ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമം എന്ന് കണക്കാക്കുന്ന പൂര്‍ണ കുംഭമേള ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ (അലഹബാദ്) ഇന്നാരംഭിക്കുന്നു. ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെ നീണ്ടുനില്‍ക്കുന്ന 45 ദിവസത്തെ പൂര്‍ണ കുംഭമേള പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലാണ് നടക്കുക. വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം ഇന്നാരംഭിക്കുന്ന ഈ കുംഭമേളാ തീര്‍ത്ഥാടനത്തില്‍ 40 കോടിയോളം തീര്‍ത്ഥാടകര്‍ പങ്കെടുക്കുമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നിലൊന്നിന് അടുത്ത് വരുന്ന ഈ കണക്കിനെ കുറിച്ച് പലരും ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും 2019-ല്‍ നടന്ന കുംഭമേളയില്‍ 24 കോടിയിലധികം പേര്‍ പങ്കെടുത്തതായാണ് പറയപ്പെടുന്നത്. 2013-ല്‍ അലഹബാദില്‍ ഇതിന് മുമ്പ് നടന്ന പൂര്‍ണ കുംഭമേളയില്‍ 12 കോടിയോളം പേരും ഉജ്ജ്വയിനില്‍ 2016-ല്‍ നടന്ന കുംഭമേളയില്‍ ഏഴരക്കോടി തീര്‍ത്ഥാടകരും പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു.maha kumbh melap humanity’s largest gathering, begins in prayagraj
25,000 കോടിയോളം രൂപയുടെ വരുമാനം കുംഭമേളയിലൂടെ ഉണ്ടാകുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവകാശപ്പെടുന്നു. യോഗി ആദിത്യനാഥ് നയിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 6,900 കോടി രൂപ ചെലവഴിച്ച് 549 പദ്ധതികള്‍ മഹാകുംഭമേളയ്ക്ക് വേണ്ടി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സിനിമ തീയേറ്ററുകളില്‍ വരെ കുംഭമേളയുമായി ബന്ധപ്പെട്ട് നടത്തുന്ന വിനോദ സഞ്ചാര പരസ്യങ്ങള്‍ വേറെയാണ്. ഒരു ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി യു.പിയെ മാറ്റിയെടുക്കുന്ന, യു.പി ബ്രാന്‍ഡ്, ആഘോഷിക്കപ്പെടുന്ന ഒന്നാക്കുമെന്ന യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയും പ്രയാഗ്രാജ് പൂര്‍ണ കുംഭമേളയുടെ വിജയവുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം അമിത് ഷായോടും ബി.ജെ.പി നേതൃത്വത്തോടും ഇടഞ്ഞ് നില്‍ക്കുന്ന യോഗിയെ സംബന്ധിച്ച് നിര്‍ണായകമാണ് മഹാകുംഭമേളയുടെ വിജയം.
അര്‍ദ്ധ കുംഭമേളയും പൂര്‍ണ കുംഭമേളയും വിശ്വാസവും
എന്തായാലും കുംഭമേളയുടെ ഒന്നാം ദിവസമായ ഇന്ന് അലഹബാദില്‍ എത്തിച്ചേരുന്ന പത്ത് ലക്ഷത്തിലധികം പേര്‍ നദീതീരത്തെ ടെന്റുകളില്‍ താമസിച്ച് വെളുപ്പിന് സംഗത്തില്‍ മുങ്ങി പ്രാര്‍ത്ഥിക്കുമെന്നാണ് കരുതുന്നത്. എന്തുകൊണ്ടാണ് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ചില നഗരങ്ങളില്‍ കുംഭമേളകള്‍ നടക്കുന്നത്? എന്താണ് അര്‍ദ്ധ കുംഭമേളയും പൂര്‍ണകുംഭമേളയും തമ്മിലുള്ള വ്യത്യാസം? എന്താണ് ഇതിന് പിന്നിലുള്ള വിശ്വാസം?
