ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തുള്ള ഞങ്ങളുടെ ഒരു കുഞ്ഞു ദ്വീപിൽ നിന്നും ടെക്സ്സ്സിലെ ഡല്ലാസിലേക്ക് പാതി ഭൂമിയുടെ ദൂരമുണ്ട്. ഒരു കൊല്ലം മുൻപ് ലീ ഓസ്വാൾഡ് പ്രസിഡന്റ് കെന്നഡിയെ വെടി വെച്ചു വീഴ്ത്തുമ്പോൾ ഞാൻ അവിടെയായിരുന്നു.
നാട്ടിലെ ഒരു വൃദ്ധ കർഷകനാണ് ആ വാർത്ത എന്റെയടുത്ത് എത്തിച്ചത്. പത്രവുമായി അദ്ദേഹം വരുമ്പോൾ തൊടിയിൽ വെയിലും കാഞ്ഞ് ഇരിപ്പായിരുന്നു ഞാൻ. വെയിലു കൊണ്ട് കരിവാളിച്ച ആ മുഖത്ത് എന്തിന്റെയോ ഉലച്ചിലും അവിശ്വസനീയതയും സ്പഷ്ടമായിരുന്നു. ഞെട്ടൽ മാറാത്ത സ്വരത്തോടെ അദ്ദേഹം ആ വാർത്ത എന്നോട് പങ്കു വെച്ചു;
‘കെന്നഡി മരിച്ചു, അദ്ദേഹത്തിന് വെടിയേറ്റു’
അന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യരെ എന്ന പോലെ ആ ഭയാനകമായ വാർത്തയുടെ ആഘാതം എന്നെയും അടിമുടി ഉലച്ചു കളഞ്ഞു. എൻ്റെ മനസ്സ് “അയാൾക്ക് പരിക്കേറ്റിരിക്കാം, പക്ഷേ കെന്നഡി മരിച്ചിട്ടില്ല.” എന്നു പറഞ്ഞ് ആശ്വസിക്കാൻ ശ്രമിച്ചു. പക്ഷെ എങ്ങും നിരന്ന കറുത്ത ബാനർ തലക്കെട്ടുകൾ എല്ലാ പ്രതീക്ഷകളെയും ഉടച്ചുക്കൊണ്ട് “പ്രസിഡൻ്റ് കെന്നഡി വെടിയേറ്റു മരിച്ചു” എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. അത് യഥാർത്ഥമായിരുന്നു, ആ വിധി അന്തിമവും!!വാർത്തയുമായി വന്ന വൃദ്ധ-കർഷകൻ എന്റെ അരികിൽ നിന്ന് സങ്കടത്തോടെ തലയാട്ടി.
“നിങ്ങൾ അദ്ധേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട്, അല്ലേ?” അയാൾ ചോദിച്ചു.
അതേ..ഞാൻ തലയാട്ടി. ഞാൻ അദ്ദേഹത്തെ പലപ്പോഴായി കണ്ടിരുന്നു.
പക്ഷേ ആ നിമിഷം എൻ്റെ മനസ്സിലേക്ക് ഓടിയെത്തിയത് 1960ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുമ്പുള്ള വിസ്‌കോൺസിൻ പ്രൈമറി സമയത്ത് ഞാൻ ആദ്യമായി കണ്ട മസാച്യുസെറ്റ്‌സിൽ നിന്നുള്ള യുവ സെനറ്ററുടെ ചിത്രമായിരുന്നു. ആ സമയത്ത് അദ്ദേഹം മിസ്റ്റർ ഹ്യൂബർട്ടിനെ പരാജയപ്പെടുത്താൻ ശക്തമായി പ്രചാരണം നടത്തുകയായിരുന്നു. നിർണായകമായ മാർജിനിൽ ഹംഫ്രി പരാജയപ്പെടുന്നതും അങ്ങനെ കെന്നഡി പ്രസിഡൻ്റ് ആയി സ്ഥാനമേറ്റെടുക്കുന്നതും മുന്നിൽ കണ്ടുള്ള കടുത്ത പ്രചാരണം. മിൽവാക്കി നഗരത്തിലെ ഇരുണ്ട മഞ്ഞുവീഴ്ചയുള്ള ഒരു സായാഹ്നത്തിൽ അദ്ദേഹത്തെ കേൾക്കാൻ ഒത്തുകൂടിയ മാർക്വെറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് അദ്ദേഹം സംസാരിക്കുന്നത് ഞാൻ കേട്ടു.
