UPDATES

വി കെ അജിത് കുമാര്‍

കാഴ്ചപ്പാട്

വി കെ അജിത് കുമാര്‍

ബുത്തി ഡോങ്ങില്‍ എന്താണ് നടക്കുന്നതെന്ന് ലോകം അറിയുന്നുണ്ടോ?

മതവും ദേശീയതയും ചേര്‍ന്ന് നടത്തുന്ന വംശഹത്യകള്‍

                       

മതമെന്നത് ലോക നന്മയെ വിഭജിക്കാന്‍ മനുഷ്യന്‍ കണ്ടെത്തിയ ആശയപരമായ ആയുധമായി മാറുന്ന കാഴ്ച്ച നൂറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ജൂതമതത്തിലും ക്രിസ്ത്യന്‍ വിശ്വാസത്തിലും ഇസ്ലാമിലും അക്രമ പ്രവര്‍ത്തനങ്ങളെ നന്മയെ വീണ്ടെടുക്കുവാനുള്ള ആയുധമെന്ന പേരില്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും ബുദ്ധ വിശ്വാസങ്ങളില്‍ അക്രമത്തെ പൂര്‍ണമായും തിരസ്‌ക്കരിക്കുകയും അഹിംസയെന്നത് പരമ ബോധമായി ഉയര്‍ത്തിക്കാട്ടുകയുമാണ് ചെയ്യുന്നത്. ഉയര്‍ന്നതെന്നോ താഴ്ന്നതെന്നോ ശത്രുവെന്നോ വ്യത്യാസമില്ലാതെ അക്രമതത്വങ്ങള്‍ ഉപേക്ഷിച്ച് കാരുണ്യത്തോടെയും സ്‌നേഹത്തോടെയും അതിരുകള്‍ക്കതീതമായി ലോകത്തെ കാണാനുള്ള സന്ദേശമാണ് ബുദ്ധന്റെ പ്രഘോഷണങ്ങളിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത്. അതുകൊണ്ട് തന്നെയാകാം, സ്വതന്ത്രചിന്തയും ആത്മപ്രകാശനവും നല്‍കുന്ന ബുദ്ധിസത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇന്ത്യയില്‍ ഫ്രഞ്ച് വിപ്ലവത്തിനു സമാനമായിരിക്കുമെന്ന് അബേദ്ക്കര്‍ അഭിപ്രായപ്പെട്ടത്. ദ്വിഗ്‌വിജയത്തിനിറങ്ങിയ ആദിശങ്കരന്റെ മുന്നില്‍ പരാജിതരായ ഭിക്ഷുക്കളില്‍ പലരും ആത്മതത്വത്തെ ബലപ്പെടുത്തിക്കൊണ്ട് സ്വയം മരണത്തെ വരിച്ചതായും ചരിത്രമുണ്ട്. അത്രയേറെ മാനവികതയുടെ പ്രകാശം പരത്തുന്ന ബുദ്ധമത പിന്‍തുടര്‍ച്ചക്കാര്‍ സമകാലത്ത് കൈകളില്‍ രക്തക്കറയുമായി നില്‍ക്കുന്നത് ചരിത്രത്തിന്റെ ഐറണികളിലൊന്നായി മാറുന്നു. Myanmar rohingya muslims

മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ തീരത്ത് ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നു കിടക്കുന്ന മധ്യ മ്യാന്മാറില്‍ നിന്ന് അരാകന്‍ പര്‍വതനിരകള്‍ അതിര്‍ത്തി നിര്‍ണയിക്കുന്ന റാഖൈന്‍ സ്റ്റേറ്റില്‍ മതം കൊണ്ട് മനുഷ്യനെ വേര്‍തിരിച്ചാല്‍ ഒരു ദശലക്ഷത്തിലധികം മുസ്ലിം ജനവിഭാഗം ഉണ്ട്, ഇവരില്‍ ഭൂരിഭാഗവും റോഹിഗ്യന്‍ വംശീയ വിഭാഗത്തില്‍ പെട്ടവരാണ്. റാഖൈന്‍ വംശീയ വിഭാഗത്തിലെ രണ്ട് ദശലക്ഷത്തിലധികം ബുദ്ധമതക്കാരും ഭൂരിപക്ഷ സമുദായമായി അവിടെയുണ്ട്. ഇവര്‍ രാജ്യത്തെ ബാമര്‍ ഭൂരിപക്ഷത്തില്‍ നിന്ന് വംശീയമായി വ്യത്യസ്തരുമാണ്. 2012-ല്‍ സ്വിറ്റ്‌യില്‍ റാ ബൈനുകളും മുസ്ലിം വിഭാഗവും തമ്മില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെടുകയും അവര്‍ തമ്മിലുള്ള ബന്ധം ഏതാണ്ട് വിച്ഛേദിക്കപ്പെടുകയും അതിനുശേഷം കാര്യങ്ങള്‍ ക്രമാതീതമായി വഷളാകുകയുമായിരുന്നു. ഇത് തുടര്‍ന്നു കൊണ്ടേയിരുന്നു. പുറം ലോകത്തിന്റെ കാഴ്ചയില്‍ ചില ആഭ്യന്തര പ്രശ്‌നങ്ങളായി നിന്ന സംഭവം, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ ജസീറ തുടങ്ങിയ മാധ്യമങ്ങള്‍ പുറത്ത് വിട്ട അതി ഭീകരമായ കാഴ്ചകളിലൂടെയിരുന്നു ലോകത്തെ നടുക്കിയത്. 2017 സെപ്റ്റംബറില്‍ ബര്‍മീസ് സൈന്യം കൂട്ടക്കൊല ചെയ്ത റോഹിഗ്യകളുടെ കൂട്ടക്കുഴിമാടങ്ങള്‍ അവര്‍ തുറന്നുകാട്ടി, മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം രൂപമാറ്റം വരുത്താന്‍ ആസിഡ് ഉപയോഗിച്ചതായിപ്പോലും കണ്ടു. 2017 ഡിസംബറില്‍, ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് കണക്കാക്കിയത്, കലാപത്തില്‍ 10,000-ത്തിലധികം റോഹിഗ്യകള്‍ മൃഗീയമായി കൊല്ലപ്പെട്ടുവെന്നും, ഏകദേശം 700,000 റോഹിഗ്യകള്‍ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശിലും ഇന്ത്യയിലും നരക ജീവിതം നയിക്കുന്നുവെന്നുമാണ്. കൂട്ടപ്പലായനത്തിന്റെ അവസ്ഥയും ചിത്രങ്ങളും അന്ന് ലോകമനസാക്ഷിയെ ഞെട്ടിച്ചിരുന്നു. അങ്ങനെ- വംശഹത്യയുടെ പുതിയ പാഠപുസ്തകത്തിന്റെ ആദ്യ അധ്യായമായ ഉന്‍മൂലനം വായിച്ചു തുടങ്ങി. ഉന്‍മൂലനവും വംശഹത്യയും എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് ചിന്തിക്കുമ്പോള്‍ ലോകത്തിനു മുന്നിലേക്ക് ചില ‘പാരഡൈമുകള്‍’ വേട്ടക്കാര്‍ വച്ചു നീട്ടുന്നതായി മനസിലാക്കാം. ഇതില്‍ വിശ്വസിച്ച് വംശഹത്യ നടക്കുന്നുണ്ടെന്ന് പ്രഖ്യാപിക്കാന്‍ മതിയായ തെളിവുകളില്ലെന്ന ബോധ്യത്തില്‍ പുറം ലോകം പിരിഞ്ഞു പോകുമെങ്കില്‍, വ്യവസ്ഥാപിതമായ ബലാത്സംഗം, നിര്‍ബന്ധിത തൊഴില്‍ നിയന്ത്രണം, സഞ്ചാര നിയന്ത്രണങ്ങള്‍, വിവാഹത്തിനും പ്രത്യുല്‍പാദനത്തിനും ഉള്ള നിയന്ത്രണങ്ങള്‍, മരുന്നും ഭക്ഷണവും ലഭിക്കുന്നതില്‍ നിന്നുള്ള വിലക്ക് എന്നിവയ്ക്ക് തെളിവുകളുണ്ടെന്നതും അത് ക്രമേണേ വംശഹത്യയിലേക്കുള്ള സാഹചര്യം ഉണ്ടാക്കുമെന്നും സ്വതന്ത്ര നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ‘യഥാര്‍ത്ഥ വംശഹത്യയ്ക്ക് മുമ്പ് തന്നെ ഉന്‍മൂലനം ആരംഭിക്കാം.’ മ്യാന്‍മാറിലെ സ്ഥിതിയെപ്പറ്റി മുന്‍പ് തന്നെ ലണ്ടനിലെ ക്യൂന്‍ മേരി യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ സ്റ്റേറ്റ് ക്രൈം ഇനിഷ്യേറ്റീവ് (ISCI) ഡയറക്ടര്‍ പെന്നി ഗ്രീന്‍ അഭിപ്രായപ്പെടുന്നു. 2018 ഏപ്രിലില്‍, ഗ്രീനും ഐഎസ്സിഐയും മ്യാന്‍മര്‍ സര്‍ക്കാര്‍ ‘റോഹിഗ്യകളുടെ വംശഹത്യയില്‍ കുറ്റവിമുക്തരല്ലെന്ന് വാദിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്.

