January 14, 2025 |
Share on

ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല; ഭരതനായി അഭിനയിക്കാൻ കഴിഞ്ഞത് നിയോ​ഗമാണ്

കൊമേഴ്സ്യലാണോ പാരലലാണോ എന്ന് നിർവ്വചിക്കാൻ കഴിയാത്ത നിരവധി ഘടകങ്ങൾ ഭരതൻ്റെ സിനിമകളിലുണ്ട്

കാതോട് കാതോരം സിനിമയുടെ ഷൂട്ടിങ്ങ് സെറ്റ്. അവിടെ തലയിൽ കർച്ചീഫ് കെട്ടി, ജുബ്ബ ധരിച്ച് താടിയിൽ കൈവെച്ച് നിൽക്കുന്ന മനുഷ്യൻ, മറ്റാരുമല്ല സംവിധായകൻ ഭരതനാണ്. രേഖാചിത്രം എന്ന സിനിമയിലെ ഈ സീൻ പുതുതലമുറയിലെ പലർക്കും പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭവമായിരിക്കും. ഭരതനായി ചിത്രത്തിൽ വേഷമിട്ടത് പ്രമുഖ മാധ്യമപ്രവർത്തകനും സംവിധായകനും എഴുത്തുകാരനുമായ കെ. ബി വേണുവാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ ഭരതനെക്കുറിച്ചും കാതോട് കാതോരം സിനിമയെക്കുറിച്ചും കെ. ബി വേണു അഴിമുഖത്തിന് നൽകിയ അഭിമുഖം. k b venu

തന്നിലൊരു ഭരതനുണ്ടെന്ന് തോന്നിയിട്ടുണ്ടോ

മുടി നന്നായി നീട്ടി വളർത്തിയിരുന്ന ആളായിരുന്നു ഞാൻ. കുറച്ച് വർഷങ്ങൾക്ക് മുൻപ് രഞ്ജിയേട്ടന്റെ തിരക്കഥ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. കുറച്ച് കഷണ്ടിയൊക്കെ വന്നു തുടങ്ങിയ സമയമാണത്. രഞ്ജിയേട്ടനാണ് ആദ്യമായി എനിക്ക് ഒരു ഭരതൻ ഛായ ഉണ്ടെന്ന് പറയുന്നത്. ജയരാജേട്ടന്റെ ഗുൽമോഹർ എന്ന സിനിമയുടെ ലൊക്കേഷനും ഇതിനടുത്തായിരുന്നു. ജയരാജേട്ടൻ ഭരതൻ സാറിന്റെ അസോസിയേറ്റായിരുന്നല്ലോ. അദ്ദേഹം എന്നെ വെച്ച് ഭരതനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയെടുക്കുമെന്നൊക്കെ അന്നു പറഞ്ഞിരുന്നു. വൈകാതെ ഞാൻ രാജീവ് നാഥ് സംവിധാനം ചെയ്ത പകൽനക്ഷത്രങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചു. ആ കഥാപാത്രവും ഒരു ഭരതൻ ലുക് എലൈക് ആയിരുന്നു. ഭരതനോടുള്ള രൂപസാദൃശ്യത്തെക്കുറിച്ച് പലരും പറയാറുണ്ട്. ഞാൻ അതൊരു തമാശയായിട്ട് മാത്രമേ ഇതുവരെ കണ്ടിരുന്നുള്ളൂ.

