീകരണങ്ങള്‍ കുറവായിരുന്നു. ‘സിനിമാ മാസിക’, ‘സിനിമ രമ’, ‘ചിത്രരമ’ തുടങ്ങിയവയായിരുന്നു പ്രധാന പ്രസിദ്ധീകരണങ്ങള്‍. ആസാദ് എന്ന പരസ്യകമ്പനിയുടെ ഉടമയായ ശങ്കരന്‍ നായരുടെ സിനിമാ മാസിക എല്ലാ വര്‍ഷവും ഫിലിം അവാര്‍ഡ് നൈറ്റ് നടത്താറുണ്ട്. അതിനാല്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെയും സിനിമാ പ്രേമികളുടെ ഇടയില്‍ സിനിമാ മാസികയ്ക്ക് നല്ല പ്രചാരവുമുണ്ടായിരുന്നു.
വൈപ്പന കല്‍ക്കട്ടയില്‍ ഒരു സിനിമാ പി.ആര്‍.ഒ യു മായി സൗഹാര്‍ദത്തിലായിരുന്നതിനാല്‍ സത്യജിത്ത് റേയുടെയുള്‍പ്പെടെ മികച്ച ബംഗാളി ചിത്രങ്ങളെല്ലാം കാണാന്‍ സാധിച്ചു. ബംഗാളിലെ ആധുനിക സിനിമകളെക്കുറിച്ച് വൈപ്പന കുങ്കുമത്തില്‍ സ്ഥിരമായി എഴുതിയത് ശ്രദ്ധിക്കപ്പെട്ടു. അതോടെ വൈപ്പന സിനിമാ പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. മദ്രാസില്‍ വെച്ച് വൈപ്പന, എം. ഗോവിന്ദനെ പരിചയപ്പെട്ടു. എം. ഗോവിന്ദന്‍ അക്കാലത്ത് മദ്രാസില്‍ ആധുനിക സാഹിത്യത്തിന്റെ വഴി കാട്ടിയായി, മലയാള സാഹിത്യകാരന്മാരുടെ ക്രാന്തദര്‍ശിയായി കഴിയുകയായിരുന്നു. അദ്ദേഹം അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യ ചിത്രമായ ‘സ്വയംവരം’ പ്രിവ്യു കാണാനായി വൈപ്പനക്ക് അവസരം നല്‍കി. പടം കണ്ട വൈപ്പനക്ക് ചിത്രം പുതിയൊരുനുഭവമായി. അടൂരിനെ സത്യജിത്ത് റേ യോടും മൃണാള്‍ സെന്നിനോടും താരതമ്യം ചെയ്ത് കുങ്കുമം വാരികയില്‍ വൈപ്പന സ്വയംവരത്തെക്കുറിച്ച് നന്നായി എഴുതി. പക്ഷേ, മദ്രാസിലെ സിനിമാ ലോകം സ്വയംവരം സിനിമയെ അംഗീകരിച്ചില്ല.
ആ സമയത്ത് കൊല്ലത്തെ കുങ്കുമം ഗ്രൂപ്പിന്റെ ഉടമ കൃഷ്ണസ്വാമി റെഡ്യാര്‍ ഒരു സിനിമാ വാരിക ആരംഭിക്കാന്‍ തീരുമാനിച്ചു. റെഡ്യാര്‍ക്ക് മദ്രാസില്‍ പല ബിസിനസ്സ് താല്‍പ്പര്യങ്ങളും ഉണ്ട്. അതിനാല്‍ അടിക്കടി അവിടെ വരും. മലയാള സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ അന്ന് 80% വും മദ്രാസിലാണ്. മധുവൈപ്പനയെ മദ്രാസ് ലേഖകനാക്കാം എന്നൊക്കെയായിരുന്നു റെഡ്യാര്‍ പദ്ധതിയിട്ടത്.
അങ്ങനെ കുങ്കുമം പ്രസിദ്ധീകരണഗ്രൂപ്പ് 1972 ല്‍ നംവബറില്‍ ‘നാന’ സിനിമാ വാരിക കൊല്ലത്ത് നിന്ന് ആരംഭിച്ചു. ആദ്യ ലക്കത്തില്‍ പുതിയ വാരികയുടെ ലക്ഷ്യങ്ങളും ആശയങ്ങളും വിശദീകരിച്ച് ഒരു കുറിപ്പ് കൊടുത്തിരുന്നു. പല പേരുകളും ഞങ്ങള്‍ പരിഗണിച്ച് പ്രശസ്ത ഫ്രഞ്ച് നോവലിസ്റ്റ് എമിലി സോളയുടെ ക്ലാസിക്ക് നോവലായ ‘നാന’ യുടെ പേരാണ് പുതിയ ചലച്ചിത്രവാരികക്ക് സ്വീകരിച്ചതെന്ന ഒരു കുറിപ്പും ആദ്യ ലക്കത്തില്‍ ഉണ്ടായിരുന്നു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാന എന്ന പേര് കൃഷ്ണസ്വാമി റെഡ്യാരുടെ അമ്മ നാനമ്മയിലെ ‘നാ’യും അച്ഛന്‍ നാഗകൃഷ്ണ റെഡ്യാറിലെ ‘നാ’ യും ചേര്‍ത്ത് നാനായെന്നത് ‘നാന’ യാക്കിയതായിരുന്നു. അത് മറച്ചു വെച്ച് ഒരു സ്റ്റെലിനായി പറഞ്ഞതാണ് എമിലി സോളയുടെ നാനയുടെ കഥ.
അക്കാലത്തെ മദ്രാസിലെ സിനിമാ പത്രപ്രവര്‍ത്തനം ഏതാണ്ട് മംഗള പത്രമെഴുതുന്ന രീതിയായിരുന്നു. താരങ്ങളെ പുകഴ്ത്തി വലുതാക്കി എഴുതലായിരുന്നു അന്നത്തെ കോടമ്പാക്കത്തെ സിനിമാ പത്രപ്രവര്‍ത്തനം. അതിന് സിനിമാക്കാര്‍ പ്രതിഫലവും കൊടുത്തിരുന്നു. സിനിമാക്കാരുടെ നക്കാപ്പിച്ച വാങ്ങുന്നവരായി കണക്കാക്കുന്നതിനാല്‍ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ കാര്യമായ പരിഗണനകളൊന്നും ഈ ഫിലിം ജേര്‍ണലിസ്റ്റുകള്‍ക്ക് നല്‍കിയിരുന്നില്ല.
