February 14, 2025 |
Avatar
അമർനാഥ്‌
Share on

ഡിസിപ്ലിന്‍ എന്ന കഥയും കഥാകാരനും

അധികാരത്തിന്റെ ഡിസിപ്ലിനിനെ തോല്‍പ്പിച്ച കഥ

നാല്‍പ്പതു വര്‍ഷം മുന്‍പ്, ഇതേ ദിവസം കോഴിക്കോട്ടെ കിഡ്‌സണ്‍ കോര്‍ണറില്‍ എം.ടി. വാസുദേവന്‍ നായര്‍ ജനക്കൂട്ടത്തിനെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. ഒരു എഴുത്തുകാരനെ കഥയെഴുതിയതിന് ശിക്ഷാ നടപടിയെടുത്ത അധികാരികളുടെ നീതിരാഹിത്യത്തെ, എം.ടി ചോദ്യം ചെയ്തു. എഴുത്തുകാരന്റെ ആവിഷ്‌കാര സ്വതന്ത്ര്യത്തിനെ നിഷേധിച്ചതിനുള്ള കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധം അന്ന് അവിടെ ആരംഭിക്കുകയായിരുന്നു.

നാല് പതിറ്റാണ്ട് മുന്‍പ്, കഥയെഴുതിയതിന് ഒരു എഴുത്തുകാരനെ ക്രൂശിക്കാന്‍ ശ്രമിച്ചതിനെതിരെ സാംസ്‌കാരിക കേരളം പ്രതിഷേധിച്ച് അധികാരികള്‍ക്കെതിരെ അക്ഷര യുദ്ധം നടത്തി ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വിജയം നേടിയ കഥയാണിത്.

ഒരു മാസികയില്‍ കഥയെഴുതിയതിന് മലബാര്‍ സെപ്ഷ്യല്‍ പോലീസിന്റെ ആസ്ഥാനത്ത് ഗുമസ്ഥനായ മണമ്പൂര്‍ രാജന്‍ ബാബു എന്ന എഴുത്തുകാരനെ ജോലിയില്‍ നിന്ന് മേലധികാരികള്‍ സസ്‌പെന്‍ഡ് ചെയ്തു.. കഥയില്‍ പോലീസ് സേനയെ ആക്ഷേപിക്കുന്നു എന്നാരോപിച്ചായിരുന്നു ഈ നടപടി.

ഒരു കഥയെഴുതിയതിന് മേലധികാരികള്‍ കഥാകൃത്തിന്റെ മേല്‍ ശിക്ഷണ നടപടിയെടുത്തു. കഥാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനെതിരെ സാംസ്‌കാരിക കേരളവും എഴുത്തുകാരും പ്രതിഷേധിച്ച് അക്ഷര യുദ്ധം തന്നെ നടത്തി. ഒടുവില്‍, അധികാരം മുട്ടുകുത്തി. കലാകാരനും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും തന്നെ ജയിച്ചു. പിരിച്ച് വിടാനൊരുങ്ങിയ ഉത്തരവ് പിന്‍വലിച്ച് മണമ്പൂര്‍ രാജന്‍ ബാബുവിനെ അധികാരികള്‍ ജോലിയില്‍ തിരിച്ചെടുത്തു.

manamboor rajan babu

മണമ്പൂർ രാജൻ ബാബു

നാല് പതിറ്റാണ്ട് മുന്‍പ്, 1985 ജനുവരി 19, ഇതേ ദിവസം. സായാഹ്നത്തില്‍ കോഴിക്കോട് തെരുവിലെ കിഡ്‌സണ്‍ കോര്‍ണറിലാണ് രാജന്‍ ബാബുവിനെ ഒരു കഥയെഴുതിയതിന് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ ആദ്യ പ്രതിഷേധം മുഴങ്ങിയത്.

‘ഒരു ചെറുപ്പക്കാരന്‍ ഒരു കഥയെഴുതി. അപ്പോള്‍ ചില ആളുകള്‍ പറയുകയാണ്. അത് അവരെ പറ്റിയാണെന്ന്. മനുഷ്യനെ പറ്റി കഥയെഴുതുമ്പോള്‍ അതൊക്കെ തന്നെ പറ്റിയാണെന്ന് ജനം കരുതുന്നതാണ് ഒരു സാഹിത്യകാരന്റെ വിജയം. മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഐ. എ. എസ്. ഓഫീസറായിരിക്കേ, ഔദ്യോഗിക രംഗത്തെ തീര്‍ത്തും തുറന്നു കാട്ടുന്ന ‘യന്ത്രം’ എന്ന നോവലെഴുതി. അന്നെന്തേ ഒന്നും ചെയ്തില്ല? ഇത്തരം പ്രതികാര നടപടികള്‍ ഒരു ജനതക്കും ഭൂഷണമല്ല. വാക്കുകള്‍ അളന്നു തൂക്കി മാത്രം ഉപയോഗിക്കുന്ന എം.ടി. വാസുദേവന്‍ നായരാണ് ഈ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചത്. മണമ്പൂര്‍ രാജന്‍ ബാബുവുമായി അത് വരെ ഒരു വ്യക്തിബന്ധവുമില്ലാത്ത എം.ടി. സ്വന്തം നിലയ്ക്ക് കാറില്‍ വന്നാണ് തെരുവിലെ തന്റെ ആദ്യത്തെ പ്രസംഗം ചെയ്തത്. സാഹിത്യകാരന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമായതിനാലാണ് വാക്കുകളിലൂടെ വിസ്മയം തീര്‍ക്കുന്ന എം.ടി. ആദ്യമായി തെരുവില്‍ പ്രസംഗിക്കാന്‍ വന്നത്. അതിന് സാക്ഷ്യം വഹിക്കാന്‍ സി.വി.ശ്രീരാമന്‍, പി. വത്സല, എന്‍.പി. മുഹമ്മദ്, പി. ആര്‍ നാഥന്‍, എം. കുട്ടികൃഷ്ണന്‍, തിക്കൊടിയന്‍, കെ.ടി മുഹമ്മദ് ഡോ. എം.എസ്. മേനോന്‍, തായാട്ട് ശങ്കരന്‍, തുടങ്ങിയവര്‍ വേദിയില്‍ ഇരിപ്പുണ്ടായിരുന്നു. പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തെരുവില്‍ വന്‍ ജനക്കൂട്ടവും.

