അമേരിക്കയും ഇറാനും തമ്മില്‍ ഒപ്പുവെച്ച പ്രാഥമിക സമാധാന കരാറിന്റെ പശ്ചാത്തലത്തില്‍, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി തുറക്കുന്നതും കാത്ത് കിഴക്കന്‍ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നത് നാനൂറിലധികം വമ്പന്‍ ചരക്കുകപ്പലുകള്‍. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഉപഗ്രഹ വിവരങ്ങള്‍ വിശകലനം ചെയ്ത് ഫിനാന്‍ഷ്യല്‍ ടൈംസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഹോര്‍മുസ് കടലിടുക്കിന്റെ കിഴക്കന്‍ ഭാഗത്തുള്ള പ്രധാന തുറമുഖങ്ങളായ സോഹാര്‍, ഫുജൈറ തീരങ്ങളിലായി 441 വലിയ ടാങ്കറുകളാണ് നിലവില്‍ തമ്പടിച്ചിരിക്കുന്നത്. സെന്റിനല്‍-1 റഡാര്‍ സാറ്റ്‌ലൈറ്റ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം എടുത്ത ചിത്രങ്ങളിലാണ് കപ്പലുകളുടെ ഈ കൂട്ടം ദൃശ്യമായത്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി തുറക്കുന്നതോടെ ഗള്‍ഫ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ ഉടനടി പുനരാരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് കപ്പല്‍ കമ്പനികള്‍ തങ്ങളുടെ വെസ്സലുകള്‍ ഇവിടെ ഒരുക്കി നിര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ യു.എസ് ഈ മേഖലയില്‍ ഉപരോധം ഏര്‍പ്പെടുത്തിയ സമയത്തെ അപേക്ഷിച്ച് കപ്പലുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍, അതിന് തൊട്ടുമുന്‍പത്തെ ആഴ്ചയെ അപേക്ഷിച്ച് കപ്പലുകളുടെ എണ്ണത്തില്‍ 42 എണ്ണത്തിന്റെ കുറവ് വന്നിട്ടുമുണ്ട്. യുഎസും ഇറാനും തമ്മില്‍ പ്രാഥമിക ധാരണയിലെത്തിയതിന് പിന്നാലെ സുരക്ഷാ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടുവെന്ന ധാരണയില്‍ പല കപ്പല്‍ കമ്പനികളും കഴിഞ്ഞ ആഴ്ചകളില്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ശ്രമിച്ചതാണ് ഈ കുറവിന് കാരണം. എന്നാല്‍, പ്രധാന കപ്പല്‍ ചാനലുകളിലെ മൈനുകള്‍ നീക്കം ചെയ്യാനും പാത തുറക്കാനും സമ്മതിച്ചിരുന്നെങ്കിലും, ഇസ്രയേല്‍ ലെബനനില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ശനിയാഴ്ച കടലിടുക്ക് വീണ്ടും അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഞായറാഴ്ചത്തെ സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ പ്രധാന ചാനലിലൂടെയുള്ള കപ്പല്‍ ഗതാഗതം സജീവമല്ലെന്ന് വ്യക്തമായിരുന്നു.
അതേസമയം, കരാറിന്റെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ യുഎസും ഇറാനും തമ്മില്‍ ഞായറാഴ്ചയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി തീവ്രമായ ചര്‍ച്ചകള്‍ നടന്നിരുന്നു. കടലിടുക്ക് പൂര്‍ണ്ണമായി തുറന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇറാന്‍ ഇപ്പോഴും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുകയാണ്. ഭാവിയില്‍ ഇതിലൊരു തര്‍ക്കം ഉണ്ടാകാതിരിക്കാനും കപ്പല്‍ ഗതാഗതത്തിന് സുരക്ഷാ സംവിധാനങ്ങള്‍ രൂപീകരിക്കാനുമാണ് ചര്‍ച്ചയില്‍ യുഎസ് പ്രാധാന്യം നല്‍കിയത്. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ഭാവിയില്‍ ഇന്‍ഷുറന്‍സ് തുകയോ മറ്റ് ഫീസുകളോ ഈടാക്കാനുള്ള സാധ്യത ഇറാന്‍ മുന്‍പ് മുന്നോട്ട് വെച്ചിരുന്നു.
എങ്കിലും, അന്തിമ കരാര്‍ ആകുന്നതിന് മുന്‍പ് തന്നെ കപ്പല്‍ കമ്പനികളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചതായാണ് സൂചനകള്‍. അപകടസാധ്യതകള്‍ അവഗണിച്ചും സര്‍വീസുകള്‍ നടത്താന്‍ കമ്പനികള്‍ തയ്യാറാകുന്നുണ്ട്. തിങ്കളാഴ്ച രാവിലെ ഖത്തറിന്റെ നാല് എല്‍.എന്‍.ജി ടാങ്കറുകളാണ് കടലിടുക്കിലൂടെ കടന്നുപോയത്. ഫെബ്രുവരി 28-ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇത്രയധികം ഖത്തര്‍ ടാങ്കറുകള്‍ ഒന്നിച്ച് സര്‍വീസ് നടത്തുന്നത് ആദ്യമായാണ്. മുന്‍പ് ഇറാന്റെ ആക്രമണത്തിന് ഇരയാവുകയും കപ്പലുകള്‍ തടവിലാക്കപ്പെടുകയും ചെയ്ത പ്രമുഖ കമ്പനിയായ എം.എസ്.സിയുടെ ‘എം.എസ്.സി ക്വിംഗ്ദാവോ’ എന്ന കണ്ടെയ്‌നര്‍ കപ്പലും ഒമാന്‍ തീരം വഴി സുരക്ഷിതമായി കടന്നുപോയി. കപ്പലുകളുടെ സ്ഥാനം വ്യക്തമാക്കുന്ന ട്രാന്‍സ്‌പോണ്ടറുകള്‍ ഓണ്‍ ചെയ്തുകൊണ്ടാണ് ഈ കപ്പല്‍ യാത്ര ചെയ്തത് എന്നത് ശ്രദ്ധേയമാണ്. യുഎസ് തങ്ങളുടെ ഉപരോധം പിന്‍വലിച്ചതോടെ ഇറാനിയന്‍ ടാങ്കറുകളും ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ സ്വതന്ത്രമായി സര്‍വീസ് നടത്താന്‍ ആരംഭിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിലും മേഘാവൃതമായ അന്തരീക്ഷത്തിലും കപ്പലുകളുടെ കൃത്യമായ ദൃശ്യങ്ങള്‍ നല്‍കാന്‍ റഡാര്‍ സാറ്റലൈറ്റ് ഇമേജറിക്ക് സാധിക്കുമെന്നതിനാലാണ് കപ്പലുകളുടെ ഈ കൃത്യമായ കണക്കുകള്‍ പുറത്തുവന്നത്. ലൊക്കേഷന്‍ പുറത്തുവിടാതെ സഞ്ചരിക്കുന്ന കപ്പലുകളെപ്പോലും കണ്ടെത്താന്‍ ഇതിലൂടെ സാധിക്കുമെങ്കിലും കപ്പലുകളുടെ വലിപ്പം മാത്രമാണ് ഇതിലൂടെ കണക്കാക്കാന്‍ സാധിക്കുക എന്നതിനാല്‍ ഏതൊക്കെ കപ്പലുകളാണെന്ന് കൃത്യമായി തിരിച്ചറിയുന്നതില്‍ പരിമിതികളുമുണ്ട്.
Content Summary; Over 400 large ships are waiting off the Strait of Hormuz as tanker operators look for a wider reopening following crucial US-Iran negotiations.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.