ഏറ്റവും രസകരമായ കാര്യമെന്തെന്നാൽ, ഞാൻ ഒരിക്കൽ പോലും ഭരതൻ സാറിനെ നേരിട്ട് കണ്ടിട്ടില്ല. ഭരതൻ മരിക്കുന്ന സമയത്ത് ഞാൻ ഡൽഹിയിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം ദൂരദർശന് നൽകിയ ഒരു അഭിമുഖം മാത്രമാണ് കണ്ടിട്ടുള്ളത്. രേഖാചിത്രത്തിൽ കാതോട് കാതോരം എന്ന സിനിമ ഒരു പ്രധാനപ്പെട്ട റെഫറൻസ് ആയതുകൊണ്ട് ആ സിനിമയിൽ ഉണ്ടായിരുന്ന ഭരതൻ അടക്കമുള്ള ചലച്ചിത്രപ്രവർത്തകരുമായി രൂപസാദൃശ്യമുള്ള പലരെയും അവർക്ക് ആവശ്യമായിരുന്നു. രേഖാചിത്രത്തിന്റെ അണിയറപ്രവർത്തകർ എന്നെ മേക്കപ്പ് ചെയ്ത് ഭരതനാക്കി മാറ്റിയെടുത്തു. മേക്കപ്പ് എല്ലാം പൂർത്തിയായി കണ്ണാടിയിൽ കണ്ടപ്പോൾ എനിക്കും അത്ഭുതമായി.

ഒരു നിയോഗം പോലെയാണ് ആ റോൾ എന്നിലേക്ക് എത്തിയത്. ഞാനൊരു മാധ്യമപ്രവർത്തകനും സംവിധായകനും അഭിനേതാവുമെല്ലാം ആയതുകൊണ്ട് അവർ എനിക്ക് പ്രത്യേക പരിഗണന തന്നിരുന്നു. രേഖാചിത്രം എന്ന സിനിമക്ക് ഒരു ചരിത്രപ്രാധാന്യമുണ്ട്. അതിന്റെ ഭാഗമാകാനും ഭരതനെ അവതരിപ്പിക്കാനും കഴിഞ്ഞത് വലിയൊരംഗീകാരമായി കണക്കാക്കുന്നു.

സാറിന് ആരായിരുന്നു ഭരതൻ

വളരെ പ്രിയപ്പെട്ട സംവിധായകനാണ്. പി. എൻ മേനോന്റെ ബന്ധുവായിരുന്നു ഭരതൻ. കലാസംവിധായകനായിട്ടാണ് ആദ്യം സിനിമയിലേക്കെത്തുന്നത്. പ്രയാണം എന്ന സിനിമയിലൂടെയാണ് സംവിധായകനായി തുടക്കം കുറിക്കുന്നത്. മലയാളത്തിലെ നവതരംഗസിനിമയുടെ പതാകാവാഹകരിൽ പ്രമുഖനായിരുന്നു അദ്ദേഹം. മലയാളത്തിലെ ആദ്യകാല സിനിമകളിലുണ്ടായ നവോത്ഥാനം ആധുനികതയിലേക്ക് വഴിമാറിയപ്പോൾ അതിന് ഒരു പാലമായി മാറിയത് പി. എൻ മേനോന്റെ ഓളവും തീരവും എന്ന സിനിമയാണ്. 1970 ലായിരുന്നു അത്. 1972 ൽ അടൂരിന്റെ സ്വയംവരം പുറത്തുവന്നു. 1975 ലാണ് പ്രയാണത്തിലൂടെ ഭരതൻ സ്വതന്ത്രസംവിധായകനാകുന്നത്. പത്മരാജനാണ് അതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Post Thumbnail
ഐഎഎസ് നേടിയതെങ്ങനെ? പൂജയ്‌ക്കെതിരേ അന്വേഷണം ആരംഭിച്ചുവായിക്കുക

മലയാള സിനിമയിലേക്കുള്ള പത്മരാജന്റെയും ഭരതന്റെയും അരങ്ങേറ്റം ഒരുമിച്ചായിരുന്നു. അടൂർ, കെ.ജി ജോർജ്, ജി. അരവിന്ദൻ, ഭരതൻ, പത്മരാജൻ തുടങ്ങിയവരൊക്കെ ഞങ്ങളുടെ തലമുറയെ നല്ല സിനിമയിലേയ്ക്ക് കൈപിടിച്ചു നടത്തിയവരാണ്. കൂട്ടത്തിൽ എനിക്ക് ഏറ്റവും കൂടുതൽ പ്രിയപ്പെട്ട സംവിധായകൻ കെ.ജി ജോർജാണ്. ഞാൻ അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതിന് എനിക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.