കലാകൗമുദി ഗ്രൂപ്പ് പുറത്തിറക്കുന്ന ‘കഥ’ മാസികയുടെ 1984 ജൂണ്‍ ലക്കത്തിലാണ് രാജന്‍ ബാബു എഴുതിയ ‘ഡിസിപ്ലിന്‍’ എന്ന ചെറുകഥ അച്ചടിച്ച് വന്നത്. കഥയുടെ ഉള്ളടക്കം എം.എസ്.പി യിലെ മേലധികാരികളെ പ്രകോപിപ്പിച്ചു. മേലാവില്‍ നിന്ന് കഥാകൃത്തിനോട് വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം കൊടുത്തത് ഏമ്മാന്‍മാര്‍ക്ക് ബോധിച്ചില്ല. അങ്ങനെ രാജന്‍ ബാബുവിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.’

kadha

വിവാദമായ കഥ വന്ന “കഥ” മാസിക ലക്കം

യഥാര്‍ത്ഥത്തില്‍ രാജന്‍ ബാബു ഒരു കവിയാണ്, കഥാകാരനല്ല. 1981 മുതല്‍ പ്രചാരത്തിലുള്ള ‘ഇന്ന്’ എന്ന ഇന്‍ലന്റ് മാസികയുടെ സ്ഥാപക പത്രാധിപര്‍ കൂടിയാണ് മണമ്പൂര്‍ രാജന്‍ ബാബു. ട്വിറ്ററും, ഇന്‍സ്റ്റഗ്രാമും, വാട്ട്‌സാപ്പും തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ അരങ്ങ് വാഴുന്ന ഈ ഇന്റര്‍നെറ്റ് യുഗത്തിലും ഒരു ഇന്‍ലന്റ് വലുപ്പത്തിലുള്ള ‘ഇന്ന്’ ഇന്‍ലന്റ് മാസിക പതിനായിരത്തിലധികം വരിക്കാരുമായി 44 വര്‍ഷം പിന്നിട്ട്, ഒരു അത്ഭുതമായി മലയാള സാഹിത്യ രംഗത്ത് നില്‍ക്കുന്നുണ്ട്. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയാണ് ‘ഇന്ന്’ മാസികയുടെ ഒരു ദൗത്യം. 500 ലക്കം പൂര്‍ത്തിയാക്കിയ ലോകത്തിലെ ആദ്യത്തെ ഇന്‍ലന്റ് മാസികയാണ് ‘ഇന്ന് ‘.

discipline

ഒരു കവിയായ രാജന്‍ ബാബു, താന്‍ ജോലി ചെയ്യുന്ന മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ ആസ്ഥാന ഓഫീസില്‍ നടക്കുന്ന മനുഷ്യത്വരഹിതവും നീതിവിരുദ്ധവുമായ നടപടികള്‍ കണ്ട് ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രതികരിച്ച് ആ കഥ എഴുതിയെന്ന് മാത്രം. നേരത്തെ തന്നെ ക്യാമ്പിലെ കീഴ് ജീവനക്കാരെ അവര്‍ക്ക് ലഭിക്കുന്ന മെമോകള്‍ക്ക് വിശദീകരണം എഴുതി മറുപടി കൊടുത്തു രാജന്‍ ബാബു സഹായിച്ചിരുന്നത് അവിടത്തെ മേലാളന്മാര്‍ക്ക് ദഹിച്ചിരുന്നില്ല. തുച്ഛ ശമ്പളക്കാരായ ക്യാമ്പ് ഫോളോവര്‍ എന്നൊരു വിഭാഗം പോലീസ് വകുപ്പിലുണ്ട്. തൂപ്പുകാര്‍, വെള്ളം കോരുന്നവര്‍, ചെരുപ്പുകുത്തികള്‍, അലക്കുകാര്‍, ക്ഷുരകന്‍, തുടങ്ങിയ ജോലികള്‍ ചെയ്യുന്ന ഈ വിഭാഗം പോലീസ് സേന തമ്പടിക്കുന്ന സ്ഥലങ്ങളില്‍ അവരെ അനുഗമിക്കും എന്നതിനാലാണ് ക്ലാമ്പ് ഫോളോവര്‍ എന്ന് അവരെ വിളിക്കുന്നത്.

