June 04, 2026 |
Share on

ഓപ്പറേഷന്‍ സിന്ദൂര്‍; കേവലം 25 മിനിട്ടില്‍ സൈന്യം നല്‍കിയ മറുപടി

‘എത്രദൂരെ മറഞ്ഞിരുന്നാലും, കണ്ടെത്തും ശിക്ഷിക്കും’; ശത്രുക്കള്‍ക്ക് ഇന്ത്യ നല്‍കുന്ന ‘ഉറപ്പ്’

കേവലം 25 മിനിട്ടില്‍ ഇന്ത്യ നല്‍കിയ മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. എല്ലാത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അവയ്ക്ക് പിന്തുണ നല്‍കുന്നവര്‍ക്കും കൃത്യമായ സന്ദേശം. ഈ സൈനിക ഓപ്പറേഷനിലൂടെ ഒരു ചുവപ്പ് രേഖ കൂടി ഇന്ത്യ വരച്ചിട്ടുണ്ട്. ഒരിക്കലും അത് മറി കടക്കാതിരിക്കുക എന്നാണ് ശത്രുക്കള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറയിപ്പ്. വിധ്വംസക പ്രവര്‍ത്തകര്‍ക്ക് ഒരു കാര്യം വ്യക്തമായിട്ടുണ്ട്; ഇന്ത്യയോടുള്ള ഏറ്റമുട്ടല്‍ അവര്‍ ഉണ്ടാക്കുക അതിഭീമമായ നഷ്ടമായിരിക്കും.

ഈ ഓപ്പറേഷന്‍ ഇന്ത്യയുടെ സൈനിക ശേഷിയും, നിര്‍ണായക സാഹചര്യങ്ങളില്‍ ഏതുതരം നടപടിയും സ്വീകരിക്കാനുള്ള സന്നദ്ധതയുമാണ് പ്രകടമാക്കിയിരിക്കുന്നത്. ഇന്ത്യയോട് ഏതുതരത്തില്‍ പ്രതികരിക്കുന്നതാണ് ഉചിതമാവുകയെന്ന് പാകിസ്ഥാനെ ഓര്‍മപ്പെടുത്താന്‍ കൂടി ഉതകിയ ആക്രമണം. പാകിസ്താനിലേക്ക് കടന്നും പാക് അധിനിവേശ കശ്മീരിലുമായി മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ ഒന്നിലധികം ദീര്‍ഘദൂര ഹൈ-പ്രിസിഷന്‍ സ്‌ട്രൈക് ആയുധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ ഏകോപിപ്പിച്ച ഈ ആക്രമണം, എത്ര തീവ്രമായതും ഏത്ര ഉള്ളിലേക്ക് കടന്നു ചെന്നും തങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുമെന്നാണ് തെളിയിച്ചിരിക്കുന്നത്. യുദ്ധത്തിനു മുമ്പുള്ള ഒരു വലിയ കുതിച്ചു ചാട്ടം എന്നാണ് ഒരു മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ ഈ ആക്രമണത്തെ കുറിച്ച് ഓര്‍മിപ്പിക്കുന്നത്.

ലക്ഷ്യങ്ങളുടെ വ്യാപ്തിയും സ്ഥാനവും നോക്കിയാല്‍, ഇന്ത്യ നടത്തിയ ഓപ്പറേഷന്റെ ആഘാതവും പ്രതികരണവും വ്യക്തമാകും. നിയന്ത്രണ രേഖയില്‍ നിന്നും, അതിര്‍ത്തിയില്‍ നിന്നും ലക്ഷ്യങ്ങളിലേക്കുള്ള ദൂരവും, ലക്ഷ്യങ്ങളുടെ എണ്ണവും പരിശോധിക്കുമ്പോഴാണ് ഇന്ത്യയുടെ ആക്രമണത്തിന്റെ തീവ്രതയും വ്യാപ്തിയും മനസിലാകുക. എത്ര ദൂരെ പോയി മറഞ്ഞിരുന്നാലും കണ്ടെത്തും ശിക്ഷിക്കും എന്നു തന്നെയായിരുന്നു ബുധനാഴ്ച്ച ഇന്ത്യ ശത്രുക്കള്‍ക്ക് മനസിലാക്കി കൊടുത്തത്.