ലോകം ആഘോഷിച്ച പ്രസിദ്ധമായ നെറ്റിയിലേക്ക് വീണുകിടക്കുന്ന ആ മുടിച്ചുരുളുകളൊ പരുക്കൻ മുഖഭാവമോ അക്കാലത്ത് അദ്ദേഹത്തിന്നുണ്ടായിരുന്നില്ല. തുടർന്നുള്ള മൂന്നുവർഷത്തെ പ്രസിഡണ്ട് ജീവിതത്തിലാണ് അവയെല്ലാം പരുവപ്പെട്ടത്. . അന്ന് ഉച്ചതിരിഞ്ഞ് കെന്നഡി വിദ്യാർത്ഥികളോട് സംസാരിച്ചുകൊണ്ട് പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോൾ ചുറ്റും നിൽക്കുന്ന ചെറുപ്പക്കാരിൽ ഒരാളെപ്പോലെ തന്നെ തോന്നിച്ചു. നാം ജീവിക്കുന്ന കാലത്തെ കുറിച്ചും നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അദ്ദേഹം അന്ന് സംസാരിച്ചു. സമാധാനത്തിനായുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങളെക്കുറിച്ചും അമേരിക്കയെ മുന്നോട്ട് നയിക്കാനുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിനെക്കുറിച്ചും സംസാരിച്ചു. ഒരു നല്ല പ്രാസംഗികനെന്ന നിലയിലൊന്നും എന്നെ ആകർഷിക്കാൻ അദ്ദേഹത്തിനായില്ല. പിന്നീട് പ്രശസ്തമായ കെന്നഡിയുടെ പെരുമാറ്റരീതികളൊന്നും അന്നെനിക്ക് ആസ്വദിക്കാൻ പറ്റിയില്ല. എല്ലാം വളരെ വിചിത്രമായി തോന്നി. കെന്നഡി വളരെ വേഗത്തിൽ സംസാരിച്ചു, വളരെ ആശങ്കാകുലനായും കാണപ്പെട്ടു. ഇടയ്ക്കിടെ കൈകൾ പോക്കറ്റിലിട്ട് അസ്വസ്ഥനായി നിന്ന അദ്ദേഹം പക്ഷേ ടൈ ഒതുക്കാനും വായുവിൽ ചൂണ്ടുവിരൽ ഉയർത്താനുമായി കൈ പുറത്തെടുത്തു . എഴുതിവെച്ച പ്രസംഗത്തിലേക്ക് അധികമൊന്നും നോക്കാതെ തമാശകൾ പറഞ്ഞു കേൾവിക്കാരിൽ ചിരിയുണർത്തി നിന്നു അദ്ദേഹം. പ്രസംഗത്തിനുടനീളം ഒരു മനഃപാഠത്തിന്റെ നിലവാരവും അഭംഗിയുമുണ്ടായിരുന്നു. പക്ഷേ പൊതുവിൽ നോക്കുമ്പോൾ അതൊരു ശ്രദ്ധേയമായ പ്രകടനമായിരുന്നു. തന്റെ ശക്തമായ ഐറിഷ് ശബ്ദത്തിൽ പ്രേക്ഷകരെ മയക്കുന്ന ഒരു മാന്ത്രിക വല മെല്ലെ മെല്ലെ നെയ്തു പോയി കെന്നഡി. വായുവിൽ ഒരു മജീഷ്യനെ പോലെ തന്റെ മാന്ത്രിക വിരലുകൾ ഉയർത്തി കാണികളെ കയ്യിലെടുത്തു നിന്നു കെന്നഡി.
