January 15, 2025 |
Share on

ശക്തി കുറഞ്ഞ് മോദി-ഷാ സഖ്യം, നേതൃത്വം കൂടുതല്‍ ‘വികസിക്കും’

മുന്നണിയില്‍ മാത്രമല്ല പാര്‍ട്ടിയിലും ബിജെപിക്ക് പുതിയ സമവാക്യങ്ങള്‍ സ്വീകരിക്കേണ്ടി വരും

കഴിഞ്ഞ രണ്ടു തവണത്തേതില്‍ നിന്നും തീര്‍ച്ചയായും വ്യത്യാസപ്പെടും മൂന്നാം മോദി സര്‍ക്കാര്‍. ഒന്ന്, ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ല. രണ്ട്, സഖ്യ കക്ഷികളുടെ ഇടപെടല്‍ ഉണ്ടാകും. മുന്ന്, പ്രതിപക്ഷം ശക്തമാണ്. പ്രതീക്ഷകള്‍ക്കേറ്റ തിരിച്ചടി സര്‍ക്കാരില്‍ മാത്രമല്ല, പാര്‍ട്ടിയിലും മാറ്റങ്ങള്‍ കൊണ്ടു വരും. നരേന്ദ്ര മോദി-അമിത് ഷാമാരില്‍ നിന്നും പാര്‍ട്ടി നേതൃത്വം കൂടുതല്‍ വികസിക്കും. narendra modi amit shah, bjps central leadership would have to review its style of functioning

തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിക്കൊണ്ട് 2019 ല്‍ രണ്ടാം മൂഴം സ്വന്തമാക്കിയതോടെയാണ് ബിജെപി എന്നാല്‍ മോദി-ഷാ എന്നതായി പരിണമിച്ചത്. എല്‍ കെ അദ്വാനി, മുരളിമനോഹര്‍ ജോഷി, ഉമ ഭാരതി തുടങ്ങിയ സീനിയര്‍ നേതാക്കള്‍ നിശബ്ദരാക്കപ്പെടുകയും മോദി-ഷാമാരെക്കാള്‍ ദേശീയതലത്തില്‍ തലമുതിര്‍ന്നവരായിരുന്ന പലരും ഒതുക്കപ്പെടുകയും ചെയ്തു. രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി തുടങ്ങിയ മുന്‍ ദേശീയ അധ്യക്ഷന്മാര്‍ വരെ രണ്ടാം നിരക്കാരായി. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ദേശീയ അധ്യക്ഷ പദവിയിലേക്ക് അമിത് ഷാ എത്തിയതോടെയാണ് പാര്‍ട്ടി അവരുടെ കൈയില്‍ ഒതുങ്ങിയത്, രണ്ടാം മോദി സര്‍ക്കാര്‍ കാലത്ത് ഷാ കേന്ദ്ര സര്‍ക്കാരിലേക്ക് വന്ന് നിര്‍ണായകമായ ആഭ്യന്തര മന്ത്രി സ്ഥാനം കൂടി ഏറ്റെടുത്തതോടെ ഭരണത്തിലും പാര്‍ട്ടിയിലും ഒരുപോലെ രണ്ടു ഗുജറാത്തി നേതാക്കളും ആധിപത്യം സ്ഥാപിച്ചു.

ദേശീയ തലത്തില്‍ മാത്രമല്ല, സംസ്ഥാനങ്ങളിലും ഒതുക്കലുകള്‍ നടന്നു. വസന്ധുര രാജ സിന്ധ്യയും ശിവരാജ് സിംഗ് ചൗഹാനും അത്തരത്തിലുള്ള രണ്ട് ഇരകളാണ്. രാജസ്ഥാനില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായപ്പോള്‍, മുഖ്യമന്ത്രി കുപ്പായം തുന്നി കാത്തിരുന്ന വസുന്ധരയെ ദേശീയ നേതൃത്വം വെട്ടി. പിന്നാലെ മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായിരുന്ന ചൗഹാനെയും.

