UPDATES

Op-ed

‘ഞാന്‍ ഇനി ഇല്ല’ എന്നു പറഞ്ഞ മമ്മൂട്ടിയും രാജിവച്ച മോഹന്‍ലാലും

പ്രതിസന്ധിയുടെ ആദ്യഘട്ടത്തില്‍ മമ്മൂട്ടി സംഘടന ചുമതലയില്‍ നിന്ന് മാറി, പ്രതിസന്ധി അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയ സമയത്ത് മോഹന്‍ലാലും

                       

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ കുറ്റാരോപിതനായ നടനെ എഎംഎംഎ-യില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യമുണ്ടായി. എല്ലാവരുടേതുമായിരുന്നില്ല, വിരലില്‍ എണ്ണാവുന്ന ചില ചെറുപ്പക്കാര്‍ക്കു മാത്രമായിരുന്നു അങ്ങനെയൊരു നിലപാട്. അന്ന് എഎംഎംഎ-യുടെ പ്രസിഡന്റ് ഇന്നസെന്റായിരുന്നു. ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും. ദീലിപിനെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട ന്യൂനപക്ഷത്തിനൊപ്പം മമ്മൂട്ടി നിന്നതോടെയാണ് സംഘടനയില്‍ നിന്നും കുറ്റാരോപിതനായ വ്യക്തിക്ക് മാറേണ്ടി വന്നത്.

കുറ്റാരോപിതന് വേണ്ടി വാദിക്കാനും അയാള്‍ക്കൊപ്പം നില്‍ക്കാനും എംഎംഎംഎ-യിലെ, അതായത് മലയാള സിനിമയിലെ അതികായന്മാരെല്ലാം ഒറ്റക്കെട്ടായിരുന്നു. അവര്‍ക്കെതിരേ നിന്നവര്‍ സിനിമയില്‍ അത്രവലിയ അനുഭവ പരിചയമില്ലാത്തവരും, സംഘടനയില്‍ സ്വാധീനം കുറഞ്ഞവരുമായിരുന്നു. സംഘബലം കുറഞ്ഞവരുടെ ആവശ്യത്തില്‍ ന്യായം ഉണ്ടെന്നു മനസിലാക്കിയാണ്, മറ്റെല്ലാ എതിര്‍പ്പുകളും അവഗണിച്ച് കുറ്റാരോപിതനായ വ്യക്തിയെ പുറത്താക്കുന്നു എന്ന തീരുമാനം മമ്മൂട്ടിയുടെ നേതൃത്വത്തില്‍ എടുക്കുന്നത്.

അന്ന് കോടതി സമക്ഷം ബാലന്‍ വക്കീലിലെ രംഗം ഷെയര്‍ ചെയ്ത് പരിഹാസം, ഇനി യഥാര്‍ത്ഥ കേസും കോടതിയും

മലയാള സിനിമയില്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയാണ് മമ്മൂട്ടിയെന്ന തരത്തില്‍ പറഞ്ഞു കേട്ടിരുന്നു. ഒരു കാരണവര്‍ സ്ഥാനം അദ്ദേഹത്തിന് സിനിമലോകം കല്‍പ്പിച്ച് നല്‍കിയിട്ടുണ്ടെന്നൊക്കെയായിരുന്നു പറച്ചില്‍. സിനിമ മേഖലയെ സംബന്ധിച്ച് സുപ്രധാനമായൊരു തീരുമാനം എടുത്തതിന് പിന്നാലെ ആ ധാരണകളൊക്കെയും തെറ്റി. മമ്മൂട്ടിയെ പോലും ചോദ്യം ചെയ്യാന്‍ തക്ക പ്രബലമായ സംഘം അവിടെയുണ്ടെന്ന് പൊതു ജനത്തിന് മനസിലായി.

2017 ലെ ആ ക്രൂരതയ്ക്ക് മുമ്പ് എന്തായിരുന്നോ അതായിരുന്നില്ല പിന്നീട് കേരള സമൂഹത്തിന് മലയാള സിനിമ ലോകം. അബാദ് പ്ലാസയില്‍ വര്‍ഷത്തിലൊരിക്കല്‍ സിനിമാതാരങ്ങളൊക്കെയും ഒത്തുകൂടി ഭക്ഷണവും കഴിച്ചും ഗ്രൂപ്പ് ഫോട്ടോയും എടുക്കുന്നതായിരുന്നു സാമാന്യ ജനത്തെ സംബന്ധിച്ച് ‘എഎംഎംഎ’. അതിനപ്പുറം സിനിമ ലോകത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരും താത്പര്യപ്പെട്ടിരുന്നില്ല.