അമൃതിന് വേണ്ടി ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി മഥനം നടത്തിയ കഥ തന്നെയാണ് ഇതിന് പിന്നിലും. മഥനത്തിനൊടുവില്‍ ധന്വന്തരി അമൃത് നിറച്ച കുംഭവുമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ അസുരന്മാര്‍ക്ക് അത് ലഭിക്കാതിരിക്കാന്‍ വേണ്ടി ഇന്ദ്രന്റെ മകന്‍ ജയന്ത് കുംഭവും തട്ടിയെടുത്ത് പാഞ്ഞുവെന്ന് കഥ. സൂര്യനും മകന്‍ ശനിയും ബൃഹസ്പതിയും (വ്യാഴം) ചന്ദ്രനും കുംഭത്തെ രക്ഷിക്കാന്‍ പുറകെ പാഞ്ഞു. ജയന്ത് അമൃത കുംഭവുമായി പാഞ്ഞുപോകുമ്പോള്‍ നാലിടത്ത് ഈ കുംഭം തുളുമ്പി. ഹരിദ്വാറിലും ഉജ്ജ്വയിലും പ്രയാഗ്രാജിലും (അലഹബാദ്) നാസികിലും. പന്ത്രണ്ട് ദിവസമാണ് കുംഭവുമായി ജയന്ത് പ്രയാണം ചെയ്തത്. ദേവന്മാരുടെ ഒരു ദിവസം മനുഷ്യരുടെ ഒരു വര്‍ഷമായതിനാല്‍ പൂര്‍ണകുംഭമേള പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ ഈ നാലിടത്തും നടക്കുന്നു. സൂര്യന്റേയും ചന്ദ്രന്റേയും വ്യാഴത്തിന്റേയും സ്ഥാനങ്ങള്‍ നോക്കിയാണ് അതിന്റെ ദിവസങ്ങള്‍ നിശ്ചയിക്കുക. പ്രയാഗ് രാജിലും ഹരിദ്വാറിലും ആറുവര്‍ഷം കൂടുമ്പോള്‍ അര്‍ദ്ധ കുംഭമേളകളും നടക്കും.
ഈ നാലിടങ്ങളും നദീ തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഹരിദ്വാര്‍ ഗംഗാതീര്‍ത്ത്. പ്രയാഗ് രാജ് കുംഭമേളയാകട്ടെ ഗംഗയും യമുനയും സാങ്കല്പിക നദിയായ സരസ്വതിയുമായി ചേരുന്ന ഇടമാണ് സംഗം. ഉജ്ജ്വയിനില്‍ ക്ഷിപ്ര നദീതീരത്തും നാസിക് കുംഭമേള ഗോദാവരീ തീരത്തും നടക്കും. ക്ഷിപ്ര നദീ വിഷ്ണുവിന്റെ വരാഹാവതാരത്തിന്റെ വയറ്റില്‍ നിന്ന് ഉത്ഭവിച്ചതായാണ് സങ്കല്‍പ്പം. ഗോദാവരി ആകട്ടെ ദക്ഷിണ ഗംഗയെന്ന് വിളിപ്പേരുള്ള നദിയും. അങ്ങനെ ഈ മേളകളെല്ലാം പുണ്യ നദികള്‍ക്ക് സമീപം നടക്കുന്നുവെന്നും കുംഭമേള കാലത്ത് നദിയില്‍ മുങ്ങിയാല്‍ അതുവരെ ചെയ്ത പാപങ്ങളെല്ലാം ഒഴുകിപ്പോയി പുണ്യം മാത്രം അവശേഷിക്കുമെന്നും വിശ്വാസം.