കാര്യങ്ങള്‍ ഇപ്പോള്‍ മാറിയിരിക്കുകയാണ്. ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്തിടത്തു നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്ന നേതൃത്വമായിരിക്കും ഇനി ബിജെപിക്കുണ്ടാവുക എന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നു തന്നെ സൂചനകള്‍ വരുന്നു. ചോദ്യം ചെയ്യലിനും വിമര്‍ശനങ്ങള്‍ക്കും അതീതമല്ല നേതൃത്വം എന്നാണ് ദേശീയ മാധ്യമായ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയിരിക്കുന്നത്.

പുതിയൊരു അധ്യായം തുടങ്ങേണ്ടതുണ്ടെന്നു പാര്‍ട്ടിക്ക് ബോധ്യമായിരിക്കുന്നു. വരുന്നത് സഖ്യ സര്‍ക്കാരാണ്, ഇതര പാര്‍ട്ടികള്‍ക്ക് സ്വാധീനശക്തിയുണ്ട്. ഏകപക്ഷീയമായ തീരുമാനങ്ങള്‍ സാരമായി ബാധിക്കും. വാജ്‌പേയ് നേതൃത്വം നല്‍കിയ എന്‍ഡിഎ സര്‍ക്കാരിന്റെ മാതൃക പിന്തുടരും. മുന്നണി കണ്‍വീനറെ നിയമിക്കും, കൃത്യമായി മുന്നണി യോഗങ്ങള്‍ ചേരും, മര്‍മപ്രധാനമായ തീരുമാനങ്ങള്‍ മുന്നണി യോഗം ചേര്‍ന്ന് മാത്രം കൈക്കൊള്ളും; നിര്‍ണായകമായ പല മാറ്റങ്ങളും പുതിയ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.

മുന്നണിയുടെ കാര്യത്തില്‍ മാത്രമല്ല, പാര്‍ട്ടിക്കുള്ളിലും കൂട്ടായ്മയുടെ ആവശ്യകത ഉറപ്പാക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. സീനിയര്‍ നേതാക്കള്‍ നിര്‍ണായക ഇടപെടല്‍ നടത്തും. വസുന്ധര രാജെ സിന്ധ്യ, ശിവരാജ് സിംഗ് ചൗഹാന്‍, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ് എന്നിവര്‍ തങ്ങളുടെ പ്രാധാന്യം പാര്‍ട്ടിയില്‍ ഉറപ്പിക്കും.

Post Thumbnail
കിംഗ് മേക്കര്‍മാരാകാന്‍ നായിഡു-നിതീഷുമാര്‍വായിക്കുക

മൂന്നാമൂഴത്തിന് പ്രധാന പങ്കുവഹിച്ചത് മോദി തന്നെയാണെന്നതിനാല്‍ ഉടനടി പാര്‍ട്ടിയില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ക്ക് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാരണമാകില്ല. എങ്കിലും, മാറ്റങ്ങള്‍ വരുമെന്നു തന്നെയാണ് മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പ്രതികരിച്ചത്. നേതൃത്വം അതിന്റെ പ്രവര്‍ത്തന ശൈലി അവലോകനം ചെയ്യേണ്ടി വരും, തീരുമാനങ്ങളും ആഭ്യന്തര നിയമനങ്ങളുമൊക്കെ കൂടുതല്‍ വിപുലമായി ചര്‍ച്ച ചെയ്യേണ്ടിയും വരും എന്നാണ് നേതാക്കള്‍ പറയുന്നത്. പാര്‍ട്ടിയിലെ ‘നോമിനേഷന്‍ സംസ്‌കാരം’ അവസാനിക്കുമെന്നാണ് യുപിയില്‍ നിന്നുള്ള ഒരു നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്. നേതൃത്വത്തിന് താത്പര്യമുള്ളവരെ മുന്നിലേക്ക കൊണ്ടു വരികയും, പാര്‍ട്ടിയില്‍ അനുഭവ സമ്പത്തുള്ളവരെ ഒതുക്കുകയും ചെയ്യുന്ന രീതി ഇല്ലാതാകണമെന്നു തന്നെയാണ് പാര്‍ട്ടിയിലുള്ള പൊതുവികാരം.