ഒരു പെണ്‍കുട്ടി സമാനതകളില്ലാത്തവിധം ആക്രമിക്കപ്പെട്ടതോടെയാണ് സിനിമയെന്ന കോട്ടയുടെ ചുമരുകളില്‍ വിള്ളല്‍ വീണതും അകത്ത് നടക്കുന്നതൊക്കെയും ജനം കാണാന്‍ തുടങ്ങിയതും. മലയാള സിനിമയെ സംബന്ധിച്ചും താര സംഘടനയെ സംബന്ധിച്ചും ഏറെ സങ്കീര്‍ണമായൊരു കാലഘട്ടത്തിലായിരുന്നു മമ്മൂട്ടി എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി എന്ന പ്രധാനപ്പെട്ട സ്ഥാനം വഹിച്ചിരുന്നത്. അവിടെയിരുന്നുകൊണ്ട് അനുയോജ്യമായൊരു തീരുമാനം അദ്ദേഹം എടുക്കുകയും ചെയ്തു. എന്നാല്‍ അതോടെയാണ്, മമ്മൂട്ടിയും പലതിനും പലര്‍ക്കും താഴെയാണ് നില്‍ക്കുന്നതെന്ന് തെളിഞ്ഞത്.

കുറ്റാരോപിതനെ പുറത്താക്കാനുള്ള തീരുമാനത്തിനെതിരേ രോഷം കൊണ്ടവര്‍ മമ്മൂട്ടിയെയും ചോദ്യം ചെയ്തു. പൃഥ്വിരാജിനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് മമ്മൂട്ടി കുറ്റാരോപിതനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്നായിരുന്നു ഗണേഷ് കുമാറിന്റെ ആക്ഷേപം. നടന്‍ സിദ്ദിഖും മമ്മൂട്ടിയുടെ തീരുമാനത്തെ പരസ്യമായി എതിര്‍ത്തു. ചിലര്‍ ഒറ്റയ്ക്കെടുത്ത തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു പല പ്രധാന നടന്മാരും പറഞ്ഞത്. സംഘടനയിലെ ബഹുഭൂരിപക്ഷം പേരും ആരോപണവിധേയനൊപ്പവും, ആക്രമിക്കപ്പെട്ട അഭിനേത്രിയെ പിന്തുണയ്ക്കുന്ന ചെറിയ വിഭാഗം മറു വശത്തും നില്‍ക്കുമ്പോള്‍ സ്വാഭാവികമായി കരുതിയത് ഭൂരിപക്ഷാഭിപ്രായം വിജയിക്കുമെന്നായിരുന്നു. സമൂഹത്തിലെ എതിര്‍പ്പുകള്‍ കാര്യമാക്കേണ്ട, കോടതി പറയട്ടെ കുറ്റക്കാരനാണെന്ന്, അപ്പോള്‍ പുറത്താക്കാം തുടങ്ങിയ ന്യായങ്ങളും വാദങ്ങളുമായിരുന്നു കൂടുതല്‍ പേര്‍ക്കും. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചായിരുന്നു കുറ്റാരോപിതനെ പുറത്താക്കാന്‍ അന്നത്തെ എക്സിക്യൂട്ടീവ് തീരുമാനിക്കുന്നത്. പുറത്താക്കല്‍ ഏകപക്ഷീയമായ തീരുമാനത്തിലൂടെയായിരുന്നുവെന്നും, ആരുടെയെങ്കിലും വ്യക്തിപരമായ ആവശ്യത്തിന് പുറത്തായിരുന്നില്ലെന്നും എക്സിക്യൂട്ടീവ് അംഗങ്ങള്‍(മമ്മൂട്ടി ഉണ്ടായിരുന്നില്ല) പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചിരുന്നു. മമ്മൂട്ടിയുടെയും കൂടി സമ്മതമില്ലാതെ അങ്ങനെയൊരു തീരുമാനം ഉണ്ടാകാന്‍ വഴിയില്ലായിരുന്നു.