കേരളശബ്ദത്തില്‍ രാഷ്ടീയ ലേഖനങ്ങളെഴുതി സിനിമാ രംഗത്ത് എത്തിയ വൈപ്പന ഇവരില്‍ നിന്ന് വ്യത്യസ്തനായിരുന്നു. കല്‍ക്കട്ടയില്‍ സത്യജിത്ത് റേയുടെ ഉള്‍പ്പടെ നല്ല ചിത്രങ്ങള്‍ കണ്ട ഊറ്റവും സ്വതവേ ധാര്‍ഷ്ട്യവും വേണ്ടുവോളമുള്ള വൈപ്പന മലയാള ചലചിത്ര രംഗത്തെ നടന്മാരുടെ ജാഡകളും മേലാളരീതിയിലുള്ള താരങ്ങളുടെ പെരുമാറ്റവും വക വെച്ച് കൊടുക്കാന്‍ തയ്യാറായില്ല.
മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേംനസീര്‍ കോടമ്പാക്കത്തെ പത്രപ്രവര്‍ത്തകരെ അകമഴിഞ്ഞ് സഹായിച്ചിരുന്നു. താരതമ്യേന, സിനിമാരംഗത്ത് മനുഷ്യ സ്‌നേഹിയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്ന നസീറിനെ അവിടെയുള്ള പത്രപ്രവര്‍ത്തകര്‍ വാനോളം പുകഴ്ത്തി അമാനുഷനാക്കി ഉയര്‍ത്തിയിരുന്നു. തെലുങ്കില്‍ എന്‍.ടി. രാമറാവു, തമിഴില്‍ എം.ജി. ആര്‍ എന്ന പോലെ മലയാളത്തില്‍ അപ്രമാദിത്വം സ്ഥാപിച്ച നടനായിരുന്നു പ്രേം നസീര്‍. മലയാളികളുടെ ഇടയില്‍ ജാതിമത ഭേദമില്ലാതെ ആരാധിക്കപ്പെട്ട ഒരു ചലചിത്ര താരമായിരുന്നു നസീര്‍.
നാന ആരംഭിച്ച് ഒരു വര്‍ഷം തികയുന്ന സമയത്ത് താന്‍ 300 സിനിമകള്‍ അഭിനയിച്ചു പൂര്‍ത്തിയാക്കിയെന്ന് പ്രേം നസീര്‍ എന്ന് അദ്ദേഹത്തിന്റെ അടുത്ത ചില പത്രപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് തന്നെ മഹാസംഭവമായ ഇത് പത്രമാസികകളില്‍ വാര്‍ത്തയായി. സിനിമാ മാസികകള്‍ നസീര്‍ പതിപ്പുകള്‍ ഇറക്കാന്‍ ആരംഭിച്ചു. നാന പ്രത്യേക പതിപ്പ് ഇറക്കാന്‍ തീരുമാനിച്ചു. അതിന് വേണ്ടി വൈപ്പന വീട്ടിലെത്തി നസീറിനെ സമീപിച്ചപ്പോള്‍ അദ്ദേഹം സഹകരിക്കാന്‍ തയാറായില്ല.
‘നിങ്ങള്‍ എന്നെ വിമര്‍ശിക്കുന്നവരല്ലേ’ നസീര്‍ പറഞ്ഞു.
ചിലപ്പോള്‍ വിമര്‍ശിച്ചെന്നിരിക്കും, എങ്ങനെ എഴുതണമെന്ന് ഞങ്ങളാണ് തീരുമാനിക്കുന്നത് ‘ വൈപ്പന തിരിച്ചടിച്ചു.
പൊന്നാപുരം കോട്ട എന്ന ചിത്രത്തില്‍ വിജയശ്രീയുടെ നഗ്നതാ പ്രദര്‍ശനത്തെച്ചൊല്ലി വിവാദം നടക്കുന്ന സമയമായിരുന്നു അത്. പടത്തിന്റെ നിര്‍മ്മാതാവായ കുഞ്ചാക്കോ നാനയില്‍ വിജയശ്രീയുടെ ഒരു അഭിമുഖം വന്നതിനെതിരെ ആലപ്പുഴ മജിസ്ട്രറ്റ് കോടതിയില്‍ വിജയശ്രീക്കും നാനക്കും എതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. കുഞ്ചാക്കോയുടെ ഒന്നാം സാക്ഷി സാക്ഷാല്‍ നിത്യഹരിത നായകനായ നസീറായിരുന്നു. സ്വാഭാവികമായും നസീര്‍ ഇങ്ങനെ പ്രതികരിച്ചതില്‍ അത്ഭുതമില്ല. സംസാരം തീര്‍ന്നപ്പോള്‍ യാത്ര പറയാതെ നസീര്‍ കാറില്‍ കയറി പോവുകയും ചെയ്തു. ഒരു പത്രപ്രവര്‍ത്തകനായ താന്‍ അപമാനിക്കപ്പെട്ടതായി വൈപ്പനക്ക് തോന്നി.
