കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പെണ്ണുങ്ങള്‍ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍, സ്ത്രീപക്ഷ സിനിമകളുടെ ആവശ്യകതയെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും വെളിപ്പെടുത്തി പായല്‍ കപാഡിയ. സിനിമ നിര്‍മാണം ബുദ്ധിമുട്ടുള്ള സംഗതിയാണെന്നാണ് കപാഡിയയുടെ പക്ഷം. എന്നാല്‍ സ്ത്രീപക്ഷ സിനിമകള്‍ കൂടുതല്‍ നിര്‍മിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അതിന് അടിവരയിടുന്നതാണ് കാനില്‍ ഇത്തവണ പ്രദര്‍ശിപ്പിക്കപ്പെട്ട സ്ത്രീപക്ഷ ചിത്രങ്ങളെന്നും അവര്‍ പറയുന്നു. ഒരു സ്ത്രീ എന്ന നിലയില്‍ അത്തരം ചിത്രങ്ങളുടെ ആശയങ്ങളാണ് തനിക്ക് വരാറുള്ളത്. അതുകൊണ്ട് തന്നെ പെണ്‍ സിനിമകള്‍ നിര്‍മിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു തിരഞ്ഞെടുപ്പല്ലെന്നും അതാണ് താന്‍ ചെയ്യേണ്ടതെന്ന ബോധ്യമാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും കപാഡിയ തുറന്നടിക്കുന്നു.
ഫിലിം സ്‌കൂള്‍ ഫൈനല്‍ ഇയര്‍ പ്രൊജക്റ്റിനായാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എഴുതുന്നത്. വളരെക്കാലങ്ങള്‍ക്ക് മുന്‍പാണത്. അന്ന് നഴ്‌സായ ഒരു പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും അവരുടെ ജോലിയെയും പരിശീലനത്തെയും കുറിച്ചെല്ലാം മനസിലാക്കുകയും ചെയ്തു. ഇന്ന് ഈ സിനിമ എടുക്കുമ്പോള്‍ മുംബൈയില്‍ ജോലിക്കെത്തുന്ന നിരവധി മലയാളി പെണ്‍കുട്ടികളുണ്ടെന്ന് മനസിലാക്കിയിരുന്നു.
അതുകൊണ്ടാണ് മലയാളി പശ്ചാത്തലം ചിത്രത്തില്‍ വന്നതെന്ന് കപാഡിയ വ്യക്തമാക്കുന്നു.
ഭാഷയ്ക്ക് ഒരാളെ അകറ്റി നിര്‍ത്താന്‍ കഴിയും. കേരളത്തില്‍ അവര്‍ സംസാരിക്കുന്നത് ഹിന്ദിയിലല്ല, മലയാളത്തിലാണ്. അറിയാത്ത ഭാഷയുള്ള ഒരുനാട്ടിലെത്തിയാല്‍ അവിടെ അന്യവല്‍ക്കരണത്തിന്റെ ഒരു പാളിയുണ്ട്. എന്നാല്‍ ഇത് രണ്ട് ആളുകള്‍ക്ക് ഒരുമിച്ച് സ്വകാര്യതയുടെ നിമിഷങ്ങള്‍ പങ്കിടാനുള്ള ഒരു മാര്‍ഗവുമായി മാറുന്നു. ഇത്തരത്തിലുള്ള വ്യത്യസ്തകളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താന്‍. അതാണ് ചിത്രത്തിലെ കേരള പശ്ചാത്തലത്തിലെത്തിച്ചതെന്നും അവര്‍ പറഞ്ഞു.
ജീവിതാനുഭവങ്ങളില്‍ ഓരോ ആളുകളും വ്യത്യസ്തരാണ്. സ്വന്തം അനുഭവങ്ങളില്‍ നിന്നാണ് പലതും മനസിലാക്കി എടുക്കാറും. അത്തരം അനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഒരുകൂട്ടം സ്ത്രീകളുള്ള വിട്ടിലാണ് താന്‍ വളര്‍ന്നതെന്ന് പായല്‍ പറയുന്നു. അതിനാല്‍ തന്റെ ചിന്താമണ്ഡലത്തില്‍ എപ്പോഴും സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ വരാറുണ്ട്. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് സ്ത്രീകളുടെ പരസ്പര സഹകരണത്തിന് വിലങ്ങുതടിയാവുന്നത് പുരുഷാധിപത്യമാണ്. അതാണ് അവരെ പരസ്പരം വൈരികളാക്കുന്നത്. ഈ തടസത്തെ മറികടക്കേണ്ടതുണ്ടെന്ന നിലപാടാണ് തനിക്കുള്ളതെന്നും
കപാഡിയ പറഞ്ഞു. ലോകത്തെവിടെയും സ്ത്രീകള്‍ ജീവിതത്തില്‍ മറ്റൊരു മാര്‍ഗത്തെ കുറിച്ച് ചിന്തിക്കുന്നവരായിരിക്കും. നമ്മുക്ക് ചുറ്റും വ്യത്യസ്തകളുള്ള ധാരാളം രചനകളുണ്ട്. അവ ലോകത്തിന് മനസിലാക്കി കൊടുക്കാന്‍ മികച്ച മാധ്യമമാണ് സിനിമയെന്നാണ് കരുതുന്നത്. അതിലൂടെ നമ്മെയും ലോകത്തെയും മനസിലാക്കാന്‍ ആളുകള്‍ക്ക് കഴിയാമെന്നാണ് താന്‍ വിലയിരുത്തുന്നതെന്നും പായല്‍ കപാഡിയ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന മുംബൈയില്‍ വച്ചായിരുന്നു ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ ഷൂട്ടിങ്. അവിടുത്തെ കൈയ്യിലൊതുങ്ങാത്ത ചെലവുകളും ചിത്രീകരണ പെര്‍മിറ്റുകള്‍ നേടാനുള്ള ബുദ്ധിമുട്ടുകളും കാരണം ഡോക്യൂമെന്റി കാമറ ഉപയോഗിച്ചാണ് ഷൂട്ടിങ് നടത്തിയതെന്നാണ് കപാഡിയ പറയുന്നത്. തുണയായത് കാര്യങ്ങള്‍ മനസിലാക്കി ആസ്വദിച്ച് പണിയെടുത്ത അഭിനേതാക്കള്‍ തന്നെയാണ്. പലയിടങ്ങളില്‍ ആഗ്രഹിച്ച ഷോട്ട് ഒത്തുവരുന്നത് വരെ കാത്തിരുന്നിട്ടുണ്ട്. അതനുസരിച്ച് കഥാപാത്രത്തിലേക്ക് കുടിയേറാന്‍ അഭിനേതാക്കളും തയ്യാറായിരുന്നു. അവയെല്ലാം ചിത്രത്തിന്റെ മാറ്റിന്റെ ക്രെഡിറ്റര്‍മാരാണെന്നും കപാഡിയ പറഞ്ഞു.
English Summary; Payal Kapadia: “Making films about women isn’t a choice—It’s what I need to do