പാര്‍ട്ടിയില്‍ ഉടച്ചു വാര്‍ക്കല്‍ ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന നേതാക്കളും അധികമാണ്. നിലവിലെ ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ നീട്ടിക്കൊടുത്ത കാലാവധിയും ഈ മാസത്തോടെ അവസാനിക്കും. പുതിയൊരു ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. സംസ്ഥാന അധ്യക്ഷന്മാരുടെ കാര്യത്തിലും മാറ്റമുണ്ടാകും. ഇതോടെ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പുതിയ ഭാരവാഹിത്വം പാര്‍ട്ടിക്ക് ഉണ്ടാകുമെന്നാണ് ഒരു വിഭാഗം പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്ന മറ്റൊരു പ്രധാന കാര്യം, കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും തിരിച്ചു വരവ് ബിജെപിയെ ഭയപ്പെടുത്തുന്നുണ്ടെന്നാണ്. ശക്തമായൊരു പ്രതിപക്ഷത്തെ ഇത്തവണ നേരിടണം. പ്രതിപക്ഷ നിരയില്‍ രാഹുല്‍ കൂടുതല്‍ കരുത്തനായിരിക്കും. ബിജെപി വിരുദ്ധര്‍ക്കൊപ്പം ബിജെപിയിലെ അസംതൃപ്തരായവരും ഒരുപക്ഷേ രാഹുലിനൊപ്പം ചേര്‍ന്നാല്‍ പാര്‍ട്ടിക്ക് കനത്ത വെല്ലുവിളികളായിരിക്കും മുന്നോട്ടുള്ള പോക്കില്‍ നേരിടേണ്ടി വരികയെന്നാണ് നേതാക്കള്‍ പറയുന്നത്.

‘ബിജെപിക്ക് ആര്‍എസ്എസ്സിന്റെ സഹായം ഇപ്പോള്‍ ആവശ്യമില്ല’

ആര്‍എസ്എസ്സും ബിജെപി നേതൃത്വവും തമ്മില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി തുടരുന്ന അകല്‍ച്ചയും അവസാനിപ്പിക്കേണ്ടതുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. ബിജെപിക്ക് ഇപ്പോള്‍ ആര്‍എസ്എസ്സിന്റെ സഹായം ആവശ്യമില്ലെന്നും, പാര്‍ട്ടി സ്വന്തം നിലയ്ക്ക് ശക്തമാണെന്നും ജെ പി നഡ്ഡയുടെ പ്രസ്താവന ഈ അകല്‍ച്ചയെ കാണിക്കുന്നതായിരുന്നു. പാര്‍ട്ടി അതിന്റെ ശക്തി പറഞ്ഞ്, ഗ്രൗണ്ട് തല പ്രവര്‍ത്തനങ്ങള്‍ക്ക് സംഘത്തിനെ ആശ്രയിക്കുന്നതിലും കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് തിരിച്ചടി സംഘത്തെ ആശ്രയിക്കുന്നതിലേക്ക് പാര്‍ട്ടിയെ വീണ്ടും എത്തിക്കും. അങ്ങനെയൊരു സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ വീണ്ടും ആര്‍എസ്എസ്സിന്റെ സ്വാധീനം ശക്തമാവുകയും, നിര്‍ണായക ഇടപെടലുകള്‍ക്ക് അവര്‍ക്ക് അവസരമൊരുങ്ങുകയും ചെയ്യും. ഇതും മോദി-ഷാ ദ്വന്ദത്തിന്റെ ആധിപത്യത്തിന് തിരിച്ചടിയാകും.

Content Summary;  Narendra modi amit shah, bjps central leadership would have to review its style of functioning

×