ഡ്യൂട്ടിയുടെ കാര്യം വരുമ്പോള്‍ ഒന്നാം വിഭാഗത്തിലും ആനൂകൂല്യങ്ങളുടെ കാര്യം വരുമ്പോള്‍ അവരെ ഏറ്റവും താഴത്തെതായും പരിഗണിക്കും. ഇവര്‍ക്ക് തങ്ങള്‍ നേരിടുന്ന ശിക്ഷണ നടപടികളുടെ ഭാഗമായി വിശദീകരണം വേണ്ടി വരുമ്പോള്‍ അവര്‍ക്ക് അത് സ്വന്തം കൈപ്പടയില്‍ മലയാളത്തില്‍ തന്നെ എഴുതി കൊടുത്ത രാജന്‍ ബാബുവിന്റെ മാനുഷ്യകത ഇഷ്ടപ്പെടാത്തവര്‍ ആ ഓഫീസില്‍ ഉണ്ടായിരുന്നു. ഈ അവശ വര്‍ഗത്തിന്റെ കഷ്ടപ്പാടുകള്‍ നന്നായി മനസിലാക്കിയിരുന്ന രാജന്‍ ബാബു അവരുടെ ദുരിതങ്ങള്‍ പ്രതിപാദിക്കുന്ന ഒരു കവിത തന്നെ എഴുതിയിട്ടുണ്ട്. കവിതയുടെ പേര് ‘ക്യാമ്പ് ഫോളോവേഴ്‌സ്’ എന്നു തന്നെ.

rajan babu

രാജന്‍ ബാബുവിന്റെ ഡിസിപ്ലിന്‍ എന്ന മിനിക്കഥയില്‍ ആരേയും പേരെടുത്ത് പറഞ്ഞിരുന്നില്ല. അതൊരു ഉദാത്തമായ കഥയുമായിരുന്നില്ല. അവസാന വരികളില്‍ താന്‍ ജോലി ചെയ്യുന്ന ഓഫീസിനെ സൂചിപ്പിക്കുന്ന അപൂര്‍ണമായ വരികള്‍ ഉണ്ട് എന്നത് മാത്രമാണ് ഇതിലെ വിമര്‍ശനം എന്ന് വിളിക്കാവുന്ന, അങ്ങനെ വിളിക്കാമെങ്കില്‍ ഒരു ചെറിയ കുറ്റം. വേണമെങ്കില്‍ ഒരു ഔദ്യോഗിക താക്കീതില്‍ നിറുത്തേണ്ട കാര്യം മാത്രം. എന്നാല്‍, മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ കമാന്‍ഡന്റ് ഡി.ഐ.ജി. കെ. ജെ. ജോസഫ് ചിന്തിച്ചത് മറിച്ചായിരുന്നു. സായുധ സേനയിലെ അച്ചടക്കം പ്രപഞ്ചനിയമം പോലെ അലംഘനീയമാണെന്ന് അദ്ദേഹം കരുതി. ആ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ രാജന്‍ ബാബു നല്‍കിയ വിശദീകരണം തള്ളി, രാജന്‍ ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തു.

മലബാറിലെ കാര്‍ഷിക സ്വാതന്ത്ര്യ കലാപങ്ങളെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച അര്‍ദ്ധസൈനിക സേനയാണ് മലബാര്‍ സ്‌പെഷല്‍ പോലീസ് സ്വാതന്ത്ര്യ നിഷേധവും മനുഷ്യത്വരാഹിത്യവും അതിന്റെ ജന്മസ്വഭാവമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടിട്ടും അത് തുടരുന്നു എന്ന് ഈ സംഭവം വ്യക്തമാക്കി.

ടിവി ചാനലുകളില്ലാത്ത കാലത്ത് രാജന്‍ ബാബുവിന്റെ സസ്‌പെന്‍ഷന്‍ ഇന്ത്യയൊട്ടുക്കു അറിയിച്ചത് ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. ഗോവിന്ദന്‍ കുട്ടിയായിരുന്നു. ഗോവിന്ദന്‍കുട്ടി ഇംഗ്ലീഷിലും മലയാളത്തിലും മനോഹരമായി എഴുതുന്ന മുതിര്‍ന്ന പത്രപവര്‍ത്തകന്‍. പിന്നിട് ടി.എന്‍. ശേഷന്റെ ഒന്നാന്തരം ജീവചരിത്രമെഴുതിയ ആള്‍.
”Dismissal to throttle A writters voice” എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ ആദ്യ പേജില്‍ ഗോവിന്ദന്‍കുട്ടി എഴുതിയ വാര്‍ത്ത ആഭ്യന്തര വകുപ്പിനെ കിടിലം കൊള്ളിച്ചു. ഗോവിന്ദന്‍കുട്ടിക്ക് ഇത് പുത്തിരിയല്ല. പണ്ട് ഡല്‍ഹിയില്‍ വെച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ റോഡ് പണിയുന്ന സൈന്യത്തിന്റെ ഒരു വിഭാഗത്തിന് പട്ടാളത്തിന്റെ ആനുകൂല്യം കൊടുക്കാതെ.(BRO) പട്ടാളത്തിന്റെ അച്ചടക്ക നടപടികള്‍ മാത്രം നടപ്പിലാക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തിയ സുനില്‍ എന്ന മലയാളി ചെറുപ്പക്കാരന് വേണ്ടി ഗോവിന്ദന്‍കുട്ടി ഡല്‍ഹി ഇന്ത്യന്‍ എക്‌സ്പ്രസ്സിലൂടെ പട്ടാള അധികൃതരുമായി ഒരിക്കല്‍ എറ്റുമുട്ടിയതാണ്.