തുടർന്നുള്ള വർഷങ്ങളിൽ രാജ്യത്തെ എല്ലാ മാധ്യമങ്ങളിലൂടെയും കെന്നഡിയുടെ പ്രഭ പരന്നു. പിന്നീട് വിജയങ്ങളുടെ തേരോട്ടമായിരുന്നു. സുന്ദരനായ ആ യുവ സെനറ്റർ വെസ്റ്റ് വിർജീനിയയിൽ കനത്ത പ്രതിബന്ധങ്ങൾക്കെതിരെ വിജയിച്ചു. കാലിഫോർണിയയിൽ നാമനിർദ്ദേശം ചെയ്യപ്പെടുമ്പോളുണ്ടായ കടുത്ത എതിർപ്പിനെ തകർത്തു മുന്നേറി അദ്ദേഹം. ടെക്സസിൽ വെച്ച് ഹൂസ്റ്റണിലെ മതപരമായ വിഷയത്തെ അഭിമുഖീകരിച്ചുക്കൊണ്ട് ടെലിവിഷനിൽ നിക്സണുമായി പൊരിഞ്ഞ ചർച്ചയിൽ ഏർപ്പെട്ടു. ലോകം കീഴടക്കാനെന്ന പോലെ ആ ജൈത്രയാത്ര കെന്നഡി തുടർന്നു.
സമയം കടന്നു പോയി.. ഒരു തണുത്ത ജനുവരി മാസം പകൽനേരത്ത് ടെലിവിഷൻ സ്‌ക്രീനുകളിൽ ഗൗരവക്കാരനായി കെന്നഡി പ്രത്യക്ഷപ്പെട്ടു. അതിൽ ആ യുവാവിൻ്റെ മൂർച്ചയുള്ള ന്യൂ ഇംഗ്ലണ്ട് ശബ്ദം കേട്ടു. ലോകമെമ്പാടുമുള്ള ചെറിയ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ആളുകൾ അദ്ദേഹത്തിൻ്റെ ശബ്ദം കേട്ടു.
“ഈ സ്ഥല-കാലങ്ങൾ കടന്നു പോകേ, മിത്രങ്ങളെ ശത്രുക്കളെ, ലോകമേ.. അമേരിക്കയുടെ പുതുതലമുറയിലേക്ക് മാറ്റത്തിന്റെ ഈ വെളിച്ചം ഞാൻ കൈമാറുകയാണ്..”
തങ്ങളുടെ റേഡിയോ സെറ്റുകളിൽ മാതൃഭാഷകളിൽ ഈ വാക്കുകൾ കേൾക്കെ വിചിത്രമായ ഒരു ആഹ്ലാദം ലോകത്തിന് അനുഭവപ്പെട്ടു. തികച്ചും പുതിയൊരു നേതാവ് അതിലേറെ പുതിയൊരു അമേരിക്ക എന്ന തോന്നൽ ലോകത്തിന്നുണ്ടായി. അവർ ഏറെക്കാലമായി കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ പറഞ്ഞ ഒരു അമേരിക്കൻ പ്രസിഡൻ്റ് ഇതാ മുന്നിൽ എന്നവർക്ക് തോന്നി. ഒരു പ്രസിഡണ്ട് എന്ന നിലയിൽ സഹായവാഗ്ദാനങ്ങൾ ചെയ്യുക മാത്രമല്ല വലിയ അർഥത്തിൽ സഹായത്തിൻ്റെ തത്വശാസ്ത്രം മനസ്സിലാക്കിക്കൊണ്ടായിരുന്നു കെന്നഡിയുടെ വാക്കുകൾ.
“ഭൂഗോളത്തിൻ്റെ പകുതിയോളം വരുന്ന കുടിലുകളിലും ഗ്രാമങ്ങളിലും ദുരിതത്തിൻ്റെ ബന്ധനങ്ങൾ തകർക്കാൻ പാടുപെടുന്ന ജനങ്ങൾക്ക് സഹായങ്ങളും അവർക്ക് തങ്ങളെത്തന്നെ സഹായിക്കാനുള്ള വഴികളും കണ്ടെത്തുന്നതിൽ ഞങ്ങളുടെ പരമാവധി ശ്രമങ്ങൾ ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. കമ്മ്യൂണിസ്റ്റുകൾ അത് ചെയ്യുന്നതുകൊണ്ടോ അവരുടെ വോട്ട് തേടി കൊണ്ടോ അല്ല, മറിച്ച് അത് ശരിയാണ്, അതാണ് ശരി എന്ന ഉത്തമബോധ്യം കൊണ്ടാണ് ഇതിനു മുതിരുന്നത്….