കുംഭമേളയുടെ ചരിത്രം
സ്‌കന്ദപുരാണത്തില്‍ കുംഭമേളയെ കുറിച്ച് പറയുന്നുണ്ട് എന്ന് ചില പണ്ഡിതര്‍ പറയുന്നു. ചൈനീസ് യാത്രികനായ ഹുയാങ് സാങ് പ്രയാഗില്‍ ഇത്തരമൊരു ഉത്സവം നടക്കുന്നതായി ഏഴാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ചിലര്‍ വാദിക്കുന്നു. ഈ നാല് തീര്‍ത്ഥാടനങ്ങളെയും കുറിച്ചും ശങ്കരാചാര്യര്‍ എഴുതിയിട്ടുണ്ട് എന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ സംഘടിത ഹിന്ദു മതത്തിന്റെ വികാസത്തിനും പ്രചരണത്തിനും ഏറ്റവും വലിയ പങ്കുവഹിച്ച ഗൊരഖ്പൂരിലെ ഗീതാപ്രസ് അച്ചടിച്ച ‘മഹാകുംഭപര്‍വ്വം’ എന്ന പുസ്തകമാണ് ഈ വിശ്വാസങ്ങളുടെ എല്ലാം അടിസ്ഥാനം. കുംഭമേളയുടെ പുണ്യത്തെ കുറിച്ച് ഋഗ്വേദത്തില്‍ സൂചനകളുണ്ടെന്നാണ് ‘മഹാകുംഭപര്‍വ്വം’ അവകാശപ്പെടുന്നത്. എന്നാല്‍ വടക്കേ ഇന്ത്യയുടെ ജീവരേഖയായ ഗംഗാതീരത്ത് കാലാകാലങ്ങളില്‍ ഉത്സവങ്ങളും ആഘോഷങ്ങളും നടന്നിരുന്നത് പതിവാണെന്നം അതില്‍ സന്യാസിമാരും സഞ്ചാരികളും അടക്കം പലരും പങ്കെടുത്തിരുന്നുവെന്നും അത് പതുക്കെ പതുക്കെ നാല് പുണ്യനദികളുടെ തീരത്തുള്ള കുംഭമേളകളായി മാറുകയായിരുന്നുവെന്നുമാണ് ‘തീര്‍ത്ഥയാത്രകളെ’കളെ കുറിച്ച് പഠിക്കുന്ന ചരിത്രകാരനായ പ്രൊഫ.ഡി.പി ദുബേ പറയുന്നത്. സാധാരണക്കാര്‍ക്കും സന്യാസികള്‍ക്കും ഒരേപോലെ സംബന്ധിക്കാന്‍ കഴിയുന്ന ഒന്നായി ഇത് വികസിച്ചു. ഇത് തീര്‍ത്ഥാടനം എന്നതിനപ്പുറത്ത് പുതിയ ആശയങ്ങള്‍ പ്രചരിപ്പിക്കാനും സന്യാസിമാര്‍ക്ക് അനുയായികളെ സൃഷ്ടിക്കാനുള്ള അവസരവുമായി മാറിയെന്ന് അദ്ദേഹം പറയുന്നു. കാലാകാലങ്ങളില്‍ ഉത്സവത്തിനൊപ്പം കച്ചവടങ്ങളും വളര്‍ന്നു.
കുംഭമേളയിലെ ആചാരങ്ങള്‍
രണ്ട് രീതികളാണ് പ്രധാനമായും കുംഭമേളയില്‍ തീര്‍ത്ഥാടകര്‍ അനുഷ്ഠിച്ച് പോരുന്നത്. ഈ നാല്‍പ്പത്തിയഞ്ച് ദിവസത്തിനിടയില്‍ പ്രയാഗ്രാജിലെത്തി സംഗമത്തില്‍ മുങ്ങി കുളിച്ച് പാപമോചനം നേടി പോകുന്നവരാണ് ഒരു കൂട്ടര്‍. രണ്ടാമത്തെ തീര്‍ത്ഥാടകരാണ് കുംഭമേളയുടെ യഥാര്‍ത്ഥ ലക്ഷ്യം. അവര്‍ കല്‍പവാസികള്‍ എന്നറിയപ്പെടുന്നു. അവര്‍ നദീതീരത്ത് താമസിച്ച് പൊതുവേയുള്ള ജീവിതക്രമത്തില്‍ നിന്ന് വിട്ട് പൂജയും ദാനവുമായി ദിവസങ്ങളോളമോ ആഴ്ചകളോളമോ നീണ്ട പാപമോചനമാണ് നടത്തുക. അവരെ ലക്ഷ്യമിട്ടാണ് വിവിധ സന്യാസികളും ആചാര്യന്മാരും മഠങ്ങളും ആത്മീയ ഗുരുക്കളുമെല്ലാം കുംഭമേള പരിസരങ്ങളില്‍ തമ്പടിക്കുക. ഈ തീര്‍ത്ഥാടകര്‍ ഓരോ സന്യാസിമാരെ കണ്ട് അവരുടെ നിര്‍ദ്ദേശങ്ങളും ആജ്ഞകളും അനുസരിച്ച് പലവിധ പൂജാകര്‍മ്മങ്ങളും ദാനങ്ങളും ചെയ്യും. സഹിസ്നാന്‍ പോലുള്ള നീണ്ടുനില്‍ക്കുന്ന സ്നാനവിധികളെല്ലാം ഇതില്‍ പെടും. ചിലര്‍ നീണ്ട പ്രാര്‍ത്ഥനകളിലും അനുഷ്ഠാനങ്ങളിലും ഭാഗവാക്കാകും. ‘വിശുദ്ധര്‍’ എന്നറിയപ്പെടുന്ന ഈ കൂട്ടര്‍ക്ക് ശിഷ്യരും സമ്പത്തും വര്‍ദ്ധിക്കുന്ന കാലമാണ് കുംഭമേള.