Govindankutty

ഇന്ത്യൻ എക്സ്പ്രസ് ബ്യൂറോ ചീഫ് കെ. ഗോവിന്ദൻ കുട്ടി

തൃശൂരില്‍ നിന്ന് രാജന്‍ ബാബുവിനെ കാണാനെത്തിയ മുല്ലനഴി, കവി രാവുണ്ണി, കഥാകാരന്‍ അശോകന്‍ ചെരുവില്‍ എന്നിവര്‍ സസ്‌പെന്‍ഷന്‍ വിവരങ്ങള്‍ അറിഞ്ഞ് രംഗത്തിറങ്ങി. ഈ മൂവര്‍ സംഘം കേരളത്തിലെ സകലമാന എഴുത്തുകാരേയും സാംസ്‌കാരിക കലാരംഗത്തുള്ളവരേയും ചെന്ന് കണ്ട് സസ്‌പെന്‍ഷനെതിരെ അഭിപ്രായ രൂപീകരണം നടത്തി. തൃശൂരില്‍ പുറപ്പെടുവിച്ച പ്രതിഷേധ പ്രസ്താവനയില്‍ സി. അച്യുത മേനോന്‍, വൈലോപ്പിള്ളി, സി. വി. ശ്രീരാമന്‍, മാടമ്പ് കുഞ്ഞുക്കുട്ടന്‍, കോവിലന്‍, സി.എല്‍ ജോസ്, ആറ്റൂര്‍ രവിവര്‍മ്മ, പവനന്‍, എസ്.കെ. വസന്തന്‍, ജി.കുമാര പിള്ള, കെ.ജി. ശങ്കരപ്പിള്ള, എം.ടി. വാസുദേവന്‍ നായര്‍, സുകുമാര്‍ അഴിക്കോട്. എന്‍.പി. മുഹമ്മദ്, ശോഭനാ പരമേശ്വരന്‍ നായര്‍, ആര്‍.എം. മനയ്ക്കലാത്ത്, എം.കെ. മാധവന്‍ നായര്‍, സിവിക്ക് ചന്ദ്രന്‍, ഡോ. കെ.കെ. രാഹുലന്‍, മല്ലനേഴി ,തുടങ്ങിയവരെല്ലാം ഒപ്പിട്ടു. ഈ പ്രസ്താവന കേരള സാംസ്‌കാരിക രംഗത്ത് കോളിളക്കമുണ്ടാക്കി. അനീതിയില്‍ ഒറ്റപ്പെട്ട ഒരു വ്യക്തിക്ക് സമൂഹം എത്ര സ്‌നേഹപരിലാളനകള്‍ നല്‍കും എന്നത് സാംസ്‌കാരിക കേരളം ബോധ്യപ്പെട്ട സംഭവമായിരുന്നു ഇത്.

എം.എസ്.പി യുടെ ആസ്ഥാനമായ മലപ്പുറത്ത് ‘എഴുത്തുകാരുടെ അവകാശ സംരക്ഷണ സമിതി’ രൂപം കൊണ്ടു. കൂടാതെ എന്‍.ജി.ഒ യൂണിയന്‍, പുരോഗമന കലാ സാഹിത്യ സംഘം തുടങ്ങിയവരെല്ലാം ഈ സാംസ്‌കാരിക മുന്നണിയില്‍ അണിനിരന്നു. ദേശഭിമാനി വാരികയില്‍ വി.കെ.എന്‍ ‘ബാബുഷ്‌കന്‍ വിഷയം’ എന്ന പേരില്‍ സസ്‌പെന്‍ഷനെ പരിഹസിച്ചു കൊണ്ട് ഒരു കഥയെഴുതി. കവി എന്‍.എന്‍. കക്കാട് ഈ സസ്‌പെന്‍ഷന്‍ വിഷയത്തില്‍ തന്റെ പേര് എവിടെയും ഉപയോഗിക്കാമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. രാജന്‍ ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എം.എസ്.പി യിലെ സഹപ്രവര്‍ത്തകര്‍ ഒരു ദിവസം പണിമുടക്കി, പിന്നീട് അവര്‍ക്ക് അധികാരികളില്‍ നിന്ന് പല ദ്രോഹങ്ങള്‍ നേരിടേണ്ടി വന്നു. ദേശാഭിമാനി വാരികയുടെ അക്കാലത്തെ എഡിറ്ററായ തായാട്ടു ശങ്കരന്‍ സസ്‌പെന്‍ഷനെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് ‘സാഹിത്യത്തിനെതിരെ പോലീസ് നടപടി’ എന്ന ലേഖനത്തില്‍ ഇങ്ങനെ എഴുതി.

Thayatt Sankaran

ദേശാഭിമാനി വാരികയുടെ എഡിറ്ററായിരുന്ന തായാട്ട് ശങ്കരൻ

‘മണമ്പൂര്‍ രാജന്‍ ബാബുവിന്റെ പേരിലുള്ള സസ്‌പെന്‍ഷന്‍ കല്‍പ്പന ഇനിയും പിന്‍വലിച്ചിട്ടില്ല. കേരളത്തിലെ സാംസ്‌കാരിക ജീവിതത്തില്‍ സജീവമായ പങ്കാളിത്തം വഹിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ഗവണ്‍മെന്റിന്റെ നടപടിയെ മുക്തകണ്ഠം ആക്ഷേപിച്ചിട്ടുണ്ട്. പക്ഷേ, ഇതൊന്നും അധികൃത സ്ഥാനത്തിന്റെ ബധിരമായ കര്‍ണങ്ങള്‍ തുറപ്പിച്ചിട്ടില്ല. കേരളത്തില്‍ സി.പി. ഭരണത്തിനെതിരെയായി പൊന്‍കുന്നം വര്‍ക്കി ഒരു നാടകമെഴുതി. പുസ്തകം നിരോധിക്കപ്പെട്ടു. അതിന്റെ കര്‍ത്താവിന് ജയില്‍ ശിക്ഷ കിട്ടി. പക്ഷേ, അത് കൊണ്ടും സി.പി. ഭരണം രക്ഷപ്പെട്ടില്ല.
മണമ്പൂര്‍ രാജന്‍ ബാബുവിനെതിരെ, അദ്ദേഹത്തിന്റെ കഥയുടെ പേരില്‍ ശിക്ഷാനടപടികളെടുത്തു എന്നതുകൊണ്ടു മാത്രം ആ കഥ വരച്ചു കാട്ടിയ ഔദോഗിക ബന്ധങ്ങള്‍ അങ്ങനെ അല്ലാതാവുന്നില്ല. തിരുത്തല്‍ ആവശ്യമായിട്ടുള്ളത് നമ്മുടെ സമൂഹത്തിലും ഭരണരീതിയിലും ആണ്. സാഹിത്യത്തെ നിയന്ത്രിക്കുന്നത് പോലീസ് നടപടി മൂലമാകരുത്.’ തായാട്ട് എഴുതി.

ഈ വിഷയത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചവര്‍ക്ക് തന്റെ ലേഖനത്തിലൂടെ ഒരു കൊട്ടു കൊടുക്കാനും തായാട്ട് മറന്നില്ല. ‘നമ്മുടെ തലമുതിര്‍ന്ന ചില സാഹിത്യ നായകന്മാരുണ്ട്. അവര്‍ക്ക് ഇതൊന്നും പ്രശ്‌നമല്ല. കാരണം കഥയെഴുതിയതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നടപടിയുണ്ടായത് റഷ്യയിലല്ലല്ലോ. റഷ്യയിലെ സാഹിത്യകാരന്മാരുടെ ‘സ്വാതന്ത്ര്യ’ത്തെ ചൊല്ലി അതീവ ശ്രദ്ധാലുക്കളാണവര്‍. നമ്മുടെ നാട്ടില്‍ എന്ത് നടന്നാലും അവര്‍ക്ക് പ്രശ്‌നമല്ല. ഉപരി വര്‍ഗ്ഗ താല്‍പ്പര്യത്തെ സ്പര്‍ശിക്കാത്തിടത്തോളം കാലം.’

അതിനിടെ രാജീവ് ഗാന്ധിയുടെ കേരള സന്ദര്‍ശനം പ്രമാണിച്ച് രാജന്‍ ബാബുവിനെ കരുതല്‍ തടങ്കല്‍ നിയമത്തിന് കീഴില്‍ തുറങ്കലിലടക്കാന്‍ നീക്കമുണ്ടായി. രാജന്‍ ബുവിന് നേരത്തെ വിവരം കിട്ടിയതിനാല്‍ അത് നടന്നില്ല. സസ്‌പെന്‍ഷന്‍ കിട്ടിയിട്ടും പാഠം പഠിക്കാത്ത രാജന്‍ ബാബുവിനെ താമസസ്ഥലമായ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇറക്കി വിടാന്‍ പോലീസ് അധികാരികള്‍ നോട്ടീസ് അയച്ചു.

കലാകൗമുദിയില്‍ വന്ന ‘നിലപാട്’ എന്ന ഒരു കവിതയായിരുന്നു രാജന്‍ ബാബു നല്‍കിയ അതിന്റെ മറുപടി,
‘തോമസ്! നിനക്കറിയുകില്ലെന്ന ഞാന്‍
വെറുമൊരാമാശയം എന്ന് നീ നിനയ്ക്കുന്നുവോ?
ആമാശയത്തിന്‍ വികാസ സങ്കോചങ്ങള്‍
നീ കുറിക്കും പോലെയല്ലെന്റെ ജീവനില്‍’
ഈ കവിത കണ്ടതോടെ എം.എസ്.പി അധികാരികള്‍ക്ക് ഹാലിളകി, തോമസ് ആര്? ഏതൊക്കെ പോലീസ് ഓഫീസര്‍മാരെക്കുറിച്ച് ഇതിലുണ്ട് എന്നന്വേഷണമായി. കവി ഉദ്ദേശിച്ച അര്‍ത്ഥം പിടി കിട്ടുന്ന ഏമാന്‍മാര്‍ എം.എസ്.പി ക്യാമ്പില്‍ ഇല്ലായിരുന്നു.