മോഹന്‍ലാലിനോടാണ്;  ഈ രാജിയോടെ സ്വന്തം റോള്‍ കഴിഞ്ഞെന്ന് കരുതരുത്

ഭൂരിപക്ഷത്തെ പിണക്കാതെ വേണമെങ്കില്‍ മമ്മൂട്ടിക്ക് നിലപാട് എടുക്കാമായിരുന്നു. ക്രിസ്തുവിന് പകരം ബറാബസിനെ മോചിപ്പിച്ചപ്പോഴും ഭൂരിപക്ഷത്തിന്റെ ആവശ്യം എന്നതായിരുന്നല്ലോ ന്യായം. എന്നിട്ടും മമ്മൂട്ടി മറിച്ച് ചിന്തിച്ചു. അദ്ദേഹം തന്റെ നിലപാടുകളില്‍ ഉറച്ച് നിന്നതായി ജനം കരുതി.

കഥ മാറിയത് പെട്ടെന്നായിരുന്നു. വിവാദങ്ങളും വിമര്‍ശനങ്ങളും സംഘടനയെ പിടിമുറിക്കിയിരിക്കുന്ന സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരണമെന്ന ആവശ്യം നിരാകരിച്ച് മമ്മൂട്ടി എല്ലാത്തില്‍ നിന്നും ‘ഒഴിഞ്ഞു’. ഒരിക്കല്‍ കൂടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള ആവശ്യത്തോട് ‘ഞാന്‍ ഇനി ഇല്ല’ എന്നു പറഞ്ഞൊഴിഞ്ഞു. ഒരുപക്ഷേ മാനക്കേട് ഭയന്നിരിക്കാം. ഒരിക്കല്‍ താന്‍ കൂടി ഭാഗമായൊരു തീരുമാനത്തില്‍ പുറത്താക്കിയ ആളെ, സംഘടന തിരിച്ചെടക്കുമ്പോള്‍(അതും മാപ്പ് അപേക്ഷിച്ച് തിരികെ വിളിക്കുന്നപോല്‍) ആരായാലും അപമാനിക്കപ്പെടും. കുറ്റാരോപിതന്റെ തിരിച്ചു വരവ് പലരും ആഘോഷിച്ചപ്പോള്‍ അവര്‍ക്ക് മുന്നില്‍ ഇളിഭ്യനായി നില്‍ക്കാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനമായും ‘ഇനി ഞാന്‍ ഇല്ല’ എന്ന സ്റ്റേറ്റ്മെന്റിനെ കാണാം.

ഇപ്പോള്‍ ഉണ്ടായിരിക്കുന്നതിനേക്കാള്‍ വലിയ പ്രതിസന്ധികള്‍ അന്ന് നടന്നേക്കാമായിരുന്നു. നമ്മളെല്ലാവരും കൂടി ഉണ്ടാക്കിയ സംഘടന തകരരുതെന്നായിരുന്നു മമ്മൂട്ടിയുടെ അഭ്യര്‍ത്ഥന. തങ്ങള്‍ കീഴടങ്ങിയില്ലെങ്കില്‍ സംഘടന തകര്‍ന്നേക്കാമെന്ന ഭയം മമ്മൂട്ടിക്കും ഇന്നസെന്റിനും ഉണ്ടായിരുന്നിരിക്കാം. എഎംഎംഎ ഒരു വെല്‍ഫെയര്‍ സംഘടന മാത്രമല്ല, അതൊരു അധികാര കേന്ദ്രം കൂടിയാണ്. സിനിമയില്‍ തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍, താത്പര്യം സംരക്ഷിക്കാന്‍ സ്ത്രീകളെ ചൂഷണം ചെയ്യാനൊക്കെ ഈ സംഘടന വേണമെന്ന് കരുതിയവരുണ്ടായിരുന്നു. എതിരാളികളുടെ സമ്പൂര്‍ണ നാശത്തിനു വേണ്ടിയും ഈ സംഘടനയെ ഉപയോഗപ്പെടുത്താന്‍ തുനിഞ്ഞവരുമുണ്ട്. ഇന്നതൊക്കെ തെളിവ് സഹിതം പുറത്തു വരുന്നു.