ആ സമയത്ത് പ്രേംനസീര്‍ യഥാര്‍ത്ഥത്തില്‍ 300 പടം തികച്ചിരുന്നില്ലെന്ന് വൈപ്പന കണ്ടെത്തി. 230 മലയാള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
39 തമിഴ്, 6 തെലുങ്ക്, 2 കന്നഡ. ഇതൊക്കെ കൂട്ടിയാലും 277 ചലചിത്രമേ ആകൂ. 300 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന പ്രേം നസീറിന്റെ താരപദവി അദ്ദേഹവും മറ്റ് സിനിമാ വാരികകളും കൊണ്ടാടുമ്പോള്‍ ആ അവകാശവാദം പൊളിച്ചടക്കിക്കൊണ്ട് വൈപ്പന നസീര്‍ അഭിനയിച്ച ചിത്രങ്ങളുടെ പൂര്‍ണ്ണ ലിസ്റ്റ് സഹിതം നാനയില്‍ ഒരു ലേഖനം എഴുതി. മറ്റാരും ഉപയോഗിക്കാത്ത ഭാഷ ഉപയോഗിച്ച് വൈപ്പന നസീറിനെ ഹീറോ എന്നതിന് പകരം സീറോ എന്ന് വിശേഷിപ്പിച്ചു.
‘നസീര്‍ സ്‌ക്രീനിനേക്കാള്‍ നന്നായി അഭിനയിക്കുന്നത് ജീവിതത്തിലാണ്. ദിവസവും മൂന്നും നാലും ചിത്രങ്ങളില്‍ അഭിനയിക്കുന്ന അദ്ദേഹം നല്ലൊരു അധ്വാനിയാണന്നേ പറയാന്‍ പറ്റൂ’ വൈപ്പന ലേഖനത്തിലൂടെ പരിഹസിച്ചു.
തമിഴ് വില്ലന്‍ നടന്‍ മലയാളിയായ എം.എന്‍ നമ്പ്യാര്‍ വലിയ അയ്യപ്പ ഭക്തനാണ്. എല്ലാ വര്‍ഷവും ശബരി മല തീര്‍ത്ഥാടനം പതിവാണ്. തമിഴിലെ മിക്ക നടമാരും ഗുരു സ്വാമിയായ അദേഹത്തിനോടൊപ്പം കെട്ട് നിറച്ച് ശബരി മല ദര്‍ശനം നടത്താറുണ്ട്. അക്കൊല്ലം നസീറിന്റെ സഹോദരനായ പ്രേം നവാസ് എം.എന്‍. നമ്പ്യാരുടെ സംഘത്തില്‍ ഉണ്ടായിരുന്നു.
നാന പ്രേം നവാസിന്റെ ഫുള്‍ പേജ് കളര്‍ചിത്രം അടിച്ച് പ്രേം നസീറിനെ പരിഹസിക്കാനായി ഒരു എഡിറ്റോറിയല്‍ എഴുതി. പ്രേംനവാസ് വ്രതമെടുത്ത് ഇരുമുടി കെട്ടുമായി ശബരിമല കയറിയെന്നും നസീറും പോകാന്‍ ഉദ്ദേശിച്ചെങ്കിലും ഷൂട്ടിംഗ് ഉള്ളതിനാല്‍ താടി വളര്‍ത്താന്‍ പറ്റാത്തതു കൊണ്ട് വെണ്ടെന്ന് വെച്ചതാണെന്നും എഴുതി. സ്വദേശമായ ചിറയന്‍കീഴിലെ ശാര്‍ക്കര അമ്പലത്തില്‍ ഒരാനയെ നസീര്‍ നടയിരുത്തിയതിനെ പരിമര്‍ശിച്ച്, ഇത്തരം കാര്യങ്ങള്‍ അനുകരണീയവും പ്രശംസനീയവുമാണെന്നും പരിഹസിച്ചു. മാത്രമല്ല ഇത്തരം കാര്യങ്ങള്‍ രഹസ്യമായി ചെയ്യാതെ കുറെക്കൂടി പ്രചരണാത്മമാക്കണമെന്നും ഉപദേശിച്ചു.
ആ സമയത്ത് മലയാളത്തില്‍ പുതിയൊരു താരോദയമുണ്ടായി. പൂന ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് അഭിനയം പഠിച്ച് വന്ന മോഹന്‍ എന്ന പുതുമുഖനടന്‍ ജീവിക്കാന്‍ മറന്നു പോയ സ്ത്രീ,നെല്ല് തുടങ്ങിയ ചിത്രങ്ങളില്‍ മോശമല്ലാത്ത അഭിനയം കാഴ്ച്ചവെച്ചു. നസീറിന് ബദലായി മോഹനനെയും മറ്റ് യുവതാരങ്ങളായ സുധീര്‍, രാഘവന്‍ തുടങ്ങിയവരെ പൊക്കിവിടാമെന്ന് വ്യാമോഹവുമായി നാന അവര്‍ക്ക് നല്ല കവറേജ് നല്‍കി.
‘മുന്നൂറു ചിത്രങ്ങളില്‍ ജപ്പാന്‍ പാവകളെ അനുസ്മരിപ്പിക്കുന്ന നായകന്‍മാരെ കണ്ടു മടുത്ത പ്രേക്ഷകര്‍ക്ക് മോഹന്‍ ഒരത്ഭുതമാണെന്ന് വൈപ്പന എഴുതിവിട്ടു. അഞ്ഞുറ് ചിത്രങ്ങളില്‍ പൊട്ടന്‍ കളി നടത്തുന്നതിലും അഭിമാനം ഒരു ഡസന്‍ ചിത്രങ്ങളില്‍ നന്നായി അഭിനയിക്കുന്നതാണ്’ എന്നൊരു ഉപദേശവും നസീറിന് ലേഖനത്തിലൂടെ നല്‍കി.
ക്ഷുഭിതനായ നസീര്‍ അക്കാലത്തെ സിനിമാക്കാരുടെ എക സംഘടനയായ ചലചിത്ര പരിഷത്തിനെ കൊണ്ട് പ്രമേയം പാസ്സാക്കി നാനയെ ഉപേരോധിച്ചു. അതോടെ വൈപ്പനയും നാനയും വിമര്‍ശനത്തിന്റെ മൂര്‍ച്ച കൂട്ടി. ഒടുവില്‍ നസീര്‍ മറ്റൊരു വഴി കണ്ടെത്തി. കേരളത്തില്‍ വന്ന് കൊല്ലത്തെ നാനയുടെ ഓഫീസില്‍ കയറി ഏറേ നേരം സംസാരിച്ചു. അതോടെ പ്രശ്‌നം തീര്‍ന്നു. പ്രേംനസീര്‍ നാനയുടെ ഓഫീസില്‍ കൂള്‍ ഡ്രിങ്ക്‌സ് കുടിച്ചിരിക്കുന്ന ഫോട്ടോവുമായാണ് അടുത്ത ലക്കം നാന വാരിക പുറത്ത് വന്നത്. അതോടെ പരിഷത്തും നസീറിനെ പിന്‍ തുണച്ചവരും വിഡ്ഡികളായി.
