പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനത്തിനിടെ മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെയും ഇന്ത്യന്‍ ഭരണകൂടത്തിന്റെയും സമീപനം വീണ്ടും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നു. നോര്‍വേ തലസ്ഥാനമായ ഓസ്ലോയില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിന് ശേഷം ചോദ്യങ്ങള്‍ നേരിടാന്‍ തയ്യാറാകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിഞ്ഞുമാറിയതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
തിങ്കളാഴ്ച (മേയ് 18) പ്രധാനമന്ത്രി നരേന്ദ്ര മോദിയും നോര്‍വീജിയന്‍ പ്രധാനമന്ത്രി യോനാസ് ഗാര്‍ സ്റ്റോറെയും സംയുക്ത പ്രസ്താവന പൂര്‍ത്തിയാക്കിയ ഉടനെയായിരുന്നു സംഭവം. ‘ഡാഗ്സാവിസെന്‍’ പത്രത്തിലെ രാഷ്ട്രീയ നിരീക്ഷകയായ ഹെല്ലെ ലാംഗ്, ‘പ്രധാനമന്ത്രി മോദി, ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് എന്തുകൊണ്ട് താങ്കള്‍ മറുപടി നല്‍കുന്നില്ല?’ എന്ന് ഉറക്കെ ചോദിക്കുകയായിരുന്നു. തൊട്ടുമുമ്പ് നടത്തിയ പ്രസംഗത്തില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് മോദി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ചോദ്യം ഉയര്‍ന്നതോടെ അദ്ദേഹം നോര്‍വീജിയന്‍ പ്രധാനമന്ത്രിക്കൊപ്പം അവിടെനിന്ന് നടന്നുനീങ്ങി. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖം നല്‍കാനായി നോര്‍വീജിയന്‍ പ്രധാനമന്ത്രി തിരികെ എത്തിയെങ്കിലും നരേന്ദ്ര മോദി മടങ്ങിവന്നില്ല.
തന്റെ പത്ത് വര്‍ഷത്തെ ഭരണകാലത്തിനിടയില്‍ വിദേശത്തുവെച്ച് രണ്ട് തവണ മാത്രമാണ് മോദി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ ചോദ്യം കേള്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഹെല്ലെ ലാംഗ് പിന്നീട് വ്യക്തമാക്കി. ‘ഞങ്ങള്‍ സഹകരിക്കുന്ന ഭരണാധികാരികളെ ചോദ്യം ചെയ്യുക എന്നത് ഞങ്ങളുടെ ജോലിയാണ്,’ എന്ന് അവര്‍ എക്‌സില്‍ കുറിച്ചു. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ ആഗോള പത്രസ്വാതന്ത്ര്യ സൂചികയില്‍ നോര്‍വേ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 180 രാജ്യങ്ങളില്‍ ഇന്ത്യ 157-ാം സ്ഥാനത്താണെന്ന കാര്യവും അവര്‍ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി ലിഫ്റ്റിലേക്ക് കയറുന്ന സമയത്തും ചോദ്യം ചോദിക്കാന്‍ ലാംഗ് ശ്രമിച്ചെങ്കിലും അതിനുമുമ്പ് ലിഫ്റ്റിന്റെ വാതിലുകള്‍ അടഞ്ഞു. ‘ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളും പത്രസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങളും കണക്കിലെടുക്കുമ്പോള്‍, നോര്‍ഡിക് രാജ്യങ്ങളുടെ വിശ്വാസം നേടാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് അദ്ദേഹം കരുതുന്നുണ്ടോ എന്നാണ് എനിക്ക് അറിയേണ്ടിയിരുന്നത്,’ എന്ന് ലിഫ്റ്റിനരികിലെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് അവര്‍ കുറിച്ചു.