ആ വാക്കുകളുടെ ആഴവും ഉൾക്കാഴ്ചയും ശൈലിയും വരാനിരിക്കുന്ന കാര്യങ്ങളുടെ രൂപത്തെക്കുറിച്ചുള്ള ഏകദേശ സൂചന നൽകി. ലോകം ആ ബോസ്റ്റൺ-ഐറിഷ് ഉച്ചാരണത്തിലുള്ള പ്രസംഗം വീണ്ടും വീണ്ടും കേട്ടു. സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള യുവ നേതാവിൻ്റെ ആശയം വ്യക്തവും സംക്ഷിപ്തവുമായിരുന്നു. അദ്ദേഹം ഒരു സ്വതന്ത്ര ലോകവും അതിലെ എല്ലാ സ്വതന്ത്ര മനുഷ്യരേയും സ്വപ്നം കണ്ടു. “ഇനിയും തിരിച്ചടികൾ സംഭവിക്കാം പക്ഷേ അതിൽ നാം ലോകത്തിന് വേണ്ടി നിലക്കൊള്ളണം. മനുഷ്യരാശിയുടെ പ്രതീക്ഷകൾ ഈ ചേംബറിൽ ഉള്ളവരിൽ മാത്രമല്ല, മറിച്ച് നൈജീരിയയിലെ മത്സ്യത്തൊഴിലാളികളിലും ലാവോസിലെ കർഷകരിലുമാണ്. ക്യൂബയിൽ നിന്നുള്ള കുടിയേറ്റക്കാരിലാണ്. ലോകത്തിന്റെ സ്വാതന്ത്ര്യത്തിനും ഭാവിക്കും വേണ്ടിയുള്ള ഞങ്ങളുടെ പ്രതീക്ഷകൾ പങ്കിടുന്ന ഓരോ മനുഷ്യനിലും രാജ്യത്തിലുമാണ് ആ പ്രതീക്ഷ. “
ലോകത്ത് അമേരിക്കക്കാർ ഒറ്റയ്ക്കായിരുന്നില്ല. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം അമേരിക്കക്കാരുടെ മാത്രം ഉത്തരവാദിത്തവുമായിരുന്നില്ല. ആ ചെറുപ്പക്കാരൻ സംസാരിച്ചത് സ്വാതന്ത്ര്യവും സമാധാനവും നല്ല ഭാവിയും ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരുടെയും ആശങ്കയുടെ പക്ഷത്തുനിന്നായിരുന്നു.
അദ്ദേഹം തുടർന്നു…
“എന്ത് തരത്തിലുള്ള സമാധാനമാണ് ഞാൻ ഉദ്ദേശിക്കുന്നത്? ഏത് തരത്തിലുള്ള സമാധാനമാണ് നമ്മൾ അന്വേഷിക്കുന്നത്? അമേരിക്കൻ യുദ്ധായുധങ്ങൾ ലോകത്തിന്മേൽ അടിച്ചേൽപ്പിക്കുന്നതിനെ കുറിച്ചല്ല. മരിച്ചവന്റെ സമാധാനത്തെക്കുറിച്ചോ അടിമയുടെ സുരക്ഷിതത്വത്തെക്കുറിച്ചോ അല്ല. ഞാൻ സംസാരിക്കുന്നത് യഥാർത്ഥ സമാധാനത്തെക്കുറിച്ചാണ്. മനുഷ്യരെയും രാഷ്ട്രങ്ങളെയും വളരാനും പ്രത്യാശിക്കാനും അവരുടെ കുട്ടികൾക്ക് വേണ്ടി മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാനും പ്രാപ്തരാക്കുന്ന തരത്തിലുള്ള സമാധാനം.. അത് ഭൂമിയിലെ ജീവിതത്തെ മൂല്യവത്തായതാക്കുന്നു. അത് അമേരിക്കക്കാരുടെ മാത്രം സമാധാനമല്ല, എല്ലാ മനുഷ്യരുടെയും സമാധാനമാണ്. അത് നമ്മുടെ കാലത്തെ മാത്രം സമാധാനമല്ല, എല്ലാ കാലത്തിന്റെയും സമാധാനമാണ്.”