ബുദ്ധിസത്തിന്റെ കാലാന്തരപരിണാമത്തില്‍ അത് ആശയ ലോകത്ത് നിന്നും വിടുതല്‍ പ്രാപിക്കുകയും മതമെന്ന തലത്തില്‍ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമവും മുന്‍പ് തന്നെ തുടങ്ങിയിരുന്നു. ശ്രീലങ്കയില്‍ ബുദ്ധമത ദേശീയത, തമിഴ് വംശീയതയെ ആക്രമിച്ചതും തായ്‌ലന്‍ഡിലെ രാഷ്ട്രീയ അക്രമങ്ങളും രണ്ടാം ലോകമഹായുദ്ധ കാലത്തെ ജാപ്പനീസ് ദേശീയതയില്‍ ബുദ്ധമത സ്ഥാപനങ്ങളുടെ ആയോധനപരമായ പങ്കാളിത്തത്തെക്കുറിച്ചുള്ള സൂചനകളും ടിബറ്റന്‍ ബുദ്ധമതത്തിലെ ലാമകള്‍ പദവി നിലനിര്‍ത്താനായി സ്വന്തം വിഭാഗത്തിലെ എതിരാളികളുടെ മൊണാസ്ട്രികള്‍ തകര്‍ക്കുന്നത് പോലുള്ള സംഭവങ്ങള്‍ എല്ലാം ബുദ്ധിസത്തിന്റെ അക്രമവഴികളുടെ തെളിവുകളായുണ്ട്. അതിനോടൊപ്പം വളര്‍ന്നു വന്ന വലതുപക്ഷ മതരാഷ്ട്ര നിലപാടുകളും ലോകം മുഴുവനായി സ്‌പോണ്‍സര്‍ ചെയ്യപ്പെടുന്ന ഇസ്ലാമോഫോബിയയും കൂടി പിടി മുറുക്കിയപ്പോള്‍ മ്യാന്‍മാര്‍ അവരുടെ ദേശീയതയെ പുനര്‍നിര്‍മിച്ചുവെന്നു പറയാം. ന്യൂനപക്ഷമായ റോഹിഗ്യോ മുസ്‌ളിമുകള്‍ അവര്‍ക്ക് മുന്നില്‍ പെറ്റുപെരുകുന്ന കുടിയേറ്റക്കാരായി മാത്രം മാറി. അവര്‍ ദേശീയ പൗരത്വമര്‍ഹിക്കുന്നവരല്ല എന്ന തലത്തിലേക്ക് കാര്യങ്ങള്‍ പെട്ടെന്ന് ചെന്നെത്തുകയായിരുന്നു. റോഹിങ്ക്യകളെ അവര്‍ ‘ചിറ്റഗോംഗ് ബംഗാളികള്‍’ എന്ന് വിളിക്കുവാനും താത്പര്യപ്പെട്ടു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ മ്യാന്‍മാറിലെ ബുദ്ധ സന്ന്യാസക്കുപ്പായമണിഞ്ഞവര്‍ വെറുപ്പിന്റെ രാഷ്ട്രീയ പ്രചാരകരായി മാറുകയായിരുന്നു. 2013 ല്‍ Time മാഗസിന്‍ മുഖചിത്രമാക്കിയ അഭിനവ ബുദ്ധ ഭിക്ഷുവായ അഷിന്‍ വിരാതുവിന്റെ കടന്നുവരവ് കൂടിയായപ്പോള്‍ റോഹിഗ്യോകള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ രാജ്യം വിടേണ്ടതായി വന്നു. ഫ്രാന്‍സിസ് വേഡ് (പത്രപ്രവര്‍ത്തകന്‍) Myanmar’s Enemy Within, എന്ന പുസ്തകരചനയുടെ കാലത്ത് ഒരു സാധാരണ പൗരനില്‍ നിന്നും ലഭ്യമായ പ്രതികരണത്തെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. റോഹിഗ്യോകള്‍ വളര്‍ന്നാല്‍ യങ്കൂണ്‍ മറ്റൊരു സൗദി അറബ്യയോ മെക്കയോ ആകുമെന്നാണയാള്‍ പറയുന്നത്. അത് ബുദ്ധമതത്തെ ഇല്ലാതാക്കും രാജ്യം തന്നെ ഇല്ലാതാകും. ഇത്തരം ആശങ്കകളാണ് റോഹിഗ്യോകളുടെ വംശഹത്യയിലേക്ക് നയിക്കുന്നത്. സമകാലത്ത് ജനങ്ങളോട് ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിലെ പ്രധാനമന്ത്രി പറഞ്ഞതുമായി ഇതിനെ ചേര്‍ത്തു വായിക്കാം.

