April 20, 2025 |

കെ ഡ്രാമ കണ്ടതിന് മരണ ശിക്ഷ

22 കാരനെ പരസ്യമായി തൂക്കിലേറ്റി ഉത്തര കൊറിയ

ദക്ഷിണ കൊറിയൻ സിനിമകളും സംഗീതവും ആസ്വദിച്ചതിനും പങ്കിട്ടതിനും 22 വയസ്സുള്ള യുവാവിനെ ഉത്തര കൊറിയയിൽ പരസ്യമായി വധിച്ചു. ഉത്തര കൊറിയക്ക് പുറത്തുനിന്നുള്ള വിവരങ്ങളുടെയും സംസ്കാരത്തിന്റെയും ഒഴുക്ക് തടയാനുള്ള പ്യോങ്‌യാങ്ങിൻ്റെ തീവ്ര ശ്രമങ്ങളെ എടുത്തുകാണിക്കുന്നതാണ് എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ദക്ഷിണ കൊറിയയുടെ യൂണിഫിക്കേഷൻ മിനിസ്ട്രി ജൂൺ 27 വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തര കൊറിയൻ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള 2024 ലെ റിപ്പോർട്ട് വഴിയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. കേസിനെ കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്ന റിപ്പോർട്ടിൽ, 649 ഉത്തരകൊറിയൻ വിമതരുടെ സാക്ഷ്യപത്രങ്ങളും ഉൾപ്പെടുന്നുണ്ട്. man executed for K-pop

പേര് വെളിപ്പെടുത്താത്ത സാക്ഷി മൊഴികൾ അനുസരിച്ച്, 70 ദക്ഷിണ കൊറിയൻ പാട്ടുകൾ കേൾക്കുകയും മൂന്ന് സിനിമകൾ കാണുകയും അവ വിതരണം ചെയ്യുകയും ചെയ്തതിനാണ് ദക്ഷിണ ഹ്വാങ്‌ഹേ പ്രവിശ്യയിൽ നിന്നുള്ള യുവാവിനെ 2022 -ൽ പരസ്യമായി വധിച്ചത്. 2020-ൽ അംഗീകരിച്ച, പിന്തിരിപ്പനായ പ്രത്യയശാസ്ത്രത്തെയും സംസ്കാരത്തെയും നിരോധിക്കുന്ന ഉത്തരകൊറിയൻ നിയമം ലംഘിച്ചു എന്നതാണ് യുവാവിന്റെ മേൽ ചുമത്തിയ കുറ്റം. പുറത്തുനിന്നുള്ള വിവരങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാൻ ഉത്തരകൊറിയൻ അധികാരികൾ നടത്തുന്ന വിപുലമായ ശ്രമങ്ങളെയാണ് ഇത്തരം റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

മണവാട്ടികൾ വെളുത്ത വസ്ത്രം ധരിക്കുക, വരൻമാർ വധുവിനെ എടുത്തുകൊണ്ട് പോകുക, സൺഗ്ലാസ് ധരിക്കുക, വൈൻ ഗ്ലാസിൽ നിന്ന് മദ്യം കുടിക്കുക എന്നിങ്ങനെയുള്ള സമ്പ്രദായങ്ങളും നിയമപ്രകാരം തെറ്റാണ്. ഇവയെല്ലാം തന്നെ ദക്ഷിണ കൊറിയൻ ആചാരങ്ങളായാണ് കണകാക്കുന്നത്.