വിഷയം ചര്‍ച്ചയായതോടെ, തിങ്കളാഴ്ച രാത്രി 9:30-ന് ഓസ്ലോയിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച പ്രത്യേക വാര്‍ത്താ സമ്മേളനത്തിലേക്ക് ഹെല്ലെ ലാംഗിനെ ക്ഷണിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോര്‍ജിനോട് തന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നും ഫോളോ-അപ്പ് ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവദിക്കണമെന്നും ലാംഗ് ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം അതിന് വിസമ്മതിച്ച സിബി ജോര്‍ജ്, പിന്നീട് ലാംഗിന് ചോദ്യം ചോദിക്കാന്‍ അവസരം നല്‍കി. ‘ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ എന്തിന് വിശ്വസിക്കണം? ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാന്‍ ശ്രമിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയുമോ? ഭാവിയിലെങ്കിലും ഇന്ത്യന്‍ മാധ്യമങ്ങളുടെ വിമര്‍ശനാത്മകമായ ചോദ്യങ്ങള്‍ നേരിടാന്‍ പ്രധാനമന്ത്രി തയ്യാറാകുമോ?’ ഇതായിരുന്നു ലാംഗിന്റെ ചോദ്യങ്ങള്‍.
എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതിന് പകരം കോവിഡ് പ്രതിസന്ധി ഇന്ത്യ കൈകാര്യം ചെയ്ത രീതി, മരുന്നുകളും വാക്‌സിനുകളും കയറ്റുമതി ചെയ്തത്, യോഗയുടെ ഉത്ഭവം ഇന്ത്യയിലാണ് തുടങ്ങിയ കാര്യങ്ങളാണ് സിബി ജോര്‍ജ് നിരത്തിയത്. ലാംഗ് കൂടുതല്‍ വ്യക്തതയ്ക്കായി ചോദ്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അതിന് അനുവദിച്ചില്ല. തുടര്‍ന്ന് ലാംഗിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുകൂലികളുടെ വലിയ തോതിലുള്ള ട്രോളിംഗും സൈബര്‍ ആക്രമണവുമുണ്ടായി. താന്‍ ഏതെങ്കിലും വിദേശ ഗവണ്‍മെന്റ് നിയോഗിച്ച ചാരപ്പണിക്കാരിയല്ലെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം മാത്രമാണ് തന്റെ ജോലിയെന്നും അവര്‍ക്ക് പിന്നീട് വ്യക്തമാക്കേണ്ടി വന്നു.
ഇതിനുമുമ്പ്, നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും മോദി ഭരണകൂടത്തിന് കീഴിലെ പത്രസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ശനിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡച്ച് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയെക്കുറിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരുടെ ‘അറിവില്ലായ്മ’ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നായിരുന്നു വിദേശകാര്യ സെക്രട്ടറി സിബി ജോര്‍ജിന്റെ പരിഹാസം. എന്നാല്‍ ചോദ്യം ഉന്നയിച്ചത് ഡച്ച് പ്രധാനമന്ത്രി തന്നെയാണെന്ന് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, താന്‍ ആ പ്രസ്താവന കണ്ടിട്ടില്ലെന്ന് പറഞ്ഞ് സെക്രട്ടറി ഒഴിഞ്ഞുമാറുകയായിരുന്നു. പകരം ‘ഇന്ത്യ എത്ര മനോഹരമായ രാജ്യമാണെന്ന് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്, നന്ദി’ എന്ന് പറഞ്ഞ് അദ്ദേഹം വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു.
നേരത്തെ, 2023-ല്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം വാഷിംഗ്ടണില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി ഒരു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. അന്ന് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും ചോദ്യമുന്നയിച്ച വാള്‍ സ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവര്‍ത്തക സബ്രീന സിദ്ദിഖിക്ക് നേരെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയക്കാരില്‍ നിന്നും സൈബര്‍ വിംഗുകളില്‍ നിന്നും ക്രൂരമായ ഓണ്‍ലൈന്‍ ആക്രമണങ്ങളും വ്യക്തിഹത്യയും നേരിടേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ വിവാദങ്ങളും പുറത്തുവരുന്നത്.
Content Summary: PM Narendra Modi avoids questions from Norwegian journalist Helle Lyng in Oslo. Indian Embassy defends press freedom concerns by highlighting India’s Covid response and yoga
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.