അഡ്വക്കേറ്റ് രാംകുമാര്‍, രാജന്‍ ബാബുവിന് വേണ്ടി പ്രതിഫലം വാങ്ങാതെ കോടതിയില്‍ ഹാജരായി ക്ലാര്‍ട്ടേഴ്‌സ് ഒഴിപ്പിക്കുന്നതിനെതിരെ സ്‌റ്റേ വാങ്ങി.

ഇതിനകം രാജന്‍ ബാബു മലയാറ്റൂര്‍ രാമകൃഷ്ണനുമായി ബന്ധപ്പെട്ടിരുന്നു. ഈ പ്രതിസസന്ധി മറികടക്കാന്‍ സിവില്‍ സര്‍വീസിലെ എഴുത്തുകാരനായ മലയാറ്റൂരിനറിയാത്ത വിദ്യകളൊന്നുമില്ല. മലയാറ്റൂര്‍ പറഞ്ഞു ‘ഇത് ഭാവനാസൃഷ്ടമായ ഒരു കഥ മാത്രമാണെന്ന് മറുപടി കൊടുക്കുക’ ‘അത് കൊടുക്കുകയും ചെയ്തു. പക്ഷേ, ഡിപ്പാര്‍ട്ട്‌മെന്റിന് കൊടുത്ത ഹര്‍ജികള്‍ അവഗണിക്കുകയോ തള്ളുകയോ ചെയ്തു. അതിനിടയില്‍ സെക്രട്ടറിയേറ്റിലുള്ള ഒരു സുഹൃത്ത് രഹസ്യമായി എഴുതി’ താങ്കളുടെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ നിദ്രയിലാണ്. നിദ്രവിട്ടുണരുന്നത് ജോലിയില്‍ നിന്നു പിരിച്ചു വിടാനുള്ള ഉത്തരവോടെയായിരിക്കും. ഉത്തരവ് എത്തുമ്പോള്‍ ഞെട്ടാതിരിക്കാനാണ് മുന്‍കൂട്ടി ഇതെഴുതുന്നത്.’ കത്ത് വായിച്ച രാജന്‍ ബാബു നടുങ്ങിയെങ്കിലും സമനില വീണ്ടെടുത്തു. സമയം തീര്‍ന്നില്ല ഇനിയുമുണ്ടല്ലോ എന്ന പ്രതീക്ഷയോടെ മുന്നോട്ട് തന്നെ പോവുക.

ഇതിനിടയില്‍ അക്ഷര കേരളം രാജന്‍ ബാബുവിന് വേണ്ടി ശബ്ദമയര്‍ത്തി. കലാകൗമുദിയില്‍ ‘അക്ഷരത്തിന്റെ അഭിമാനത്തിനേറ്റ അടി’ എന്ന് കവി രാവുണ്ണി ലേഖനമെഴുതി. എ. കെ. സാനു ദേശാഭിമാനി ദിനപത്രത്തില്‍ മുഖ്യമന്ത്രി കെ. കരുണാകരന് തുറന്ന കത്ത് എഴുതി. കലാകൗമുദി വാരിക ‘അക്ഷരങ്ങളെ കോടതി കേറ്റരുത് ‘ എന്ന് എഡിറ്റോറിയല്‍ എഴുതി.

മലബാര്‍ സ്‌പെഷ്യല്‍ പോലിസിന്റെ മലപ്പുറത്തെ ആസ്ഥാനത്തെ ഓഫീസിന് മുന്‍പില്‍ വെച്ച് പ്രതിഷേധ സൂചകമായുള്ള ചരിത്രമായ സാഹിത്യ ധര്‍ണ്ണ കോവിലന്‍ ഉദ്ഘാടനം ചെയ്തു. ‘ഒരു പൂര്‍ണ്ണ സൈനികനായ ഞാന്‍ തന്നെ വേണ്ടി വന്നല്ലോ ഈ അര്‍ദ്ധസൈനിക സേനയുടെ മുന്നിലുള്ള സാഹിത്യ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യാന്‍! എന്റെ വിധി! കര്‍മ്മവിധി! ഒരു കഥ എഴുതിയതിന്റെ പേരിലുള്ള ശിക്ഷ ഇത്രയൊക്കെ മതി. ഈ ചെറുപ്പക്കാരനെ വെറുതെ വിടുക. മലബാര്‍ സെപ്ഷ്യല്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരോട് അച്ചടക്കം എന്നും ശീലിച്ച ഒരു പൂര്‍ണ്ണ സൈനികന്റെ അപേക്ഷയാണിത്’ കോവിലന്റെ ഉറച്ച വാക്കുകള്‍ എം.എസ്.പി യെ പ്രകമ്പനം കൊള്ളിച്ചു.

malappuram protest

മലപ്പുറത്തെ എം.എസ്. പി. ആസ്ഥാനത്ത് നടത്തിയ പ്രതിഷേധയോഗം കോവിലൻ ഉൽഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