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുകയും വിവിധ വംശങ്ങളിലും ദേശക്കാരുമായി സംസാരിക്കുകയും ചെയ്തപ്പോൾ കെന്നഡി ലോകത്തെല്ലായിടത്തുമുള്ള ആളുകളുടെ ഇടയിൽ ഉണർത്തിയ അതിശയകരമായ അഭിപ്രായവും ആരാധനയും ഒരു പരിധിവരെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അതിപ്പോൾ ലണ്ടനിലെ ഘാനിയൻ യുവ വിദ്യാർത്ഥിയോ, മിലാനിലെ പഴയൊരു ക്ഷുരകനോ, കെയ്‌റോയിലെ തുകൽ കടക്കാരനോ അല്ലെങ്കിൽ ഇന്ത്യയിലെ പാവപ്പെട്ട കർഷകനോ ആകട്ടെ അവരെല്ലാം കെന്നഡിയെ ക്കുറിച്ച് സംസാരിച്ചത് ഊഷ്മളതയോടെയും വാത്സല്യത്തോടെയുമാണ്. അവരുടെ സ്വന്തം ദേശീയ നായകന്മാരെ പോലെ അവർ കെന്നഡിയെ നെഞ്ചേറ്റി. ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയിട്ടുണ്ടോ, ചിത്രങ്ങളിലെ പോലെ സുന്ദരനാണോ അദ്ദേഹം, അമേരിക്കയിൽ അദ്ദേഹം ജനപ്രിയനാണോ, ഇനിയും ഒരു തിരഞ്ഞെടുപ്പിൽ വിജയിക്കുമോ എന്നൊക്കെയായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്. പതിവുപോലെ യുവാക്കളെയാണ് കെന്നഡി ഏറ്റവും കൂടുതൽ ആകർഷിച്ചത്. അദ്ദേഹത്തിൻ്റെ വിശ്രമമില്ലാതെ ജോലിയെടുക്കുന്ന പ്രകൃതവും, ലാവണ്യവും ശൈലിയും, ആദർശവാദവും ധൈര്യവും എല്ലായിടത്തും യുവാക്കളുടെ ഭാവനയെ കീഴടക്കിയിരുന്നു. അവർ മനസ്സിലാക്കുന്ന തരത്തിലുള്ള നേതൃത്വമായിരുന്നു അദ്ദേഹത്തിൻ്റേത്.
പ്രസിഡൻ്റ് കെന്നഡിയുടെ കരിയർ വിലയിരുത്തുമ്പോൾ രണ്ട് വ്യത്യസ്ത ഘട്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി അമേരിക്കൻ രാഷ്ട്രീയ വിശകലന വിദഗ്ധർ അവകാശപ്പെടുന്നുണ്ട്. അവരുടെ അഭിപ്രായത്തിൽ തുടക്കത്തിൽ പവർ ഗെയിമിൻ്റെ സാങ്കേതികതകളിൽ കൂടുതൽ ശ്രദ്ധാലുവായിരുന്ന ഒരു യുവ രാഷ്ട്രീയക്കാരൻ തന്നെയായിരുന്നു കെന്നഡി. അത് തൻ്റെ പ്രതിച്ഛായ ഉണർത്തുന്ന പ്രചോദനാത്മകമായ ആദർശവാദത്തേക്കാൾ കൂടുതലുമായിരുന്നു. പിന്നീട് ലോകം കണ്ടത് കൃത്യമായ പരിവർത്തനത്തിന് വിധേയനായ മറ്റൊരു പ്രസിഡണ്ടിനെ ആയിരുന്നു. അതുവരെയ്ക്കും മറന്നുപോയ ശക്തികൾ പുറത്തെടുത്ത ഒരുവനെ പോലെ തോന്നിച്ചു അക്കാലത്തെ കെന്നഡിയുടെ പ്രകടനം. ഈ വിശകലനം കൂടെയുള്ളവർക്കും നിരന്തരം അദ്ദേഹത്തെ നിരീക്ഷിച്ചവർക്കും യുക്തിസഹമായി തന്നെ തോന്നും. അമേരിക്കയ്ക്ക് പുറത്തും ഇതേ അഭിപ്രായം തന്നെ രൂപപ്പെട്ടു. പക്ഷേ എല്ലാ തരത്തിലും എല്ലാവരാലും അംഗീകരിക്കപ്പെട്ടവനായിരുന്നില്ല കെന്നഡി. ഉദാഹരണത്തിന്, 1961-ലെ ക്യൂബൻ പരാജയത്തിലെ അദ്ദേഹത്തിൻ്റെ പങ്കിൽ പലരും ഞെട്ടിപ്പോയി. അത്തരമൊരു പദ്ധതിയിൽ ഏർപ്പെടാൻ അദ്ദേഹത്തിന് എങ്ങനെ കഴിയുന്നെന്ന് പോലും പലർക്കും മനസിലാക്കാൻ കഴിഞ്ഞില്ല. പൗരാവകാശ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം വളരെ മന്ദഗതിയിലാണെന്നും ലോകത്തിന് അഭിപ്രായമുണ്ടായി. 1963 ലെ നീഗ്രോ വിപ്ലവം അമേരിക്കൻ സമൂഹത്തെ മുഴുവൻ വിഴുങ്ങുമെന്നും സ്വന്തം പ്രസിഡണ്ട് പദവിക്ക് അപകടമുണ്ടാക്കുകയും ചെയ്യുമെന്ന് ഭീഷണി ഉണ്ടായതിന് ശേഷമാണ് അദ്ദേഹം തൻ്റെ നീക്കം നടത്തിയതെന്നും ചിലർ കരുതി. പക്ഷേ ഈ വിമർശകർ എല്ലായ്പ്പോഴും അദ്ദേഹത്തെ അനുകൂലിക്കുന്നവരെക്കാൾ കൂടുതലായിരുന്നു. ലോകം അഭിനന്ദിച്ച അദ്ദേഹത്തിന്റെ ആദർശങ്ങൾ തന്നെ ക്യൂബൻ പരാജയത്തിലേക്ക് നയിച്ചു. പൗരാവകാശ മേഖലയിലെ കെന്നഡിയുടെ മന്ദതയെക്കുറിച്ചുള്ള വിമർശനങ്ങളൊക്കെ അദ്ദേഹത്തിൻ്റെ ധൈര്യത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും കഥകളാൽ നികത്തപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ തെറ്റുകളും കുറവുകളും ഉണ്ടായിട്ടും ഒരു നായകനോടുള്ള ആരാധന അതുപോലെതന്നെ നിലനിന്നു.
അമേരിക്കയുടെ മുൻ പ്രസിഡൻ്റിൻ്റെ ആരാധകരിൽ പലരും അമേരിക്ക ഒരിക്കലും കെന്നഡിയെ പൂർണ്ണമായി പിന്തുണയ്ക്കുന്നില്ലെന്ന് ഉറച്ചു വിശ്വസിച്ചു. ഇന്നും ജോൺ എഫ് കെന്നഡിയെ ഓർക്കുന്നവർക്ക് അറിയാം ഇതെത്ര വിചിത്രമായ വിശ്വാസമായിരുന്നെന്ന്. പക്ഷേ അപ്പോഴും അന്തരിച്ച പ്രസിഡൻ്റിൻ്റെ വ്യക്തിത്വത്തിലും ചിന്തയിലും ചിലരെങ്കിലും ആരാധന നിലനിർത്തി എന്നതും സത്യമാണ്. അക്കാലത്ത് വിദേശരാജ്യങ്ങളിലെത്തുന്ന ചില പ്രമുഖ അമേരിക്കൻ മാസികകളും പേപ്പറുകളും പിന്തുടരുന്ന എഡിറ്റോറിയൽ നയമാണ് ഈ വികാരം വർധിപ്പിച്ചത്. പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള കെന്നഡിയുടെ പ്രചാരണവും വിജയത്തിന് ശേഷം അദ്ദേഹത്തിൻ്റെ ഓഫീസിലെ ആദ്യ ദിവസങ്ങളിലും ഈ പ്രതികരണങ്ങൾ സ്വാധീനം ചെലുത്തി.