സംവിധായകൻ എന്ന നിലയിൽ ഭരതൻ വളരെപ്പെട്ടെന്നു തന്നെ എസ്റ്റാബ്ലിഷ്ഡ് ആയി. ഐ.വി ശശിയുടെ സിനിമ, ബാലചന്ദ്ര മേനോന്റെ സിനിമ എന്നൊക്കെ പറയുന്നത് പോലെ ഭരതന്റെ സിനിമ എന്നൊരു ട്രേഡ് മാർക്ക് അദ്ദേഹം സൃഷ്ടിച്ചു. മുഖ്യധാരാ സിനിമയ്ക്കും ആർട്ട്ഹൗസ് സിനിമയ്ക്കും ഇടയിൽ ഒരു മധ്യമാർഗം സൃഷ്ടിക്കുന്നതിൽ ഭരതൻ വലിയൊരു പങ്കു വഹിച്ചു.
ചലച്ചിത്ര സംവിധായകൻ മാത്രമായിരുന്നില്ല ഭരതൻ. പല വിഷയങ്ങളിലും അദ്ദേഹത്തിന് ഗാഢമായ അറിവുണ്ടായിരുന്നു, പ്രത്യേകിച്ച് ചിത്രകലയിൽ.

കഥാപാത്രങ്ങളെ അദ്ദേഹം സ്കെച് ചെയ്യുമായിരുന്നു. വൈശാലി എന്ന സിനിമയ്ക്കു വേണ്ടി അദ്ദേഹം ചെയ്ത സ്കെച്ചുകൾ ഇടുക്കിയിലെ അണക്കെട്ടിനോടു ചേർന്നുള്ള ഒരു ഗുഹയിൽ കണ്ടിട്ടുണ്ട്. സംഗീതത്തിലും അദ്ദേഹത്തിന് താൽപര്യവും ജ്ഞാനവും ഉണ്ടായിരുന്നു. ഒരു ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം എന്ന കാര്യത്തിൽ സംശയമില്ല. പല ഴോണറിലുള്ള സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ഒരു തരം ഉന്മാദത്തോടെ സിനിമയെ കണ്ടിരുന്ന സംവിധായകനായിരുന്നു ഭരതൻ. കൊമേഴ്സ്യലാണോ പാരലലാണോ എന്ന് നിർവ്വചിക്കാൻ കഴിയാത്ത നിരവധി ഘടകങ്ങൾ അദ്ദേഹത്തിന്റെ സിനിമകളിലുണ്ട്. ഭരതന്റെ എല്ലാ സിനിമകളും തീയേറ്ററിൽ പോയി കാണാൻ ഭാഗ്യമുണ്ടായ ആരാധകൻ കൂടിയാണ് ഞാൻ. അദ്ദേഹത്തിന്റെ അമരം സിനിമ കണ്ട് ഇപ്പോഴും ഞാൻ കരയാറുണ്ട്.