തുടര്‍ന്ന് പ്രതിഷേധം മലയാളക്കരയാകെ ഇരമ്പി. കണ്ണൂരില്‍ എം.എന്‍. വിജയന്‍ സാഹിത്യ ധര്‍ണ ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് ഡോ എന്‍.വി.പി. ഉണ്ണിത്തിരി, ഈയ്യങ്കോട് ശ്രീധരന്‍ പാലക്കാടും, സി.വി. ശ്രീരാമന്‍ തൃശൂരും , കോട്ടയത്ത് പവനനും, എറണാകുളത്ത് പയ്യപ്പിള്ളി ബാലനും, കൊല്ലത്ത് ആര്യാട് ഗോപിയും തിരുവനന്തപുരത്ത് പിരപ്പന്‍കോട് മുരളിയും സാഹിത്യ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു.

kovilan

കോവിലൻ

ഇതിനിടയില്‍ ചില അഭ്യുദയകാംക്ഷികളുടെ നിര്‍ദേശ പ്രകാരം രാജ ബാബു ആഭ്യന്തര സെകട്ടറി എന്‍. കാളീശ്വരനെ കാണാന്‍ പോയി. കാളീശ്വരന്‍ ഐ. എ. എസ് പറഞ്ഞു. നിങ്ങളാണല്ലെ മണമ്പൂര്‍ രാജന്‍ ബാബു നിങ്ങളെ ഞാന്‍ കാണാനാഗ്രഹിച്ചിരിക്കുകയായിരുന്നു. കഥയെവിടെ? രാജന്‍ ബാബു ജയയുഗത്തില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ പ്രതിഷേധ സൂചകമായി വീണ്ടും അച്ചടിച്ച ആ കഥ കാളീശ്വരന് നല്‍കി. അദ്ദേഹം സശ്രദ്ധം വായിച്ചു. രാജന്‍ ബാബു പറഞ്ഞു. ‘ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് എനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. സാര്‍ എന്നെ രക്ഷിക്കണം.’
അദ്ദേഹം പറഞ്ഞു.’ശരി പൊയ്‌ക്കോളൂ. ഞാന്‍ നോക്കാം.’

പറഞ്ഞ പോലെ രാജന്‍ ബാബുവിനെ തിരിച്ചെടുക്കാന്‍ കാളീശ്വരന്‍ ഫയലില്‍ എഴുതി. പക്ഷെ, മന്ത്രിയായ വയലാര്‍ രവി സെക്രട്ടറിയോട് യോജിച്ചില്ല. കലാപ്രേമിയും സഹൃദയനുമായ ഡി.ജി.പി. എം. കെ ജോസഫ് ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ലിബറലാണെന്ന് നാമൊക്കെ കരുതിയിരുന്ന വയലാര്‍ രവി പാറ പോലെ അനങ്ങാതെ നിന്നു. പാലക്കാട് വെച്ച് കുറ്റം അന്വേഷിക്കുന്ന വാക്കാലന്വേഷണം നടത്തിയ മേലുദ്യോഗസ്ഥന്‍ സ്വകാര്യമായി രാജന്‍ ബാബുവിനോട് പറഞ്ഞു. ഡി. ഐ. ജിയെ നേരിട്ട് കണ്ട് ബാബു മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. അതിന് രാജന്‍ ബാബു വഴങ്ങിയില്ല.

കെ. ഗോവിന്ദന്‍ കുട്ടി, ‘ഡിസ്പ്ലിന്‍’ കഥയെടുത്ത് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ഒരു ഉഗ്രന്‍ റിപ്പോര്‍ട്ടാക്കി. ആഭ്യന്തര മന്ത്രിക്ക് മനസിലാവാനും അദ്ദേഹത്തിന്റെ അഭിമാനത്തേയും അധികാരത്തെയും സ്പര്‍ശിക്കുന്ന ചില പ്രയോഗങ്ങളും ഗോവിന്ദന്‍കുട്ടി റിപ്പോര്‍ട്ടില്‍ എഴുതി. ചുരുക്കത്തില്‍ രാജന്‍ ബാബുവിനെ അന്യായമായി സസ്‌പെന്‍ഡ് ചെയ്തതാണ് എന്ന കഥ പറയുന്ന കഥയായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട്. ഗോവിന്ദന്‍കുട്ടിയുടെ ഇടപെടല്‍ ഫലമുണ്ടാക്കി. രാജന്‍ ബാബുവിനെ പിരിച്ചുവിട്ട തീരുമാനം പുന:പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രി വയലാര്‍ രവി ഉത്തരവിട്ടു. അപ്പോഴേക്കും പോലീസ് സേനാ നേതൃത്വം തന്ത്രപരമായി രാജന്‍ ബാബുവിനെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടുന്ന കല്‍പ്പന ഇറക്കി കഴിഞ്ഞിരുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസ്സിലൂടെ ഗോവിന്ദന്‍ കുട്ടി തക്കസമയത്ത് ആ ചോദ്യമെറിഞ്ഞു. കേരള ആഭ്യന്തര മന്ത്രിയുടെ ഉത്തരവിന് പുല്ലു വില കല്‍പിക്കാത്ത പോലീസ് സേനയോ? ഗോവിന്ദന്‍കുട്ടിയുടെ വാര്‍ത്ത വായിച്ച് വയലാര്‍ രവി ക്ഷുഭിതനായി. വയലാര്‍ രവി ഉടന്‍ തന്നെ ഫയല്‍ വരുത്തി രാജന്‍ ബാബുവിനെ ജോലിയില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടു.’ ‘ഇയാള്‍ എഴുതിയിരിക്കുന്നത് കഥയാണെങ്കില്‍, മറ്റ് വിശദീകരണമൊന്നും ആവശ്യമില്ല. ഉടന്‍ സര്‍വ്വീസില്‍ തിരിച്ചെടുക്കുക.’ ഉത്തരവ് പുറത്ത് വന്നു.