1961-ലെ ക്യൂബൻ പരാജയത്തിനു ശേഷവും അദ്ദേഹം ഏറെക്കുറെ കരുണയോടെ പെരുമാറി. എന്നാൽ പെട്ടെന്നായിരുന്നു എല്ലാം മാറിമറിഞ്ഞത്. അദ്ദേഹത്തിൻ്റെ മിക്കവാറും എല്ലാ നയങ്ങളും പ്രവർത്തനങ്ങളും കടുത്ത വെല്ലുവിളികൾ നേരിട്ടു. ലോകം കെന്നഡിയുടെ നേട്ടങ്ങളെല്ലാം കുറച്ചുകാണിക്കുകയും, പരാജയങ്ങളെ പെരുപ്പിക്കുകയും ചെയ്തു. അന്നുമുതൽ അദ്ദേഹത്തിന് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തോന്നി. കെന്നഡി വിരുദ്ധ വികാരത്തിൻ്റെ പെട്ടെന്നുള്ള പൊട്ടിത്തെറിക്ക് അമേരിക്കയ്ക്ക് പുറത്ത് നിരവധി വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ട്. അതിലൊരു വിശദീകരണമനുസരിച്ച് സ്റ്റീൽ പ്രതിസന്ധിയുടെ സമയത്ത് കെന്നഡി എടുത്ത നടപടികളാണ് ഈ മനോഭാവത്തിലെ പെട്ടെന്നുള്ള മാറ്റത്തിന് കാരണമായി പലരും കരുതുന്നത്. മറ്റു ചിലരുടെ അഭിപ്രായമനുസരിച്ച് പൗരാവകാശ മണ്ഡലത്തിലെ അദ്ദേഹത്തിൻ്റെ പങ്ക് ആയിരിക്കാം കാരണം. നോക്കിയിരിക്കെ പെട്ടന്ന് തന്നെ ജനവികാരം കെന്നഡിക്ക് എതിരായി. തങ്ങളുടെ പുതിയ പ്രസിഡൻ് വിചാരിച്ച പോലെ ഒരു തികഞ്ഞ ആദർശവാദിയല്ലെന്നും തങ്ങളിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തവും അവരുടെ ജീവിതരീതിക്ക് അപകടകരവുമായ ഒരു മനുഷ്യനാണെന്നും അവർ മനസ്സിലാക്കിയതായി തോന്നിച്ചു. കെന്നഡിയുടെ ബോധ്യങ്ങളും പദ്ധതികളും അവരിൽ നിന്ന് വളരെ അകലെയായിരുന്നെന്നും ഏത് എതിർപ്പിനെതിരെയും അവ നടപ്പിലാക്കാൻ അദ്ദേഹത്തിന് ധൈര്യമുണ്ടെന്നും ലോകത്തിന് തോന്നി. ഇത്തരത്തിലുള്ള ചിന്തകളെല്ലാം ഒറ്റപ്പെട്ടതും നിഷ്കളങ്കവും ആയിരുന്നെങ്കിലും കെന്നഡിയുടെ കൊലപാതകം ഒരു ഒറ്റപ്പെട്ട മനുഷ്യൻ്റെ പ്രവൃത്തിയല്ല മറിച്ച് സംഘടിതമായ ഒരു ഗൂഢാലോചനയുടെ ഫലമാണ് എന്ന വിശ്വാസത്തിലേക്ക് പോലും അത് നയിച്ചിട്ടുണ്ട്. വാറൻ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം പോലും പല ഏഷ്യൻ രാജ്യങ്ങളിലും ഈ വികാരം നിലനിൽക്കുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പുള്ള സമയങ്ങളിൽ ജോൺ എഫ് കെന്നഡിയും അദ്ദേഹത്തിൻ്റെ ഓഫീസും അദ്ദേഹത്തിൻ്റെ മുൻഗാമികളെക്കാളും വളരെ ക്രൂരവും അന്യായവുമായി വിമർശിക്കപ്പെട്ടു. കൊലപാതകസമയത്ത് അതിൻ്റെ പാരമ്യത്തിലെത്തിയ ഈ ആക്രമണങ്ങളുടെ തീവ്രത വിദേശത്തുള്ള അദ്ദേഹത്തിൻ്റെ ആരാധകരെ വളരെയധികം നിരാശപ്പെടുത്തുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തിരുന്നു.
ഒരു വർഷം മുമ്പ് കെന്നഡിയുടെ മരണവാർത്തയുമായി എന്നെ കാണാൻ വന്ന കർഷകനാണ് ഒരുപക്ഷേ ഈ നിരാശയും സങ്കടവും ഏറ്റവും നന്നായി പ്രകടിപ്പിച്ചത്.