കാതോട് കാതോരം സിനിമയെക്കുറിച്ചുള്ള ഓർമകൾ

കാതോട് കാതോരത്തിന്റെ ഏറ്റവും വലിയ നൊസ്റ്റാൾജിക് എലമന്റ് അതിലെ പാട്ടുകളാണ്. ഔസേപ്പച്ചന് മലയാള സിനിമയിൽ ലഭിച്ച ഒരു നല്ല എൻട്രിയായിരുന്നു കാതോട് കാതോരം. ഒഎൻവി കുറുപ്പ് എഴുതിയ പാട്ടുകൾക്ക് ഈണം പകർന്നാണ് അദ്ദേഹത്തിന്റെ തുടക്കം എന്നത് വലിയൊരു ഭാഗ്യമാണ്. അതിൽ ഏറ്റവും പ്രിയപ്പെട്ടത് ദേവദൂതർ പാടി എന്ന ഗാനമാണ്. മറ്റൊരു ഗാനം നീയെൻ സർഗസൗന്ദര്യമേ ആണ്. പിന്നെ കാതോട് കാതോരം എന്ന് തുടങ്ങുന്ന പാട്ടും. ദേവദൂതർ പാടി എന്ന ഗാനം ഒരു കൊയർ സോങ് ആയിട്ട് പള്ളിയിൽ പാടുന്നതാണ്. കുറച്ച് വെസ്റ്റേൺ ടച്ചുള്ള ആ ഗാനം അന്ന് എന്നെ ഏറെ ആകർഷിച്ചിരുന്നു. മെയിൽ വോയ്സ് യേശുദാസിന്റേതാണ്. ഫീമെയിൽ വോയ്സിന് ലതിക എന്ന ഗായികയെയാണ് ഭരതൻ തെരഞ്ഞെടുത്തത്. ഒരു വ്യത്യസ്തത കൊണ്ടുവരാനാണ് വളരെ പോപ്പുലർ അല്ലാത്ത ശബ്ദം തെരഞ്ഞെടുക്കുന്നത്. സിനിമയുടെ കഥയും വളരെ വ്യത്യസ്തമായിരുന്നു. കാഴ്ചക്കാരെ ഒന്നടങ്കം പിടിച്ചു കുലുക്കിയ സിനിമകളിലൊന്നായിരുന്നു കാതോട് കാതോരം.

Post Thumbnail
മനുഷ്യര്‍ക്ക് താത്പര്യമില്ല; ചൈനയില്‍ ട്രെന്‍ഡ് നായ കല്യാണങ്ങള്‍വായിക്കുക

ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന ആശയം എത്രത്തോളം കൺവിൻസിങ്ങായിരുന്നു

അത് വിജയിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ മലയാള സിനിമയിൽ ആവശ്യമാണ്. സിനിമ ഫിക്ഷനായതുകൊണ്ട് ചരിത്രപരമായിട്ടുള്ള സൂക്ഷമത നിർബന്ധമല്ല. എന്നാൽ ലോജിക്ക് വളരെ പ്രധാനമാണ്. ലോജിക് കൊണ്ടാണ് പ്രേക്ഷകരെ കൺവിൻസ് ചെയ്യിക്കേണ്ടത്. രേഖാചിത്രത്തിൽ 1980കളിലെ കൾച്ചറൽ അറ്റ്മോസ്ഫിയർ മനോഹരമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് സിനിമകളുടെയും സംവിധായകരുടേയും നടൻമാരുടേയും റെഫറൻസും ചിത്രത്തിലുണ്ട്. സ്ക്രിപ്റ്റും മേക്കിങ്ങുമാണ് രേഖാചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റായി എനിക്ക് തോന്നുന്നത്. ഒപ്പം ആസിഫ് അലിയും അനശ്വരയും അടക്കമുള്ള അഭിനേതാക്കളുടെ മികച്ച പെർഫോമൻസും. സിനിമ വല്ലാതെ ഇഷ്ടപ്പെട്ടു. വളരെ മനോഹരമായിത്തന്നെയാണ് സംവിധായകൻ ജോഫിൻ രേഖാചിത്രം അവതരിപ്പിച്ചിരിക്കുന്നത്. അഭിനന്ദനങ്ങൾ, ജോഫിനും തിരക്കഥാകൃത്ത് ജോണിനും. k b venu

Content summary:  portraying bharatan was an honor; an interview with k b venu
k b venu Bharathan Rekhachitram malayalam movie 

ഫിർദൗസി ഇ. ആർ

ഫിർദൗസി ഇ. ആർ

സബ് എഡിറ്റർ

More Posts

×