2016 ല്‍ നടന്ന ഉറി ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി കൊടുത്തത് പാക് അധീന കശ്മീരിനുള്ളിലേക്ക് മൂന്നു കിലോമീറ്റര്‍ കടന്നു ചെന്നായിരുന്നു. 2019-ല്‍, പുല്‍വാമയ്ക്ക് ശേഷം, നിയന്ത്രണ രേഖയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബാലകോട്ടിലായിരുന്നു വ്യോമാക്രമണം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂറാകട്ടെ അതിര്‍ത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ബഹവല്‍പൂര്‍ വരെ എത്തി. ബഹവല്‍പൂര്‍, മുരിദ്‌കെ, കോട്‌ലി എന്നിവിടങ്ങളില്‍ ആക്രമിച്ചതിലൂടെ ഇന്ത്യ തങ്ങള്‍ നേരിടേണ്ടി വന്ന മുന്‍കാല അനീതികളെ ഓര്‍മപ്പെടുത്തുകയായിരുന്നു. ഒപ്പം തിരിച്ചടിക്കാനുള്ള കഴിവ് മനസിലാക്കി കൊടുക്കുകയും ചെയ്തു. ശക്തമായ സന്ദേശം ശത്രുക്കള്‍ക്ക് നല്‍കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള ലക്ഷ്യങ്ങളായിരുന്നു തിരഞ്ഞെടുത്തത്.

ലാഹോറിന്റെ പ്രാന്തപ്രദേശത്തുള്ള മുരിദ്‌കെയിലെ 200 ഏക്കറിലധികം വിസ്തൃതിയുള്ള ഒരു വിശാലമായ മതപാഠശാല കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യക്കെതിരേ നടക്കുന്ന മാരകമായ ഭീകരതയുടെ വിളനിലമാണ്. കാര്‍ഗില്‍ യുദ്ധസമയത്ത് കശ്മീരില്‍ നടന്ന ആദ്യത്തെ വലിയ ചാവേര്‍ ആക്രമണം മുതല്‍ മുംബൈ ആക്രമണം വരെ ആസൂത്രണം ചെയ്തത് ഇവിടെവച്ചായിരുന്നു. കൊടും ഭീകരന്‍ ഹാഫിസ് സയീദ് സ്ഥാപിച്ച സലഫി സംഘടനയായ ജമാത്ത്-ഉദ്-ദവയുടെ ഔദ്യോഗിക ആസ്ഥാനം കൂടിയാണ് മുരിദ്‌കെ.

തങ്ങള്‍ ലക്ഷ്യം വച്ച ഇടങ്ങള്‍ ആക്രമിച്ചുവെന്നതിന്റെ ‘വ്യക്തവും നിര്‍ണായകവുമായ തെളിവുകള്‍ സൈന്യത്തിന്റെ കൈവശം ഉണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തരമൊരു തെളിവ് ശേഖരണത്തിന് കാരണമുണ്ട്. ആക്രമണത്തിന്റെ വിശ്വാസ്യതയെ ശക്തിപ്പെടുത്താന്‍ മാത്രമല്ല, ഇന്ത്യയുടെ ശേഷി എന്താണെന്നു ബോധ്യപ്പെടുത്താന്‍ കൂടിയാണത്.

പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെയും ഒമ്പത് സ്ഥലങ്ങളിലായി 21 ഭീകര ക്യാമ്പുകള്‍ ആക്രമിച്ച ഓപ്പറേഷനില്‍ ഏതൊക്കെ ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ലെങ്കിലും, സമീപ വര്‍ഷങ്ങളില്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുള്ള കൃത്യതയുള്ള ദീര്‍ഘദൂര ആയുധങ്ങളാകാം അവയെന്നാണ് ആക്രമണത്തിന്റെ സ്വഭാവത്തില്‍ നിന്നും മനസിലാകുന്നത്. ഫ്രഞ്ച് SCALP ക്രൂയിസ് മിസൈല്‍, HAMMER എയര്‍-ടു-ഗ്രൗണ്ട് പ്രിസിഷന്‍-ഗൈഡഡ് ആയുധ സംവിധാനം, ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ എന്നിവ സൈന്യം ഉപയോഗിച്ചിട്ടുണ്ടെന്നാണ് അനുമാനം.

നേരത്തെ നടന്ന ഓപ്പറേഷനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട്, ഏതെങ്കിലും തരത്തിലുള്ള മറ്റു നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍, വാര്‍ഹെഡുകള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത പ്രത്യേക സാങ്കേതിക ആയുധങ്ങളാണ് ഉപയോഗിച്ചതെന്നായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള ബ്രീഫിംഗില്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് വ്യക്തമാക്കിയത്. ഓരോ ലക്ഷ്യത്തിലും ആക്രമിക്കാന്‍ ടാര്‍ഗറ്റ് ചെയ്തത് ഒരു പ്രത്യേക കെട്ടിടമോ ഒരു കൂട്ടം കെട്ടിടങ്ങളോ ആയിരുന്നു. തങ്ങള്‍ ഇട്ട ലക്ഷ്യത്തിനപ്പുറത്തേക്ക് ഒരു വെടിയുണ്ടപോലും പായാതെ നോക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിഞ്ഞു.  Operation Sindoor: Indian Army delivers swift response, striking targets in Pakistan and PoK within 25 minutes

Content Summary; Operation Sindoor: Indian Army delivers swift response, striking targets in Pakistan and PoK within 25 minutes

Leave a Reply

Your email address will not be published. Required fields are marked *

×