നടിമാര്‍ക്ക് ഗോഡ്ഫാദര്‍ വേണ്ടാത്ത കാലം വരണം

മമ്മൂട്ടിയൊഴിഞ്ഞ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നത് ഇടവേള ബാബുവായിരുന്നു. ബാബു മാറിയപ്പോള്‍ പകരം സിദ്ദിഖ് വന്നു. കൈനീട്ടം കൊടുക്കാനും ക്ഷേമ പെന്‍ഷന്‍ കൊടുക്കാനും, താര നിശകള്‍ നടത്തി പണം പിരിക്കാനും വേണ്ടിയൊരു ക്ലബ്ബ് എന്നതായിരുന്നില്ല സംഘടനയുടെ രൂപീകരണത്തിന് പിന്നിലെ ലക്ഷ്യം. അംഗങ്ങളുടെ തൊഴില്‍പരവും വ്യക്തിപരവുമായ അച്ചടക്കം ഉറപ്പ് വരുത്തുന്നതില്‍ വരെ സംഘടനയ്ക്ക് പങ്കുണ്ടാകണമെന്ന് അതിന് രൂപം കൊടുത്തവര്‍ മനസില്‍ കണ്ടിരുന്നു. യോഗ്യത നിര്‍ണയ സമിതി സ്‌ക്രീനിംഗ് നടത്തി ഏകകണ്ഠമായി നല്‍കേണ്ടതാണ് സംഘടനയില്‍ അംഗത്വമെന്നായിരുന്നു തീരുമാനം. അവിടെ നിന്നാണ് ‘ അഡ്‌ജെസ്റ്റ്‌മെന്റിന് തയ്യാറായാല്‍’ ഫീസ് പോലും വേണ്ടാതെ അംഗത്വം കൊടുക്കും, സഹകരിച്ചില്ലെങ്കില്‍ അംഗത്വവുമില്ല എന്ന ലൈനിലേക്ക് കാര്യങ്ങളെത്തിയത്.

‘ഈ ഇന്‍ഡസ്ട്രിയില്‍ ചിലര്‍ ആവശ്യപ്പെട്ടാല്‍ എന്തും കിട്ടും, ബാക്കി ചിലര്‍ എന്താവശ്യപ്പെട്ടാലും കിട്ടില്ല’

ഈ സംഘടനയുടെ രൂപീകരണ കാലത്തും ഇപ്പോഴും സജീവമായി സിനിമയില്‍ നില്‍ക്കുന്ന രണ്ടു പേരെയുള്ളു, മമ്മൂട്ടിയും മോഹന്‍ലാലും. പ്രതിസന്ധിയുടെ ആദ്യഘട്ടത്തില്‍ മമ്മൂട്ടി സംഘടന ചുമതലയില്‍ നിന്ന് മാറി, പ്രതിസന്ധി അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയ സമയത്ത് മോഹന്‍ലാലും. ഇവരോളം സ്വീകാര്യത സിനിമ മേഖലയിലും പൊതുസമൂഹത്തിലുമുള്ള താരങ്ങള്‍ വേറെയില്ല. അങ്ങനെയുള്ള രണ്ട് പേര്‍ ഓരോരോ ഘട്ടത്തില്‍ സംഘടനയെ ഉപേക്ഷിച്ചു പോകുന്നത് ആ കലാ മേഖലയോട് തന്നെ കാണിക്കുന്ന നീതി കേടാണ്. ഇനി ഞാന്‍ ഇല്ല എന്ന് മമ്മൂട്ടി പറയുമ്പോഴും, മോഹന്‍ലാല്‍ രാജി വയ്ക്കുമ്പോഴും വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത് നിരാശയില്‍ നിന്നാണ്. എല്ലാത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതാണ് നല്ലതെന്ന് ഇവരുടെ ആരാധകര്‍ക്ക് തോന്നിയേക്കാം, പക്ഷേ സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കോ? സിനിമ മാത്രമല്ല വിഷയം, ഇവിടെ നീതിയുടെ ഭാഗം കൂടിയുണ്ട്. ഈ സംഘടന കൊണ്ട് മുറിവേറ്റ് ചിലരുണ്ട്. അവരോട് പ്രായശ്ചിത്തം ചെയ്യണം. തെറ്റുകള്‍ തിരുത്തണം. അതിനു വേണ്ടി മുന്‍ നിരയില്‍ ഉണ്ടാകേണ്ടിയിരുന്നവര്‍, ബാക്കി കാര്യങ്ങളെല്ലാം മറ്റുള്ളവര്‍ നോക്കട്ടെ എന്ന് തീരുമാനമെടുത്താല്‍ ചരിത്രം അവരെ ഒറ്റുകാരെന്ന് കുറ്റപ്പെടുത്തും.  mammootty and mohanlal amma setback hema committee report

Content Summary; mammootty and mohanlal amma setback hema committee report

Share on

മറ്റുവാര്‍ത്തകള്‍