ഈ സംഭവമൊക്കെ നടക്കുന്ന സമയത്ത് മലയാള ചലചിത്ര രംഗത്തെ ഒരു പ്രബലനായ ഒരു നിര്‍മ്മാതാവ് ഗുണ്ടകളെ വിട്ട് വൈപ്പന താമസിക്കുന്ന ലോഡ്ജില്‍ ചെന്ന് അയാളെ മര്‍ദിച്ചു. സംഭവത്തിന്റെ കാരണക്കാരന്‍ നസീറാണെന്ന് എല്ലാവരും കരുതും എന്ന ദുഷ്ടലാക്കായിരുന്നു അതിന്റെ പിന്നില്‍
‘ എന്റെ ഇതു വരെയുള്ള പത്രപ്രവര്‍ത്തനത്തിനിടയില്‍ കിട്ടിയ സ്വര്‍ണ്ണ മെഡലായി ഞാന്‍ ഈ ഗുണ്ടാ ആക്രമണത്തെ കരുതുന്നു ‘എന്നാണ് വൈപ്പന തന്റെ അനുഭവക്കുറിപ്പില്‍ എഴുതിയത്. മദാസിലെ നിര്‍മ്മാതാക്കളുടെ പല കള്ളക്കളികളും നാനയിലുടെ പച്ചയായ് എഴുതിയതിനാല്‍ അവരെല്ലാം ശത്രുക്കളായി മാറി. പിന്നീട് തന്നെ ഉപദ്രവിച്ച വരെ വൈപ്പന തന്റെ സ്വാധീനം ഉപയോഗിച്ച് തിരിച്ചടിച്ച് അവരെക്കൊണ്ട് ക്ഷമ പറയിക്കുകയുണ്ടായി.
നാനയുമായുള്ള കശപിശയില്‍ നസീറിന്റെ താരപദവിക്കും പ്രശസ്തിക്കും ഒന്നും സംഭവിച്ചില്ലെങ്കിലും, അദ്ദേഹം വിമര്‍ശനത്തിനതിനനല്ല എന്ന് ഈ സംഭവത്തോടെ വൈപ്പന സ്ഥാപിച്ചു.
പുതുമുഖ പ്രതിഭകള്‍ക്ക് നാനയിലൂടെ പ്രോത്സാഹനം നല്‍കുന്നതിലൂടെ അക്കാലത്തെ മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ശത്രുവായിരുന്നു വൈപ്പന. യേശുദാസിനോടും എറ്റുമുട്ടാന്‍ വൈപ്പന മടിച്ചില്ല. മദ്രാസിലെ വീട്ടില്‍ വെച്ച് നടന്ന ഒരു അഭിമുഖത്തില്‍ യേശുദാസ് പറഞ്ഞു. ‘എന്റെ കഴിവ് ദൈവം തന്നതാണ്’. മറ്റാരോടും യാതൊരു കടപ്പാടില്ലെന്നും പറഞ്ഞു.
” ആദ്യം അവസരം നല്‍കിയ എം.ബി. ശ്രീനിവാസന്‍, ദേവരാജന്‍ ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, ബാബുരാജ് എന്നീ സംഗീത സംവിധായര്‍ക്കും വയലാര്‍ പി. ഭാസ്‌കരന്‍ , ഒ.എ.വി, ശ്രീകുമാരന്‍ തമ്പി എന്നീ ഗാനരചയിതാക്കള്‍ക്കും യേശുദാസിന്റെ വളര്‍ച്ചയില്‍ പങ്കില്ലെ? എന്ന ചോദ്യത്തിന് അവര്‍ക്കൊക്കെ തന്നെ ആവശ്യമായതിനാല്‍ എന്റെ അടുത്ത് വന്നതാണെന്നായിരുന്നു മറുപടി .
ഇത് കേട്ട കലികയി വൈപ്പന ചോദിച്ചു. ‘അപ്പോള്‍ ദൈവികമായ കഴിവ് ഉപയോഗിച്ച് പരിപ്പുവട പക്കുവട എന്നൊക്കെ പാടുന്നതോ?'(ചന്ദന ചോല എന്ന പടത്തിലെ ഗാനം).
‘ഇത് ഒരു ബിസിനസ്സാണ്. പിടിച്ച് നില്‍ക്കണമെങ്കില്‍ ഇത്തരം പാട്ടുകളും പാടേണ്ടി വരും. ‘ യേശുദാസ് പറഞ്ഞു.
അപ്പോള്‍ ഇത് ബിസിനസ്സാണെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
‘അതെ ബിസിനസ്സാണ്. ‘യേശുദാസ്
ഇത് അച്ചടിക്കുന്നതിന് മുന്‍പ് എന്നെ കാണിക്കണം.
വൈപ്പന പറഞ്ഞു, ‘അങ്ങനെ ഒരു പതിവില്ല’
‘ഞാന്‍ കേസ് കൊടുക്കും.’യേശുദാസ്
അതിനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്.
അഭിമുഖം അസുഖകരമായി അവസാനിച്ചു. നാനയില്‍ അഭിമുഖം വള്ളി പുള്ളി മാറ്റാതെ അടിച്ച് വരികയും ചെയ്തു.
