ഒരുകാലത്ത് ഇന്ത്യയിലെ ചെറുത്തുനിൽപ്പിന്റെ ശബ്ദമായി ആഘോഷിക്കപ്പെട്ട പാക് കവി ഫായിസ് അഹമ്മദ് ഫായിസിന്റെ കവിത ആലപിക്കുന്നത് ഇന്ത്യയിൽ ഇപ്പോൾ രാജ്യദ്രോഹക്കുറ്റമാണ്. നടനും ആക്ടിവിസ്റ്റുമായ വീര സതിദാറിന്റെ സ്മരണയ്ക്കായി കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച ഒരു പരിപാടിയിൽ, ഒരു കൂട്ടം യുവ സാംസ്കാരിക പ്രവർത്തകർ ഫായിസിന്റെ പ്രശസ്തമായ ഹം ദേഖേങ്കെയുടെ വരികൾ ആലപിക്കുകയുണ്ടായി. ഈ പരിപാടിയിലെ സംഘാടകർക്കും പ്രഭാഷകനുമെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 152 പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കയാണ് നാഗ്പൂർ പൊലീസ്. ഇതിന് പുറമേ ബിഎൻസി സെക്ഷൻ 196, സെക്ഷൻ 353 എന്നീ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
നടനും, എഴുത്തുകാരനും, പത്രപ്രവർത്തകനും, രാഷ്ട്രീയ ചിന്തകനുമായ സതിദാർ കോവിഡ് ബാധയെത്തുടർന്ന് 2021 ഏപ്രിൽ 13നാണ് അന്തരിച്ചത്. സതിദാറിന്റെ മരണശേഷം ഭാര്യ പുഷ്പയാണ് വാർഷിക അനുസ്മരണം സംഘടിപ്പിച്ചത് പിന്നീടിത് എല്ലാവർഷവും തുടർന്ന് പോന്നു. ഈ വർഷം, സാമൂഹിക പ്രവർത്തകൻ ഉത്തം ജാഗിർദാറായിരുന്നു ചടങ്ങിലെ ക്ഷണിതാവ്. എഫ്‌ഐആറിൽ വ്യക്തികളുടെ പേര് വ്യക്തമായി പറയുന്നില്ലെങ്കിലും, പരിപാടിയുടെ സംഘാടകരും പ്രഭാഷകനെന്നും വ്യക്തമായി പരാമർശിക്കുന്നു. വിദർഭ സാഹിത്യ സംഘത്തിൽ വച്ചു നടന്ന അനുസ്മരണ പരിപാടിയിൽ വിവാദമായ മഹാരാഷ്ട്ര സ്പെഷ്യൽ പബ്ലിക് സെക്യൂരിറ്റി ബിൽ, 2024 നെക്കുറിച്ച് ജാഗിർദാർ സംസാരിച്ചിരുന്നു. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഈ ബിൽ ഒരു നിയമമാക്കി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. ഈ ബിൽ നടപ്പിലാക്കിയാൽ അത് മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാകുമെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ജനങ്ങൾ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. നാഗ്പൂർ സ്വദേശിയായ ദത്താത്രേയ ഷിർക്കെ ആണ് പരിപാടിക്കെതിരെയും സംഘാടകർക്കെതിരെയും കേസ് നൽകിയത്. ഫയൽ ചെയ്ത എഫ്‌ഐആറിൽ എബിപി മാജ്ഹ എന്ന മറാത്തി ചാനലിൽ സംപ്രേഷണം ചെയ്ത ഒരു വാർത്താ റിപ്പോർട്ട് ഉദ്ധരിച്ചിട്ടുണ്ട്. രാജ്യം പാകിസ്ഥാൻ സൈന്യത്തിനെതിരെ ധീരമായി പോരാടിയ സമയത്ത്, നാഗ്പൂരിലെ തീവ്ര ഇടതുപക്ഷം പാകിസ്ഥാൻ കവി ഫായിസ് അഹമ്മദ് ഫായിസിന്റെ കവിത ആലപിക്കുന്ന തിരക്കിലായിരുന്നുവെന്ന് തന്റെ പരാതിയിൽ ഷിർക്കെ അവകാശപ്പെടുന്നുണ്ട്. തഖ്ത് ഹിലാനെ കീ സറൂരത് ഹേ സർക്കാരിന് നേരിടുന്ന ഭീഷണിയാണെന്ന് ദത്തായേത്ര അവകാശപ്പെടുന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്തിയ പല കേസുകളും സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടും നാഗ്പൂർ പോലീസ് സംഘാടകർക്കും പ്രഭാഷകർക്കും എതിരെ ഈ വകുപ്പ് പ്രകാരം കേസെടുത്തു. 2022 മെയ് 11നാണ്, സുപ്രീം കോടതി ഒരു ചരിത്ര ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124എ പ്രകാരമുള്ള എല്ലാ വിചാരണകളും, അപ്പീലുകളും, നടപടികളും രാജ്യദ്രോഹ നിയമത്തിന്റെ പുനഃപരിശോധന പൂർത്തിയാകുന്നതുവരെ നിർത്തിവയ്ക്കണം എന്നായിരുന്നു ആ ഉത്തരവ്. എന്നാൽ അതിനുശേഷം ഐപിഎസി പകരം ബിഎൻഎസ് നിലവിൽ വന്നതോടെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ഐപിസിക്ക് പകരം ബിഎൻഎസ് ഉപയോഗിച്ചാണ് ഇവർക്കെതിരെ കേസെടുത്തത്. എന്നാൽ ബിഎൻസി പ്രകാരമാണെങ്കിലും ഈ ഉത്തരവ് ബാധകമാണ്. ബിഎൻസി എന്ന പേരിലേക്ക് നിയമലസംഹിത രൂപമാറ്റം നടത്തിയെങ്കിലും. രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനുള്ള വ്യവസ്ഥ ഇല്ലാതാക്കുന്നില്ല. ഐപിസി സെഷൻ 124ന് പകരം നിലവിൽ ബിഎൻഎസ് സെക്ഷൻ 152 ആണ് നിലവിലുള്ളത്. രാജ്യദ്രോഹ നിയമവുമായി വളരെ സാമ്യമുള്ള നിയമമാണിത്.
content summary: Nagpur Police book organisers of Vira Sathidar Memorial for singing Faiz’s ‘Hum Dekhenge’, calling it ‘sedition’