ഒരുക്കങ്ങള്‍
25,000 കോടി രൂപയുടെ റവന്യൂ ലാഭം ഈ പൂര്‍ണ്ണ കുംഭമേള ഉത്തര്‍പ്രദേശിന് ഉണ്ടാക്കിക്കൊടുക്കുമെന്നും രണ്ട് ലക്ഷം കോടി രൂപയുടെ വിനിമയം ഈ കാലയളവിനുള്ളില്‍ നടക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. സ്വയം സഹായസംഘങ്ങള്‍, ഹോട്ടലുടമകള്‍, കരകൗശല വിപണനം നടത്തുന്നവര്‍, ഹോംസ്റ്റേ ബിസിനസുകാര്‍, ഭക്ഷണവിപണി തുടങ്ങി പ്രാദേശികമായി വലിയ വാണിജ്യമെച്ചം ഈ കാലത്ത് ഉണ്ടാകുമെന്നിവര്‍ കണക്കുകൂട്ടുന്നു. ഡാബര്‍, മദര്‍ ഡയറി, ഐ.റ്റി.സി തുടങ്ങിയ സ്ഥാപനങ്ങള്‍ 3000 കോടിയിലേറെ ഇവിടെ ചെലവഴിച്ച് കഴിഞ്ഞുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കുംഭമേളയുടെ പ്രദേശങ്ങളെ യു.പിയുടെ 76-ാം ജില്ലയായി പരിഗണിച്ചാണ് ഒരുക്കങ്ങള്‍ നടത്തുന്നത്. 4,000 ഹെക്ടര്‍ പ്രദേശത്താണ് ഇവിടെ ടെന്റുകള്‍ ഒരുങ്ങുന്നത്. 1,60,000 ടെന്റുകള്‍ തയ്യാറാണ്. ഇതില്‍ത്തന്നെ 2,200 ടെന്റുകള്‍ ലക്ഷ്വറി ടെന്റുകളാണ്. 329 എ.ഐ ക്യാമറകള്‍ അടക്കം 10,000 സി.സി റ്റിവി ക്യാമറകര്‍ ഈ പ്രദേശങ്ങള്‍ നിരീക്ഷിക്കും. ഈ മേഖലയില്‍ 56 പോലീസ് സ്റ്റേഷനുകളും 133 പോലീസ് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 67,000 തെരുവ് വിളക്കുകള്‍, 1,249 കിലോമീറ്റര്‍ നീളത്തില്‍ ജനവിതരണ പൈപ്പുകള്‍, തീര്‍ത്ഥാടകര്‍ക്കായി 7,000 ബസുകള്‍, സ്നാനത്തിനിറങ്ങാന്‍ 16 ഘാട്ടുകള്‍ എന്നിവ തയ്യാറാണ് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി തടസപ്പെടാതിരിക്കാനുള്ള സൗകര്യങ്ങള്‍, 100 പ്രത്യേക തീവണ്ടികള്‍, വിമാനത്താവളത്തിനും കുംഭമേള മേഖലയ്ക്കും ഇടയില്‍ പ്രത്യേക വാഹനങ്ങള്‍, പാര്‍ക്കിങ് കേന്ദ്രങ്ങള്‍ എന്നിങ്ങനെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അടുത്ത 45 ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ടെല്ലാം പ്രയാഗ് രാജ് കേന്ദ്രീകരിച്ചാകും.maha kumbh melap humanity’s largest gathering, begins in prayagraj
Content Summary: maha kumbh mela humanity’s largest gathering, begins in prayagraj