വിജയശ്രീ, ശോഭ എന്നീ നടികളുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ സത്യവും അറിയാവുന്ന ഒരാളായിരുന്നു മധു വൈപ്പന. നാനയിലുടെ അതെല്ലാം പുറം ലോകത്തിനെ അറിയിച്ചതും വൈപ്പനയായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് കേരള യുണിവേഴ്‌സിറ്റിയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ സാധ്യമല്ലാത്തതു കൊണ്ട് സിനിമാ ചര്‍ച്ച നടത്തി. അന്നത്തെ പ്രശസ്തനായ നിരൂപകനും പിന്നീട് നടനുമായ നരേന്ദ്രപ്രസാദ്, ജോര്‍ജ് ഓണക്കൂര്‍, നാന എന്നിറ്റര്‍ മധു വൈപ്പന എന്നിവരായിരുന്നു ചര്‍ച്ച നയിച്ചത്. മലയാള സിനിമയ്ക്കും സിനിമാ പ്രസിദ്ധീകരണങ്ങള്‍ക്കും നിലവാരമില്ലെന്ന് നരേന്ദ്ര പ്രസാദ് തുറന്ന് വിമര്‍ശിച്ചു. ഒരു സിനിമാ പ്രസിദ്ധീകരണമായ നാനയുടെ എഡിറ്റര്‍ മധു വൈപ്പന ചര്‍ച്ചയില്‍ അത് ശരിവെച്ചു.
അപ്പോള്‍ ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റ് ‘നാന നിലവാരമുള്ള പ്രസിദ്ധീകരണമാണോ’ എന്ന് വൈപ്പനയോട് ചോദിച്ചു.
അല്ല എന്ന് വൈപ്പന മറുപടി പറഞ്ഞു.
‘നിങ്ങളല്ലേ അതിന്റെ എഡിറ്റര്‍. അത് നിലവാരത്തില്‍ ഇറക്കിക്കൂടെ’ എന്ന് വിദ്യാര്‍ത്ഥി.
വൈപ്പന പറഞ്ഞു, ‘നിലവാരത്തിലിറക്കാന്‍ അറിയാം. പക്ഷേ, നിങ്ങള്‍ പൈസ മുടക്കി വാങ്ങില്ല. ഇതൊരു മുതലാളി ലാഭത്തിന് വേണ്ടി നടത്തുന്ന ബിസ്സിനസ്സാണ്.”
ഇതിന്റെ റിപ്പോര്‍ട്ട് കൗമുദിക്കാരുടെ സിനിമാ വാരികയായ ഫിലിം മാഗസിനില്‍ വന്നപ്പോള്‍ ‘നാന നിലവാരമില്ലാത്ത പ്രസിദ്ധീകരണമാണെന്ന് എഡിറ്റര്‍ മധു വൈപ്പന’എന്ന് അടിച്ചു വന്നു. അതോടെ നാനയുടെ പ്രവര്‍ത്തകര്‍ വൈപ്പനക്കെതിരെ തിരിഞ്ഞു. പക്ഷേ, ഉടമ കൃഷ്ണസ്വാമി റെഡ്യാര്‍ വൈപ്പന പറഞ്ഞത് ശരിയാണെന്ന് അനുകൂലിച്ചു. അതിനാല്‍ പണി പോയില്ല.
മദാസില്‍ വെച്ച് വയലാര്‍ രാമവര്‍മ്മയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന വൈപ്പന ‘ഗാനം കവിതയാണോ? എന്ന ഒരു ചര്‍ച്ച അക്കാലത്ത് നാനയില്‍ തുടങ്ങി വെച്ചു. കവിതയുടെ ആധുനികരൂപമാണ് സിനിമാ ഗാനങ്ങള്‍. കുറഞ്ഞത് എന്റെ ഗാനങ്ങളെങ്കിലും അങ്ങിനെയാണെന്ന് ഞാന്‍ അവകാശപ്പെടുന്നു.’ വയലാര്‍ ഒരു അഭിമുഖത്തില്‍ വൈപ്പനയോട് പറഞ്ഞത് നാനയില്‍ ഒരു ചര്‍ച്ചാ വിഷയമാക്കി.
പിന്നീട് ഇത് ഓരോ ലക്കത്തിലും പി. ഭാസ്‌കരന്‍ ജി. ശങ്കരക്കുറുപ്പ്, പി കുഞ്ഞിരാമന്‍ നായര്‍, തിരുനെല്ലൂര്‍ കരുണാകരന്‍, ജോസഫ് മുണ്ടശ്ശേരി, എം. കൃഷ്ണന്‍ നായര്‍, എന്നിവര്‍ പങ്കെടുത്ത ആരോഗ്യകരമായ, നിലവാരമുള്ള ചര്‍ച്ചയായി മാറി. പി. ഭാസ്‌കരന്റെ അഭിപ്രായം ശ്രദ്ധേയമായിരുന്നു. സിനിമാ ഗാനം വെറും വില്‍പ്പന ചരക്കാണെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ചു.
വയലാര്‍ രാമവര്‍മ്മ മരിച്ചപ്പോള്‍ നാനയുടെ എഡിറ്ററായിരുന്നു വൈപ്പന. നാന ഇറക്കിയ വയലാര്‍ ലക്കത്തില്‍ ഫോട്ടോകള്‍ക്ക് ശീര്‍ഷകങ്ങള്‍ നല്‍കിയത് വയലാറിന്റെ മനോഹരങ്ങളായ ഗാനങ്ങളുടെ വരികളായിരുന്നു. വൈപ്പന നാനയില്‍ നിന്ന് പിരിഞ്ഞ ശേഷം സ്വന്തമായി രംഗം എന്നൊരു സിനിമാ വാരിക നടത്തി. അത് പിന്നിട് നിന്നു പോയി.