ദക്ഷിണ കൊറിയൻ സ്വാധീനമുണ്ടെന്ന് കരുതുന്ന പേരുകൾ ഉത്തരകൊറിയൻ നിവാസികളുടെ കോൾ ലിസ്റ്റിൽ ഇല്ലെന്ന് ഉറപ്പു വരുത്താനും, ദക്ഷിണ കൊറിയൻ സ്വാധീനമുള്ള പദപ്രയോഗങ്ങൾ, എന്നിവ കണ്ടെത്തുന്നതിനുവേണ്ടി ജനങ്ങളുടെ പ്രത്യേകിച്ച് യുവാക്കളുടെ മൊബൈൽ ഫോണുകൾ പതിവായി ഉത്തര കൊറിയൻ ഭരണകൂടം പരിശോധിക്കാറുള്ളതായി റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്. ദക്ഷിണ കൊറിയയും ഉത്തര കൊറിയയും ഒരേ ഭാഷയാണ് പങ്കിടുന്നതെങ്കിലും,1950-53 ലെ കൊറിയൻ യുദ്ധത്തിന് ശേഷമുള്ള വിഭജനത്തിന് ശേഷം കാര്യമായ വ്യത്യാസങ്ങൾ ഇരു രാജ്യങ്ങളിലും ഉയർന്നുവന്നിട്ടുണ്ട്. പാശ്ചാത്യ സംസ്‌കാരത്തിൻ്റെ ‘ഹാനികരമായ’ സ്വാധീനത്തിൽ നിന്ന് ഉത്തരകൊറിയക്കാരെ സംരക്ഷിക്കാനുള്ള കാമ്പയിൻ്റെ ഭാഗമാണ് ഉത്തര കൊറിയയിലെ കെ -പോപ്പ് നിരോധനം. മുൻ നേതാവ് കിം ജോങ്-ഇലിൻ്റെ കീഴിൽ ആരംഭിച്ച ഈ പ്രചാരണം അദ്ദേഹത്തിൻ്റെ മകൻ കിം ജോങ്-ഉൻ അധികാരത്തിൽ വന്നതോടെ തീവ്രമായി.

1948 മുതൽ രാജ്യം ഭരിക്കുന്ന ‘ ഒരിക്കലും തെറ്റു പറ്റാത്ത’ കിം രാജവംശത്തോട് സമ്പൂർണ്ണമായി അടിയറവ് പറയുന്ന പ്രത്യയശാസ്ത്രത്തിന്, ദക്ഷിണ കൊറിയയിലെ ജനകീയ സംസ്കാരം ഉത്തര കൊറിയൻ സമൂഹത്തിലേക്ക് കടക്കാൻ അനുവദിക്കുന്നത് ഭീഷണിയാകുമെന്നാണ് വിദഗ്ധർ പറയുന്നത്. പക്ഷെ, ഇത്തരം കഠിന നടപടികൾ ഉണ്ടായിരുന്നിട്ടുപോലും ഉത്തര കൊറിയയിൽ സമീപകാല ടെലിവിഷൻ ഷോകൾ ഉൾപ്പെടെയുള്ള ദക്ഷിണ കൊറിയൻ സംസ്കാരത്തിൻ്റെ സ്വാധീനം തടയാൻ കഴിയുന്നില്ലെന്നാണ് ഉത്തര കൊറിയൻ വിമതർ പറയുന്നത്.

യുവാക്കളെ വ്യാപകമായി സ്വാധീനിക്കുന്ന തരത്തിലാണ് ദക്ഷിണ കൊറിയൻ സംസ്കാരം ഉത്തര കൊറിയയിൽ വേരുപിടിക്കുന്നത്. ഉത്തര കൊറിയയിലെ ചെറുപ്പക്കാർ ദക്ഷിണ കൊറിയൻ സംസ്കാരം പിന്തുടരുകയും തങ്ങളുടെ ജീവിതത്തിലേക്ക് പകർത്തുകയും ചെയ്യുന്നു. അവർ ദക്ഷിണ കൊറിയയിലെ എല്ലാത്തിനെയും ഇഷ്ടപ്പെടുന്നുവെന്നാണ് തന്റെ 20-കളുടെ തുടക്കത്തിൽ ഉത്തര കൊറിയയിൽ നിന്ന് പലായനം ചെയ്ത സ്ത്രീ വ്യക്തമാക്കിയത്. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം ചൈനയിലേക്കുള്ള അതിർത്തി അടച്ചിട്ടുണ്ടെങ്കിലും, അനധികൃത നെറ്റ്‌വർക്കുകൾ വഴി വിവരങ്ങൾ ഇപ്പോഴും ഉത്തരകൊറിയയിൽ ഉള്ളവർക്ക് ലഭിക്കുകയും യുവാക്കൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.

കെ -ഡ്രാമകൾ കാണുന്ന പല യുവാക്കളും ചിന്തിക്കുന്നത് ‘ എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ ജീവിക്കേണ്ടി വരുന്നത് ‘ എന്നാണ്, ഉത്തര കൊറിയയിൽ ജീവിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് ബേധം എന്നാണ് താൻ കരുതിയതെന്ന് ഒരു ഉത്തര കൊറിയൻ യുവാവ് പ്രതികരിച്ചത്.

content summary;  North Korea executed man for listening to K-pop, report from defectors shows

Leave a Reply

Your email address will not be published. Required fields are marked *

×