“കെന്നഡി ഒരു മിടുക്കനായ ചെറുപ്പക്കാരനായിരുന്നു”, വൃദ്ധൻ സങ്കടത്തോടെ പറഞ്ഞു. “ഇങ്ങനെ ഒന്നിനുമല്ലാതാക്കി തീർക്കേണ്ടായിരുന്നു.”
മലയാളത്തിൽ പറഞ്ഞു ഫലിപ്പിക്കാൻ ബുദ്ധിമുട്ടുള്ളൊരു ശൈലിയിലാണ് അയാൾ സംസാരിച്ചത്. മനുഷ്യൻ്റെ വിഡ്ഢിത്തത്തെക്കുറിച്ചും നിർവികാരതയെക്കുറിച്ചും തിരിച്ചറിഞ്ഞ പോലെ അതിൻ്റെ എല്ലാ ദുഃഖവും വ്യർത്ഥതയും ഉൾക്കൊള്ളും വിധം അയാൾ പറഞ്ഞു.കെന്നഡി മരിച്ച് ഒരു വർഷമാകുന്ന ഈ വേളയിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ അദ്ദേഹത്തിൻ്റെ വാക്കുകളും പ്രതിച്ഛായയും സൃഷ്ടിച്ച ആ ആദരവും വിശ്വസ്തതയും എന്താണ് അവശേഷിപ്പിക്കുന്നത്? എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ആ തിളക്കം ഇപ്പോൾ എന്നത്തേക്കാളും തിളക്കമുള്ളതാണ്. കുഗ്രാമങ്ങളിലും നഗരങ്ങളിലും തീകായുന്നിടങ്ങളിലും വിഭവസമൃദ്ധമായ തീൻമേശകൾക്കും ചുറ്റും അദ്ദേഹത്തിൻ്റെ പേര് ആദരവോടെ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. പൊടിപിടിച്ച ചെറിയ കടകളിലും ഗംഭീര സ്വീകരണമുറികളിലും, ജീർണിച്ച കുടിലുകളിലും, അലങ്കരിച്ച കൊട്ടാരങ്ങളിലും, ധീരന്മാരുടെയും മഹാനായ വീരന്മാരുടെയും ചിത്രങ്ങൾക്കൊപ്പം സൂക്ഷിച്ചിരിക്കുന്ന അദ്ദേഹത്തിൻ്റെ ചിത്രം ഞാൻ കണ്ടിട്ടുണ്ട്. അതിലേറെ അവിസ്മരണീയമായ ഓർമ എന്നു പറയുന്നത് ആർലിംഗ്ടൺ സെമിത്തേരിയിൽ നിന്ന് വളരെ അകലെയുള്ള ഹൈസ്കൂൾ പ്ലാറ്റ്ഫോമുകളിൽ ആൺകുട്ടികൾ അവരുടെ നായകൻ കെന്നഡിയെ പോലെ ശ്രദ്ധാപൂർവ്വം തലമുടി നീട്ടി ചൂണ്ടുവിരൽ കൊണ്ട് വായുവിൽ തട്ടി ഒരു ന്യൂ ഇംഗ്ലണ്ട് ശബ്ദത്തിൽ ഇങ്ങനെ അനുകരിച്ച് പറയുന്നതാണ്,
“ഈ സ്ഥല-കാലങ്ങൾ കടന്നു പോകേ, മിത്രങ്ങളെ ശത്രുക്കളെ, ലോകമേ.. അമേരിക്കയുടെ പുതുതലമുറയിലേക്ക് മാറ്റത്തിന്റെ ഈ വെളിച്ചം ഞാൻ കൈമാറുകയാണ്..”
ജോൺ എഫ് കെന്നഡിയുടെ ഒന്നാം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് 1964 ൽ പി കെ മാത്യു തരകൻ എഴുതിയ അനുസ്മരണ കുറിപ്പ്. വാഷിംഗ്ടണിൽ താമസിക്കുന്ന കാലത്ത് മാത്യു തരകൻ എഴുതിയ ഈ അനുസ്മരണ കുറിപ്പ്, ഇതാദ്യമായി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അനുമതിയോടെ അഴിമുഖം പ്രസിദ്ധീകരിക്കുന്നു.
content summary; Mathew Tarakan’s Memoirs of John F. Kennedy