മംഗളം ഗ്രൂപ്പിന്റെ ഉടമ എം.സി. വര്‍ഗീസ് സിനിമാ വാരിക ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ എഡിറ്ററായി മധു വൈപ്പനയെയാണ് മനസില്‍ കണ്ടത്. 1997 സെപ്റ്റബറിലാണ് സിനിമാ മംഗളം ആരംഭിക്കുന്നത്. അതിന്റെ സ്ഥാപക എഡിറ്ററായ വൈപ്പന 14 വര്‍ഷം അവിടെ തുടര്‍ന്നു. ആദ്യലക്കം 25000 കോപ്പിയില്‍ തുടങ്ങി. ആറ് ലക്കം കഴിഞ്ഞപ്പോള്‍ 50000 കോപ്പി പ്രചാരമായി. നാനയെ മറി കടന്ന് ഒരു വര്‍ഷം കൊണ്ട് പ്രചാരത്തില്‍ ഒന്നാമതായി. വൈപ്പന അതിലെഴുതിയ ഫ്‌ളാഷ് ബാക്ക് എന്ന കോളം സിനിമാരംഗത്ത് പലരെയും ഞെട്ടിച്ചു. വൈപ്പനയെ അറിയാവുന്ന വരാരും കേസിന് പോയില്ല.
1997 ല്‍ താന്‍ എഡിറ്ററായ സിനിമാ മംഗളത്തില്‍ കോട്ടയം ശാന്തയുടെ ആത്മകഥ അടുത്ത ലക്കം മുതല്‍ ആരംഭിക്കുകയാണ് എന്നൊരു ഒരു പരസ്യം വാരികയില്‍ പ്രസിദ്ധീകരിച്ചു. ‘ അഗ്‌നിപഥങ്ങളിലൂടെ’ എന്ന കോട്ടയം ശാന്തയുടെ ആത്മകഥ സിനിമാ മംഗളത്തില്‍ ആരംഭിച്ചതോടെ മലയാള സിനിമാ രംഗം ഞെട്ടി വിറച്ചു. മദ്രാസിലെ സിനിമാ രംഗത്തെ കറുത്ത പുള്ളിക്കുത്തുകള്‍ വ്യക്തമായി പേര് സഹിതം ശാന്ത വ്യക്തമാക്കിയപ്പോള്‍ മരിച്ചതും ജീവിച്ചിരിക്കുന്നതുമായ മലയാള സിനിമയിലെ പല താര വിഗ്രഹങ്ങളും ഉടയാന്‍ തുടങ്ങി. രക്ഷന്‍ ഹിറോയെന്ന് അറിയപ്പെട്ട ജയന്റെ മറ്റൊരു മുഖമൊക്കെ അതിലൂടെ അനാവൃതമായപ്പോള്‍ വാരികയില്‍ തെറിക്കത്തുകള്‍ വരാന്‍ തുടങ്ങി. ആത്മകഥ നിര്‍ത്തണമാവശ്യപ്പെട്ട് പലരുടെയും ഫോണ്‍ വിളി എഡിറ്റര്‍ക്ക് വന്നു. എഴുതിയ കോട്ടയം ശാന്തക്കും ഭീഷണി വന്നു.
മദ്രാസിലെ സിനിമാ ലോകത്ത് നിന്ന് തനിക്ക് നേരിട്ട തിക്താനുഭവങള്‍ തുറന്നെഴുതിയപ്പോള്‍ കൊള്ളേണ്ടവര്‍ക്ക് അത് കൊണ്ടു എന്ന് ശരിവെയ്ക്കുന്ന സംഭവങ്ങളാണ് പിന്നെ നടന്നത്. പരമ്പര നിര്‍ത്തിയില്ലെങ്കില്‍ അംഗത്വം റദ്ദാക്കുമെന്നും, പെന്‍ഷന്‍ കൊടുക്കുന്നത് നിര്‍ത്തും എന്ന് ഭീഷണിപ്പെടുത്തിയ അമ്മ സംഘടനയുടെ പ്രസിഡന്റ് നടന്‍ മധു ഒപ്പിട്ട നോട്ടീസ് കോട്ടയം ശാന്തക്ക് കിട്ടി. ഒരു രണ്ടാം നിര നടിയും, ഒരു ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് എഴുതിയ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ പോലും സഹിക്കാനുള്ള സഹിഷ്ണുത പോലും ഇല്ലാത്ത സിനിമാ സംഘടനയാണ് അമ്മ എന്ന് ഇതില്‍ നിന്ന് വ്യക്തമായി. സംഭവങ്ങള്‍ സത്യമായതിനാലാണല്ലോ അവര്‍ ഭീഷണി മുഴക്കിയത്. അത് സംഘടന വെറും കടലാസ് പുലികളാണെന്ന് തെളിയിച്ചു.
കോട്ടയം ശാന്തയുടെ ആത്മകഥയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും
സ്വന്തം സംഘടനയുടെ അംഗങ്ങളെ കുറിച്ച് സാമാന്യ വിവരം പോലുമില്ലാ താരസംഘടനക്ക് എന്ന് കോട്ടയം ശാന്ത അയച്ച മറുപടിയില്‍ വ്യക്തമായിരുന്നു. കോട്ടയം ശാന്ത മറുപടി നല്‍കി: ‘ ഞാന്‍ അമ്മയിലെ മെമ്പറല്ല. പിന്നെ എങ്ങനെ മെമ്പര്‍ഷിപ്പ് റദ്ദാക്കും? ‘ അമ്മയുടെ പെന്‍ഷനും കിട്ടുന്നില്ല. എന്റെ അനുഭവങ്ങള്‍ എഴുതാന്‍ എനിക്ക് അവകാശമുണ്ട്. വേണെമെങ്കില്‍ അമ്മയുടെ ഭാരവാഹികളെ അതില്‍ നിന്ന് ഒഴിവാക്കാം’.
അതോടെ സിനിമാ മംഗളത്തില്‍ സിനിമാക്കാരുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തി മധു വൈപ്പന ഒരു എഡിറ്റോറിയലിലൂടെ ശക്തമായി വിമര്‍ശിച്ചു.
‘രാഷ്ട്രീയക്കാരടക്കമുള്ള സമൂഹത്തിലെ ‘എല്ലാവരെയും സിനിമാക്കാര്‍ക്ക് നീചന്മാരായി ചിത്രീകരിക്കാം, വിമര്‍ശിക്കാം, പരിഹസിക്കാം. എന്നാല്‍ സിനിമാക്കാര്‍ക്കും ഈ വിമര്‍ശനം ബാധകമാണ്. അവരെ കുറിച്ച് ഒരു ആത്മകഥയില്‍ എഴുതാന്‍ പറ്റില്ലെന്ന് പറയാന്‍ ആര്‍ക്കാണ് അധികാരം ? എഡിറ്റോറിയല്‍ ചോദിച്ചു.