Govindankutty

ഇന്ത്യൻ എക്സ്പ്രസ് ബ്യൂറോ ചീഫ് കെ. ഗോവിന്ദൻ കുട്ടി

1986 ജനുവരി 5 ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് ദിനപത്രത്തിന്റെ മുന്‍പേജില്‍ 6 കോളം വാര്‍ത്ത വന്നു. ‘ Order issued to reinstate story writer’. അവസാനം മണമ്പൂര്‍ രാജന്‍ ബാബു ഈ പോരാട്ടത്തില്‍ വിജയശ്രീലാളിതനായി. ഒന്നരക്കൊല്ലത്തെ സസ്‌പെന്‍ഷന് ശേഷം 1986 ജനുവരിയില്‍ മണമ്പൂര്‍ രാജന്‍ ബാബു തന്റെ പഴയ തസ്തികയില്‍ മലബാര്‍ സ്‌പെഷ്യല്‍ പോലിസില്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. അങ്ങനെ അവസാനം എഴുത്തുകാരനും എഴുതാനുള്ള സ്വാതന്ത്ര്യവും വിജയക്കൊടി നാട്ടി. പിന്നീട് 36 വര്‍ഷം കഴിഞ്ഞാണ് 2002 ല്‍ മണമ്പൂര്‍ രാജന്‍ ബാബു അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി ജോലിയില്‍ നിന്ന് വിരമിച്ചത്.

മന്ത്രിയുടെ തിരിച്ചെടുക്കാനുള്ള കല്‍പ്പനയെ പരിഹസിച്ചാണ് വി. കെ. എന്‍ ‘ബാബുഷ്‌കന്‍ വിഷയം’ എന്ന കഥ എഴുതിയത്. നീതി നിഷേധിച്ച രാജന്‍ ബാബു സംഭവം ഏറെ ജനശ്രദ്ധ നേടിയതിനെ വിഷയമാക്കിയാണ് വി.കെ.എന്‍ കഥ എഴുതിയത് . കഥയിലെ ഒരു വാചകം ഇങ്ങനെ: ‘അടുത്ത തെരഞ്ഞെടുപ്പിന് ശേഷം രാജ രാജ ബാബുഷ്‌കര്‍ ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് അയാളെ സേവനത്തില്‍ തിരിച്ചെടുക്കുക.’

രാജന്‍ ബാബു ജോലിയില്‍ തിരികെ കയറിയപ്പോള്‍, ഒന്നര വര്‍ഷത്തെ ശമ്പള കുടിശ്ശിക നല്‍കിയെങ്കിലും 20% തുക പിടിച്ചു. സര്‍ക്കാര്‍ ജോലിക്കാരന്‍ നിലവിട്ടു പെരുമാറിയെന്നായിരുന്നു മേലാവിലെ ഭാഷ്യം. ഒരു വലിയ യുദ്ധം ജയിച്ച രാജന്‍ ബാബുവിന് വീണ്ടും ഇതിനെ ചൊല്ലി ഡിപ്പാര്‍ട്ടുമെന്റുമായി ഒരു ചക്കളത്തിപോരാട്ടം നടത്താന്‍ മനസുണ്ടായിരുന്നില്ല. എങ്കിലും ,പിന്നീട് നായനാര്‍ സര്‍ക്കാര്‍ വന്നപ്പോള്‍ എല്ലാ കുടിശ്ശികയും തീര്‍ത്തു നല്‍കി. ‘ജനാധിപത്യ രാജ്യത്ത് കഥയും കവിതയും എഴുതുന്നത് കുറ്റമല്ല എന്നായിരുന്നു നായനാരുടെ നിലപാട്. വാര്‍ത്താ ചാനലുകളും സമൂഹമാധ്യമങ്ങളുമില്ലാത്ത കാലത്താണ് സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും ഒറ്റക്കെട്ടായി അധികാരികളുടെ നിലപാടിനെ എതിര്‍ത്ത് മണമ്പൂര്‍ രാജന്‍ ബാബുവെന്ന എഴുത്തുകാരന് പിന്തുണ നല്‍കി, നീതിക്കു വേണ്ടി അവകാശ യുദ്ധം നടത്തിയത്. ഒരു വ്യക്തിക്ക് വേണ്ടി സാംസ്‌കാരിക കേരളം നടത്തിയ ആ യുദ്ധം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെ നടപടിയെടുക്കാന്‍ തുനിയുന്ന എല്ലാ യജമാനന്മാരും എന്നും ഓര്‍മ്മിക്കും.

content summary; manamboor rajan babu; the story discipline and the storyteller

×