ഇപ്പോഴിങ്ങനെ ഒരു ലേഖനം എഴുതേണ്ടി വന്നത് ലോകം മുഴുവന്‍ പലസ്തീന്‍ പ്രശ്‌നത്തിലേക്ക് കണ്ണയച്ചിരിക്കുമ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബുത്തി ഡോങ് നഗരം മ്യാന്‍മാര്‍ സൈന്യം തീയിട്ടു നശിപ്പിച്ചതായ ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതതിനാലാണ്. ഏതാണ്ട് രണ്ട് ലക്ഷത്തോളം മനുഷ്യര്‍ പ്രാണനുവേണ്ടി കേഴുന്നുണ്ടവിടെ. എന്താണ് അവിടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്ന് പുറം ലോകമറിയാതിരിക്കാനുള്ള കരുതലും സൈന്യം നടപ്പാക്കിയിട്ടുണ്ട്. കാര്യങ്ങളുടെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ 2017 ലെ വംശഹത്യയേക്കാള്‍ ഭീകരമായതാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നു വ്യക്തമാണ്. നമുക്കരികിലായി പ്രാണനുവേണ്ടിയും മാനത്തിനു വേണ്ടിയും നിലനില്‍പ്പിനു വേണ്ടിയും നിലവിളിക്കുന്ന കുറച്ച് സാധാരണ മനുഷ്യരുണ്ടെന്നുള്ള തിരിച്ചറിവുണ്ടാക്കുക. അവരെ ഒരു മതത്തിന്റെയും ബ്രാന്റിംഗില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ലോകം റോബോട്ടിക് യുഗത്തിലേക്ക് പരിണമിക്കുകയാണെന്ന് പറയുകയും മതം വളരുകയും ചെയ്യുന്ന അവസ്ഥയില്‍ സാധാരണമനുഷ്യന്റെ ജീവിതത്തെ നിര്‍ണയിക്കുന്നത് ഇപ്പോഴും ആരൊക്കെയോ ചേര്‍ന്നെഴുതിവച്ച മത ഗ്രന്ഥങ്ങളില്‍ പിടി മുറുക്കിയവരാണ്. അവര്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ നിലപാടില്‍ നിന്നു കൊണ്ട് ന്യൂനപക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യും അതാണ് അധികാരം’.

ഒരു കാലത്ത് ഏറെ പ്രതീക്ഷ നല്‍കിയ മ്യാന്‍മാറിന്റെ തന്നെ ആങ് സാന്‍ സുകിയുടെ വാക്കുകള്‍ കടമെടുക്കാം. ‘അധികാരമല്ല, ഭയമാണ് ദുഷിപ്പിക്കുന്നത്. അധികാരം നഷ്ടപ്പെടുമോ എന്ന ഭയം ഭരിക്കുന്നവരെ ദുഷിപ്പിക്കുന്നു, അധികാരത്തിന്റെ ബാധയെക്കുറിച്ചുള്ള ഭയം അതിന് വിധേയരായവരെ ദുഷിപ്പിക്കുന്നു.’

Content Summary; Myanmar rohingya muslims facing genocide, buthidaung town fire, arson attacks

 

 

വി കെ അജിത് കുമാര്‍

വി കെ അജിത് കുമാര്‍

എഴുത്തുകാരന്‍, സമൂഹ്യനിരീക്ഷകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