എഴുത്തുകാര്‍ക്ക് ഊരുവിലക്ക് കല്‍പ്പിക്കുകയല്ല വേണ്ടത്. അംഗങ്ങളെ മാന്യരാക്കാന്‍ കഴിയാത്ത സംഘടനകള്‍ക്ക് അതിലെ അംഗങ്ങള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നവരെ സ്മാര്‍ത്ത വിചാരം ചെയ്യാന്‍ ധാര്‍മ്മികമായ അവകാശം പോലുമില്ല ‘
ഇത്രയുമായപ്പോള്‍ അമ്മയുടെ അന്നത്തെ വൈസ് പ്രസിഡന്റ് രാജന്‍.പി. ദേവ് നേരിട്ട്, എഡിറ്ററെക്കണ്ട് ഇത് തുടര്‍ന്നാല്‍ സംഘടന ഇടപ്പെടും എന്ന് മുന്നറിയിപ്പ് നല്‍കി. പക്ഷേ, എഡിറ്റര്‍ വഴങ്ങിയില്ല. മാനഹാനിയുള്ളവര്‍ക്ക് കോടതിയില്‍ പോകാം. പക്ഷേ, സംഘടനക്ക് മാനഹാനിയില്ല അതിനാല്‍ കോടതിയില്‍ പോകാനാവില്ല. അതിനാല്‍ വിരട്ട് വേണ്ടായെന്ന് വൈപ്പന മറുപടി നല്‍കി.
ബന്ധുക്കള്‍ ദേഹോപദ്രവമേല്‍പ്പിക്കുമെന്ന നിലവന്നപ്പോഴാണ് എഡിറ്ററുടെ നിര്‍ദ്ദേശപ്രകാരം കോട്ടയം ശാന്ത ആത്മകഥ നിര്‍ത്തിയത്. പിന്നീട് അത് പുസ്തകമാക്കാന്‍ തീരുമാനിച്ചെങ്കിലും അതിന് മുന്‍പ് അവര്‍ അന്തരിച്ചു.
പ്രശസ്ത നടി ഷീല ഉദയാ സ്റ്റുഡിയോവിലെ തന്റെ പഴയ കഥകള്‍ എഴുതിയതിന് സിനിമാമംഗളത്തിനെ വിമര്‍ശിച്ചു. കുറെക്കാലത്തെ അജ്ഞാതവാസത്തിന് ശേഷം ഷീല രണ്ടാമതും സിനിമയില്‍ അഭിനയിക്കാനാരംഭിച്ച സമയമായിരുന്നു അത്. അതേ സമയത്ത് തന്നെ ഷീല താന്‍ ആത്മകഥ എഴുതാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചു. പ്രശസ്തമായ ഒരു വാരികയില്‍ അതിന്റെ പരസ്യവും വന്നു. 50 കൊല്ലം മുന്‍പ് 1974 ല്‍ കെ.വി.എസ് ഇളയത് നാനയുടെ എഡിറ്ററായിരിക്കെ ഷീല ‘ ഞാനും എന്റെ നിഴലുകളും’ എന്ന പേരില്‍ 36 ലക്കങ്ങളായി നാനയില്‍ ഒരു ആത്മകഥ എഴുതിയിരുന്നു. ഉടനെ വൈപ്പന സിനിമാ മംഗളത്തില്‍ നാനയിലെ പഴയ പരസ്യം സഹിതം വാര്‍ത്ത കൊടുത്ത് ആത്മകഥ രണ്ടോ?’ എന്ന് പരിഹസിച്ചു. ഇത് പുറത്ത് വന്നതോടെ ഷീലയുടെ ആത്മകഥ പരസ്യം ചെയ്ത വാരിക വെട്ടിലായി. പിന്നീട് അവര്‍ പുതിയ ആത്മകഥ പ്രസിദ്ധീകരിക്കാതെ ഉപേക്ഷിച്ചു.
സിനിമാ രംഗത്തെ മാക്ടക്കെതിരെയും അമ്മക്കെതിരെയും വൈപ്പന എതിര്‍ത്ത് പടവെട്ടി. മാക്റ്റയിലെ ഒരു സംവിധായകന്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാനായി സംഘടനയെ ഉപയോഗിക്കുന്നു എന്നതിനാല്‍ സിനിമാ മംഗളത്തിലൂടെ വൈപ്പന അയാളെ വിമര്‍ശിച്ച് എഡിറ്റോറിയല്‍ എഴുതിയത് സിനിമാ മേഖലയില്‍ ‘വലിയ ചര്‍ച്ചയായി. മാക്ട സിനിമാ മംഗളത്തെ ബഹിഷ്‌കരിച്ചു. വാരികയുടെ ലേഖകര്‍ക്ക് സിനിമാ സെറ്റുകളില്‍ പ്രവേശനം നിഷേധിച്ചു.
‘സിനിമ പണം മുടക്കുന്ന നിര്‍മ്മാതാവിന്റെതാണ് എന്ന നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. സംവിധായകന്‍ അതിന്റെ നടത്തിപ്പുകാരനാണെന്നും സമ്മതിക്കാം. മറ്റാര്‍ക്കും ഇതില്‍ യാതൊരു അവകാശവുമില്ല. സിനിമ നഷ്ടമായാല്‍ കൂലി വാങ്ങിപ്പോയ പ്രവര്‍ത്തകര്‍ നഷ്ടം ഏറ്റെടുക്കുമോ? വാരിക വഴി ലക്ഷക്കണക്കിന് പബ്ലിസിറ്റിയാണ് നിര്‍മാതാവിന് സൗജന്യമായി കിട്ടുന്നത്. ഇത് സൗഹൃദത്തിന്റെ പേരിലാണ് നടക്കുന്നത്. ഇതിലിടപെടാന്‍ സംഘടനക്ക് അവകാശമില്ല’ മാക്ടക്കെതിരെ സിനിമാ മംഗളം എഡിറ്റോറിയല്‍ എഴുതി. ഒടുവില്‍ മാക്ട സംഘടന പിളരുകയും വിവാദ സംവിധായകന്‍ പുറത്താവുകയും ഭാരവാഹികള്‍ രാജി വെയ്ക്കുകയും ചെയ്തു.
