June 18, 2025 |
Share on

ടിക് ടോക് ലൈവിനിടയിലെ കൊലപാതകം; മെക്‌സിക്കോയില്‍ തുടരുന്ന സ്ത്രീഹത്യ

താൻ ജോലി ചെയ്തിരുന്ന ബ്യൂട്ടി സലൂണിൽ വെച്ചാണ് മാർക്വേസ് കൊല്ലപ്പെടുന്നത്

യുവ മെക്സിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ടിക് ടോക്ക് ലൈവ് സ്ട്രീമിനിടെ വെടിയേറ്റ് മരിച്ചു. മേക്കപ്പ് ഇൻഫ്ലുവൻസറായ വലേറിയ മാർക്വേസ് എന്ന 23 കാരിയാണ് മെക്സിക്കോയിൽ സ്ത്രീഹത്യക്ക് ഇരയായത്. മെക്സിക്കോയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ടുള്ള ഇൻഫ്ലുവൻസറുടെ കൊലപാതകം.

ജാലിസ്കോ അധികാരികൾ സ്ത്രീഹത്യയായി തന്നെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്നാണ് ​ദി ​ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നത്.
ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള കൊലപാതകങ്ങളെ, പ്രത്യേകിച്ചും സ്ത്രീകളെ കൊല ചെയ്യുന്നതിനെയാണ് സ്ത്രീഹത്യ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അപമാനകരമായ അക്രമം, ലൈംഗിക പീഡനം, ഇരയുടെ മൃതദേഹം പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നത് തുടങ്ങിയ ക്രൂരമായ കാര്യങ്ങളും സ്ത്രീഹത്യയിൽ സംഭവിക്കാമെന്ന് അധികൃതർ പറയുന്നു.

താൻ ജോലി ചെയ്തിരുന്ന ബ്യൂട്ടി സലൂണിൽ വെച്ചാണ് മാർക്വേസ് കൊല്ലപ്പെടുന്നത്. ആക്രമണത്തിന് തൊട്ടുമുമ്പ് ടിക് ടോക്കിൽ മാർക്വേസ് ലൈവിൽ വന്നിരുന്നു. തുടർന്ന് സലൂണിലേക്ക് ഒരാൾ കടന്നുവരുന്നതിന്റെ സൂചന നൽകികൊണ്ടുള്ള ശബ്ദങ്ങളും വീഡിയോയിൽ കേൾക്കാൻ സാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സലൂണിലേക്ക് കയറി വന്നയാൾ മാർക്വേസിനോട് എന്തോ ചോദിക്കുകയും മറുപടി പറഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ അവർ കൊല്ലപ്പെടുകയുമായിരുന്നു. തുടർന്ന് ഓഡിയോ നിശബ്ദമാക്കി. വെടിവയ്പ്പിന് ശേഷം മാർക്വേസിന്റെ ഫോൺ ആരോ എടുക്കുന്നതായും ലൈവ് സ്ട്രീമിങ്ങിൽ കാണാൻ കഴിഞ്ഞിരുന്നതായി റിപ്പോർട്ടിലുണ്ട്.

ലൈവ് സ്ട്രീമിങ്ങ് ആരംഭിക്കുമ്പോൾ തനിക്ക് വിലയേറിയ സമ്മാനവുമായി ഒരാൾ എത്തിയിരുന്നുവെന്നും താൻ അയാളെ കാണാൻ വീണ്ടും ആ​ഗ്രഹിക്കുന്നുവെന്നും ഇൻഫ്ലുവൻസർ പറഞ്ഞിരുന്നു. ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലുമായി ഏകദേശം 200,000 ഫോളോവേഴ്‌സ് ഉള്ള ഇൻഫ്ലുവൻസറാണ് വലേറിയ മാർക്വേസ്.

ലാറ്റിനമേരിക്കയിൽ സ്ത്രീഹത്യ ഏറ്റവും കൂടുതൽ നടക്കുന്ന സ്ഥലമാണ് മെക്സിക്കോ. 2023 ൽ മാത്രം 100,000 സ്ത്രീകളിൽ 1.3 എന്ന നിരക്കിൽ കൊലപാതകങ്ങൾ സംഭവിച്ചിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം. 2024 ഒക്ടോബറിൽ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം അധികാരമേറ്റതിനുശേഷം 906 കൊലപാതകങ്ങളാണ് ജാലിസ്കോയിൽ റിപ്പോർട്ട് ചെയ്തത്.

Content Summary: mexican influencer shot dead in mexico; Murder during TikTok live

Leave a Reply

Your email address will not be published. Required fields are marked *

×