അടൂര്‍ പങ്കജമെന്ന പഴയ കാല നടിയുടെ അത്മകഥ സിനിമാ മംഗളത്തില്‍ അച്ചടിച്ചത് നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ പെന്‍ഷന്‍ നിര്‍ത്തുമെന്നും അമ്മ സംഘടന പ്രസിഡന്റായ നടന്‍ പങ്കജത്തെ വിരട്ടി. ഉടനെ വൈപ്പന അമ്മ സംഘടനയെ വിമര്‍ശിച്ച് ‘അഭിനവ ക്വിക്‌സോട്ടുകള്‍ ‘ എന്ന് പരിഹസിച്ച് എഡിറ്റോറിയല്‍ എഴുതി.
മലയാള താര സംഘടനയുടെ കഥ: ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫ്‌ളാഷ് ബാക്ക്
താരസംഘടനയുടെ തലപ്പത്ത് പുതിയതായി എത്തിയ ചിലര്‍ അവരുടെ സ്ഥാനോഹരണം വിളംബരം ചെയ്യാന്‍ നിസ്വരും നിരുപ്രദ്രകാരികളുമായ ചിലരുടെ നേരെ വാളോങ്ങുന്നതു കാണുമ്പോള്‍ ഡോണ്‍ ക്വിക്‌സോട്ടിനെയാണ് ഓര്‍മ്മ വരുന്നത്. മണ്ടന്‍ വേഷങ്ങളില്‍ അഭിനയിക്കുന്ന ഒരാളെയേ അവര്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കണ്ടുള്ളൂ.’ ഒരു നടി സത്യസന്ധമായി തന്റെ അനുഭവങ്ങള്‍ പറഞ്ഞാല്‍ ആകാശം ഇടിഞ്ഞു വീഴുമോ’?’ അതോടെ അമ്മ സംഘടനയും വാരികയെ പരോക്ഷമായി ബഹിഷ്‌കരിക്കാനാരംഭിച്ചു.
മംഗളം ഗ്രൂപ്പ് തുടങ്ങിയ വാര്‍ത്താ മംഗളം എന്ന രാഷ്ട്രീയ വാരികയുടെ ആദ്യ എഡിറ്ററും വൈപ്പനയായിരുന്നു. കരുണാകരന്റെ മകള്‍ പത്മജ ചാലക്കുടിയില്‍ മത്സരിക്കുമെന്ന് കവര്‍സ്റ്റോറി കൊടുത്തത് വലിയ വിവാദമായി. അന്ന് രാഷ്ട്രീയത്തിലേക്ക് പത്മജ വന്നിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് പോലും അറിയാത്ത കാര്യമായതിനാല്‍ വന്‍ വിവാദമായി. പത്മജ വാര്‍ത്ത നിഷേധിച്ചു. പക്ഷേ, രണ്ട് മാസം കഴിഞ്ഞപ്പോള്‍ പത്രങ്ങളില്‍ വാര്‍ത്ത വന്നു. ‘ പത്മജ ചാലക്കുടിയില്‍ മത്സരിക്കുന്നു.’ പിന്നിട് വാര്‍ത്താ മംഗളം നിന്നും പോയി.
ഒരു ജന പ്രിയസിനിമാ വാരികയുടെ ചേരുവയായിരുന്നെങ്കിലും സിനിമാ രംഗത്തെ ഉന്നമനത്തിന് വേണ്ടി വൈപ്പന സിനിമാ മംഗളത്തില്‍ പലപ്പോഴായി എഴുതിയ എഡിറ്റോറിയലുകളിലെ നിര്‍ദേശങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി ടി.കെ. രാമകൃഷ്ണന് സമര്‍പ്പിച്ചത് ചില ഭേദഗതികളോടെ കേരള ഫിലിം ഡെവലപ്പ് മെന്റ് കോര്‍പ്പറേഷന്‍ നടപ്പിലാക്കിയത് ചില്ലറ കാര്യമല്ലായിരുന്നു.
രംഗം ദ്വൈവാരിക, മലയാളത്തിലെ രണ്ടാമത്തെ വനിതാ മാസികയെന്ന് അവകാശപ്പെടുന്ന ‘പെണ്‍മണി’ ഛായ സിനിമാ വാരിക, സൂം സിനിമാ വാരിക, ഉത്രം സാഹിത്യ വാരിക, ചിത്രബന്ധു തുടങ്ങായ വാരികകളുടെ സ്ഥാപക എഡിറ്ററായിരുന്ന മധു വൈപ്പന കുറച്ചു കാലം കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യ ലോകം, സാഹിത്യ ചക്രവാളം എന്നിവയുടെ ഓണറി എഡിറ്ററായിരുന്നു. തന്റെ പത്ര പ്രവര്‍ത്തന സിനിമാ അനുഭവങ്ങള്‍ രേഖപ്പെടുത്തിയ 4 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കൂടാതെ അമംഗളങ്ങള്‍ എന്നൊരു മാദ്ധ്യമസ്ഥാപന ചരിത്രവും രചിച്ചു.
അരനൂറ്റാണ്ട് കാലത്തെ മലയാള സിനിമാ ചരിത്രം രേഖപ്പെടുത്തിയ എഡിറ്റര്‍ എന്നതാണ് മധു വൈപ്പന എന്ന പത്രപവര്‍ത്തകന്‍ യാത്രയാകുമ്പോള്‍ ഓര്‍ക്കേണ്ട നിസ്തുലമായ സംഭാവന. Madhu Vaipana, the film magazine editor, who penned the history of Malayalam cinema
Content Summary; Madhu Vaipana, the film magazine editor, who penned the history of Malayalam cinema